Image

സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ രൂപതാതല പ്രവര്‍ത്തനോദ്ഘാടനം വന്‍ വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 31 December, 2011
സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ രൂപതാതല പ്രവര്‍ത്തനോദ്ഘാടനം വന്‍ വിജയം
അറ്റ്‌ലാന്റാ: 2012 ജൂലൈ 26 മുതല്‍ 29 വരെ അറ്റ്‌ലാന്റയില്‍ വെച്ച് നടക്കുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആറാമത് ദേശീയ കണ്‍വെന്‍ഷന്റെ രൂപതാതല പ്രവര്‍ത്തനോദ്ഘാടനവും രജിസ്‌ട്രേഷന്‍ കിക്ക്ഓഫും ഡിസംബര്‍ 24-ന് ശനിയാഴ്ച അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു.

ഷിക്കാഗോ കത്തീഡ്രല്‍ ദേവാലയത്തില്‍ ക്രിസ്മസ് പാതിരാ ശുശ്രൂഷയ്ക്കുശേഷം കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ജനസമൂഹത്തിന്റെ സാന്നിധ്യത്തില്‍ സിറിയക് ജോണ്‍ തട്ടാരട്ട്, ഫിലിപ്പ് കണ്ണൂക്കാടന്‍ എന്നിവരില്‍ നിന്ന് ആദ്യ രജിസ്‌ട്രേഷന്‍ ഏറ്റുവാങ്ങിക്കൊണ്ട് അഭിവന്ദ്യ പിതാവ് നിര്‍വഹിച്ചു. തുടര്‍ന്ന് നിരവധി വ്യക്തികള്‍ കണ്‍വെന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയ്തു.

അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ കണ്‍വെന്‍ഷന്റെ ആവശ്യകതയെക്കുറിച്ചും സഭാ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും കൂട്ടായ്മയ്ക്കും കണ്‍വെന്‍ഷന്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അതിലേക്ക് എല്ലാവരും രജിസ്റ്റര്‍ ചെയ്ത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ മുന്നോട്ടുവരണമെന്നും അഭ്യര്‍ത്ഥിച്ചു.

കത്തീഡ്രല്‍ ഇടവക വികാരി ഫാ. ജോയി ആലപ്പാട്ട് അറ്റ്‌ലാന്റയില്‍ നിന്നുമെത്തിയ കണ്‍വെന്‍ഷന്‍ കമ്മിറ്റിയംഗങ്ങളെ സദസിന് പരിചയപ്പെടുത്തി. കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഏബ്രഹാം ആഗസ്തി, കമ്മിറ്റിയംഗങ്ങളായ ജോര്‍ജ് വര്‍ഗീസ് ഇളംപ്ലാക്കാട്, സാബു വാതപ്പള്ളില്‍ എന്നിവര്‍ കണ്‍വെന്‍ഷന്റെ നാളിതുവരേയുള്ള പുരോഗതികള്‍ വിലയിരുത്തി സംസാരിച്ചു. ഏബ്രഹാം ആഗസ്തി തന്റെ പ്രസംഗത്തില്‍ രജിസ്‌ട്രേഷന്‍ പാക്കേജുകളെക്കുറിച്ച് വിശദീകരിക്കുകയും കണ്‍വെന്‍ഷനിലേക്ക് എല്ലാവരേയും ക്ഷണിക്കുകയും, സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഷിക്കാഗോയില്‍ നിന്നും ഏതാണ്ട് നൂറോളം കുടുംബങ്ങള്‍ തദവസരത്തില്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് കമ്മിറ്റ്‌മെന്റ് ഫോറം പൂരിപ്പിച്ച് നല്‍കുകയുണ്ടായി. കണ്‍വെന്‍ഷന്‍ ഷിക്കാഗോ റീജിയണല്‍ പ്രവര്‍ത്തനങ്ങള്‍ ഏകീരിക്കുന്നതിനായി റോയി തച്ചില്‍, ആന്‍ഡ്രൂസ് പി. തോമസ്, സിറിയക് ജോണ്‍, ജോയിച്ചന്‍ പുതുക്കുളം, പിലിപ്പ് കണ്ണൂക്കാടന്‍, ജോസ് കടവില്‍, ഷാജി വെണ്ണിക്കുളം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു റീജിയണല്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.

ഷിക്കാഗോ രൂപതാതല പ്രവര്‍ത്തനോദ്ഘാടനം വന്‍ വിജയമായിരുന്നുവെന്നും കണ്‍വെന്‍ഷനെക്കുറിച്ച് ആളുകളില്‍ നിന്ന് ലഭിക്കുന്ന അനുകൂല പ്രതികരണവും താത്പര്യവും വലിയ പ്രതീക്ഷ നല്‍കുന്നതായും കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഏബ്രഹാം ആഗസ്തി അറിയിച്ചു. ഷിക്കാഗോയില്‍ നിന്നു മാത്രമായി നൂറിലധികം കുടുംബങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഉറപ്പായതായും ഇത്തരത്തിലുള്ള ഒരു പ്രതികരണം മറ്റെല്ലാ റീജിയണില്‍ നിന്നും പ്രതീക്ഷിക്കുന്നതായും ആഗസ്തി പറഞ്ഞു.

2012 ജനുവരി 1 മുതല്‍ രജിസ്‌ട്രേഷന്‍ ഫോറങ്ങള്‍ കണ്‍വെന്‍ഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്നും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ പേമെന്റും ജനുവരി ആദ്യത്തോടെ ആരംഭിക്കുമെന്നും രജിസ്‌ട്രേഷന്‍ തുക ഒരുമിച്ചോ, നാലു തുല്യഗഡുക്കളായോ ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ച് നല്‍കുന്നതിന് സാധിക്കുമെന്നും ആഗസ്തി അറിയിച്ചു. 1000 രൂപയുടെ പ്രൊമോഷണല്‍ പാക്കേജിന് പ്രതീക്ഷിച്ചതിനേക്കാളേറെ വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്നും, ഏതാണ്ട് 150-ല്‍ അധികം പ്രൊമോഷണല്‍ പാക്കേജുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായും ഏബ്രഹാം ആഗസ്തി പറഞ്ഞു.

1000 ഡോളര്‍ പ്രൊമോഷണല്‍ പാക്കേജിന് നാലു പേര്‍ അടങ്ങുന്ന ഒരു കുടുംബത്തിന് താമസവും ഭക്ഷണവും രജിസ്‌ട്രേഷന്‍ ഫീസും അടക്കമുള്ള ഓള്‍ ഇന്‍ വണ്‍ പാക്കേജാണ്. കണ്‍വെന്‍ഷനിലേക്ക് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 കുടുംബങ്ങള്‍ക്കാണ് ഈ പ്രൊമോഷണല്‍ പാക്കേജിന്റെ ആനുകൂല്യം ലഭിക്കുക. ജനുവരി ആദ്യവാരം മുതല്‍ അമേരിക്കയിലും കാനഡയിലുമായി വിവിധ റീജിയണല്‍ കിക്ക്ഓഫുകള്‍ നടക്കും. ആളുകള്‍ക്ക് അഭിരുചിയ്ക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്ന വിവിധ പാക്കേജുകളാണ് തയാറാക്കിയിട്ടുള്ളത്.

വിശദ വിവരങ്ങള്‍ കണ്‍വെന്‍ഷന്‍ വെബ്‌സൈറ്റില്‍ ഉടന്‍ ലഭ്യമാകും. കണ്‍വെന്‍ഷന്‍ വെബ്‌സൈറ്റ്: smcatl2012.org, syromalabarconvention2012 എന്ന പേരിലും വെബ്‌സൈറ്റ് ലഭ്യമാകും.

കണ്‍വെന്‍ഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോണി പുതിയപറമ്പില്‍ (404 935 8658), ഏബ്രഹാം ആഗസ്തി (770 315 9499), അജിത് ജോസ് (രജിസ്‌ട്രേഷന്‍) 404 787 2523, ടോം മക്കനാല്‍ (മീഡിയ) 678 982 3996, സോജന്‍ വര്‍ഗീസ് (സുവനീര്‍) 770 595 3462, ആന്റണി തളിയത്ത് (വൈസ് ചെയര്‍) 678 485 9700, തോമസ് കെ. ജോര്‍ജ് (സെക്രട്ടറി) 404 457 3219, ജെറീഷ് അഗസ്റ്റിന്‍ (കള്‍ച്ചറല്‍ ഇവന്റ്‌സ്) 770 335 8477.
സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ രൂപതാതല പ്രവര്‍ത്തനോദ്ഘാടനം വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക