Image

ഓള്‍ ഇന്ത്യ പ്രൈവറ്റ്‌ നഴ്‌സസ്‌ അസോസിയേഷന്‌ ഉജ്വലവിജയം

Published on 01 January, 2012
ഓള്‍ ഇന്ത്യ പ്രൈവറ്റ്‌ നഴ്‌സസ്‌ അസോസിയേഷന്‌ ഉജ്വലവിജയം
ഓള്‍ ഇന്ത്യ പ്രൈവറ്റ്‌ നഴ്‌സസ്‌ അസോസിയേഷന്‌ തിരുവല്ല പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ കാര്‍ഡിയോ വാസ്‌കുലര്‍ സെന്ററിലെ സ്റ്റാഫ്‌ നഴ്‌സുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ 2010 ഡിസംബര്‍ 20-ന്‌ സംഘടന ആശുപത്രിക്ക്‌ വിവരങ്ങള്‍ അടങ്ങിയ കത്ത്‌ നല്‍കുകയുണ്ടായി. പ്രസ്‌തുത കത്തില്‍ 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന്‌ ആവശ്യപ്പെടുകയുണ്ടായി. കത്തിന്റെ മറുപടി എന്നവണ്ണം ആശുപത്രി മാനേജ്‌മെന്റും, സംഘടനയുടെ പരുമല യൂണീറ്റ്‌ കമ്മിറ്റിയും ചേര്‍ന്ന്‌ നടത്തിയ ചര്‍ച്ചയില്‍ നഴ്‌സുമാര്‍ക്ക്‌ ഗവണ്‍മെന്റ്‌ അനുവദനീയമായ വേതനവും, റിസ്‌ക്‌ ആന്‍ഡ്‌ ബര്‍ത്ത്‌ഡേ അലവന്‍സ്‌ എന്നിങ്ങനെ മാന്യമായ എല്ലാ ആനുകൂല്യങ്ങളും നല്‍കാം എന്ന തീരുമാനമുണ്ടായി.

ഇതിനെ തുടര്‍ന്ന്‌ ആശുപത്രി മേലധികാരി ഡോ. കെ.എം. ചെറിയാന്‍ നഴ്‌സസ്‌ അസോസിയേഷനായ എ.ഐ.പി.എന്‍.എ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ ആശുപത്രിയില്‍ തുടരാനുള്ള അനുമതിയും നല്‍കി. മനുഷ്യത്വത്തിന്റെ പ്രതീകമായ ഡോ. കെ.എം. ചെറിയാനെ പൊന്നാട അണിയിച്ച്‌ ആദരിക്കുമെന്ന്‌ സംഘടന ദേശീയ പ്രസിഡന്റ്‌ ലിജു വേങ്ങല്‍ അറിയിച്ചു. ഇന്ത്യയിലെ എല്ലാ പ്രൈവറ്റ്‌ മാനേജ്‌മെന്റ്‌ ആശുപത്രികള്‍ക്കും ഇതൊരു മാതൃകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ അടിമപ്പണി ചെയ്യുന്ന എല്ലാ നഴ്‌സുമാരുടേയും വിജയമാണിതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി നിയമത്തിന്റെ ഏതറ്റംവരെ പോകാനും സംഘടന തയാറാണെന്ന്‌ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ അബിലാല്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക