Image

മദ്യപാനം മൗലികാവകാശമല്ല- വിധി; കേരള ചരിത്രത്തിലെ രജതരേഖ (ജോര്‍ജ്‌ നടവയല്‍)

ജോര്‍ജ്‌ നടവയല്‍ Published on 31 March, 2015
മദ്യപാനം മൗലികാവകാശമല്ല- വിധി; കേരള ചരിത്രത്തിലെ രജതരേഖ (ജോര്‍ജ്‌ നടവയല്‍)
കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന ഭംഗിയില്‍ നിന്ന്‌ ഭ്രാന്താലയമാക്കി തരിപ്പണമാക്കിയ `സ്റ്റിങ്ക്‌ ബോംബാ'ണ്‌, അല്ല ആറ്റംബോബ്‌ തന്നെയാണ്‌ മദ്യം. കേരളത്തിലെ ലക്കുകെട്ട വണ്ടിയോട്ടക്കാരുടേയും റോഡപടകടങ്ങളുടേയും മൂലാധാരമാണ്‌ മദ്യം. കേരളത്തിലെ കുടുംബച്ഛിദ്രത്തിന്റെ നരകം കലക്കിയാണ്‌ മദ്യം. കേരള രാഷ്‌ട്രീയത്തെ കൂട്ടിക്കൊടുപ്പിന്റെ ചുവന്ന തെരുവാക്കിയ ബാര്‍ കങ്കാണിയാണ്‌ മദ്യം.

കേരള സ്‌ത്രീയുടെ ഭാവശുദ്ധിയെ വിറ്റുതുലയ്‌ക്കാന്‍ വേഷം കെട്ടിയിറങ്ങിയ ടൂറിസമാഫിയയുടെ സ്ഥലജല വിഭ്രാന്ത തന്ത്രമെന്ന ചൂണ്ടയാണ്‌ മദ്യം. പള്ളിപ്പെരുന്നാളുകളുടേയും, അമ്പലോത്സവങ്ങളുടേയും ആത്മീയ വിശുദ്ധിയെ കുട്ടിച്ചാത്തന്മാരുടെ ഇഷ്‌ടകേളികളാക്കി മലിനപ്പെടുത്തുന്ന കുതന്ത്ര ജാലവിദ്യ
യാണ്‌ മദ്യം. കേരളത്തില്‍ സ്ഥിരമായി താമസിക്കുന്ന മലയാളിക്ക്‌ മദ്യപിക്കാന്‍ അറിയില്ല. കള്ള്‌ എന്ന ലഹരി ദ്രാവകം കുപ്പിക്കണക്കിനാണ്‌ പഴയകാലംതൊട്ടേ കഴിച്ചിരുന്നത്‌. ആ കുപ്പിക്കണക്കിന്‌ `കള്ളല്ലാത്ത മദ്യ'വും കുടിക്കണം എന്ന ചെറ്റത്തരം പരിശീലിച്ച മലയാളിക്ക്‌ മദ്യം എന്നത്‌ ഭസ്‌മാസുരന്‌ വരം കിട്ടിയതുപോലെയാണ്‌. പൊതു സ്ഥലങ്ങളില്‍ മദ്യപിക്കുന്നതും, മദ്യപിച്ച്‌ പ്രത്യക്ഷപ്പെടുന്നതും ആധുനിക ലോക രാഷ്‌ട്രങ്ങള്‍ നിയമം മൂലം വിലക്കിയിരിക്കുന്നു. എന്നാല്‍ കേരളത്തില്‍ പൊതു സ്ഥലങ്ങളിലെ പേക്കൂത്തിന്‌ മദ്യപരല്ലേ കാരണക്കാര്‍? ബന്ദ്‌, ഹര്‍ത്താല്‍, പണിമുടക്ക്‌, ഉത്സവങ്ങള്‍- ഇതെല്ലാം കേരള മലയാളിയുടെ മദ്യത്തെമ്മാടിത്തരത്തിന്റെ കൂത്തരങ്ങളുകളാണ്‌.

ഭാവി വാഗ്‌ദാനങ്ങളായ കുഞ്ഞുങ്ങളുടേയും കുടുംബവിളക്കുകളായ അമ്മമാരുടേയും കണ്ണീര്‍ പുഴകളിലാണ്‌ തെമ്മാടിത്തരവും ചെറ്റത്തരവും അഹംഭാവവും മനോവൈകല്യങ്ങളും മാത്രം പഠിച്ചെടുത്ത കേരള മദ്യപന്മാര്‍ നീന്തിത്തുടിക്കുന്നത്‌. അത്‌ അവസാനിക്കണം. വി.എം. സുധീരന്‍ എന്ന കര്‍മ്മയോഗി മഹാത്മാഗാന്ധിയുടേയും ശ്രീനാരായണ ഗുരുവിന്റേയും ചാവറ കുര്യാക്കോസച്ചന്റേയും ദര്‍ശനങ്ങള്‍ ഉയര്‍ത്തി നിലകൊണ്ട മദ്യവിമുക്ത തത്വം വിജയിക്കേണ്ടതുണ്ട്‌ കേരള മണ്ണില്‍.

കേരളത്തിനു വെളിയില്‍ താമസിക്കുന്ന മറുനാടന്‍ മലയാളിയെ മദ്യപിക്കേണ്ടത്‌ എങ്ങനെ എന്ന മാന്യത പഠിപ്പിക്കേണ്ട കാര്യമില്ല. അവര്‍ മാന്യത പുലര്‍ത്താന്‍ അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങളാല്‍ നിര്‍ബന്ധിതരാണ്‌. അവര്‍ മദ്യപിച്ച്‌ തെമ്മാടിത്തരവും ചെറ്റത്തരവും കാണിക്കാറില്ല.

മദ്യം മൗലികാവകാശമല്ല എന്ന കേരള ഹൈക്കോടതി ബെഞ്ചിന്റെ വിധി കേരള ചരിത്രത്തിലെ ഈ നൂറ്റാണ്ടിലെ രജതരേഖയാണ്‌.
മദ്യപാനം മൗലികാവകാശമല്ല- വിധി; കേരള ചരിത്രത്തിലെ രജതരേഖ (ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
നാരദർ 2015-04-01 07:06:46
നൈനാൻ മാത്തുള്ളേപ്പോലുള്ള വിശുദ്ധന്മാർക്ക് കറങ്ങി നടക്കാൻ പറ്റിയ സ്ഥലം അല്ല ഇത്.  ആ അന്തപ്പനോ ആണ്ട്രൂസോ കണ്ടാൽ പ്രശ്നം ആകും

Ninan Mathullah 2015-04-01 05:00:21
I do not think it right for court to get into what we eat and drink. Soon court can get into other areas of our personal life. It is true that the use of alcohol is causing many social problems and its use and availability controlled. So the court decision upholding the govornment decision is good for the people of Kerala.
Jack Daniel 2015-04-01 07:04:13
അന്നമ്മേ ചിന്നമ്മേം ദുഖിതെ എല്ലാം കൂടി സമാധാനമായിട്ട് കള്ളടിക്കാൻ സമ്മതിക്കത്തില്ലെന്നു പറഞ്ഞാൽ എന്താ ചെയ്യുന്നേ? കൂട്ടിനു ഒരു വൃത്തികെട്ട പട്ടിയേം കിട്ടീട്ടുണ്ട്. 
ദുഖിതയായ വീട്ടമ്മ 2015-04-01 07:06:20

"മറുനാടൻ മലയാളിയെ മദ്യപിക്കേണ്ടതെങ്ങനെന്ന മാന്യത പഠിപ്പിക്കേണ്ട ആവശ്യമില്ല ...അവർ മദ്യപിച്ചു തെമ്മാടിത്തരവും ചെറ്റത്തരവും കാണിക്കില്ല "  നിങ്ങൾ എഴത്തുകാർ  എന്തറിഞ്ഞിട്ടാണ് ഇങ്ങനെ ഒക്കെ  എഴുതി വച്ചിരിക്കുന്നത്. എന്നും വൈകിട്ടു എന്റ വീട്ടിലോട്ടു വാ. ഞാൻ കാണിച്ചു തരാം മാന്യതയുടെ മറ്റൊരു മുഖം.  അദ്ദേഹം മാന്യനാണ് സ്റ്റേജിൽ കേറുമ്പോൾ (അതിനു മുൻപ് അല്ല്പം വണ്ടിയിൽ വച്ച് അകത്താക്കുന്നത് ഞാൻ മാത്രമല്ലേ  കാണുന്നുള്ളൂ) , പള്ളിയിലും. വീട്ടിൽ വാന്നാലോ കേരളത്തിലെ പോലെ തന്നെ . പാന്റ്സ് ഒക്കെ അഴിച്ചിട്ട് കൈലി ഒക്കെ ഉടുത്തു ഒരാട്ടമാണ്.  പിന്നെ വിറയല്, ചവിട്ടു നാടകം അത് കഴിഞ്ഞു പൊത്തോന്നു നിലത്തു. ആദ്യമൊക്കെ ഞാൻ താങ്ങിപ്പിടിച്ചു മുറിയിൽ കിടത്തുമായിരുന്നു, പിന്നെ പിന്നെ വലിച്ചു മുറി വരെ കൊണ്ടുവരുമായിരുന്നു. ഇപ്പോൾ അയാൾ എവിടെ വീഴുന്നോ അവിടെ. കേരളത്തിലുള്ള കള്ളുകുടിയന്മാരെ ചീത്ത വിളിക്കുമ്പോൾ, എന്റെ ഭർത്താവിനെപ്പോലെ (നല്ലൊരു ഭർത്താവ് ) ഇന്ന് വരെ വിട്ടു പോകാതെ നില്ക്കുന്ന നാട്ടിൽ നിന്ന് കൊണ്ട് വന്ന ചീത്ത സ്വഭാവങ്ങളെ ശരിയാക്കിയിട്ട് വേണം നിങ്ങൾ സാഹിത്യകാരന്മാരും സാമൂഹ്യ പ്രവർത്തകരും നാട്ടിലേക്ക് പോകാൻ. നാട്ടിലായിരുന്നപ്പോൾ പനങ്കള്ള് മാത്രം അടിച്ചു നടന്നിരുന്ന വ്യക്തി ഇവിടെ വന്നപ്പോൾ ജോണി, ജാക്ക് ദാനിയേൽ, ക്രൌണ്‍, ശിവ സ്ത്രീകൾ എന്ന് വേണ്ട എന്തെല്ലാം വിഷമാണ് അടുച്ചു കേറ്റുന്നത്‌.  ഇന്നലത്തെ പട്ടി പറഞ്ഞതുപോലെ അവരും പോലും കുടിക്കാത്ത സാധനമാണ് ഇവന്മാര് അടിച്ചു കേറ്റുന്നതു. എന്ത് ചെയ്യാൻ നാട്ടിലായിരുന്നപ്പോൾ ഒള്ളത് കൊണ്ട് ഓണം ആയിരുന്നു. ഇപ്പോളോ ?

Aniyankunju 2015-04-01 09:53:27
FWD: __by ജോയ് മാത്യു in Facebook---ഇനി പണമുള്ളവന് മാത്രം മദ്യപിക്കാം ഇടത്തരക്കാരും ദരിദ്രരുമായ മദ്യപർക്ക് വ്യാജൻ കഴിച്ചും വിഷം കഴിച്ചും എളുപ്പത്തിൽ പരലോകം പൂകാം. മുന്പ് വോട്ട്ബാങ്ക് ലക്ഷ്യമിട്ട് A K ആന്റണി ചാരായം നിരോധിച്ചു, അതോടെ മദ്യപാനം കേരളത്തിൽ ഇല്ലാതാകും എന്ന ആന്റണിയുടെ ഉട്ടോപ്യ പൊളിഞ്ഞല്ലോ. മൂന്നു രൂപക്ക് ലഭിച്ചിരുന്ന ചാരായത്തിനു പകരം അറുപതു രൂപയെങ്കിലും വരുന്ന "വിദേശം" എന്ന് സർക്കാർ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന വിദേശ നിർമ്മിതമല്ലാത്ത മദ്യം വാങ്ങി ജനങ്ങൾ വീണ്ടും ദരിദ്രരായി, മദ്യപരുടെ എണ്ണം മുന്പത്തെതിലും അധികമായി. അധികാരത്തിന്റെ ബലം കാണിക്കാൻ വി.എം.സുധീരൻ കൊണ്ടുവന്ന പരിഷ്‌കാരമാകട്ടെ, പണക്കാർക്ക് മാത്രം ലഹരിമോന്താൻ പഞ്ചനക്ഷത്ര ഹോട്ടലുകളും ക്ലബ്ബുകളും, ദരിദ്രന് കുബിളിൽ പിന്നേയും വ്യാജൻ തന്നെ. ഒരു ചോദ്യം മാത്രം ബാക്കി നില്ക്കുന്നു. കർഷകൻ സ്വന്തം പറബിൽ നട്ടു നനച്ച് വളർത്തിയ തെങ്ങിൽ നിന്നും കള്ളുചെത്തിയെടുക്കാനുള്ള അവകാശം അവനു തന്നെ നല്കിക്കുടെ, അതുവഴി മദ്യ്പാനിക്ക് സാബത്തിക ലാഭം, കാര്ഷിക വിജ്ഞാനം, ബീവറേജസിനു മുബിലെ സമയനഷ്ടം, ആരയും ആശ്രയിക്കാതെ സ്വന്തമാക്കാവുന്ന ലഹരി എന്നിങ്ങിനെ എന്തെല്ലാം ഗുണങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുക ! അല്ലാതെ കർഷകൻ വിയർപ്പൊഴുക്കി വളർത്തിയെടുത്ത വിളവ് കർഷകനു നല്കാതെ അത് പിടിച്ചെടുത്ത്, ഷാപ്പുകാരന് കൊടുക്കാൻ എന്ത് ധാർമ്മികതയാണ് സർക്കാരിനുള്ളത് ? (ലോകത്തെവിടെയും കേട്ടുകേൾവി പോലുമില്ലാത്ത ഒന്നാണിത് ) ഹോ, മദ്യപാനികളായ കേരളീയർ മുണ്ടും മാടിക്കെട്ടി ഒറ്റക്കെട്ടായി ആഹ്ലാദത്തോടെ തെങ്ങു കയറുന്ന ഒരു ദിവസം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.........
വിദ്യാധരൻ 2015-04-01 20:00:54
അനിയൻ കുഞ്ഞിന്റെ  ഫെയിസ് ബുക്ക്‌ ഉദ്ധരണി കണ്ടപ്പോൾ ഓർമയിൽ കടന്നു വന്നത് 1949- ൽ വയലാർ എഴുതിയ കവിതയാണ്. അത് മദ്യ നിരോധനത്തിന്റെ പിന്നിലെ അനീതിയെക്കുറിച്ച് അമർഷം കൊള്ളുന്നവർക്ക് വേണ്ടിയും, മദ്യം കിട്ടാതെ വിഷമിക്കുന്നവർക്കു വേണ്ടിയും  ഇവിടെ സമർപ്പിച്ചു കൊള്ളുന്നു. അത് നിങ്ങളുടെ ഹൃദയത്തിൽ കള്ള് പോലെ പതഞ്ഞു പൊന്തുന്ന വികാര വിചാരങ്ങളെ ശമിപ്പിക്കും എന്ന് കരുതുന്നു '

മദ്യം നിരോധിച്ചു 

ജ്ജീവചൈതന്യം നശിച്ചപ്പോലാ ഗ്രാമ -
ജീവിതങ്ങൽക്കില്ലുണർവുമുത്സാഹാവും
ആറുമാസം മുമ്പു ഞാൻ കണ്ട നാട്ടുകാ-
രായിരുന്നില്ലേ? തിരിച്ചറിഞ്ഞില്ല ഞാൻ 
പട്ടണത്തിൽ നിന്നഞ്ചാറുനാഴിക 
ചുട്ടമണൽപ്പുറം താണ്ടിതകർന്ന ഞാൻ 
കായലിനക്കാരെ പച്ചയുടുപ്പിട്ട 
കാടുകൾ ചാർത്തും തണൽപ്പറ്റി നില്ക്കവേ 
കേവഞ്ചിയുമായി കടത്ത്വള്ളക്കാര-
നാവഴി വന്നൂ -നിരുന്മേഷനാണയാൾ 
"പട്ടിണി ഇത്ര വളർന്നുവോ നിങ്ങളിൽ 
പച്ചപിടിച്ചൊരി നാട്ടിൻപുറങ്ങളിൽ"
ചോദ്യമാവർത്തിച്ചു ഞാനയാളോ;-ടതി 
നാദ്യമിങ്ങോട്ടൊരു നോട്ടം -ചൂളി ഞാൻ !
ഉണ്ടയാൾക്കെന്തൊക്കയോ, പടർന്നാളുന്ന -
തുണ്ടയാൾക്കുള്ളിൽ പ്രതികാരചിന്തകൾ 
തോണിയിൽ കേറിയിരുന്നില്ല ഞാൻ -തല -
യ്ക്കാണി പൊയ്പോയപോൽ ചോദിയ്ക്കാണയാൾ 
"ഞങ്ങളെക്കൊല്ലാതെ കൊല്ലുകയോ
നിങ്ങ,-ളെന്തിന്നീ നടപ്പും പ്രസംഗവും ?"
"എന്ത് ചെയ്തു ഞങ്ങൾ " ഞാനമ്പരന്നുപോയി 
എന്താണായാളെന്നോടിത്ര കോപിക്കുവാൻ?
ഉത്തരം തന്നില്ല നീറിപ്പുകയുന്ന 
ഹൃത്തടമൊന്നുണ്ടയാൾക്കതു കണ്ടു ഞാൻ 
                                   2 
വള്ളത്തിൽനിന്നും കരയ്ക്കിറങ്ങി, ക്കാട്ടു 
പുല്ലുകൾമൂടിയ കായലോരത്തു ഞാൻ 
ചെറ്റിട വിശ്രമിക്കാനിരുന്നപ്പോഴെൻ 
ചുറ്റിലും വന്നു നില്പ്പായി ചില നാട്ടുകാർ 
................................................................................
എന്നൊടവരിലൊരുത്തൻ പറകയാ-
'ണിന്നാടശേഷവും നശിച്ചു നശിച്ചു സാർ ' 
നിങ്ങളെപ്പോലെ നിറച്ചു ചോറുണ്ണു
ഞങ്ങൾക്ക് പണ്ടേ വിധിയില്ലൊരിക്കലും 
എന്നാൽ തടസ്സമില്ലായിരുന്നു -വേല 
നിന്നാലോരിറ്റു മരനീരു മോന്തുവാൻ 
ഇല്ലതുമിപ്പോൾ നടപ്പാക്കിപോൽ, മദ്യ -
വർജ്ജനം; സാധുസംരക്ഷകരാണവർ "
കേറിപ്പറയുകയാണന്യ - "നീ നാട്ടിലെ 
ധാരുണ സംഭവം സാററിഞ്ഞില്ലയോ ?
കാപ്പിവിഷം കലക്കിക്കുടിച്ചിന്നലെ 
തോപ്പിലെ കുഞ്ഞുണ്ണി ചത്തുമലർന്നതും 
'ഈ കുടി നിറുത്തിയ നാട്ടിൽ പൊറുക്കുവാൻ 
നാഗ്രഹമില്ലെന്നു കമ്പിയടിച്ചതും ?
                                  3 
അന്നത്തെ രാത്രിയിലെൻ കൂട്ടുകാരന്റെ 
യുന്നതമായ മണി മന്ദിരത്തിൽ ഞാൻ 
വിശ്രമംകൊൾകയാ; -ണാ നഗരത്തിലെ 
വിശ്രുത രാഷ്ട്രീയനായകനാണയാൾ!
ആ മധു വർജ്ജന പ്രക്ഷോഭണങ്ങൾക്ക് 
ജീവൻക്കൊടുത്ത ജനക്ഷേമതല്പരൻ 

എൻനേർക്കൊരു കുപ്പി നീട്ടിയുംകൊണ്ടയാൾ 
മന്ദസ്മിതത്തോടെ ചൊൽകയാണിങ്ങനെ 
"അത്ഭുതപ്പെട്ടുവോ മിസ്റ്റർ ? ഞാനീവിതം 
കുപ്പി സൂക്ഷിക്കുന്ന തന്ത്രങ്ങൾ കാണ്‍കയാൽ ?
നമ്മളെപ്പോലെ ചിലർക്കു മാത്രം വേണ്ടി 
നല്ലത് വാങ്ങിക്കരുതി വയ്ക്കുന്നു ഞാൻ " (വയലാർ)


(വർഷങ്ങൾ ഒട്ടേറെ കടന്നു പോയെങ്കിലും 
മദ്യവർജ്ജനം വരുന്നിടയ്ക്കിടയ്ക്കിങ്ങനെ 
ഇന്നും തുടരുന്നു നീണ്ട പ്രസംഗങ്ങൾ 
നാടിനെ മദ്യവിമുക്തമാക്കാനായ്    
നല്ലത് വാങ്ങിക്കരുതി വയ്ക്കുന്നോപ്പം  വീട്ടിൽ
വയ്കിട്ടു ചെല്ലുമ്പോളടിച്ചു മിനുങ്ങുവാൻ -സ്വന്തം )

ഗുരുവായൂർ കേശവൻ 2015-04-01 20:27:11
പ്രതികരണ കോളത്തിനു തീ പിടിച്ചിരിക്കുന്നു?  കാളാമുണ്ടം മാത്രം കാണാനില്ല 
വായനക്കാരൻ 2015-04-02 04:46:04
എതിരേ കതിരവനുയരും‌ മുന്നേ  
ഉരിയ മരനീര് അകമേ ചെന്നാൽ  
എരിയാ പൊരിയാ കുളിരാ തളരാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക