Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ ഹാബിറ്റാറ്റ്‌ ഫൗണ്ടേഷന്‍ ഡയറക്‌ടര്‍ ജോസഫ്‌ സ്‌കറിയ

ജോയിച്ചന്‍ പുതുക്കുളം Published on 20 April, 2015
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ ഹാബിറ്റാറ്റ്‌ ഫൗണ്ടേഷന്‍ ഡയറക്‌ടര്‍ ജോസഫ്‌ സ്‌കറിയ
ന്യൂജേഴ്‌സി: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി ചാപ്‌റ്റര്‍ ഏപ്രില്‍ പതിനൊന്നാം തീയതി ശനിയാഴ്‌ച സംഘടിപ്പിച്ച സമ്മേളനത്തില്‍ ഹാബിറ്റാറ്റ്‌ ഫൗണ്ടേഷന്‍ ഏഷ്യ പസഫിക്‌ റിസോഴ്‌സ്‌ ഡയറക്‌ടര്‍ ജോസഫ്‌ സ്‌കറിയ മുഖ്യാതിഥിയായിരുന്നു.

ജൂണ്‍ ഇരുപതാം തീയതി ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദീകരിച്ച സ്ഥാപക നേതാവായ ആന്‍ഡ്രൂ പാപ്പച്ചന്‍ സാമൂഹിക പ്രതിബദ്ധതിയില്‍ എന്നും വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മുമ്പന്തിയിലായിരുന്നുവെന്ന്‌ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

പുതുതായി രൂപംകൊണ്ട യൂത്ത്‌ വിംഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചാരിറ്റി ഡ്രൈവ്‌, യുവാക്കള്‍ക്കുവേണ്ടിയുള്ള വിവിധ പരിശീലന ക്യാമ്പുകള്‍ തുടങ്ങിയ പദ്ധതികള്‍ക്ക്‌ എല്ലാവിധ പിന്തുണയും നല്‍കുമെന്നു പറഞ്ഞ പ്രസിഡന്റ്‌ റ്റി.വി. ജോണ്‍ യോഗത്തിലെ മുഖ്യാതിഥിയായിരുന്ന ജോസഫ്‌ സ്‌കറിയയെ സ്വാഗതം ചെയ്‌തു.

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ അന്താരാഷ്‌ട്ര വളര്‍ച്ചയില്‍ വ്യക്തമായ പങ്കുവഹിച്ച ജോസഫ്‌ സ്‌കറിയ അദ്ദേഹത്തിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ അനുഭവ സമ്പത്ത്‌ യൂത്ത്‌ വിംഗുമായി പങ്കുവെച്ചു. ഹാബിറ്റാറ്റ്‌ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ഏഷ്യാ പസഫിക്‌ റിസോഴ്‌സ്‌ ഡയറക്‌ടറായ അദ്ദേഹം, നിരാലംബരായ വ്യക്തികള്‍ക്ക്‌ പാര്‍പ്പിടം നിര്‍മ്മിച്ചു നല്‍കുന്ന ഫൗണ്ടേഷന്റെ പദ്ധതിയെക്കുറിച്ച്‌ വിശദീകരിച്ചു. ആയിരക്കണക്കിന്‌ യുവാക്കളും, കോടീശ്വരന്മാരും, സെലിബ്രിറ്റികളും അസമത്വങ്ങള്‍ മറന്ന്‌ നിസ്വാര്‍ത്ഥമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്‌ ഒരു വലിയ അനുഭവമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹികമായി ഒറ്റപ്പെട്ടുപോകുന്ന വൃദ്ധരുടെ പരിപാലനത്തിനായി സിംഗപ്പൂരില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി വോളണ്ടിയര്‍മാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ പ്രശംസയും പിന്തുണയും പിടിച്ചുപറ്റിയിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ഹാബിറ്റാറ്റ്‌ ഫൗണ്ടേഷന്റെ പിറവിയും പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയുള്ള ഏതൊരു പ്രവര്‍ത്തനത്തിന്റേയും വിജയമാണെന്ന്‌ ചൂണ്ടിക്കാട്ടിയ അദ്ദേഹം യുവാക്കളുടെ നൂതന ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ ആശംസയും നേര്‍ന്നു. ആംഗലേയ ഭാഷയിലെ മൂന്നു `പി' (P) ഉള്‍ക്കൊള്ളുന്ന (People, Profit, Planet) മാനേജ്‌മെന്റ്‌ സിദ്ധാന്തത്തിലൂന്നിയ സംരംഭങ്ങളുടെ കാലമാണ്‌ ഇനി വരാനിരിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ന്യൂജേഴ്‌സി ചാപ്‌റ്ററിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പിന്തുണയും ഉറപ്പു നല്‍കി.

യുവാക്കളിലെ സാമൂഹികബോധം വളര്‍ത്തി വ്യത്യസ്‌തമായ ആശയങ്ങളിലൂടെ സാമൂഹിക നന്മയും വ്യക്തിവികാസവും ഉറപ്പാക്കുവാന്‍ ജോസഫ്‌ സ്‌കറിയയെപ്പോലുള്ളവരുടെ വാക്കുകള്‍ പ്രചോദനമാകുമെന്ന്‌ യൂത്ത്‌ വിംഗ്‌ കോര്‍ഡിനേറ്റായ പിന്റോ ചാക്കോ അഭിപ്രായപ്പെട്ടു.

ജോസഫ്‌ സ്‌കറിയയെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ലോക മമലയാളികള്‍ക്കാകമാനം അഭിമാനിക്കത്തക്കതാണെന്നു പറഞ്ഞ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി ചാപ്‌റ്റര്‍ സെക്രട്ടറി ജോണ്‍ സക്കറിയ നന്ദിയും പറഞ്ഞു.
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ ഹാബിറ്റാറ്റ്‌ ഫൗണ്ടേഷന്‍ ഡയറക്‌ടര്‍ ജോസഫ്‌ സ്‌കറിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക