Image

ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലിലെ ക്രിസ്‌മസ്‌ ആഘോഷം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 02 January, 2012
ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലിലെ ക്രിസ്‌മസ്‌ ആഘോഷം വര്‍ണ്ണാഭമായി
ഷിക്കാഗോ: ഡിസംബര്‍ 24-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുപ്പിറവിയുടെ വിശുദ്ധ കര്‍മ്മാദികള്‍ക്കുശേഷം, കത്തീഡ്രലിന്റെ വിശാലമായ ഓഡിറ്റോറിയത്തില്‍ വൈവിധ്യമാര്‍ന്ന വിവിധ പരിപാടികളോടെ ക്രിസ്‌മസ്‌ ആഘോഷിച്ചു.

ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ബേത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്നിവീണ ഉണ്ണിയേശുവിന്റെ സമാധാനം നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിലും, സമൂഹത്തിലും പ്രാവര്‍ത്തികമാക്കുവാന്‍ ഓരോരുത്തരും ശ്രമിക്കണമെന്ന്‌ അഭിവന്ദ്യ പിതാവ്‌ തന്റെ പ്രസംഗത്തില്‍ ഉത്‌ബോധിപ്പിച്ചു.

യേശുക്രിസ്‌തുവിന്റെ സമാധനവും സന്തോഷവും സ്വീകരിച്ചുകൊണ്ട്‌ പരസ്‌പരം സ്‌നേഹത്തില്‍ ജീവിക്കുവാനും ലോകത്തില്‍ മുഴുവന്‍ സമാധാനം ഉണ്ടാകുവാന്‍ പ്രാത്ഥിക്കുവാനും ഏവരേയും ആഹ്വാനം ചെയ്‌തുകൊണ്ട്‌ കള്‍ച്ചറല്‍ അക്കാഡമി ഡയറക്‌ടര്‍ ബിജോ സി. മാണി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

ഫാ. ജോസഫ്‌ മാപ്പിളപറമ്പില്‍ ക്രിസ്‌മസ്‌ സന്ദേശം നല്‍കി. കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കള്‍ച്ചറല്‍ അക്കാഡമിയുടെ കീഴില്‍, ലാലു പാലമറ്റം, ലിന്‍ഡ ജോസഫ്‌, ആഷ്‌ലി തെങ്ങുംമൂട്ടില്‍ എന്നിവര്‍ സംവിധാനം ചെയ്‌ത്‌ നിര്‍വഹിച്ച കുട്ടികളുടെ നൃത്തപരിപാടികള്‍ ക്രിസ്‌മസ്‌ രാത്രിയെ വര്‍ണ്ണശബളമാക്കി.

ഇടവകയുടെ 13 വാര്‍ഡുകളിലെ കരോള്‍ ഗ്രൂപ്പുകള്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. ക്രിസ്‌മസ്‌ പാപ്പായായി വേഷമിട്ട ഡൊമിനിക്‌ തെക്കേത്തല ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു.

വാര്‍ഡ്‌ തിരിച്ചുള്ള കരോള്‍ പരിപാടിയില്‍ ഏറ്റവും അധികം സംഭാവനകള്‍ സമാഹരിച്ച വാര്‍ഡിനുള്ള ട്രോഫി, ജോമോന്‍ ചിറയില്‍, അനു പൗവ്വത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കിയ സെന്റ്‌ മേരീസ്‌ വാര്‍ഡ്‌ നേടി. ഏറ്റവും കുറച്ച്‌ വീടുകള്‍ സന്ദര്‍ശിച്ച്‌ കൂടുതല്‍ സംഭാവനകള്‍ സമാഹരിച്ച വാര്‍ഡിനുള്ള ട്രോഫി ജോണ്‍ കൂള, ബിബിന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കിയ സെന്റ്‌ തോമസ്‌ വാര്‍ഡ്‌ നേടി.

13 വാര്‍ഡുകളിലായി നടന്ന പുല്‍ക്കൂട്‌ മത്സരത്തില്‍ സാബു തടവനാല്‍ ആന്‍ഡ്‌ ഫാമിലി ഒന്നാംസ്ഥാനവും, ജോസഫ്‌ നാഴിയംപാറ ആന്‍ഡ്‌ ഫാമിലി രണ്ടാം സ്ഥാനവും നേടി.

ഇടവകിയില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന സി.വൈ.എമ്മിന്റെ യുവപ്രതിഭകളാണ്‌ സ്റ്റേജ്‌ വളരെ മനോഹരമായി അലങ്കരിച്ചത്‌.

കള്‍ച്ചറല്‍ അക്കാഡമി ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

ട്രസ്റ്റിമാരായ റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌ എന്നിവര്‍ ക്രിസ്‌മസ്‌ കരോളും ആഘോഷവരിപാടികളും മോടിയാക്കുവാന്‍ നേതൃത്വം നല്‍കി.

ജോയി ചക്കാല, ജോര്‍ജുകുട്ടി തെങ്ങുംമൂട്ടില്‍, റോയി ചാവടി, കുഞ്ഞമ്മ കടമപ്പുഴ, ഔസേഫച്ചന്‍ ഐക്കര, ഷാബു മാത്യു എന്നിവര്‍ നേതൃത്വം നല്‍കിയ സ്‌നേഹവിരുന്നോടെ മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ആഘോഷപരിപാടികള്‍ സമാപിച്ചു.

കള്‍ച്ചറല്‍ അക്കാഡമി ഭാരവാഹികളായ സിജോ സി. മാണി, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, രാജന്‍ കല്ലുങ്കല്‍ എന്നിവരായിരുന്നു ആഘോഷപരിപാടികളുടെ അവതാരകര്‍.

വൈകിട്ട്‌ 6.30-ന്‌ ആരംഭിച്ച ക്രിസ്‌മസ്‌ കര്‍മ്മാദികളിലും തുടര്‍ന്ന്‌ നടന്ന ആഘോഷപരിപാടികളിലും സംബന്ധിച്ച മൂവായിരത്തിലധികം വരുന്ന വിശ്വാസികള്‍ തങ്ങളുടെ വീടുകളിലേക്ക്‌ മടങ്ങിയപ്പോള്‍ സമയം പാതിരാവോടടുത്തിരുന്നു.
ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലിലെ ക്രിസ്‌മസ്‌ ആഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക