Image

വഴിവെളിച്ചം(ഗദ്യകവിത: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 06 April, 2015
വഴിവെളിച്ചം(ഗദ്യകവിത: ജോണ്‍ വേറ്റം)
ചൊവ്വയുടെ ചൊവ്വും ജന്മഹേതുവും അറിയുവാന്‍,
ചൊവ്വേ ഭ്രമണം ചെയ്യും മംഗള്‍യാനേ നമസ്‌കാരം!

 ഉല്‍പത്തിയുടെ ഉറവും, വെളിവിന്നൂര്‍ജ്ജവും,
ജീവനരഹസ്യവും, പുനര്‍ജ്ജന്മസിദ്ധാന്തവും,
ഏതു ശക്തിഗുണത്തിലധിഷ്ഠിതമെന്നറിയാന്‍
വാനിലുയര്‍ന്നൊരു ഗതിദര്‍ശകയന്ത്രമേ!

ദേവാധിദേവനും, ദുഷ്ടാത്മസേനയും, വിധിയും
മോക്ഷവും പാപശിക്ഷയും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗവും 
മനുഷ്യചേതനയ്ക്കുള്ളില്‍ മതങ്ങളെഴുതിയ 
വചനകാനോനകളും, മിഥ്യയോ? ദൂതയന്ത്രമേ!

ഭൂമിക്കുള്ളിലുണ്ടോ ഇരുളും ശീതപാതാളങ്ങള്‍,
കെടാത്തവഹ്നിയും തിളക്കും ഗന്ധകത്തടാകവും,
ചാകാപ്പുഴുവും ഇരുപത്തിയൊന്ന് നരകങ്ങളും,
മൃതാത്മപാപമോചനസ്ഥാനവും? ജ്ഞാനയന്ത്രമേ!

ആത്മാവിന്നവതാരവും, ചിരജ്ജീവിയും യമനും
കാലന്റെഗ്രന്ഥവും നിഷിദ്ധകനിയും നിഷേധമോ?
ജീവജാലങ്ങള്‍ സഹജമായ് നശിക്കുമ്പോള്‍
മനുഷ്യമരണം പാപഫലമോ? ശാസ്ത്രസഞ്ചാരി!

സര്‍വ്വവും ഏകദൈവത്താലെന്ന സൂക്ഷ്മപ്രമാണം
വിവേകം വിന്യസിക്കുമ്പോഴും സന്ദേഹം സംഗമിച്ച
ആകാംക്ഷയും യുക്തിയും നിരത്തുന്നൊരു ചുടുചോദ്യം:
പ്രപഞ്ചമൊരു ശില്പമോ? ശില്പിയോ? മംഗല്‍യാനെ.

ചൊവ്വ = ഒരു ഗ്രഹം.
കാലന്റെ ഗ്രന്ഥം= മരണദേവത ആത്മാക്കളുടെ ധര്‍മ്മാധര്‍മ്മങ്ങളെ അഥവാ സുകൃതദുഷ്‌കൃതങ്ങളെ നിര്‍ണ്ണയിക്കുന്നതിന് മനുഷ്യരുടെ പ്രവൃത്തികളെക്കുറിച്ച് എഴുതി കാലപുരിയില്‍ സൂക്ഷിക്കുന്ന പുസ്തകം.

വഴിവെളിച്ചം(ഗദ്യകവിത: ജോണ്‍ വേറ്റം)
Join WhatsApp News
വായനക്കാരൻ 2015-04-07 06:54:21
നിന്റെ തല സൃഷ്ടിച്ച കുണ്ടാമണ്ടികൾക്ക്  
നിന്റെ തലയോടുത്തരം തേടുക  
എന്റെ തലക്കുള്ളിൽ ഇത്തരം ചോദ്യങ്ങൾ 
ഡസ് നോട്ട് കമ്പ്യൂട്ട്  ഗതിതെറ്റിയ മനുഷ്യരേ
വിദ്യാധരൻ 2015-04-07 08:37:50
എന്റെ തല എന്റെ പിടിയിലല്ല 
ആരൊക്കയോ അത് പ്രവർത്തിപ്പിക്കുന്നു 
എന്ത് ചോതിച്ചാലും തല തിരിഞ്ഞ ഉത്തരം 
ചില തലതിരിഞ്ഞവരെപ്പോലെ..
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക