Image

കൊന്നപ്പൂവിന്റെ സ്വപ്നം (ലേഖനം-മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 14 April, 2015
കൊന്നപ്പൂവിന്റെ സ്വപ്നം (ലേഖനം-മീട്ടു റഹ്മത്ത് കലാം)
ലോകത്തെവിടെ ആയിരുന്നാലും മലയാളിയ്ക്ക് ഒരൊറ്റ വിഷു സങ്കല്പനമേ ഉണ്ടാകൂ. 'തുല്യമായത'് എന്നര്‍ത്ഥം വരുന്ന ആഘോഷമായതുകൊണ്ടാകാം ധനികനെന്നോ, ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഓരോ കേരളീയന്റെയും ഉള്ളില്‍ സ്വര്‍ണ്ണനിറമുള്ള ചിത്രമായി വിഷു ഓര്‍മ്മകള്‍ കണ്ണുചിമ്മുന്നത്.
പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിഷു ഒരു ഉണര്‍ത്തു പാട്ടാണ്. ചില്ലകളില്‍ പാറിപ്പറന്ന് ചിറകടിച്ചും, ചിലച്ചും വിഷുവിന്റെ വരവറിയിക്കുന്ന വിഷുപ്പക്ഷികള്‍ കാതുകള്‍ക്ക് കുളിര്‍മഴയാണ്. മീനമാസം മേടത്തിനായി കരുതിയ വിളവുകളിലെല്ലാം സൂര്യന്റെ കയ്യൊപ്പ് കോറിവരഞ്ഞപോലെ കാണാം. 

കണിവെള്ളരിയിലും, പുന്നെല്ലിലും, നേന്ത്രപ്പഴത്തിലും, അടയ്ക്കയിലുമെല്ലാം കണ്ണിന് പുതുജീവന്‍ പകരുന്ന പ്രകാശരശ്മികള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രകടമാണ്. മാമ്പഴത്തിന്റെയും, ചക്കപ്പഴത്തിന്റെയും, ചന്ദനത്തിരിയുടെയും സുഗന്ധം നാസേന്ദ്രിയങ്ങളെ ത്രസിപ്പിക്കും. ഷഡ് രസപ്രധാനമായ സദ്യവട്ടം നാവിന് രുചിവൈവിധ്യത്തിന്റെ ഉന്മാദം പകരും. നെറുകെയിലൊരു തലോടലും അനുഗ്രഹാശിസ്സുകളോടെയും മുതിര്‍ന്നവര്‍ ഉള്ളം കയ്യില്‍ വച്ചുതരുന്ന കൈനീട്ടം നാണയത്തുട്ടുകള്‍ക്കപ്പുറം നിര്‍വ്വചിക്കാനാവാത്ത എന്തൊക്കെയോ ആണ്.

തുടക്കം ഭംഗിയായാല്‍ പാതിപൂര്‍ണ്ണം എന്ന വിശ്വസത്തെ ആധാരമാക്കിയാണ് വിഷു ആഘോഷം. ആണ്ടുപിറപ്പായി മേടം ഒന്നിനെ കണക്കാക്കുന്നതിനാല്‍ ആ വര്‍ഷത്തിന്റെ ഫലം നിര്‍ണ്ണയിക്കുന്നതില്‍ വിഷുവിന് മഹത്വപൂര്‍ണ്ണമായ സ്ഥാനം കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടു തന്നെ കണികാണലിനും ഏറെ പ്രാധാന്യമുണ്ട്.

കണി ഒരുക്കുന്ന ആള്‍ പ്രാര്‍ത്ഥനാ നിരധയായി പൂജാമുറിയില്‍ തന്നെ ഉറങ്ങും. ബ്രഹ്മമുഹൂര്‍ത്തത്തില്‍(പുലര്‍ച്ചെ 4.00 മണിമുതല്‍ 6.00 മണിവരെ) ഉണര്‍ന്ന് തിരികൊളുത്തി, കണികണ്ടശേഷം കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തി കണ്ണുപൊത്തി കണികാണിക്കേണ്ട ചുമതല വീട്ടിലെ മുതിര്‍ന്ന സ്ത്രീജനങ്ങള്‍ക്കാണ്. കണിവെയ്ക്കുന്ന ഓരോന്നും പ്രപഞ്ചശക്തികളുടെ പ്രതീകങ്ങളാണ്. കസവുനേരിയതും നാളികേരവും കിണ്ടിയും ഓട്ടുരുളിയും സമൃദ്ധിയെ പ്രതിനിധാനം ചെയ്യുന്നു. കണിക്കൊന്നകള്‍ സൂര്യകിരണങ്ങളാണെന്നും, മഹാവിഷ്ണുവിന്റെ കണ്ണുകളാണെന്നും, ശ്രീകൃഷ്ണന്റെ അരഞ്ഞാണമാണെന്നും അഭിപ്രായങ്ങളുണ്ട്. ഒരുക്കിയ കണിയത്രയും വാല്‍ക്കണ്ണാടിയില്‍ വന്നുപതിയുമ്പോള്‍ പ്രകൃതിയുടെ നേര്‍ക്കാഴ്ച അതില്‍ തെളിയും. സൃഷ്ടിയും സൃഷ്ടാവും ഒരേ ബിന്ദുവില്‍ ഏകോപിപ്പിക്കപ്പെടുന്ന ഉദാത്ത സങ്കല്പമാണ് ഇതിന്റെ പൊരുള്‍.
മഹാകവി കാളിദാസന്റെ ഇഷ്ടപുഷ്പമായിരുന്ന വിഷുവിന് മോടികൂട്ടുന്ന കര്‍ണികാരങ്ങള്‍. കൊന്നപ്പൂക്കളെക്കുറിച്ച് അദ്ദേഹമെഴുതിയ വരികള്‍ ഇങ്ങനെയാണ്.

വര്‍ണപ്രകര്‍ഷേ സതി കര്‍ണികാരം 
ദുനോതി നിര്‍ഗന്ധതയാ സ്മ ചേതഃ

നിറപ്പകിട്ടുണ്ടെങ്കിലും കണിക്കൊന്നപ്പൂക്കള്‍ പരിമളമില്ലായ്മകൊണ്ട് മനസ്സ് നോവിച്ചു എന്നാണിതിനര്‍ത്ഥം. സൃഷ്ടാവിന്റെ കുസൃതിയാണിതില്‍ പറയുന്നത്. എല്ലാം തികഞ്ഞെതെന്ന് അഹങ്കരിക്കാന്‍ ഒന്നും തന്നെ സൃഷ്ടിച്ചിട്ടില്ലെന്ന വസ്തുത. ഓരോ കണിക്കൊന്ന പൂവ് കാണുമ്പോഴും നമ്മളിലാരും എല്ലാം തികഞ്ഞവരല്ലെന്നതു മനസ്സിലാക്കണം. ചേര്‍ന്ന് നില്‍ക്കുമ്പോള്‍ കുറവുകള്‍ പരിഹരിക്കപ്പെടുന്നതും വിഷുക്കണി പഠിപ്പിക്കുന്ന വലിയ പാഠമാണ്.

പുതുവര്‍ഷത്തില്‍ തിരി തെളിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന നാളം അതുവരെ ജീവിതത്തിലും മനസ്സിലും ഉണ്ടായിരുന്ന ഇരുട്ടിനെ അകറ്റുന്നു. ആ പുതുവെളിച്ചം പകരുന്ന ഊര്‍ജ്ജമാണ് പിന്നീടുള്ള ഒരു വര്‍ഷത്തെ പ്രയാണത്തിനുള്ള കരുത്ത്. അതുകൊണ്ടു തന്നെയാണ് വിഷു നല്ലൊരു തുടക്കമാക്കാന്‍ ഏവരും ഉത്സാഹിക്കുന്നത്.

ഋതുരാജനായ വസന്തത്തിന്റെ വാതില്‍ തുറക്കുന്ന ഈ കാര്‍ഷികോത്സവം 1654 വര്‍ഷങ്ങളായി ആഘോഷിക്കപ്പെടുന്നു എന്നാണ് കണക്ക്. ആ നിലയ്ക്ക്, കമ്മ്യൂണിസം ജനിക്കും മുന്‍പേ സമത്വമെന്ന ആശയം നമ്മുടെ മണ്ണില്‍ വേരോടിയതിന്റെ തെളിവുകൂടിയാണ് വിഷു.

മലയാളികള്‍ കൃഷി മറന്നു, സദ്യയ്ക്കാവശ്യമായ പച്ചക്കറികള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു എന്നതിനൊക്കെ ചെറുതെങ്കിലുമൊരു മാറ്റം വന്നതാണ് ഈ വിഷുക്കാലത്തിന് മാറ്റുകൂട്ടുന്നത്. രോഗങ്ങളുടെയും രോഗികളുടെയും എണ്ണം പെരുകുന്നതില്‍ വിഷം തളിച്ച പച്ചക്കറികളുടെ ഉപയോഗത്തിനുള്ള പങ്ക് മനസ്സിലാക്കി ജൈവകൃഷിയും അടുക്കളത്തോട്ടങ്ങളും സജീവമാകുന്നത് ശുഭലക്ഷണമാണ്. വരും വര്‍ഷങ്ങളില്‍ കൃഷിയില്‍ സമൃദ്ധമായ ഭാവി കേരളത്തിനുണ്ടാകാന്‍ ഓരോ മലയാളിയും പ്രവര്‍ത്തിക്കണം. കാര്‍ഷികോത്സവമായ വിഷുവിന് ഒരു വൃക്ഷത്തെ നടുകയാണെങ്കില്‍ അതായിരിക്കും മലയാളമണ്ണിന് കൊടുക്കാവുന്ന ഏറ്റവും വലിയ വിഷുകൈനീട്ടം. സ്വപ്നങ്ങള്‍ നൂറുമേനി കൊയ്യുന്ന വിളവെടുപ്പുകാലം ഇനിയും അകലെയല്ലെന്ന് നമുക്ക് പ്രത്യാശിക്കാം.

വിഷു ആശംസകള്‍ !


കൊന്നപ്പൂവിന്റെ സ്വപ്നം (ലേഖനം-മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
Rajeev 2015-04-14 14:44:13
The disappointment is that karNikAra ( Kanikkonna ) is odourless, even though bright goldenly colored and a great treat to the eyes.  Kalidasa blames the creator ( Brahmav)  for making it stunningly, but without the fragrance.    A pleasant surprise quote, never expected here… Kudos.. 

varNaprakarshe sathi karNikaaram

dhunothi nirganDhathayaa sma chethaH

praayeNa saamgryaviDhou guNaanaam

paraangmukhee viSvasrjaH pravrtthiH

vayanakaran 2015-04-14 17:01:24
ഇയ്യിടെ ഇ മലയാളി പ്രസിദ്ധീകരിച്ച വസന്തകാലം
എന്ന ശ്രീ പണിക്കവീട്ടിലിന്റെ ലേഖനത്തിൽ
കർണ്ണികാര പൂക്കളെക്കുരിച്ചുള്ള  കാളിദാസന്റെ
ഉപമയെ പ്പറ്റി പറഞ്ഞിരുന്നു.
Rajeev 2015-04-15 09:39:12
Couple of more, beautiful mentioning of “കർണികാരം”. From Kumarasambhavam itself. Sorry for any transliteration mistakes if any.. അശോക നിർഭർത്സിത പദ്മരാഗ- മാകൃഷ്ടഹേമദ്യുതി കർണികാരം മുക്താ കലാപിത കൃത സിന്ധുവാരം വസന്തപുഷാഭരണം വഹന്തി ഉമാപിനീലാളകമധ്യശോഭീ- വിശ്രംസയന്തി നവ കർണികാരം ചകാര കർണാച്യുത പല്ലവേന മൂര്ദ്ധ്വാ പ്രണാമം വൃഷഭ ധ്വജായ
വിദ്യാധരൻ 2015-04-15 10:45:32
ഭൗതിക വസ്തുക്കളുടെ ലോകം , തരുലതാതികളുടെ ലോകം, ജന്തുലോകം, മനുഷ്യലോകം ഇവ നാലിലും പഞ്ചഭൂതങ്ങളെ കാണാം എന്നാൽ ആദ്യത്തെ മൂന്നെണ്ണത്തിൽ 'അഹം' ഭാവം ഇല്ല. എന്നാൽ മനുഷ്യലോകത്തിൽ ഉച്ചി തുടങ്ങി ഉള്ളം കാലുവരെ അഹങ്കാരം നിറഞ്ഞു നില്ക്കുന്നു.  ഇന്ന് ലോകത്ത് വിജയ പരാജയങ്ങളുടെ, സമ്പന്നതയുടെ, പദവികളുടെ , കഴിവുകളുടെ എല്ലാം അളവുകോൽ അഹങ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു.  സ്വയം അവാർഡുകളും, പൗരസ്വീകരണവും ഒക്കെ ഒരുക്കി എഴുത്ത് കാരെന്നു പറഞ്ഞു വിലസുന്ന അഴകിയ രാവണന്മാരും അഹങ്കാരത്തിന്റെ തേരിലാണ് സഞ്ചരിക്കുന്നത്. നിങ്ങൾ കാളിദാസൻ കളിക്കൊന്നെയെക്കുറിച്ച് എഴുതിയ വരികൾ ഉദ്ധരിച്ചപ്പോൾ കേരളത്തിന്റെ പ്രിയ കവി കുമാരനാശാന്റെ കണികൊന്നയുടെ ഒപ്പം നില്ക്കാൻ യോഗ്യത ഇല്ലാത്ത് ഒരു വീണപൂവിനെക്കുറിച്ച് എഴുതിയ കവിതയുടെ ശകലം ഓർത്ത്പോയി 

"ഹാ! പുഷ്പമേ അധിക തുംഗപദത്തിലെത്ര
ശോഭിച്ചിരുന്നൊരു രാജ്ഞികണക്കെ നീ 
ശ്രീ ഭൂവിലസ്ഥിരം അസംശയം ഇന്ന് നിന്റെ 
അഭൂതിയെങ്ങു പുനെരെങ്ങു കിടപ്പിതോർത്താൽ " 

നല്ല എഴുത്തുകാർ അറിവിൽ നിന്നുളവാകുന്ന വിനയത്തെ കാത്തു സൂക്ഷിച്ചിരുന്നു. അവരുടെ ഭാഷയിലും ആശയത്തിലും ശൈലിയിലും അത് മുഴച്ചു നിന്നിരുന്നു. അത് നിങ്ങളുടെ എഴുത്തിലും കാണുന്നു. കാത്തു സൂക്ഷിക്കുക 
KRISHNA 2015-04-16 06:28:46
വളരെ നല്ല ലേഖനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക