Image

മയില്‍പ്പീലി തുണ്ടുകള്‍ (കഥ: സുധീര്‍ പണിക്കവീട്ടില്‍)

Published on 18 April, 2015
മയില്‍പ്പീലി തുണ്ടുകള്‍ (കഥ: സുധീര്‍ പണിക്കവീട്ടില്‍)
അയാള്‍ നടന്ന്‌ പോവുകയായിരുന്നു. പ്രഭാതത്തിന്റെ പ്രസരിപ്പ്‌ ഏറ്റ്‌ വാങ്ങി, പ്രപഞ്ചത്തിന്റെ താളം കേട്ട്‌ കൊണ്ട്‌, ഉറച്ച കാല്‍വെയ്‌പ്പോടെ അയാള്‍ മുന്നോട്ട്‌ പൊയ്‌ക്കൊണ്ടിരുന്നു. ചരിത്രമുറങ്ങുന്ന നിരത്തിലൂടെ, കാലം മറന്ന്‌ വല്ല സ്‌മാരകങ്ങളെ നോക്കികൊണ്ട്‌ അയാള്‍ പ്രയാണം തുടര്‍ന്നുകൊണ്ടിരുന്നു.

വഴികള്‍ വളഞ്ഞും, പുളഞ്ഞും കാണപ്പെട്ടു. ഇന്നലെ പെയ്‌ത മഴയുടെ നനവ്‌ തങ്ങി നില്‍ക്കുന്ന വഴികള്‍, വഴിയരുകില്‍ മഴവെള്ളം തുളുമ്പി നില്‍ക്കുന്ന പുല്‍ക്കൊടിതുമ്പുകള്‍. അയാളുടെ മനസ്സിലേക്ക്‌ ഒരു കുഞ്ഞിക്കാറ്റ്‌ കയറി വന്നു. പാലപ്പൂക്കളുടെ ഗന്ധം കലര്‍ന്ന കാറ്റ്‌. അടുത്തെവിടെയോ പാലമരമുണ്ട്‌. മുറുക്കാനിത്തിരി ചുണ്ണാമ്പ്‌ ചോദിച്ച്‌ ഏതെങ്കിലും യക്ഷികള്‍ പിന്നാലെ വരുന്നുണ്ടോ എന്നയാള്‍ കാതോര്‍ത്തു.

മറക്കുട ചൂടി ഒരു ഒരന്തര്‍ജ്‌ജനം വരുന്നത്‌ പോലെ തോന്നി. ഒരു പക്ഷെ അത്‌ നങ്ങമ്മയായിരിക്കും. ചെയ്യാത്ത കുറ്റത്തിനു സ്‌മാര്‍ത്ത വിചാരം നടത്തി പിണ്ഡം വച്ച്‌ പടിയടക്കപെട്ട നമ്പൂരി യുവതി. അവര്‍ വീട്ടുകാര്‍ കൊട്ടിയടച്ച പടിവാതില്‍ക്കല്‍ നിന്നു. നിരാലംബയായി, വിതുമ്പി ഏങ്ങലടിച്ചു നിന്നപ്പോള്‍ കാമകഴുകന്മാര്‍ അവരെ കൊത്തിയെടുത്തു പറന്നു. പിന്നെ അവരെകുറിച്ച്‌ ആരും അറിഞ്ഞില്ല. അയാള്‍ നടത്തം നിര്‍ത്തി, അവിടെ നിന്നു. ദുഃഖം ഘനീഭവിച്ചു കിടക്കുന്ന മണ്ണിലേക്ക്‌ അയാളുടെ ചൂടുള്ള കണ്ണീര്‍ അടര്‍ന്ന്‌ വീണു. അത്‌ വീണ മണ്ണില്‍ നങ്ങമ്മയുടെ മുഖം തെളിഞ്ഞ്‌ വരുന്നപോലെ അയാള്‍ക്ക്‌ തോന്നി. പാവം നങ്ങമ്മ. അത്‌ വഴി കടന്ന്‌ വന്ന പ്രായമായ ഒരാള്‍ പറഞ്ഞു `ഒറ്റക്ക്‌ ഇങ്ങനെ നില്‍ക്കണ്ട. ഇവിടെ നങ്ങമ്മയുടെ ആത്മാവ്‌ അലഞ്ഞ്‌ നടക്കുന്നുണ്ടത്രെ.'

അവരെ ദൂരെ എവിടേക്കോ ആളുകള്‍ പിടിച്ചോണ്ട്‌ പോയില്ലേ? പിന്നെങ്ങനെയാണ്‌ ആത്മാവ്‌ ഇവിടെ പറന്ന്‌ നടക്കുന്നത്‌. മനുഷ്യര്‍ എവിടെ പോയാലും മരിച്ചു കഴിഞ്ഞാല്‍ അവരുടെ ആത്മാക്കള്‍ അവര്‍ ജനിച്ചു വളര്‍ന്ന പരിസരത്തൊക്കെ ചുറ്റിപറ്റി നടക്കുമത്രെ. അത്രയും പറഞ്ഞ്‌ അത്‌ വഴി വന്നയാള്‍ നടന്ന്‌ പോയി. അത്‌ അയാള്‍ക്ക്‌ പുതിയ അറിവായിരുന്നു. അയാള്‍ അതേ കുറിച്ച്‌ ഓര്‍ക്കാന്‍ തുടങ്ങി. അങ്ങനെ ചുറ്റുമുള്ള ഓരോന്നും അയാളെ ചിന്തിപ്പിക്കാന്‍ തുടങ്ങി. വഴിയാത്രയില്‍ അവയെല്ലാം കളയാതെ മനസ്സില്‍ സൂക്ഷിച്ചു.

പ്രകൃതിയുടെ പൂന്തോട്ടത്തില്‍ നിന്നും അയാള്‍ പൂക്കളിറുത്തു. നിലാവിന്റെ പട്ട്‌ പാവാടക്ക്‌ ഒരു കസവ്‌ കര തുന്നിചേര്‍ത്തു. ചിങ്ങ വെയിലില്‍ നിന്ന്‌ പൊന്‍ പണ്ടങ്ങള്‍ പണിയിപ്പിച്ചു. വൃശ്‌ചിക കാറ്റില്‍ പട്ടം പറപ്പിച്ചു. മകരമഞ്ഞില്‍ കോരിത്തരിച്ചു. മനസ്സ്‌ ഒരു നര്‍ത്തകിയാകുകയായിരുന്നു. അവള്‍ ചുവട്‌ വക്കാന്‍ തുടങ്ങി. നിതാന്തമായ നൃത്തം. അയാള്‍ ഒരു യവനിക തേടിയലഞ്ഞു. നര്‍ത്തകിക്ക്‌ ഒരിത്തിരി വിശ്രമം കൊടുക്കാന്‍ വേണ്ടി യവനിക അന്വേഷിച്ചു നടക്കവെ പലതും കണ്ട്‌ മുട്ടി. എല്ലാം അയാള്‍ കുത്തിക്കുറിച്ചുവച്ചു. പ്രയാണത്തിന്റെ ദിശയിലെവിടേയോ അയാള്‍ ഒരു താവളം കണ്ടെത്തി. ജീവിതമെന്ന ഒരു യവനിക കണ്ടെത്തി. മാതാപിതാക്കള്‍ അയാള്‍ക്ക്‌ ഒരു കൂട്ടുകാരിയെ കൊടുത്തു. പക്ഷെ, അയാള്‍ കപില വസ്‌തുവിലെ രാജകുമാരനെപ്പോലെ അസ്വസ്ഥനായിരുന്നു. ചെങ്കോലിനെക്കള്‍ ചുരക്കതൊണ്ട്‌ പിടിക്കുന്നത്‌ മഹത്തരമാണെന്ന്‌ അദ്ദേഹത്തിനു എപ്പോഴാണ്‌ തോന്നിയത്‌. പുറം ലോകത്തിന്റെ ബഹളങ്ങളില്‍ നിന്ന്‌ അകന്ന്‌ സ്വന്തം സ്വകാര്യതയുടെ നിര്‍വൃതിയില്‍ അയാള്‍ ദിവസങ്ങള്‍ നീക്കി.

വിശ്രമവേളകളില്‍ അയാള്‍ പതുക്കെ യവനിക നീക്കി. കാലത്തിന്റെ അരങ്ങില്‍ മനസ്സെന്ന നര്‍ത്തകിയുടെ ലാസ്യനൃത്തങ്ങള്‍ നോക്കി നിന്നു. അയാള്‍ കുറിച്ചു വച്ച അനേകം രംഗങ്ങള്‍ ഓര്‍മ്മയിലേക്ക്‌ ഓടിയെത്തി. അയാള്‍ അത്‌ ഭദ്രമായി അടച്ചു വച്ച്‌ കുടുംബ ജീവിതത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞു. മനസ്സിന്റെ വിനോദത്തിനു പുസ്‌തകങ്ങള്‍ കൂട്ടായി നിന്നു. മനസ്സിന്റെ പുസ്‌തകതാളില്‍ ഒരു മയില്‍പ്പീലി തുണ്ട്‌ പോലെ അയാളുടെ കുറിമാനങ്ങള്‍ കുടികൊണ്ടു. മാനം കാണാതെ സൂക്ഷിച്ചു വക്കുന്ന മയില്‍ പീലി പെറ്റുപെരുകുമെന്ന വിശ്വാസത്തോടെ അയാള്‍ കഴിഞ്ഞു. മയില്‍പ്പീലി പെറ്റു പെരുകി. അക്ലെങ്കില്‍ എന്നും അയാള്‍ പുതിയ മയില്‍പ്പീലിതുണ്ടുകള്‍ തിരുകിവച്ചുകൊണ്ടിരുന്നു.

സ്വപ്‌നങ്ങളുടെ ലോകം സൃഷ്‌ടിച്ച്‌ അയാള്‍ നടന്ന്‌ പൊയ്‌ക്കൊണ്ടിരുന്നു. പരിസരങ്ങളില്‍ പറ്റിചേരാതെ തന്റേതായ ലോകത്തില്‍ ഏകാഗ്രനായി ഇഴുകിചേര്‍ന്ന്‌കൊണ്ട്‌ അയാള്‍ പ്രയാണം തുടര്‍ന്നു.

ഒരു ദിവസം കുറച്ചുപേര്‍ അയാളുടെ വഴി മുടക്കി നിന്നു. അവര്‍ പറഞ്ഞു. ആ മയില്‍ പീലികളില്‍ നിന്നൊന്ന്‌ തരൂ, ഞങ്ങള്‍ അത്‌ ലോകത്തെ കാണിക്കട്ടെ. അയാള്‍ പറഞ്ഞു വേണ്ട, അതിന്റെയാവശ്യമില്ല. പക്ഷെ അവര്‍ വിട്ടുകൊടുത്തില്ല. അവര്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടു. ഈ മയില്‍പ്പീലികള്‍ ഞങ്ങളുടെ കാവടിയില്‍ തിരുകി വക്കാന്‍ സമ്മതിക്കുക. പിന്നെ കാവടിയാട്ടം തുടങ്ങുകയായി. മാലോകര്‍ കണ്ട്‌ നില്‍ക്കുന്ന കാവടിയാട്ടം. പീലി തിരുകുന്ന എല്ലാവരേയും ആളുകള്‍ തിരിച്ചറിയും.

ആരുടെ പീലിക്കെട്ടിനാണ്‌ ഭംഗി എന്ന്‌ അവര്‍ പറയും. അയാള്‍ പറഞ്ഞു വേണ്ട - പി. ഭാസ്‌കരന്റെ കവിത പോലെ ഃ ഞാനൊരു പരദേശിയായിട്ടീ സ്വര്‍ഗ്ഗത്തിന്റെ കോണിലൊരരയാലിന്‍ ഛായയില്‍ ശയിച്ചോട്ടെ.പക്ഷെ മാലോകര്‍ വിട്ടില്ല. അവര്‍ അയാളുടെ പീലിക്കെട്ടുകളില്‍ നിന്ന്‌ ചിലത്‌ വാങ്ങി.

അയാള്‍ പതിവ്‌ പോലെ സ്വപ്‌നങ്ങളുടെ കൊട്ടാരം കെട്ടി ജീവിതം ആഘോഷിച്ചു. ആ കൊട്ടാരത്തിന്റെ പുറത്ത്‌ എന്തു നടക്കുന്നു എന്ന്‌ അറിഞ്ഞില്ല. സ്വന്തം മുറിയിലെ മാര്‍ദ്ദവമുള്ള മെത്തയില്‍ ചാരിയിരുന്ന്‌ അയാള്‍ അക്ഷരങ്ങളെ കൊണ്ട്‌ ലക്ഷാര്‍ച്ചന നടത്തി. കേള്‍ക്കാനിമ്പമുള്ള ആ മന്ത്രങ്ങള്‍ കാതോര്‍ക്കാന്‍ വാഗ്ഗ്‌ദേവത അയാള്‍ക്ക്‌ കൂട്ടിരുന്നു.

ആരോടും പരിഭവമില്ലാതെ ഞാന്‍ എന്റെ ലോകത്തില്‍ സംതൃപ്‌തന്‍ - അയാള്‍ എപ്പോഴും പറഞ്ഞ്‌കൊണ്ടിരുന്നു. ജീവിതയാത്രയുടെ തുടര്‍ച്ചയില്‍ അനേകം പീലിത്തുണ്ടുകള്‍ അയാള്‍ ചോദിക്കുന്നവര്‍ക്കൊക്കെ കൊടുത്തു.

കാവടിയാട്ടം ആടിയവര്‍ പല ഗ്രൂപ്പുകളായി. അവര്‍ തമ്മില്‍ കലഹമാരംഭിച്ചു. അയാള്‍, അയാള്‍ മാത്രം ഒന്നും അറിഞ്ഞില്ല. കാവടിയാട്ടക്കാര്‍ കളികളെപറ്റി പറഞ്ഞു, കളികളിലെ കളികളെപ്പറ്റി പറഞ്ഞു. അയാള്‍ ഒന്നും മിണ്ടിയില്ല. അയാള്‍ കാവടിയാട്ടത്തിന്റെ ചിട്ടകളെപ്പറ്റി അറിയാവുന്നത്‌ അവര്‍ക്ക്‌ മനസ്സിലാക്കികൊടുത്തു. ഈശ്വരനടയില്‍ അനുഷ്‌ഠിക്കേണ്ട കര്‍മ്മങ്ങളെപ്പറ്റി വിവരിച്ചു. കേട്ടവര്‍, കേട്ടവര്‍ അവര്‍ക്കിഷ്‌ടമുള്ളത്‌ കൂട്ടിച്ചേര്‍ത്ത്‌ പരസ്‌പരം ചെളിവാരിയെറിഞ്ഞു. സ്വന്തമായി ഒരഭിപ്രായം പറയാന്‍ ധൈര്യമില്ലാത്തവര്‍ വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാത്ത മനുഷ്യന്റെ പേരില്‍ അവര്‍ക്ക്‌ പറയാനുള്ളത്‌ പറഞ്ഞു. അയാള്‍ ബലിയാടായിക്കൊണ്ടിരുന്നു. പുറത്തെ കളികള്‍ തുടര്‍ന്നിട്ടും അയാള്‍ ഒന്നുമറിഞ്ഞില്ല. അയാളുടെ പീലിതുണ്ടുകള്‍ പലരും മോഷ്‌ടിച്ചു. ചിലര്‍ അസൂയകൊണ്ട്‌ അവയില്‍ പലതും മാറ്റി കളഞ്ഞു. ചിലര്‍ അതിനു ചില്ലറ മാറ്റങ്ങള്‍ വരുത്തി പകര്‍ത്തി. ചിലര്‍ അനുകരിച്ചു. സത്യം പ്രകാശം ചൊരിയുന്ന വഴിയിലൂടെ അയാള്‍ നടന്നു. ചുറ്റിലും നടമാടിയ ഇരുട്ടില്‍ അസൂയയുടെ വവ്വലുകള്‍ ചിറകിട്ടടിച്ചു. ദുഷ്‌ടതയുടെ ചീവ്വിടുകള്‍ ശബ്‌ദമുണ്ടാക്കി.

ചെയ്യാത്ത കുറ്റത്തിനു പടിയടക്ല്‌ പിണ്‌ഡം വച്ച നങ്ങമ്മയുടെ ആത്മാവ്‌ അയാള്‍ക്ക്‌ മേല്‍ വട്ടം പറന്നു. ആ ആത്മാവിന്റെ ദയനീയമായ മൂളലുകള്‍ അയാളെ കുറിച്ചായിരുന്നു. നിഷ്‌ക്കളങ്കനായ മനുഷ്യാ പുറത്തേക്കിറങ്ങി നോക്കു, നീ കാണുന്ന വിശ്വസിക്കുന്ന ലോകമല്ല പുറത്ത്‌, കൊച്ചുകുഞ്ഞാണ്‌ നീ, നിന്റെ മുന്നില്‍ വിശ്വം മുഴുവന്‍ വെളുത്ത്‌ കാണും.

കുടുമയും കുടവയറുമുള്ള ഒരു വയസ്സന്‍ നമ്പൂതിരിയും അയാള്‍ക്ക്‌ സേവ പാടുന്നവരും എവിടേയോ സ്‌മാര്‍ത്ത വിചാരത്തിനു പോകുന്നത്‌ അയാളുടെ മുന്നില്‍ തെളിഞ്ഞ്‌ വന്നു.


ശുഭം
മയില്‍പ്പീലി തുണ്ടുകള്‍ (കഥ: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വിദ്യാധരൻ 2015-04-19 06:49:45
ഒരുപിടി നങ്കമ്മമാരിവിടെ 
ഗതികിട്ടാതാത്മാവായലഞ്ഞിടുന്നു 
അവരുടെ സ്മാർത്ത വിചാരത്തിനായി 
രാഷ്ട്രീയാക്കാർ കുടുമ മുറുക്കിടുന്നു 
അവരുടെ കുടുമ കെട്ടഴിച്ചു മാറ്റാൻ 
അവരുടെ കീശേലെ കാശടിച്ചു മാറ്റാൻ 
'സരിത' യായി നങ്കമ്മ വന്നതാവാം 
andrew 2015-04-19 10:29:40
Very beautiful
വായനക്കാരൻ 2015-04-19 12:36:04
കഥാനായകൻ‌ഗതി നിശ്ചയിക്കും
സ്‌കീസോഫ്രീനിയ, പാരനോയിയ  
പലപലലക്ഷണമുള്ളതിന്നാൽ  
ഉടനടിചികിത്സ തുടങ്ങിടട്ടെ..  
James Thomas 2015-04-19 13:36:16
വായനക്കാരന് വിരോധം എഴുത്തുകാരനോടോ
കഥയിലെ നായകനോടോ.  താങ്കളുടെ കമന്റിൽ നിന്നും താങ്കൾക്കും ചികിത്സ ആവശ്യമാണെന്ന്
കാണുന്നു. എഴുത്തുകാർ എത്രയോ കഥാ പാത്രങ്ങളെ സൃഷ്ടിക്കുന്നു. അവരെയൊക്കെ വായനകാർ  ചികിത്സിക്കാൻ പോകുന്നത് ആദ്യം കേൾക്കുന്നു. കഥ നാന്നായി എന്ന് എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു.  കഥക്ക് താങ്കളേയും ചൊടിപ്പിക്കാൻ കഴിഞ്ഞത് കഥയുടെ വിജയമല്ലേ?
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക