Image

പുത്തന്‍ പ്രതീക്ഷകളോടെ നമുക്ക്‌ പുതുവര്‍ഷത്തിലേക്ക്‌ കാലൂന്നാം

ജോസ്‌ മാളേയ്‌ക്കല്‍ Published on 31 December, 2011
പുത്തന്‍ പ്രതീക്ഷകളോടെ നമുക്ക്‌ പുതുവര്‍ഷത്തിലേക്ക്‌ കാലൂന്നാം
2011 നോടു ഗുഡ്‌ ബൈ പറഞ്ഞ്‌ 2012 നെ വെല്‍ക്കം ചെയ്യാന്‍ ലോകം മുഴുവന്‍ ഒരുങ്ങിക്കഴിഞ്ഞു. (ഇതു വായിക്കുന്ന സമയത്ത്‌ ഭൂഗോളത്തിലെ പല രാജ്യങ്ങളും പുതുവര്‍ഷപ്പുലരിയില്‍ ആനന്ദനൃത്തമാടുന്നുണ്ടാവും). ഒരു വര്‍ഷം കൂടി നമ്മെ വിട്ടുപോയിരിക്കുന്നു. അല്ലെങ്കില്‍ നമുക്ക്‌ ഒരു വയസ്‌ കൂടിയിരിക്കുന്നു. മനം കുളിര്‍ക്കെ ആസ്വദിക്കാന്‍ നല്ല അനുഭവങ്ങളും, ഓര്‍ത്തോര്‍ത്തഭിമാനിക്കാന്‍, സ്വയം തോളില്‍ തട്ടിതലോടാന്‍ ഒത്തിരി നേട്ടങ്ങളും, കൂട്ടത്തില്‍ കൊച്ചു കൊച്ചു നൊമ്പരങ്ങളും സമ്മാനിച്ചുകടന്നുപോകുന്ന 2011. പുത്തന്‍ പ്രതീക്ഷകളുടെ വാഗ്‌ദാനങ്ങളുമായി നിറപുഞ്ചിരിയോടെ നടന്നടുക്കുന്ന 2012. മനസിന്റെ പൂമുഖത്ത്‌ ശുഭപ്രതീക്ഷകളുടെ വസന്തകാലം പൂത്തുല്ലസിക്കുമ്പോള്‍ അവയെല്ലാം നേടിയെടുക്കുന്നതിനുവേണ്ടുന്ന പുത്തന്‍ പ്രതിജ്ഞകളും പദ്ധതികളും നാം നെയ്‌തെടുക്കുന്നു. ഓരോപുതുവര്‍ഷപ്പുലരിയിലും പുതിയൊരു മനുഷ്യനായി മാറാനുള്ള വ്യഗ്രതയില്‍ പഴയതിനെല്ലാം വഴിമാറികൊടുക്കുന്നു. പ്രതീക്ഷകളും പ്രതിജ്ഞകളും. അവയാണു പുതുവര്‍ഷത്തില്‍ നമുക്ക്‌ മുന്‍പോട്ടു നീങ്ങാനുള്ള ഊര്‍ജം പകരുന്നത്‌. പിന്നിട്ടുപോകുന്ന 2011 ലേക്ക്‌ ഒന്നു കണ്ണോടിക്കുന്നത്‌ നന്ന്‌. പുതുവല്‍സരം കൂടുതല്‍ സന്തോഷപൂരിതമാക്കുന്നതിനും, തെറ്റുകള്‍ തിരുത്തുന്നതിനും, കുറവുകള്‍ നിറവുകളാക്കുന്നതിനും സ്വയം ആത്മപരിശോധന ചെയ്യുന്നത്‌ എന്തുകൊണ്ടും നല്ലതായിരിക്കും. കൊഴിഞ്ഞു വീണ വര്‍ഷം പലര്‍ക്കും നാം സ്വീകാര്യനായിരുന്നില്ലെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി തിരുത്തി മുമ്പോട്ടു പോകാന്‍ ശ്രമിക്കുക. മറ്റുള്ളവരോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം ആവശ്യമെങ്കില്‍ അതു വരുത്താന്‍ മടിക്കരുത്‌. പുതിയ ശൈലിയും, സമീപനവും നമ്മെ മറ്റുള്ളവര്‍ക്കു സ്വീകാര്യനാക്കും മുമ്പെന്നത്തേക്കാളുമുപരി.

കൊഴിഞ്ഞുപോയവര്‍ഷം എടുത്തതീരുമാനങ്ങള്‍ വിലയിരുത്തുക. നടപ്പിലാക്കി വിജയിച്ചവയുടെ സത്‌ഫലം അയവിറക്കി അഭിമാനിക്കുകയും, നടപ്പിലാക്കാന്‍ പറ്റാതിരുന്ന തീരുമാനങ്ങള്‍ ഉപേക്ഷിക്കുകയോ പുതുക്കുകയോ ചെയ്യുക. നല്ല തുടക്കങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും നമുക്കാരംഭം കുറിക്കാം ഈ പുതുവല്‍സരത്തില്‍. പോയവര്‍ഷത്തിന്റെ കോട്ടങ്ങളിലും നൊമ്പരങ്ങളിലും മനസുടക്കി വിഷമിക്കാതെ
എത്തിപ്പിടിച്ച നേട്ടങ്ങളുടെയും, ജഗദീശന്‍ സമൃദ്ധിയായി കനിഞ്ഞനുഗ്രഹിച്ച വിജയങ്ങളുടെയും സന്തോഷത്തില്‍ കൈകള്‍ കൂപ്പേണ്ട സമയമാണിപ്പോള്‍.

ഒരു വര്‍ഷം കൂടി ദൈവം നമുക്കായി കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണു. നമ്മുടെ ചുറ്റുപാടും കണ്ടുകൊണ്ടിരുന്ന പലരും കാലയവനികക്കുള്ളില്‍ നടന്നകന്നെങ്കിലും, 2012 ലേക്ക്‌ പ്രപഞ്ചസ്രഷ്ടാവായ ദൈവം നമ്മെ കൈപിടിച്ചു നടത്തിയിരിക്കുകയാണു. എന്തിനെന്നല്ലേ? വരദാനമായി നമുക്ക്‌ കനിഞ്ഞു നല്‍കിയിരിക്കുന്ന കഴിവുകളും, സമയവും, സമ്പത്തും എളിയവരിലൂടെയും, ചെറിയവരിലൂടെയും ദൈവമഹത്വത്തിനായി ഉപയോഗിക്കാന്‍. നമ്മുടെ ഹൃസ്വജീവിതത്തിലൂടെ ആല്‍മീയാന്ധകാരത്തില്‍ തപ്പിത്തടയുന്നവര്‍ക്ക്‌ ഒരു ചെറുതിരി വെളിച്ചമാകാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തിനു അര്‍ത്ഥമുണ്ടാവും.

പ്രകൃതിയിലേക്കൊന്നു നോക്കുക. ശരത്‌കാലം ആയാല്‍പിന്നെ മരങ്ങള്‍ ഇലകള്‍ പൊഴിച്ച്‌ മഞ്ഞുകാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. പഴയ ശാഖകളും, ഇലകളും, തളിരുകളും ഉപേക്ഷിച്ച്‌ പുത്തന്‍ ഉണര്‍വിനായി കരങ്ങള്‍ കൂപ്പുന്നു. കാട്ടുമൃഗങ്ങളാണെങ്കില്‍ ശരീരമാസകലം രോമങ്ങള്‍കൊണ്ടുള്ള കട്ടിപുതപ്പണിഞ്ഞു അതിശൈത്യത്തെ ചെറുത്തുനില്‍ക്കാന്‍ ഹിബര്‍നേഷനിലേക്കു പോകുന്നു. ഹിമപാതം കഴിഞ്ഞ്‌ പുത്തന്‍ നാമ്പുകളും, പുതുജീവനുമായി പുതിയ ഉണര്‍വോടെ പ്രകൃതിയിലെ സകല ജീവജാലങ്ങളും വസന്തത്തിലേക്ക്‌ കാലെടുത്തുവക്കുന്നു. പ്രകൃതിയിലെ ജീവജാലങ്ങളും, വൃക്ഷലതാദികളും കാട്ടിത്തരുന്നതുപോലെ നാമും നമ്മുടെ പഴയ ശീലങ്ങളില്‍ അല്‍പ്പം മാറ്റം വരുത്തേണ്ടിയിരിക്കുന്നു പുതുവര്‍ഷം സന്തോഷപൂര്‍ണമാകണമെങ്കില്‍. മറ്റുള്ളവരുടെയും, ദൈവത്തിന്റെയും മുന്‍പില്‍ അല്‍പം ചെറുതായിക്കൊണ്ട്‌ വലുപ്പമാര്‍ജിക്കാന്‍ നമുക്ക്‌ സാധിച്ചാല്‍ നമ്മള്‍ വിജയിച്ചു എന്നര്‍ത്ഥം.

2012 എല്ലാവര്‍ക്കും നന്മയുടെയും, ഐശ്വര്യത്തിന്റെയും ഒരു പുതുവര്‍ഷമാകട്ടെ.
ഹാപ്പി ന്യൂഇയര്‍.
പുത്തന്‍ പ്രതീക്ഷകളോടെ നമുക്ക്‌ പുതുവര്‍ഷത്തിലേക്ക്‌ കാലൂന്നാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക