Image

ഫോമയുടെ കേരളാ കണ്‍വന്‍ഷനു ശശി തരൂര്‍ എംപിയും

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ Published on 20 April, 2015
ഫോമയുടെ കേരളാ കണ്‍വന്‍ഷനു ശശി തരൂര്‍ എംപിയും
തിരുവനന്തപുരം: നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കയുടെ കേരള കണ്‍വെന്‍ഷനില്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ പങ്കെടുക്കും. ഫോമ വൈസ്‌പ്രസിഡന്റ്‌ ഡോ:വിത്സണ്‍ പാലത്തിങ്കലുമായി നടന്ന കൂടിക്കാഴ്‌ചയില്‍ വളരെ സന്തോഷത്തോടെയാണു അദ്ദേഹം ഫോമയുടെ ക്ഷണം സ്വീകരിച്ചത്‌. സമ്മര്‍ ടു കേരള ഉള്‍പ്പെടെ ഫോമ ഈ വര്‍ഷം നടപ്പാക്കുന്ന വിവിധ പരിപാടികളെ കുറിച്ചു വലിയ താല്‌പര്യത്തോടെയാണ്‌ അദ്ദേഹം ചോദിച്ചു മനസിലാക്കിയത്‌. യുവാക്കള്‍ക്കായി നടപ്പാക്കിയ സമ്മര്‍ ടു കേരള പദ്ധതിയെ കുറിച്ച്‌ ചോദിച്ചറിഞ്ഞ അദ്ദേഹം തന്റെ അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തില്‍ നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. യുവാക്കള്‍ക്കായി ഫോമ നടപ്പാക്കുന്ന സ്വപ്‌നദര്‍ശിയായ വിവിധ പദ്ധതികളില്‍ അദ്ദേഹത്തിന്‌ നല്ല മതിപ്പായിരുന്നു. ഓഗസ്റ്റ്‌ ഒന്നിന്‌ മാസ്‌കൊട്ട്‌ ഹോട്ടലില്‍ നടക്കുന്ന കേരളാ കണ്‍വന്‍ഷനും 2016ലെ മിയാമി കണ്‍വന്‍ഷനും വന്‍ വിജയമാകുന്നതിനു അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു.

2009ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോകസഭാമണ്ഡലത്തില്‍ നിന്ന്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായാണ്‌ ശശി തരൂര്‍ ഇന്ത്യയില്‍ തന്‍റെ രാഷ്ട്രീയ ജീവിതത്തിനു തുടക്കം കുറിക്കുന്നത്‌. 99998 വോട്ടുകള്‍ക്ക്‌അദ്ദേഹം അന്ന്‌ വിജയിച്ചു. തുടര്‍ന്ന്‌ കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയായി. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ മത്സരിച്ച അദ്ദേഹം ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലിനെ പരാജയപ്പെടുത്തിയാണ്‌ രണ്ടാമതും തിരുവനന്തപുരത്തിന്റെ പ്രതിനിധിയായത്‌. ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം 1978 മുതല്‍ 2007 വരെ ഐക്യരാഷ്ട്രസഭയിലും പ്രവര്‍ത്തിച്ചു.

ഫോമായുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍ മാത്യു വര്‍ഗീസ്‌ ഫ്‌ലോറിഡ കേരള കണ്‍വെന്‍ഷന്‌ എല്ലാവിധ ആശംസകളും നേര്‍ന്നു. ജേക്കബ്‌ തോമസാണ്‌ ഫോമാ കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍. ഓഗസ്റ്റ്‌ സീസണ്‍ ആയതുകൊണ്ട്‌ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഫോമാ പ്രവര്‍ത്തകര്‍ എത്രേയും വേഗം ഫ്‌ലൈറ്റ്‌ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ആനന്ദന്‍ നിരവേല്‍ 954 675 3019,ഷാജി എഡ്വേര്‍ഡ്‌ 917 439 0563,ജോയി ആന്തണി 954 328 5009,ജേക്കബ്‌ തോമസ്‌ 718 406 2541

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌
ഫോമാ ന്യൂസ്‌ ടീം ചെയര്‍മാന്‍
ഫോമയുടെ കേരളാ കണ്‍വന്‍ഷനു ശശി തരൂര്‍ എംപിയും
ഫോമയുടെ കേരളാ കണ്‍വന്‍ഷനു ശശി തരൂര്‍ എംപിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക