Image

അണക്കെട്ടുകള്‍ വിവാദമാകുമ്പോള്‍

ജോസഫ്‌ നമ്പിമഠം Published on 01 January, 2012
അണക്കെട്ടുകള്‍ വിവാദമാകുമ്പോള്‍
ചിറകെട്ടി തടഞ്ഞില്ലേ നിങ്ങള്‍?
അണകെട്ടി തടഞ്ഞില്ലേ നിങ്ങള്‍?
ചിറപൊട്ടിച്ചൊഴുകട്ടെ ഞാന്‍
അണപൊട്ടിച്ചൊഴുകട്ടെ ഞാന്‍
ഒഴുകുകയെന്നതെന്‍ ദൗത്യം
തടയരുതാരും
ഒഴുകട്ടെ ഞാന്‍
തീരങ്ങളെ തഴുകിയും
ഭാഷകളെ പുണര്‍ന്നും
സംസ്‌കാരങ്ങളെ തലോടിയും
ഒഴുകട്ടെ ഞാന്‍
ഒഴുകിലയിക്കട്ടെ
ഞാനെന്നാത്മസാഗരത്തില്‍

ഉര്‍വ്വിയുടെ
ഉര്‍വ്വരതകളിലുള്‍പ്പൂവിടര്‍ത്തി
തരുലതകളില്‍ മരനിരകളില്‍
തരളതയുണര്‍ത്തി
മാനവ മാനസങ്ങളിലുള്‍പുളകം പരത്തി
മാമാര വേരുകളില്‍ കുളിരുപടര്‍ത്തി
നൈലും വോള്‍ഗയും മിസ്സിസ്സിപ്പിയും
ഒഴുകട്ടെ നിര്‍ഭയമൊഴുകട്ടെ
ഗംഗയും യമുനയും ബ്രഹ്‌മപുത്രയും
കാവേരിയും പമ്പയും പെരിയാറു
മൊഴുകട്ടെയനര്‍ഗ്ഗളമനുസ്യൂത
മാസേതു ഹിമാചലം

അരുവികള്‍ പുഴകളാകട്ടെ
പുഴകള്‍ നദികളാകട്ടെ
നദികള്‍ മഹാപ്രവാഹങ്ങളാകട്ടെ
പിന്നെ വീണ്ടും
നീരാവിയായ്‌ നീര്‍കണമായ്‌
മേഘമായ്‌ പെരുമഴയായ്‌
പതിക്കട്ടെ മണ്ണിന്റെ മാറില്‍ വീണ്ടും
തുടരട്ടെ നിരന്തരമീ ചക്രതാളം
തുടരട്ടെയഭംഗുരമീ പ്രകൃതിതാളം

പഞ്ചഭൂതങ്ങള്‍ക്ക്‌
വേലികെട്ടിത്തിരിക്കുന്ന-
മണ്ണിനും വിണ്ണിനുമതിരുകള്‍ തീര്‍ക്കുന്ന
മര്‍ത്ത്യന്റെ വിഡ്ഡിത്തമോര്‍ത്ത്‌
അരുവികള്‍ ചിരിക്കുന്നു
പുഴകള്‍ കേഴുന്നു
നദികള്‍ വിതുമ്പുന്നു
സാഗരമിരമ്പുന്നു

സ്വാര്‍ത്ഥനാം മര്‍ത്ത്യന്റെ
നെഞ്ചിനുനേരേ വിരല്‍ചൂണ്ടി
പുഴകള്‍ ചോദിക്കുന്നു
ആറുകളലറുന്നു
ചിറകെട്ടി തടഞ്ഞില്ലേ നിങ്ങള്‍?
അണകെട്ടി തടഞ്ഞില്ലേ നിങ്ങള്‍?
ചിറപൊട്ടിച്ചൊഴുകട്ടെ ഞാന്‍
അണപൊട്ടിച്ചൊഴുകട്ടെ ഞാന്‍
ഒഴുകിലയിക്കട്ടെ
ഞാനെന്നാത്മ സാഗരത്തില്‍.


Forwarded by P.P. Cherian, Dallas
അണക്കെട്ടുകള്‍ വിവാദമാകുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക