Image

ജോജോ കൊടുവത്രക്കു (32) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ജെയിന്‍ മാക്കീല്‍ Published on 01 January, 2012
ജോജോ കൊടുവത്രക്കു (32) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ചിക്കാഗോ: ക്രിസ്മസ് തലേന്ന് സ്വന്തം ബിസിനസ് സ്ഥാപനത്തില്‍, മോഷണത്തിനെത്തിയവരുടെ വെടിയേറ്റു മരിച്ച ജോജോ കൊടുവത്രക്കു (32) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ തടിച്ചു കൂടിയ ആയിരങ്ങളെ സാക്ഷിയാക്കി, പരിവേദനങ്ങളില്ലാത്ത ലോകത്തേക്കു യാത്രയായ ജോജോ ഓര്‍മകളില്‍ തേങ്ങലായി.
സ്‌നേഹഭാജനങ്ങളായ ഭാര്യ നിമ്മിയേയും ആറു മാസം മാത്രം പ്രായമുള്ള പുത്രന്‍ അല്‍ഫോന്‍സിനെയും തനിച്ചാക്കി ജോജോ വിടപറഞ്ഞുവെന്ന ദുഖസത്യത്തിനു മുന്‍പില്‍ ആബാലവ്രുദ്ധം നിര്‍ന്നിമേഷരായി. ബന്ധു-മിത്രാദികള്‍ പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
പതിനഞ്ചാം വയസില്‍ അമേരിക്കയിലെത്തിയ ജോജോ പഠനത്തോടോപ്പം ജോലിയും ചെയ്ത് കൂടുംബത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കാന്‍ മടികാട്ടിയില്ല. ഉത്തരവാദിത്വങ്ങളെ സുസ്‌മേരവദനനായി ഏറ്റെടൂക്കുകയും കടമകള്‍ പാലിക്കുകയും മറ്റുള്ളവര്‍ക്ക് മാത്രുകയാവുകയും ചെയ്ത ധന്യ ജീവിതത്തിനു ഇത്തരമൊരന്ത്യം വരുത്തിയ വിധി വൈപരീത്യം മലയാളി സമുഹത്തിനാകെ ഞെട്ടലായി.
സെന്റ് 
മേരീസ് ക്‌നാനായ പള്ളിയുടെ തുടക്കം മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കു വഹിച്ച ജോജോ അതേ ദേവാലയത്തില്‍ തന്നെ അന്ത്യയാത്രയായ ദുഖം വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് പങ്കു വച്ചു. തന്റെ കൊച്ചു ജീവിതത്തിനിടയിലും സമുഹത്തിനും സമുദായത്തിനും നല്‍കിയ സേവനങ്ങള്‍ വിവിധ തുറകളിലെ നേതാക്കള്‍ അനുസ്മരിച്ചു.
ജോജോയുടെ സ്‌നേഹം അനുഭവിച്ച സുഹ്രുത്തുക്കളും ബന്ധുക്കളും വേര്‍പാടിന്റെ വേദന പങ്കു വച്ചപ്പോള്‍ അതു നൊമ്പരങ്ങളുടെ മറ്റൊരു വെലിയേറ്റമായി. ഈ മഹാവ്യഥ നേരിടുന്ന കുടുംബാംഗങ്ങള്‍ക്ക് അവ സഹിക്കാന്‍ ജഗദീശ്വരന്‍ ക്രുപ നല്‍കട്ടെ എന്നു ഏവരും പ്രാര്‍ഥിച്ചു.
വികാരി ഫാ. മുത്തോലത്ത്, ഫാ. സജി പിണര്‍ക്കയില്‍, ഫ. മണപ്പുറം, എന്നിവര്‍ കാര്‍മ്മികരായിരുന്നു. പീറ്റര്‍ കുളങ്ങര, ജോണിക്കുട്ടി പിള്ളവിട്ടില്‍ എന്നിവര്‍ ഇടവക കമ്മിറ്റിക്കൊപ്പം നേത്രുത്വം നല്‍കി.
ജോജോ കൊടുവത്രക്കു (32) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക