Image

കേരളത്തിലെ നഴ്‌സുമാരുടെ അവകാശ സമരങ്ങള്‍ക്ക്‌ പിയാനോയുടെ പിന്തുണ

ജോയിച്ചന്‍ പുതുക്കുളം Published on 02 January, 2012
കേരളത്തിലെ നഴ്‌സുമാരുടെ അവകാശ സമരങ്ങള്‍ക്ക്‌ പിയാനോയുടെ പിന്തുണ
ഫിലാഡല്‍ഫിയ: കേരളത്തിലേയും ഇന്ത്യയിലേയും നഴ്‌സുമാരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള അവകാശ സമരങ്ങള്‍ക്ക്‌ എല്ലാവിധ പിന്തുണയുമായി ഫിലാഡല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നഴ്‌സസ്‌ സംഘടനയായ പിയോനോ രംഗത്ത്‌. അടുത്തകാലത്ത്‌ കേരളത്തില്‍ നടന്ന നഴ്‌സസ്‌ സമരങ്ങള്‍ക്ക്‌ പിയാനോ എല്ലാവിധ സഹായസഹകരണവും പിന്തുണയും നല്‍കിയിരുന്നുവെന്ന്‌ പിയാനോ പ്രസിഡന്റ്‌ ബ്രീജീറ്റ്‌ വിന്‍സെന്റ്‌ അറിയിച്ചു.

കഴിഞ്ഞവര്‍ഷം ഏഷ്യാനെറ്റിലെ കണ്ണാടിയില്‍ കൂടിയാണ്‌ പിയാനോ ആദ്യമായി നഴ്‌സസ്‌ രംഗത്തെ പ്രശ്‌നങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവന്നത്‌. കഴിഞ്ഞ ഫൊക്കാനാ കണ്‍വെന്‍ഷന്‌ ആല്‍ബനിയില്‍ എത്തിയിരുന്ന ഇന്ത്യന്‍ നഴ്‌സിംഗ്‌ കൗണ്‍സില്‍ അംഗം ആന്റോ ആന്റണി എം.പിയുടെ ശ്രദ്ധയിലും ബ്രിജീറ്റ്‌ വിന്‍സെന്റ്‌ ഈ വിഷയം കൊണ്ടുവന്നിരുന്നു.

ഓള്‍ ഇന്ത്യാ നഴ്‌സസ്‌ അസോസിയേഷന്‍ നടത്തിയ സമരങ്ങളിലും പിന്തുണയുമായി പിയാനോ ഭാരവാഹികള്‍ എത്തിയിരുന്നു. കേരളത്തിലെ മുത്തൂറ്റ്‌ ആശുപത്രി, പുഷ്‌പഗിരി ആശുപത്രി എന്നിവടങ്ങളിലെ നഴ്‌സസ്‌ സമരങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ രണ്ടു സമരങ്ങളിലും പിയാനോ സാമ്പത്തികമായും ധാര്‍മികമായും ഇടപെട്ടിരുന്നു. ഓള്‍ ഇന്ത്യാ പ്രൈവറ്റ്‌ നഴ്‌സസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ലിജു ജോണുമായി നേരിട്ട്‌ ബന്ധപ്പെടുകയും പിന്തുണയും സഹകരണവും നല്‍കുകയുമായിരുന്നു.

തിരുവല്ല, പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ കാര്‍ഡിയോ വാസ്‌കുലര്‍ സെന്ററിലെ സ്റ്റാഫ്‌ നഴ്‌സുമാര്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ ആശുപത്രി മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും, ചരിത്രത്തില്‍ ആദ്യമായി ചോദിച്ച എല്ലാ ന്യായമായ ആവശ്യങ്ങളും, അതില്‍കൂടുതലും ആശുപത്രി മേലധികാരിയായ ഡോ. കെ.എം. ചെറിയാന്‍ അംഗീകരിക്കുകയും ചെയ്‌തു. ഇന്ത്യയിലെ എല്ലാ മറ്റ്‌ ആശുപത്രി ഉടമകള്‍ക്കും ഡോ. കെ.എം. ചെറിയാന്‍ ഒരു മാതൃകയായിരിക്കുകയാണെന്ന്‌ പിയാനോ ഭാരവാഹികള്‍ പറഞ്ഞു.

ഇന്ത്യയിലെ നഴ്‌സിംഗ്‌ രംഗത്ത്‌ അടിമപ്പണിക്കു തുല്യമായ ജോലിവ്യവസ്ഥകള്‍ക്ക്‌ സമൂലമായ മാറ്റംവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്‌ പുതുവര്‍ഷത്തിലെ തങ്ങളുടെ മുഖ്യലക്ഷ്യമെന്ന്‌ പിയാനോ പ്രസിഡന്റ്‌ ബ്രിജീറ്റ്‌ വിന്‍സെന്റ്‌, സെക്രട്ടറി റോസി പടയാറ്റില്‍, ട്രഷറര്‍ ലൈല മാത്യു എന്നിവര്‍ പറഞ്ഞു.

ഇതുവരെയുള്ള മാറ്റങ്ങള്‍ നാമമാത്രമായ തുടക്കമാണെന്നും, ഇന്ത്യയിലേ നഴ്‌സിംഗ്‌ രംഗത്ത്‌ കാര്യമായ മാറ്റങ്ങള്‍ സമീപ ഭാവിയില്‍ ഉണ്ടാകുമെന്നും, ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ടുവരുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മറ്റ്‌ പ്രസ്ഥാനങ്ങള്‍ക്കും എല്ലാവിധ പിന്തുണയും മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കുമെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ മറിയാമ്മ ഏബ്രഹാം പറഞ്ഞു.

ഇന്ത്യയിലെ വിവാഹിതരായവര്‍ക്കും നഴ്‌സിംഗ്‌ പഠിക്കാനുള്ള അവകാശം ആദ്യമായി സുപ്രീംകോടതിയുടെ സുപ്രധാന വിധിയിലൂടെ നേടിയെടുക്കുവാന്‍ മുന്‍കൈ എടുക്കുകയും, നേതൃത്വം നല്‍കുകയും ചെയ്‌ത പ്രഗത്ഭനായ പ്രവാസി സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകനായ വിന്‍സെന്റ്‌ ഇമ്മാനുവേല്‍, പിയാനോ പ്രസിഡന്റ്‌ ബ്രിജീറ്റ്‌ വിന്‍സെന്റിന്റെ ഭര്‍ത്താവാണ്‌.
കേരളത്തിലെ നഴ്‌സുമാരുടെ അവകാശ സമരങ്ങള്‍ക്ക്‌ പിയാനോയുടെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക