Image

നൈജീരിയയിലെ ചര്‍ച്ച് ആക്രമണം അപലപനീയം: ഖറദാവി

Published on 01 January, 2012
നൈജീരിയയിലെ ചര്‍ച്ച് ആക്രമണം അപലപനീയം: ഖറദാവി
ദോഹ: നൈജീരിയയില്‍ ചര്‍ച്ചുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ അപലപനീയവും ഇസ്ലാമികാദര്‍ശങ്ങളുടെ ചൈതന്യത്തിന് നിരക്കാത്തതുമാണെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് ഇസ്ലാമില്‍ നിന്ന് പുറത്താകാന്‍ കാരണമാകുന്ന ഗുരുതരമായ കുറ്റമാണെന്നും ഇന്നലെ ഉമര്‍ബിന്‍ ഖത്താബ് പള്ളിയില്‍ നടത്തിയ ജുമുഅ ഖുതുബയില്‍ അദ്ദേഹം ഓര്‍മപ്പെടുത്തി.
ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കേണ്ടത് ഇസ്ലാമിക ഭരണകൂടങ്ങളുടെ ബാധ്യതയാണ്. നമ്മുടെ ഭരണവ്യവസ്ഥയില്‍ ഇതര ജനവിഭാഗങ്ങളും എല്ലാവിധ പൗരാവകാശങ്ങള്‍ക്കും അര്‍ഹരാണ്. അറബ് വസന്തം വിജയിച്ച തുനീഷ്യയില്‍ പുതിയ  ഭരണകൂടം നിലവില്‍ വന്നുകഴിഞ്ഞു. ഈജിപ്തില്‍ തെരഞ്ഞെടുപ്പ് ഘട്ടങ്ങളായി നടന്നുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ ആവേശത്തോടെ നിര്‍ഭയരായി വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് അഭിമാനകരമാണ്. മുസ്ലിം, ക്രിസ്ത്യന്‍, ലിബറല്‍, സെക്യുലര്‍ ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും നന്മയുടെ പുതുയുഗം പിറക്കുമെന്ന പ്രതീക്ഷയിലാണ്. ഈജിപ്തിലെ മിലിട്ടറി കൗണ്‍സില്‍ ജനങ്ങളുടെ സൈ്വര ജീവിതം ഉറപ്പാക്കുകയും സൈനികരുടെ ചുമതലകള്‍ മാത്രം നിറവേറ്റുകയും ചെയ്യണമെന്ന് ഖറദാവി ആവശ്യപ്പെട്ടു.
വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ പത്ത് ലക്ഷത്തിലേറെ ആളുകളുള്ള രാജ്യമാണ് ലിബിയ എന്ന് ഈയിടെ നടത്തിയ സന്ദര്‍ശനത്തില്‍ തനിക്ക് നേരിട്ട് മനസ്സിലായി.  ഇത്തരം മഹനീയ പാരമ്പര്യമുള്ള ലിബിയയിലെ സാധാരണക്കാര്‍ ആയുധങ്ങള്‍ അധികൃതരെ തിരിച്ചേല്‍പ്പിക്കണം. സമാധാനവും സൈ്വരതയും നിലവില്‍ വരുന്ന ഒരു വ്യവസ്ഥക്ക് വേണ്ടി ലിബിയയിലെ ജനലക്ഷങ്ങള്‍ സഹകരിക്കണമെന്ന് ഖറദാവി പറഞ്ഞു.  മൂന്ന് രാഷ്ട്രങ്ങള്‍ക്കും  പിന്നാലെ സിറിയയിലും യമനിലും ജനകീയ വിപ്ളവങ്ങള്‍ വിജയം കാണുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  ജനങ്ങളെ നേരില്‍കണ്ട് സിറിയയില്‍ നടക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായി രേഖപ്പെടുത്താന്‍ അറബ് നിരീക്ഷക സംഘം ആര്‍ജവം കാട്ടണമെന്ന് ഖറദാവി ആഹ്വാനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക