Image

കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ്‌ ജോര്‍ജ്‌ സീറോ മലബാര്‍ സഭയെ സ്‌നേഹിച്ച കര്‍മ്മയോഗി: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌

ജോയിച്ചന്‍ പുതുക്കുളം Published on 18 April, 2015
കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ്‌ ജോര്‍ജ്‌ സീറോ മലബാര്‍ സഭയെ സ്‌നേഹിച്ച കര്‍മ്മയോഗി: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌
ഷിക്കാഗോ: 'വിശ്വസ്‌തനും നല്ലവനുമായ ഒരു വൈദീകന്‍' എന്നുമാത്രം ഓര്‍മ്മിക്കപ്പെടുവാന്‍ ആഗ്രഹിച്ച ഷിക്കാഗോ അതിരൂപതയുടെ മുന്‍ മെത്രാപ്പലീത്ത കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ്‌ ജോര്‍ജ്‌, സാര്‍വ്വത്രിക സഭയിലെ പ്രഗത്ഭനായ കര്‍ദ്ദിനാളും, അമേരിക്കയിലെ കത്തോലിക്കാ സഭയുടെ ശക്തനായ വക്താവും, ഷിക്കാഗോ അതിരൂപതയുടെ ജനശ്രദ്ധയാകര്‍ഷിച്ച അജപാലകനും, പൗരസ്‌ത്യ സഭയോട്‌ അതിരറ്റ താത്‌പര്യമുള്ള സഭാ സ്‌നേഹിയും ആയിരുന്നുവെന്നു ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രസ്‌താവിച്ചു.

ഷിക്കഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുണ്ടാകുന്നതിനു മുമ്പുതന്നെ സീറോ മലബാര്‍ സഭയോടും, സീറോ മലങ്കര സഭയോടും, ക്‌നാനായ സമുദായത്തോടും ഹൃദ്യമായ ബന്ധമാണ്‌ കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ്‌ ജോര്‍ജിന്‌ ഉണ്ടായിരുന്നത്‌. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടേയും രൂപതാധ്യക്ഷന്റേയും നിയമനം ഔദ്യോഗികമായി ഷിക്കാഗോയില്‍ പ്രഖ്യാപനം നടത്തിയത്‌ കര്‍ദ്ദിനാളായിരുന്നു. അതുപോലെതന്നെ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ മെത്രാഭിഷേക കര്‍മ്മത്തില്‍ സുവിശേഷ സന്ദേശം നല്‍കി അനുഗ്രഹിക്കാനും, പുതുതായി പണിത കത്തീഡ്രല്‍ ദൈവാലയം സന്ദര്‍ശിക്കാനും, രൂപതയുടെ വളര്‍ച്ചയില്‍ സന്തോഷിക്കാനും അഭിനന്ദിക്കാനും അദ്ദേഹം സമയം കണ്ടെത്തി. സഭാപരമായ കാര്യങ്ങളില്‍ എപ്പോള്‍ സമീപിച്ചാലും കൃത്യമായ നിര്‍ദേശം നല്‍കി സഹായിക്കാനും അദ്ദേഹം സന്നദ്ധനായിരുന്നു.

കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ്‌ ജോര്‍ജിന്റെ നിര്യാണത്തിലൂടെ സീറോ മലബാര്‍ സഭയ്‌ക്കും, ഷിക്കാഗോ സീറോ മലബാര്‍ രൂപതയ്‌ക്കും വലിയ ഒരു ഉപകാരിയേയും സുഹൃത്തിനേയും ആണ്‌ നഷ്‌ടപ്പെട്ടിരിക്കുന്നതെന്ന്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രസ്‌താവിച്ചു. ഷിക്കാഗോ അതിരൂപതയോടും, കര്‍ദ്ദിനാളിന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളോടും രൂപതയ്‌ക്കുള്ള അനുശോചനം രേഖപ്പെടുത്തുകയും കര്‍ദ്ദിനാളിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി മാര്‍ അങ്ങാടിയത്ത്‌ അറിയിച്ചു.
കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ്‌ ജോര്‍ജ്‌ സീറോ മലബാര്‍ സഭയെ സ്‌നേഹിച്ച കര്‍മ്മയോഗി: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക