Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വര്‍ണ്ണാഭമായ ക്രിസ്‌മസ്‌ ആഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 30 December, 2011
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വര്‍ണ്ണാഭമായ ക്രിസ്‌മസ്‌ ആഘോഷം
ബല്‍വുഡ്‌ (ഷിക്കാഗോ): ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ഉണ്ണീശോയുടെ പിറവിത്തിരുന്നാള്‍ ഭക്ത്യാഢംഭരപൂര്‍വ്വമായ കര്‍മ്മാദികളോടും പ്രൗഢഗംഭീരമായ ആഘോഷപരിപാടികളോടുംകൂടി നടത്തപ്പെട്ടു.

ഷിക്കാഗോയിലെ അതിശൈത്യത്തേയും അവഗണിച്ചുകൊണ്ട്‌ മൂവായിരിത്തിലധികം സീറോ മലബാര്‍ മലയാളികള്‍, വിശാലവും അതിമനോഹരവും, പ്രൗഢഗംഭീരവുമായ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന വിശുദ്ധ കര്‍മ്മാദികളിലും തുടര്‍ന്ന്‌ നടന്ന ആഘോഷപരിപാടികളിലും പങ്കെടുത്തുകൊണ്ട്‌ തങ്ങളുടെ പാരമ്പര്യവും വിശ്വാസവും ഉറക്കെ പ്രഖ്യാപിച്ചു.

ഡിസംബര്‍ 24-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ , പ്രശസ്‌ത ഗായകരും, പിന്നണിക്കാരും അടങ്ങിയ കത്തീഡ്രല്‍ ഗായകസംഘം ഏഴുമണി വരെ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു.

തുടര്‍ന്ന്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ പിറവിത്തിരുന്നാളിന്റെ വിശുദ്ധ കര്‍മ്മാദികള്‍ ആരംഭിച്ചു. വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസി. വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ഫാ. മാത്യു ഇളയടത്തുമഠം, ഫാ. ജോസഫ്‌ മാളികപ്പറമ്പില്‍, ഫാ. പിന്റോ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

അള്‍ത്താരയില്‍ പ്രത്യേകം സംവിധാനം ചെയ്‌തിരുന്ന സജ്ജീകരണങ്ങളിലൂടെ പിറവിയുടെ മനോഹരമായ ദൃശ്യം അവതരിപ്പിക്കപ്പെട്ടു.ദൈവത്തെ ആരാധിച്ചുകൊണ്ടും മഹത്വപ്പെടുത്തിക്കൊണ്ടുമുള്ള ഭക്തിനിര്‍ഭരവും ശ്രുതിമധുരവുമായ ഗാനങ്ങള്‍ ഗായകസംഘം ആലപിക്കവെ ഉണ്ണീശോയുടെ തിരുസ്വരൂപം അഭിവന്ദ്യ പിതാവ്‌ വഹിച്ചുകൊണ്ട്‌, കത്തിച്ച മെഴുകുതിരികളുടേയും, മുത്തുക്കുടകളുടേയും അകമ്പടിയോടെ, ഘോഷയാത്രയായി പ്രത്യേകം സംവിധാനം ചെയ്‌തിരുന്ന പുല്‍ക്കൂടില്‍ പ്രതിഷ്‌ഠിച്ചു.

തുടര്‍ന്ന്‌ ആഘോഷമായ സമൂഹബലി നടത്തപ്പെട്ടു. ദിവ്യബലി മധ്യേ അഭിവന്ദ്യ പിതാവ്‌ പിറവിത്തിരുന്നാളിന്റെ സന്ദേശം നല്‍കി. എളിമയുടേയും സ്‌നേഹത്തിന്റേയും കൂട്ടായ്‌മയുടേയും സന്ദേശമാണ്‌ ക്രിസ്‌മസ്‌ ലോകത്തിന്‌ നല്‍കുന്നതെന്നും അത്‌ ജീവിതത്തില്‍ പ്രവര്‍ത്തികമാക്കുവാന്‍ ഏവരും ശ്രമിക്കണമെന്നും പിതാവ്‌ തന്റെ സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു.

ദിവ്യബലിക്കുശേഷം ഇടവകയിലെ അമ്പതിലധികം തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ പ്രത്യേക യൂണീഫോമില്‍, ടോം ജോസഫിന്റെ സംവിധാനത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും കരോള്‍ ഗാനങ്ങള്‍ ആലപിച്ചത്‌ പ്രത്യേകം ശ്രദ്ധേയമായി.

ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്കുശേഷം ക്രിസ്‌മസ്‌ ആഘോഷ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ബിജോ സി. മാണി, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, രാജന്‍ കല്ലുങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ മൂന്നുമണിക്കൂര്‍ നേരം നീണ്ടുനിന്ന വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച്‌ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ അവിസ്‌മരണീയമാക്കി.

ജോയി ചക്കാലക്കല്‍, ജോര്‍ജ്‌കുട്ടി തെങ്ങുംമൂട്ടില്‍, ജോയി വട്ടത്തില്‍, കുഞ്ഞമ്മ കടമപ്പുഴ, ഔസേപ്പച്ചന്‍ ഐക്കര, ഷാബു മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.

കത്തീഡ്രല്‍ ദേവാലയത്തിനുള്ളില്‍ സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ സംവിധാനം ചെയ്‌തിരുന്ന പുല്‍ക്കൂടും അനുബന്ധ സജ്ജീകരണങ്ങളും ഏവരുടേയും ശ്രദ്ധയും അഭിനന്ദനവും ഏറ്റുവാങ്ങി.

കൈക്കാരന്മാരായ റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌, എന്നിവരും പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ലിറ്റര്‍ജി കമ്മിറ്റി ഭാരവാഹികളായ ജോസുകുട്ടി നടയ്‌ക്കപ്പാടം, ജോണ്‍വര്‍ഗീസ്‌ തയ്യില്‍പീഡിക, ചെറിയാന്‍ പൈലി കിഴക്കേഭാഗം എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വര്‍ണ്ണാഭമായ ക്രിസ്‌മസ്‌ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക