Image

എന്നും എപ്പോഴും ഒരു പോലെ, ഒരു മാറ്റവുമില്ലാതെ...

Published on 11 April, 2015
എന്നും എപ്പോഴും ഒരു പോലെ, ഒരു മാറ്റവുമില്ലാതെ...
സത്യന്‍ അന്തിക്കാടിന്‍െറ സിനിമകള്‍ കാണുക എന്നത് മലയാളിയുടെ ഒരു ശീലമാണ്. ഇടത്തരക്കാരന്‍െറ ജീവിതപ്രശ്നങ്ങള്‍ യഥാര്‍ഥമായി അവതരിപ്പിച്ചാണ് ഈ സംവിധായകന്‍ മലയാളിയുടെ മനസ്സില്‍ ലബ്ധപ്രതിഷ്ഠ നേടിയത്. പ്രമേയങ്ങളുടെ ആവര്‍ത്തനത്തിലൂടെ അങ്ങേയറ്റം വിരസമായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്‍െറ സമീപകാല സിനിമകളുടെ തുടര്‍ച്ച തന്നെയാണ് ‘എന്നും എപ്പോഴും’ എന്ന ചിത്രം. സത്യന്‍ അന്തിക്കാട് സിനിമകള്‍ എന്നും എപ്പോഴും എന്തായിരുന്നോ അതു തന്നെയാണ് ഇതും. എല്ലാ വിഷുക്കാലത്തും സത്യന്‍ അന്തിക്കാട് തുറന്നുവെക്കാറുള്ള അതേ പച്ചക്കറിക്കട. മുമ്പുണ്ടായിരുന്ന ഫ്രഷ്നസ് പച്ചക്കറിക്ക് ഇപ്പോഴില്ല എന്നുമാത്രം. പഴകിത്തുടങ്ങിയിരിക്കുന്നു എന്ന സത്യം കടക്കാരന്‍ മാത്രം അറിയുന്നില്ല.
നന്മ കൊണ്ട് പൊറുതിമുട്ടിയ ഏതോ ലോകത്ത് ജീവിക്കുന്ന മനുഷ്യരാണ് പൊതുവെ സത്യന്‍ അന്തിക്കാടിന്‍െറ കഥാപാത്രങ്ങള്‍. അവര്‍ക്ക് മനുഷ്യസഹജമായ തെറ്റുകള്‍പോലും പറ്റാറില്ല. ഈ ചിത്രത്തിലും പതിവു തെറ്റിയിട്ടില്ല. പ്രേക്ഷകര്‍ സങ്കടപ്പെടുന്നത് സഹിക്കാനുള്ള ശേഷിയൊന്നും അദ്ദേഹത്തിന് പണ്ടേ ഇല്ല. അതുകൊണ്ടുതന്നെ പതിവുപോലെ ശുഭപര്യവസായിയായി തീരുന്നു ഈ സിനിമയും. തന്നത്തെന്നെ ആവര്‍ത്തിച്ച് അപഹാസ്യനാവുന്ന സംവിധായകനെയാണ് നാം ഈ ചിത്രത്തില്‍ കണ്ടുമുട്ടുന്നത്. ‘കഥ തുടരുന്നു’ (2010)എന്ന സത്യന്‍ചിത്രം കണ്ടിട്ടുള്ളവര്‍ ഈ സിനിമ കാണണമെന്നില്ല. മമത മോഹന്‍ദാസ് അവതരിപ്പിക്കുന്ന വിദ്യാലക്ഷ്മിയെയും മകളെയും ജയറാമിന്‍െറ പ്രേമന്‍ എങ്ങനെയൊക്കെ രക്ഷിക്കുന്നുവെന്ന് കണ്ടിട്ടുള്ളവര്‍ക്ക് അതു താനല്ലയോ ഇത് എന്ന് വര്‍ണ്യത്തിലാശങ്ക തോന്നാനിടയുണ്ട് എന്ന് ഇതിനാല്‍ മുന്നറിയിപ്പു നല്‍കിക്കൊള്ളുന്നു. കഷ്ടപ്പെടുന്ന നായികയെ/നായകനെ സഹായിക്കാന്‍ ഒരു കൈയാളും കൂട്ടിരിപ്പുകാരുമായി സത്യന്‍സാര്‍ പണ്ടേ നിര്‍ത്താറുള്ള ഇന്നസെന്‍റ് ഇതിലുമുണ്ട്. അതേ വേഷത്തില്‍ അതേ ഭാവത്തില്‍. മാമുക്കോയ, കെ.പി.എ.സി ലളിത എന്നിവരെക്കൂടി ഉള്‍പ്പെടുത്താതിരുന്നത് മഹാമോശമായിപ്പോയി എന്നേ പറയാനുള്ളൂ. നല്ലവരായ അയല്‍ക്കാര്‍ കഥയിലുണ്ടാവുമ്പോള്‍ അങ്ങനെയൊക്കെയല്ളേ അന്തിക്കാട്ടെ പതിവ്?

അവിടംകൊണ്ടും തീരുന്നില്ല സ്വയം ആവര്‍ത്തിക്കാനുള്ള സംവിധായകന്‍െറ ത്വര. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ ഹും ഹെ ഹോ ഡയലോഗ് മോഹന്‍ലാലിനെക്കൊണ്ട് വീണ്ടും പറയിപ്പിക്കുന്നു. ഡയലോഗ് പറഞ്ഞിട്ട് ‘ഇതു ഞാന്‍ പണ്ടു പഠിച്ചതാണല്ളോ’ എന്ന് ലാല്‍. യൗവനത്തില്‍ മോഹന്‍ലാല്‍ പകര്‍ന്നാടിയ അയത്നലളിതമായ ആ ആവിഷ്കാരത്തിന്‍െറ വിളറിയ നിഴല്‍ പോലുമാവുന്നില്ല ഈ സീനിലെ മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ നനഞ്ഞ പടക്കം പോലെയാവുന്നു ആ ഫലിതവും. ‘അയാള്‍ കഥയെഴുതുകയാണ്’എന്ന കമല്‍ചിത്രത്തിലെ സാഗര്‍ കോട്ടപ്പുറത്തിന്‍െറ ഡയലോഗും മോഹന്‍ലാല്‍ വീശിനോക്കുന്നുണ്ട്. നമുക്ക് ചോയിച്ച് ചോയിച്ച് പോവാം എന്ന്. പക്ഷേ ഒന്നും പണ്ടേപ്പോലെ ഫലിക്കുന്നില്ല. ഒരു ചിരിയല പോലും ഉയരുന്നില്ല തിയറ്ററില്‍. പഴയ മോഹന്‍ലാലിനെ ഇങ്ങനെയാണോ സര്‍ ഞങ്ങള്‍ക്കു തിരികെ തരുന്നത്? എന്നാല്‍ വേണ്ട എന്നു പറയാന്‍ മാത്രം കണ്ണില്‍ച്ചോരയില്ലാത്തവരാണ് മലയാളിപ്രേക്ഷകര്‍ എന്ന് അറിയാമല്ളോ. അല്ളെങ്കില്‍തന്നെ എന്തിനാണ് സാര്‍ നമുക്ക് ആ പഴയ മോഹന്‍ലാല്‍? പ്രായത്തിനൊത്ത് പകര്‍ന്നാടന്‍ കഴിവുള്ള, ഇനിയും എത്രയോ മഹാവിസ്മയങ്ങള്‍ തന്‍െറ താരശരീരത്തില്‍ ബാക്കിയുള്ള അക്ഷയഖനിയല്ളേ ആ അപൂര്‍വപ്രതിഭ? റീമേക്ക് ചെയ്ത് നശിപ്പിക്കേണ്ട പഴയകാല ഹിറ്റ് അല്ലല്ളോ മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന്‍.

മോഹന്‍ലാല്‍-ശ്രീനിവാസന്‍ ദ്വന്ദ്വങ്ങള്‍ മുന്‍കാല സത്യന്‍ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെട്ടതിനെക്കുറിച്ച് ചലച്ചിത്രബുദ്ധിജീവികള്‍ സാംസ്കാരിക പഠനങ്ങള്‍ രചിച്ചിട്ടുണ്ട്.

നാടോടിക്കാറ്റ് പോലുള്ള സിനിമകളില്‍ സവര്‍ണസുന്ദരനായ ലാലിന് അപഹസിക്കാനുള്ള കറുത്തവന്‍ ആയിരുന്നു അന്ന് ശ്രീനിവാസന്‍. കറുത്തവനും വെളുത്തവനും തമ്മിലുള്ള ഉച്ചനീചത്വങ്ങളെ ഹാസ്യാത്മകമായി ആഘോഷിക്കുകയായിരുന്നു ആ ചിത്രങ്ങള്‍. സ്വയം അനുകരിച്ച് അപഹസിക്കപ്പെടാന്‍ നിശ്ചയിച്ചുറച്ച സ്ഥിതിക്ക് അതും കൂടിയാവാം എന്ന് സംവിധായകന്‍ ഉറപ്പിച്ചതുകൊണ്ടാണ് ഗ്രിഗറിയെ അഭിനയിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍െറ ചവിട്ടുകൊള്ളാനും അയാളുടെ തുണിയലക്കാനും അയാള്‍ക്ക് ചായയിട്ടുകൊടുക്കാനും ആ കറുത്തവന്‍ അതേപോലെ ഇതിലുമുണ്ട്. ശ്രീനിവാസന്‍െറ ഏഴയലത്തും എത്തുന്നില്ല എത്ര ആഞ്ഞുപിടിച്ചിട്ടും ജേക്കബ് ഗ്രിഗറി എന്ന നടന്‍. ‘എ.ബി.സി.ഡി’ എന്ന പടത്തില്‍ സാമാന്യം ഭേദപ്പെട്ട അഭിനയം കാഴ്ചവെച്ച ഗ്രിഗറി ലാലേട്ടനെ നേരില്‍ കണ്ട് പകച്ചുനില്‍ക്കുന്നതുപോലുണ്ട് പല രംഗങ്ങളിലും.

‘സ്നേഹവീട്’ എന്ന സിനിമ കഴിഞ്ഞപ്പോഴാണെന്നു തോന്നുന്നു തന്‍െറ ചിത്രങ്ങള്‍ക്ക് സ്വയം തിരക്കഥ എഴുതില്ളെന്ന സ്വാഗതാര്‍ഹമായ തീരുമാനം സത്യന്‍ അന്തിക്കാട് എടുത്തത്. പക്ഷേ മീശമാധവന്‍, രണ്ടാംഭാവം, മനസ്സിനക്കരെ, അച്ചുവിന്‍െറ അമ്മ തുടങ്ങിയ മികച്ച ജനപ്രിയ തിരക്കഥകള്‍ ഒരുക്കിയ രഞ്ജന്‍ പ്രമോദ് ഇത്തവണ സത്യന്‍ അന്തിക്കാടിന്‍േറത് എന്ന് ന്യായമായും തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന തിരക്കഥ രചിച്ചിരിക്കുന്നു. സത്യന്‍ അന്തിക്കാട് സ്വയം അനുകരിക്കുമ്പോള്‍ രഞ്ജന്‍ പ്രമോദ് സത്യന്‍ അന്തിക്കാടിനെ അനുകരിക്കുന്നു എന്ന വ്യത്യാസം മാത്രമേ ഇവിടെയുള്ളൂ. തന്‍െറ പ്രതിഭ അറിയാതെയെങ്ങാനും തുളുമ്പിപ്പോവാതിരിക്കാന്‍ നല്ളോണം ശ്രദ്ധിച്ചിരിക്കുന്നു രഞ്ജന്‍. ഭാവനാശൂന്യതയുടെ കാര്യത്തില്‍ ഫോട്ടാഗ്രാഫര്‍, റോസ് ഗിറ്റാറിനാല്‍ എന്നീ രഞ്ജന്‍പ്രമോദ് രചനകളുടെ ഒപ്പം നില്‍ക്കും ഈ ചിത്രവും.

മഞ്ജു വാര്യര്‍ മടങ്ങിവന്നില്ലായിരുന്നുവെങ്കില്‍ മലയാള സിനിമക്ക് എന്തോ സംഭവിക്കുമായിരുന്നു എന്ന മട്ടിലാണ് മാധ്യമപ്രചാരണങ്ങള്‍. മടങ്ങിവന്ന സ്ഥിതിക്ക് മലയാള സിനിമ രക്ഷപ്പെട്ടു എന്നു തന്നെ നമുക്ക് അനുമാനിക്കാം. ഈ ചിത്രത്തില്‍ മഞ്ജുവിന്‍െറ വസ്ത്രാലങ്കാരം നന്നായിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ ഞൊടിയിട കൊണ്ട് ഭാവം മാറാന്‍ ശേഷിയുള്ള ആ നടിയെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. രണ്ടാം വരവില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച രണ്ടു കഥാപാത്രങ്ങളും ഒന്നു സസൂക്ഷ്മം വിലയിരുത്തിനോക്കുന്നത് നന്നായിരിക്കും. ‘ഹൗ ഓള്‍ഡ് ആര്‍ യു’വിലും ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലും സമാനസ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.

മഞ്ജു എന്ന പെണ്‍കുട്ടിയുടെ ഓണ്‍സ്ക്രീന്‍, ഓഫ്സ്ക്രീന്‍ പ്രതിച്ഛായകളെ കൂട്ടിയോജിപ്പിച്ചാണ് ഈ കഥാപാത്രങ്ങളെ നിര്‍മിച്ചിരിക്കുന്നത്. വെള്ളിത്തിരക്കു പുറത്തെ യഥാര്‍ഥ ജീവിതത്തിലെന്നപോലെ രണ്ടു ചിത്രങ്ങളിലും മഞ്ജുവിന് ഉള്ളത് മകളാണ്. യഥാര്‍ഥ ജീവിതത്തിലെ മീനാക്ഷിയെപ്പോലെ. രണ്ടു ചിത്രങ്ങളിലും ഭര്‍ത്താവ് മഞ്ജുവിനെ മനസ്സിലാക്കാത്ത വില്ലനാണ്. വിവാഹശേഷമുള്ള പത്തുപതിനാറു വര്‍ഷങ്ങള്‍ സ്വന്തം സാധ്യതകള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതെ ഭര്‍ത്താവ് തളച്ചിട്ട മഞ്ജു വാര്യര്‍ എന്ന നടിയുടെ ആള്‍ട്ടര്‍ ഈഗോ ആയിരുന്നു ‘ഹൗ ഓള്‍ഡ് ആര്‍ യു’വിലെ നിരുപമ രാജീവ്. കേരളത്തിലെ ഒരുപാട് സ്ത്രീകള്‍ക്ക് താദാത്മ്യം പ്രാപിക്കാവുന്ന കഥാപാത്രം. ഈ ചിത്രത്തില്‍ ഒരുപടികൂടി കടന്ന് അഡ്വ. ദീപ മഞ്ജു തന്നെയാവുന്നു. ക്രൂരനായ ഭര്‍ത്താവ് കാരണം അവള്‍ക്ക് നൃത്തം തുടരാന്‍ കഴിഞ്ഞില്ളെന്നും തനിച്ചുള്ള താമസത്തിനിടെ മകളുറങ്ങുന്ന രാത്രിയില്‍ ടെറസില്‍ പ്രാക്ടീസ് ചെയ്ത് അവളത് തിരിച്ചുപിടിക്കുന്നുവെന്നും നമ്മെ കാണിച്ചുതരുന്നു. ബാര്‍ അസോസിയേഷന്‍ ആഘോഷത്തിനിടെ അഡ്വ. ദീപ നൃത്തം ചെയ്യുന്ന സീന്‍ ഉള്ളതിനാല്‍ ഈ ചിത്രത്തിനു ടിക്കറ്റെടുത്താല്‍ മഞ്ജു വാര്യരുടെ ഡാന്‍സ് ഫ്രീയാണ് എന്ന് നൃത്തകലാപ്രേമികളെ തെര്യപ്പെടുത്തിക്കൊള്ളുന്നു. മഞ്ജു വാര്യരുടെ വ്യക്തിജീവിതവുമായി സമരസപ്പെടുത്തിയുള്ള കഥാപാത്രനിര്‍മിതിയുടെ ബാലിശത്വം പെണ്‍പ്രേക്ഷകരുടെ കണ്ണീരു പിഴിയാന്‍ ഉദ്ദേശിച്ചുള്ളതായിരിക്കും എന്നുറപ്പ്. രണ്ടാംവരവില്‍ എന്നും എപ്പോഴും ഒരേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍, അതും ജീവിതത്തിലെ സമാന അനുഭവങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മഞ്ജുവിന് ബോറടിയില്ലാത്ത സ്ഥിതിക്ക് കൊടുംവില്ലനായ ഭര്‍ത്താവുള്ള ഭാര്യയായി അടുത്ത പടത്തിലും പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നും എപ്പോഴും മകള്‍ പെണ്‍കുട്ടിയായിരിക്കണം. ക്ളാസിക്കല്‍ ഡാന്‍സ് കൂടിയുണ്ടെങ്കില്‍ സംഗതി ഭേഷായി.

പ്രതിസന്ധിഘട്ടങ്ങളില്‍ പതറാതെ ഉറച്ചുനില്‍ക്കുന്ന പെണ്‍കുട്ടിക്ക് എന്നും എപ്പോഴും ഒരു ആണ്‍തുണ വേണ്ടത് അനിവാര്യമാണല്ളോ. രസതന്ത്രത്തില്‍ മോഹന്‍ലാലും വിനോദയാത്രയില്‍ ദിലീപും കഥ തുടരുന്നുവില്‍ ജയറാമും ആയിരുന്നു ആ പുരുഷകേസരികള്‍. ഇവിടെ ലാലേട്ടന്‍ തന്നെ. എത്ര വ്യക്തിത്വമുള്ള സ്ത്രീയായിരുന്നാലും ആണിന്‍െറ സ്നേഹോഷ്മളമായ സാന്നിധ്യത്തില്‍ ഉരുകിപ്പോവുന്ന മഞ്ഞുകട്ടകളാവാതെ തരമില്ല പെണ്ണുങ്ങള്‍ക്ക്. അതുകൊണ്ട് നോക്കൂ, ആ ആശുപത്രി സീനില്‍ തന്‍െറ ആരുമല്ലാത്ത, സുഹൃത്തുപോലുമല്ലാത്ത വിനീത് എന്‍ പിള്ളയുടെ നെഞ്ചിലേക്ക് അഡ്വ. ദീപ ചാഞ്ഞുപോവുന്നത്. ഹോ...ചായാനൊരു നെഞ്ചില്ലാത്തതിന്‍െറ അഭാവം സ്ത്രീത്വത്തെ തെല്ളൊന്നുമല്ല ഉലച്ചുകളയുന്നത്. ലോഹിതദാസ് മുന്നാഴിച്ചെങ്കനലെരിയുന്ന ഉലയില്‍ പഴുപ്പിച്ചെടുത്ത മഞ്ജു വാര്യരുടെ ഭാനു, മോഹന്‍ലാല്‍ അവതരിപ്പിച്ച വിശ്വനാഥന്‍െറ കരവലയത്തിലമരുന്നതിന് ഇതിനേക്കാളും സ്വാഭാവികതയുണ്ടായിരുന്നു.

സാംസ്കാരികപഠിതാക്കള്‍ ജാഗ്രതൈ. വിനീത് എന്‍.പിള്ളക്ക് ഫറ എന്ന മുസ്ലിംപേരിനോട് കലിപ്പാണ്. അതുപറഞ്ഞ് അവളെ അയാള്‍ അധിക്ഷേപിക്കുന്നുണ്ട്. അയാള്‍ക്ക് കറുത്ത മാത്തനോട് കലിപ്പാണ്. അവനെ ചവിട്ടാന്‍ നോക്കുന്നുണ്ട് ചിലപ്പോള്‍. അയാള്‍ പിള്ളയാണ്. ചന്ദനക്കുറി തൊട്ടവനാണ്. വിഘ്നേശ്വരന്‍െറ ഭക്തനാണ്. എന്നും നാളികേരമുടക്കുന്ന പതിവുണ്ട്

ചന്ദനക്കുറി സാത്വികഭാവങ്ങളുടെ ചിഹ്നമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. അയാളുടെ മനസ്സിലെ നന്മ അറിയുന്നതോടെ അതുവരെ ആ ചന്ദനക്കുറി ഇഷ്ടമല്ലാതിരുന്ന നായികക്ക് അത് ഒടുവില്‍ ഇഷ്ടമാവുന്നു. (അമ്മ പറഞ്ഞതുകൊണ്ട് നെറ്റിയില്‍ ചന്ദനം തൊട്ടവനാണ് വിനീത് എന്‍.പിള്ള. ആ ചന്ദനക്കുറി ഇഷ്ടമല്ളെന്ന് ഒരു പെണ്ണു പറയുമ്പോള്‍ അയാളത് മായ്ച്ചുകളഞ്ഞു. എത്രമാത്രം വിനീതവിധേയനാണ് ഈ വിനീതന്‍ പിള്ള എന്നു മനസ്സിലായല്ളോ.) ഇനി മുതല്‍ പാവത്താന്‍ കഥാപാത്രങ്ങളുടെ നിര്‍മിതി നടത്തുന്ന സര്‍ഗപ്രതിഭകള്‍ക്ക് ചന്ദനക്കുറി ഒരു അടയാളമായി സ്വീകരിക്കാവുന്നതാണ്. സാംസ്കാരികവായനകള്‍ക്ക് സ്കോപ്പു തരുന്നു ഈ സൂചനകള്‍.

ലെന അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഫറ. അവള്‍ ഒരിക്കല്‍ കൂട്ടുകാരിയുടെ അടുത്ത് മനസ്സു തുറക്കുന്നു. ഭര്‍ത്താവ് റഫീക്ക് ഹാപ്പിയാണോ എന്ന് ദീപയുടെ ചോദ്യം. റഫീക്ക് നല്ല ഹാപ്പിയാണ് എന്ന് ഫറ. ‘കാരണം അയാള്‍ക്ക് പുതിയ ഒരു കൂട്ടുകാരി ഉണ്ട്. ഞങ്ങളുടെ സമുദായത്തില്‍ ഇതൊക്കെ ആവാം.’ എന്നാണ് വിദ്യാസമ്പന്നയായ, ബ്യൂട്ടീക് നടത്തുന്ന ഫറ പറയുന്നത്. വിവാഹ ബാഹ്യബന്ധങ്ങള്‍ക്ക് സാമുദായികമായ സ്വഭാവം കല്‍പ്പിച്ചു കൊടുത്തിരിക്കുന്നു ഈ സംഭാഷണത്തില്‍. വിവാഹേതര ബന്ധങ്ങളെ മതപരമായി അവതരിപ്പിച്ച് ആ മതത്തിലെ അതിന്‍െറ അനുവദനീയതയെ/ സ്വാഭാവികതയെ മറുപുറം നിര്‍ത്തി എതിര്‍ സമുദായത്തിലെ സാത്വികമായ കുടുംബ സങ്കല്‍പങ്ങളെ ഉദാത്തവത്കരിക്കുന്നുണ്ട് ഈ സംഭാഷണം.

പരസ്യങ്ങള്‍ എമ്പാടുമുണ്ട് ചിത്രത്തില്‍. ലുലുവും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഒക്കെയായി കഥാസന്ദര്‍ഭങ്ങളിലെ പരസ്യങ്ങളുടെ നിക്ഷേപം അരോചകമാണ്. വാണിജ്യേതര സന്ദര്‍ഭത്തില്‍ ഒരു വാണിജ്യ ഉല്‍പന്നം പരിചയപ്പെടുത്തുന്നതാണ് ഉപഭോക്താവിന്‍െറ മനസ്സില്‍ അത് തറച്ചുനില്‍ക്കാനുള്ള വേല എന്ന് പരസ്യദാതാക്കള്‍ക്ക് അറിയാം. അതിന് സത്യന്‍ അന്തിക്കാടും മോഹന്‍ലാലിന്‍െറ ആശീര്‍വാദ് സിനിമാസും തലവെച്ചുകൊടുത്തിരിക്കുന്നു.
ചിത്രം കാണുമ്പോള്‍ കേരളത്തിലെ ജേണലിസ്റ്റുകളെ ഓര്‍ത്ത് കുടുംബപ്രേക്ഷകര്‍ക്ക് സങ്കടം തോന്നാനിടയുണ്ട്. ഒരു സ്ത്രീയുടെ അഭിമുഖം കിട്ടാന്‍ ഇങ്ങനെ പിന്നാലെ നടക്കേണ്ടിവരുന്ന വിനീതന്‍ പിള്ളമാരാണ് പത്രക്കാര്‍ എന്ന് ധരിച്ചുവശാവും അവര്‍. വനിതാരത്നം എന്ന മാസിക ഒരു സാദാ അഡ്വക്കേറ്റിന്‍െറ അഭിമുഖം കിട്ടിയില്ളെങ്കില്‍, അതു കവര്‍സ്റ്റോറിയാക്കിയില്ളെങ്കില്‍ പൂട്ടിപ്പോവും എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഇത്രയും പറഞ്ഞതുകൊണ്ട് ഈ സിനിമ ആര്‍ക്കും ഇഷ്ടപ്പെടാത്ത ഒന്നാണ് എന്ന് അര്‍ഥമില്ല. നൂറ്റൊന്നാവര്‍ത്തിച്ച ചര്‍വിതചര്‍വണങ്ങള്‍ പിന്നെയും പിന്നെയും അയവെട്ടുന്നതില്‍ ആനന്ദമുള്ളവര്‍ക്ക് ധൈര്യമായി പോയി കാണാം.


എന്നും എപ്പോഴും ഒരു പോലെ, ഒരു മാറ്റവുമില്ലാതെ...
എന്നും എപ്പോഴും ഒരു പോലെ, ഒരു മാറ്റവുമില്ലാതെ...
എന്നും എപ്പോഴും ഒരു പോലെ, ഒരു മാറ്റവുമില്ലാതെ...
എന്നും എപ്പോഴും ഒരു പോലെ, ഒരു മാറ്റവുമില്ലാതെ...
എന്നും എപ്പോഴും ഒരു പോലെ, ഒരു മാറ്റവുമില്ലാതെ...
എന്നും എപ്പോഴും ഒരു പോലെ, ഒരു മാറ്റവുമില്ലാതെ...
എന്നും എപ്പോഴും ഒരു പോലെ, ഒരു മാറ്റവുമില്ലാതെ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക