Image

കുഞ്ഞിപ്പെണ്ണ്‌ (ചെറുകഥ: സി.എം.സി)

Published on 05 April, 2015
കുഞ്ഞിപ്പെണ്ണ്‌ (ചെറുകഥ: സി.എം.സി)
കുഞ്ഞിപ്പെണ്ണിനെ ശ്രദ്ധിച്ചത്‌ കട്ടക്കപ്പാറ കയറ്റം കയറുമ്പോഴാണ്‌. വലതു കൈയ്യില്‍ ഒരു മരക്കമ്പ്‌. കാല്‍പാദത്തില്‍ മുള്ളുതറച്ചതുപോലെ ഉപ്പൂറ്റി നിലത്തു മുട്ടിക്കാതെ കമ്പു കുത്തിപ്പിടിച്ച്‌ അല്‍പം മുന്നോട്ടു കൂനിയാണ്‌ നടത്തം. എണ്‍പത്തഞ്ചിനടുത്ത പ്രായം.

`ഏതാ, ഈ ഭാഗത്തൊന്നും കണ്ടിട്ടില്ലല്ലോ?' ഇടതു കൈപ്പത്തി വലതു കണ്ണിനു മീതെ ഉയര്‍ത്തിപ്പിടിച്ച്‌ അവര്‍ എന്നോടായി ചോദിച്ചു.

ഗ്രാമത്തിലുള്ളവര്‍ അങ്ങനെയാണ്‌. അവര്‍ക്കറിയണം. ആരാണ്‌? എവിടെ പോകുന്നു? എന്തിനു പോകുന്നു? വീട്ടുപേരെന്താണ്‌? ഭാര്യയുണ്ടോ? മക്കളുണ്ടോ? എത്രയുണ്ട്‌? രാവിലെയുള്ള നടത്തത്തിനിടയില്‍ ഇതേ ചോദ്യങ്ങള്‍ പലരില്‍ നിന്നും കേട്ടിട്ടുള്ളതാണ്‌.

രണ്ട്‌ അറ്റാക്കും, ഒരു ബൈപാസ്‌ സര്‍ജറിയും കഴിഞ്ഞപ്പോള്‍ ഡോക്‌ടര്‍ നിര്‍ബന്ധിച്ച്‌ പറഞ്ഞു: 'നടക്കണം, എന്നും നടക്കണം ഒരു മൈലെങ്കിലും. അല്ലെങ്കില്‍ അധികനാള്‍ നടക്കേണ്ടിവരില്ല.' ഏറെ നാളായി നടത്തം ജീവിതത്തിന്റെ ഒരു ഭാഗമായിത്തീര്‍ന്നിട്ടുണ്ട്‌.

ഞാന്‍ ഒരു മറുചോദ്യംകൊണ്ട്‌ ആ അമ്മയെ നേരിട്ടു: `വടിയും കുത്തിപ്പിടിച്ച്‌ അതിരാവിലെ എങ്ങോട്ടാണ്‌?'

അവരുടെ ജീവിത പുസ്‌തകം കെട്ടഴിഞ്ഞുവീണു.

`ഒരു കണ്ണിനു തീര്‍ത്തും കാഴ്‌ചയില്ല. മറ്റേതുകൊണ്ട്‌ തപ്പിത്തടഞ്ഞ്‌ ജീവിക്കുന്നു. ഭര്‍ത്താവും ഒരു മകനും ഉണ്ടായിരുന്നു. ഇരുപത്തിയേഴാം വയസില്‍ കാന്‍സര്‍ വന്നു മകന്‍ മരിക്കുമ്പോള്‍ അഞ്ചു സെന്റ്‌ സ്ഥലവും ഏഴു ലക്ഷം കടവും ബാക്കി. ബോണ്‍മാരോ എന്നോ മറ്റോ ആയിരുന്നു ആ പിശാചിന്റെ പേര്‌. പാറമടയില്‍ കരിങ്കല്ല്‌ പൊട്ടിച്ച്‌ ഭര്‍ത്താവ്‌ നെഞ്ചിന്‍കൂട്‌ തകര്‍ത്തു. ഇപ്പോള്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ വിധവകള്‍ മാസം അഞ്ചുകിലോ റേഷനരി വെറുതെ കിട്ടും. അതുവെച്ചു കുടിക്കുന്ന ഒരു അലൂമിനിയം കലം ഉണ്ടായിരുന്നു അതിന്‌ ഓട്ട വീണു. രാവിലെ അടുപ്പു നിറയെ വെള്ളം. അത്‌ അടുത്തുള്ള പട്ടണത്തില്‍ കൊണ്ടുപോയി ശരിയാക്കാന്‍ അയല്‍വാസിയുടെ കടം തേടാനാണ്‌ ഈ പോക്ക്‌. ഉപ്പൂറ്റിക്കു കടുത്ത വേദനയാണ്‌. ആകെ വിണ്ടുകീറിയാണിരുപ്പ്‌. നിലത്തു തൊടാന്‍ വയ്യ.'

`ചെരിപ്പിട്ടാല്‍ വേദനയ്‌ക്ക്‌ കുറവുണ്ടായേക്കാം'. ഞാന്‍ പറഞ്ഞു. എന്റെ വീട്‌ അടുത്തായതിനാല്‍ ഞാന്‍ വീട്ടില്‍ ചെന്ന്‌ കലവും ഒരു ചെരിപ്പിനുള്ള പണവും അവര്‍ക്കു കൊടുത്തു. ഇന്നലെ കുടുക്കപ്പാറ കയറ്റം കയറുമ്പോള്‍ കുഞ്ഞിപ്പെണ്ണ്‌ എന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു. കൈയ്യില്‍ പൊതിഞ്ഞുപിടിച്ച ചെരിപ്പും ചെരിപ്പിട്ടു പൊട്ടിയ കാലുമായി. ഒരു ഓട്ടക്കലം കണക്കെ.
കുഞ്ഞിപ്പെണ്ണ്‌ (ചെറുകഥ: സി.എം.സി)
Join WhatsApp News
andrew 2015-04-05 18:27:36
Thank you for the come back Dear CMC.
we missed your heart touching stories.
വായനക്കാരൻ 2015-04-06 21:38:31
കലം മാറി കഞ്ഞിവച്ചിട്ട് വല്ല ഗ്രഹണിയും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക