Image

പാഠഭേദം (കഥ: സജിനി എസ്‌.)

Published on 30 April, 2015
പാഠഭേദം (കഥ: സജിനി എസ്‌.)
അഞ്ചേറ്റുമുക്കിലെ തോട്ടിന്‍കരയില്‍ വെച്ച്‌ ഏതോ ഒരു ശിരസ്സിന്റെ പരിണാമസന്ധിയി#െല ആ തലയെല്ല്‌ കണ്ടെത്തുന്നതുവരെ രാധ രാധ മാത്രമായിരുന്നു. വെരും ഒരു തൊഴിലുറപ്പു പദ്ധതിക്കാരി പണിക്കാരി, വെറും ഒരു രാധ. പതിവുപോലെ അന്നും ചോറ്റുപാത്രത്തിനുള്ളില്‍ കരുതിയിരുന്ന ചെണ്ടമുറിയന്‍ ആകൃതിയില്‍ മുറിച്ചു വേവിച്ച മഞ്ഞനിറമുള്ള കപ്പക്കഷണത്തിന്റെ പൊട്ടിവിടര്‍ന്ന രുചിത്തടങ്ങളില്‍ കാന്താരി മുളക്‌ ചമ്മന്തി നിറച്ച്‌ , ഇന്ധനമായി തൂക്കുപാത്രത്തില്‍ കരുതിയ കട്ടന്‍ചായയുടെ അകമ്പടിയില്‍ ചവച്ച്‌ ആസ്വദിച്ചിരുന്നപ്പോഴായിരുന്നു അവളത്‌ കണ്ടത്‌. തോട്ടുവെള്ളത്തില്‍ കണ്ട വെളുത്ത ആ തലയോട്‌ അഞ്ചേറ്റുമുക്കിലെ മഞ്ഞകലര്‍ന്ന ദരിദ്രമായ ആകാശത്തേക്ക്‌ കണ്‍മിഴിഞ്ഞ്‌ കിടന്നു: ജലസമാധയിലെന്നതുപോലെ. അഞ്ചേറ്റു മുക്കില്‍ മാത്രം ധാരാളമായി കണ്ടിരുന്ന പേരറിയാത്ത കൂര്‍മ്പന്‍ പുല്ലുകള്‍ക്കിടയില്‍ കിടന്നതിനാലാകണം സൂര്യന്‍ ഒരു പൗരാണികത കലര്‍ന്ന മഞ്ഞത്തിളക്കം കൊണ്ട്‌ അതിനെ പുതപ്പിച്ചിരുന്നു. ജീവിതാസക്തി നിറഞ്ഞ ത്രസഹിത ഹൃദയം പോലെ എന്തോ ഒന്ന്‌ അതിന്റെ കണ്‍കുഴികള്‍ക്കുള്ളില്‍ നിന്ന്‌ വെയില്‍നാളത്തിനൊപ്പം ഒലിച്ചിറങ്ങുന്നതും രാധ കണ്ടു. പലപ്പോഴായി തോട്ടില്‍ അടിഞ്ഞുകൂടിയ ഗര്‍ഭനിരോധന ഉറകളും നാപ്‌കിനുകളും നിഷ്‌കരുണം വെട്ടിമുറിക്കപ്പെട്ട കോഴിത്തൂവലുകളും പലവര്‍ണ പ്ലാസ്റ്റിക്‌ കവറുകളും പാതി കത്തിക്കരിഞ്ഞ നഗ്ന ഉടലുകള്‍ പോലുള്ള പാഴ്‌മരക്കഷണങ്ങളും തലയെല്ലിനു ചുറ്റും ഒരു തടം തീര്‍ത്തിരുന്നു.

മുളക്‌ ചമ്മന്തിയില്‍ നിന്നൂറിയ കനച്ചുപോയ വെളിച്ചെണ്ണയുടെ കുത്തലേറ്റ്‌ രാധയുടെ നാവും ചുണ്ടും നീറിയെങ്കിലും അവളുടെ കണ്ണുകള്‍ നിറയാന്‍ മടിച്ചുനിന്നു. മറ്റു പണിക്കാരി സ്‌ത്രീകള്‍ പല ശബ്‌ദത്തിലും തരംഗവേഗത്തിലും നിലവിളികളുമായി തോട്ടുജലത്തിലേക്ക്‌ എത്തിനോക്കാന്‍ തുടങ്ങിയിരുന്നു. എങ്കിലും തോട്ടിന്‍ കരയിലാകെ ഓര്‍മ്മകള്‍ കൊണ്ടൊരു ചുരന്നെടുക്കല്‍, തകൃതിയായി നടക്കുന്നുവെന്ന്‌ രാധയ്‌ക്ക്‌ തോന്നി.

തൊഴിലുറപ്പു പദ്ധതിയിലെ ആ പണിക്കാരികള്‍ ജോലിക്കിടയില്‍ ആദ്യമായിട്ടാണ്‌ ഇങ്ങനെ ഒരു പാഴ്‌ വസ്‌തു കാണുന്നത്‌. പാവങ്ങള്‍ അവരെ സംബന്ധിച്ച്‌ കരച്ചില്‍ എന്ന പ്രക്രിയ പ്രാണവായുപോലെ ജീവിതത്തെ നിത്യേന ചൂഴ്‌ന്നു നിന്നിരുന്ന ഒരു സംഗതിയായതിനാല്‍ അവര്‍ വളരെ സുഗമമായിത്തന്നെ നിലവിളിച്ചുകൊണ്ടേയിരുന്നു. സുശീലയും വസന്തയും പ്രഭാവതിയും ചവര്‍ നിറച്ച കുട്ടയും മമ്മട്ടിയുമൊക്കെ തോട്ടിന്‍ കരയില്‍ ഒതുക്കിവെച്ച്‌ ഇന്നിനി പണി തുടരണമോ എന്ന്‌ കുറച്ചു നേരം സംശയിച്ചുനിന്നുവെങ്കിലും നിലവിളികള്‍ നിര്‍ത്തിയതേയില്ല അവര്‍. രാധ ഇതിനോടകം, തലയോടിന്റെ ആദിമമായ ഒരധിനിവേശ ഗര്‍വ്‌ നിറഞ്ഞ ചിരിപോലെ തോന്നിപ്പിക്കുന്ന പല്ലുകളുടെ കാഴ്‌ചയ്‌ക്കുമപ്പുറത്ത്‌ ഏതോ ഒരു മനുഷ്യന്റെ ദുരൂഹമായ സങ്കടങ്ങളെ പരതാന്‍ തുടങ്ങിയിരുന്നു. ഉച്ച സൂര്യന്റെ ദാക്ഷിണ്യമില്ലാത്ത വ്യഗ്രതയോടെയുള്ള തീഷ്‌ണനോട്ടങ്ങള്‍ അഞ്ചേറ്റുമുക്കിലാകെ ചിതറിവരുന്നത്‌ അവള്‍ കണ്ടു. മുമ്പ്‌, വളരെ പണ്ട്‌ പണ്ട്‌ കാലന്തരങ്ങള്‍ക്കുമപ്പുറത്ത്‌ തിളച്ചുമറിഞ്ഞ ഒരു ജീവിതത്തിന്റെ കാലുഷ്യം മുഴുവന്‍ അലകടല്‍പോലെ ഒഴുകിത്തിമിര്‍ക്കുന്നതുപോലെയാണ്‌ രാധയ്‌ക്ക്‌ തോന്നിയത്‌. ഇത്തരം തോന്നലുകളും ചുറ്റുപാടും നിന്നുമുയര്‍ന്ന നിലവിളികളും അവളുടെ വിശപ്പിനെ കല്ലുപോലെ ഘനീഭവിപ്പിച്ചിരുന്നു.

ആരാടീ ആദ്യമിതു കണ്ടത്‌. പിന്നില്‍ നിന്ന്‌ അപ്രതീക്ഷിതമായി ഒരു പോലീസുകാരനില്‍ നിന്നുയര്‍ന്ന ചോദ്യം കേട്ട്‌ രാധ ഞെട്ടിത്തിരിഞ്ഞു നോക്കി. പോലീസ്‌ ഒരു വലയം തീര്‍ത്തിരിക്കുന്നു അതിനു ചുറ്റും. തലയോടിന്റെ പല്ലിളിക്കലിനു സമാനമായിത്തന്നെ ആള്‍ക്കൂട്ടവും പല്ലുകാണിച്ചുനിന്നു.

പാവം രാധ ഒരാത്മഗതം നടത്തി. അപ്പഴേ നിങ്ങളല്ലേ ആദ്യമിത്‌ കണ്ട നീളന്‍ മൈക്കുകളും കാക്ക കണ്ണുകളുമുള്ള ക്യാമറകളും ചേര്‍ന്ന്‌ ഞെരുക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു താടിക്കാരനായ ഒരു ചാനല്‍ക്കാരന്‍ അവളോട്‌ ചോദിച്ചത്‌.

എന്താണ്‌ ആദ്യം തോന്നീത്‌. പേടിച്ചോ നിങ്ങള്‍ പറയൂ, എന്തു തോന്നുന്നു ഇപ്പോള്‍. ചോദ്യങ്ങളും ചുറ്റും നിന്നവരുടെ തുറുനോട്ടങ്ങളും പെരുകിപ്പെരുകി വന്ന്‌ ഭീകരജന്തുവിനെപ്പോലെ അവളെ കീഴ്‌പ്പെടുത്തിക്കളഞ്ഞിരുന്നു. വാസ്‌തവത്തില്‍ രാധ അപ്പോഴാണ്‌ ഭയപ്പെടാന്‍ തുടങ്ങിയത്‌. കാലത്തിനുമപ്പുറത്ത്‌ നിന്ന്‌ തേഞ്ഞുതേഞ്ഞ്‌ തിളക്കം വെച്ച ആ അജ്ഞാത മനുഷ്യത്തലയെല്ല്‌ അവളെ ആദ്യം ഒട്ടുമേ ഭയപ്പെടുത്തിയിരുന്നില്ല. അത്‌ മൗനമായി എന്തൊക്കെയോ സംവദിച്ചതേയുള്ളൂ അവളോട്‌. എന്നാലീ മാധ്യമപ്പോരാളികളുടെ കൂര്‍ത്ത നഖങ്ങളും പല്ലുകളും പോലെയുള്ള ചോദ്യങ്ങള്‍ കൊത്തിപ്പറിക്കാനായി തന്റെ നേരെ ആഞ്ഞടുക്കുന്നത്‌ കണ്ടപ്പോഴാണ്‌ രാധ പ്ലാസ്റ്റിക്‌ സഞ്ചിയില്‍ നിന്ന്‌ നിറം മങ്ങിയ മൊബൈല്‍ ഫോണെടുത്ത്‌ അമ്മയുടെ നമ്പറിലേക്ക്‌ വിളിച്ചത്‌. ആദ്യവിളിയില്‍ അമ്മ ഫോണ്‍ എടുത്തില്ല. അപ്പുറത്ത്‌ നമ:ശിവായ എന്നു തുടങ്ങുന്ന ഗാനം പതിവുപോലെ കേട്ടിരിക്കാന്‍ തോന്നിയില്ല അവള്‍ക്ക്‌. ഒന്‍പത്‌, നാല്‌ അവള്‍ നമ്പര്‍ പിറുപിറുത്തുകൊണ്ടുതന്നെ വിരല്‍ അമര്‍ത്തിക്കൊണ്ടിരിക്കുന്നു.

ഭാഗ്യം ഇക്കുറി ഫോണ്‍ എടുത്തു രാധയുടെ അമ്മ മീനാക്ഷി.

അമ്മനെങ്ങളിതെവ്‌ടെ പോയിക്കെടക്ക്വാ

രാധയ്‌ക്ക്‌ ഒരു വല്ലാത്ത പൊറുതിക്കേട്‌. അവളുടെ ക്ഷമകെട്ടുപോയിരിക്കുന്നു.
അമ്മാ. ഞാനിവിടെ കുമള്ളി താഴത്താ
ഇന്ന്‌ പണി ഇവിട്യാ.
പണിക്കെടേല്‌ ഒരു തലകിട്ടിപേടിക്കണ്ടാ
പഴേ ഒരു തലയോടാ.

മാനാമ്പറത്തെ ലക്ഷംവീട്‌ കോളനീലെ ആ ദാവീദിന്റെ പെണ്ണുമ്പിള്ള മേരിയെ ഞാനിത്‌ കാണിച്ചതും അവള്‌ തലചുറ്റി വീണു.

മീനാക്ഷി ഫോണിന്റെ മറുതലയ്‌ക്കല്‍ എന്തൊക്കെയോ പുലമ്പി.
ഇടയ്‌ക്ക്‌ രാധയൊന്ന്‌ ശ്വാസം വിട്ടപ്പോള്‍ അമ്മ പറയുന്നതുകേട്ടു.
ഞാങ്കണ്ടു ടീവീല്‌വാര്‍ത്തേലൊക്കെ കാണിക്കണൊണ്ടാര്‌ന്നെല്ലോപോലീസൊക്കെ വന്നല്ലേ

നീ പേടിച്ചോ ഇന്റെ രാധേ
പിന്നെ പേടിക്കണ്ടാട്ടോഒന്ന്വല്ലേലും ജീവനില്ലാത്ത തലയല്ലേ
ഒന്ന്‌ പോ തള്ളേ..പേടിക്കാതെ പിന്നെ.
ഞാനിങ്ങനെ വല്ലോം കണ്ടിട്ട്‌ണ്ടോ
ഫോണ്‍ വയ്‌ക്കാം..വന്നിട്ട്‌ വിസ്‌തരിച്ച്‌ പറയാം ബാക്കി.
ചെലപ്പം ഇന്ന്‌ നേര്‍ത്തേ പണി തീര്‍ത്ത്യേക്കും.
അതു പറഞ്ഞുതീര്‍ന്നതും യ്യോഎന്ന്‌ രാധയുടെ പേടിച്ചരണ്ട ശബ്‌ദം മീനാക്ഷി അപ്പുറത്ത്‌ കേട്ടു.

വസന്ത എന്ന മറ്റൊരു പണിക്കാരിയുടെ തണുത്ത വിരലുകള്‍ മുതുകില്‍ തൊട്ടപ്പോഴാണ്‌ രാധ പേടിച്ചു വിളിച്ചത്‌. കത്തുന്ന പകലിലും നൂറ്റാണ്ടുകളായി തണുത്തുറഞ്ഞു കിടക്കുന്ന ഒരു ശില ഇഴഞ്ഞെത്തി വസന്തയുടെ വിരലുകളിലേക്ക്‌ തണുപ്പായി അരിച്ചെത്തിയതാണോ? രാധയ്‌ക്ക്‌ വസന്തയോട്‌ വെറുതെ ദേഷ്യം തോന്നി.

മനുഷ്യമ്മാരിവിടെ ടെന്‍ഷനടിച്ച്‌ വട്ടെളെകി നിക്കുമ്പള്‌ ഇങ്ങനെ പേടിപ്പിക്കല്ലേ വസന്തേ

അത്‌ന്‌ ഞാനെന്നാ ചെയ്‌തെ
നെന്റെ എന്തേലും ഞാനപകരിച്ചോ പെണ്ണെ
വെറ്‌തെ ഇന്നോട്‌ മെക്കിട്ട്‌ കേറല്ലേ നീ.
ഇന്റെ നാക്ക്‌ ചൊറിയണ്‌ ണ്ട്‌ പറഞ്ഞേക്കാം..

വസന്ത വാക്കുകള്‍ക്കൊപ്പം ഉറഞ്ഞുതുള്ളാന്‍ തുടങ്ങിയെങ്കിലും രാധ ഒന്നും കേട്ടില്ല.

അവള്‍ കപ്പ കൊണ്ടുവന്ന സ്റ്റീല്‍ ചോറ്റുപാത്രം കഴുകി പ്ലാസ്റ്റിക്‌ കവറിനുള്ളിലാക്കുന്നതിനിടയില്‍ ചിന്തകള്‍ക്കുള്ളിലേക്ക്‌ തട്ടിവീണുകൊണ്ടിരുന്നു. കണ്ടിട്ട്‌ നിര്‍വികാരമെന്ന്‌ തോന്നിപ്പിക്കുന്ന ഈ പഴന്തല ഏത്‌ നഗ്ന ശരീരത്തിനു മുകളിലാകും പണ്ട്‌ അഹങ്കാരത്തോടെ നിലയുറപ്പിച്ചിരിക്കുന്നത്‌.

എടീഇത്തവണ മേരിയാണ്‌ രാധയെ തൊട്ടുണര്‍ത്തിയത്‌. ആ ഫ്രാഞ്ചീടെ ട്യൂട്ടോറിയലിലല്ലേടീ നീ പടിച്ചതൊക്കെ.

നെനക്കീ തൊഴിലൊറപ്പും കൊണ്ട്‌ നടക്കണ്‍ കാര്യോണ്ടോ രാധേ

അതോണ്ടല്ലേ നെനക്കും ഈ കാഴ്‌ചയൊക്കെ കാണേണ്ടിവന്നത്‌. വസന്ത മേരിയെ പിന്താങ്ങി പറഞ്ഞു.

നീ വല്ല കവ്‌തേം കഥേക്കെ എഴ്‌തണ്ടവളാ

ഏതാണ്ടൊക്കെ നീ എഴ്‌തീല്ലേ പെണ്ണേ



രാധ ഒന്നും കേട്ടില്ല. കണ്ടില്ല.

ആള്‍ക്കൂട്ടവും ചാനലുകാരും. പൊലീസും മേരിയും വസന്തയുമൊക്കെ ലീസും മേരിയും വസന്തയുമൊക്കെ അവ്യക്തമായ നിഴലുകളായി അവള്‍ക്കു മുന്‍പില്‍ ചലിച്ചു കൊണ്ടേയിരുന്നു. അവള്‍ വിജനമായ ഒരു നദിക്കരയില്‍ ഒറ്റയ്‌ക്കായി പോയതുപോലെ തീര്‍ത്തും നിരാലംബമായി കൊടും വെയിലില്‍ തളര്‍ന്നിരുന്നു.

രാധയ്‌ക്കെന്താ ഒരു വയ്യാഴ്‌ക- പൊക്കോളൂട്ടോ വീട്ടില്‌. ഇന്നെല്ലാര്‍ക്കും അവി തരുവാ ആദ്യായിട്ടല്ലേ ഇങ്ങനൊരു സംഭവം. പഞ്ചായത്ത്‌ മെമ്പര്‍ രാജമല്ലി വെയില്‍കൊണ്ടു വാടിയ മുഖവുമായി രാധയ്‌ക്കരികിലെത്തി പറഞ്ഞു. രാജമല്ലിക്ക്‌ രാധയോട്‌ ഒരു പ്രത്യേക വാത്സല്യവും സ്‌നേഹവുമുണ്ട്‌. പഠിച്ച കുട്ടിയല്ലേ.

അതുകൊണ്ടാകുമെന്നാണ്‌ രാധ കരുതുന്നത്‌.

രാധ ചരിത്രത്തിന്റെ ഏടുകളില്‍ ചവിട്ടിനടക്കുന്ന ഗൗരവത്തോടെ മെല്ലെയാണ്‌ വീട്ടിലേക്ക്‌ നടന്നത്‌. ജീവിതസന്ധികളില്‍ മനുഷ്യന്റെ തലകള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച്‌ ആലോചിച്ച്‌ അവള്‍ക്ക്‌ തലവേദനിച്ചു. ഒന്നും ചെയ്യാന്‍ ഉത്സാഹമില്ലാത്ത ഒരവസ്ഥ എങ്കിലും കുഞ്ഞുപേഴ്‌സിന്റെ കള്ള അറയില്‍ അനിയന്‍ രവി മോഷ്‌ടിക്കാതിരിക്കാന്‍ ഒളിപ്പിച്ചുവച്ചിരുന്ന മുഷിഞ്ഞു തുടങ്ങിയ അന്‍പതു രൂപ നോട്ട്‌ പുറത്തെടുത്ത്‌ അവള്‍ അരക്കിലോ അരി വാങ്ങി. രണ്ടു മൂന്നു തക്കാളി വാങ്ങി. പച്ചക്കറിക്കടക്കാരന്‍ അമ്പു നാലഞ്ചു പച്ചമുളകും കറിവേപ്പിലയും അടിമുടിയുള്ള ഒരു ചൂഴ്‌ന്നുനോട്ടവും കൂടി അവള്‍ക്ക്‌ നല്‍കി.

വഴിയരികില്‍ അവളുടെ അനിയനും കൂട്ടുകാരന്‍ ബിജുവും നിന്നു സംസാരിക്കുന്നുണ്ടായിരുന്നു.

രണ്ടുപേരും ചെറുതായി നിന്നാടുന്നുമുണ്ട്‌ പതിവുപോലെ.
നില്ല്‌നില്ല്‌ അവ്‌ടെ നിക്കടി പെങ്ങളേ നമ്മടെ തലയോട്‌ എന്തിയേ
നീയാണോടീ അതാദ്യം കണ്ടത്‌ ഹ്‌ ഹ ഹ പൈസ കിട്ട്വോടീ നെനക്ക്‌ പെണ്ണെ
രവിയുടെ ചിരി കുഴഞ്ഞു കുഴഞ്ഞു പോയി. നീ എന്തിനാടീ അതാദ്യം കാണാമ്പോയെനെന്നെ പോലീസ്‌ പൊക്കുന്നൊറപ്പാഎന്തൊരു നാണക്കേടാ എന്റയീ പുന്നാര പെങ്ങ്‌ള്‌ ഒണ്ടാക്കിവെച്ചെ

ഇല്ലേടാരവി ബിജുവിന്റെ താടിപിടിച്ചുയര്‍ത്തി ചോദിച്ചു.

ബിജു ആ നേരം രാധയെ നോക്കി കണ്ണിറുക്കി. അവന്‍ രണ്ടു മാസം മുന്‍പ്‌ വീട്ടില്‍ ആരുമില്ലാതിരുന്ന #ാരു സന്ധ്യയ്‌ക്ക്‌ രവിയെ അന്വേഷിച്ചുവരുന്നു എന്ന ഭാവത്തില്‍ എത്തി അവളെ പൂണ്ടടക്കം പിടിച്ച്‌ ഉമ്മവെയ്‌ക്കുകയും കടിയ്‌ക്കുകയും അവളുടെ മുലകളും കവിളും രസത്തോടെ ചുവന്ന നാവു നീട്ടിപ്പിടിച്ച്‌ നഖങ്ങള്‍കൊണ്ട്‌ മാന്തിപ്പൊളിക്കുകയും ചെയ്‌തിരുന്നു. അവനാ ഓര്‍മ്മയില്‍ കണ്ണുകള്‍ കൊണ്ട്‌ വീണ്ടും വീണ്ടും രാധയിലേക്ക്‌ തുരന്നിറങ്ങി. അവന്റെ ഒരു കാതില്‍ കൂര്‍ത്തുനിന്ന ഒറ്റക്കല്‍ കമ്മലും കരിന്തേള്‍ നിറമുള്ള ഞരമ്പുകള്‍ ക്രൗര്യത്തോടെ പിണയുന്ന ഉന്തിയ നെറ്റിയും ചോര ഇറ്റുവീഴാന്‍ പാകത്തില്‍ ചുവന്ന മൂക്കിന്‍ തുമ്പും മണ്ണിരപ്പശപോലെയുള്ള അറപ്പായി ദേഹത്തിഴയുന്നതായി തോന്നി അവള്‍ക്ക്‌. ഇരുവരുടെയും സംസാരം കേട്ട്‌ ഓരോരുത്തരായി ഓരോന്ന്‌ പറഞ്ഞ്‌ ചുറ്റും കൂട്ടമായി നിന്ന്‌ ഒരവലോകനയോഗം കൂടാനുള്ള പുറപ്പാടിലാണ്‌.

വിഷയം രാധയും തോട്ടില്‍ അവള്‍ കണ്ട തലയും തന്നെ.

കുട്ടികള്‌ കളിക്കണേനെടേല്‌ എവ്‌ട്‌ന്നോ പൊക്കിക്കൊണ്ടന്നതാ ആ തല. കളിക്കെടേല്‌ തോട്ടില്‌ വീണതാരിക്കും അത്‌. മറ്റ്വൊന്നല്ല. ഇന്നത്തെ കാലത്ത്‌ പഴേ ഒര്‌ തല കിട്ട്വാന്ന്‌ വച്ച അത്ര കാര്യോള്ള കാര്യല്ല.

അഞ്ചേറ്റുമുക്ക്‌ ജംഗ്‌ഷനില്‍ ഓട്ടുപാത്രങ്ങള്‍, പടുത, കസേര, ടര്‍പ്പോളിന്‍, കുട്ടകം എന്നുവേണ്ട സകലമാന തട്ടുമുട്ടു സാധനങ്ങളും നാട്ടിലെ മരണാനന്തര ചടങ്ങുകള്‍ക്കും അടിയന്തിരങ്ങള്‍ക്കും വാടകയ്‌ക്ക്‌ കൊടുക്കുന്ന കിഴക്കേലെ ജോണി കടേല്‌ ആള്‌ വരണ്‌ ണ്ടോ എന്ന്‌ ഇടയ്‌ക്കിടയ്‌ക്ക്‌ കടക്കണ്ണിട്ടു നോക്കി ക്കൊണ്ടു പറഞ്ഞു.

അല്ല ജോണി, പണ്ടാ ഒളിമ്പ്ര ദേശം ഈ നാടോടികളൊക്കെ മരിക്കുമ്പം അടക്കം ചെയ്‌തീര്‍ന്ന സ്‌തലാല്ലേ. അവ്‌ട്‌ന്ന്‌ ഉരുണ്ട്‌ വന്നതാവൂന്നേ.

തയ്യല്‍ക്കാരനും പഴയകാല നക്‌സ്‌ ലൈറ്റുമായ വേണുഗോപാല്‍ തയ്യല്‍ നിര്‍ത്തി കടേന്നിറങ്ങി വന്ന്‌ കൂട്ടത്തിലേക്ക്‌ എത്തിനോക്കി പറഞ്ഞു. അയാള്‍ കണ്‍സൂചികൊണ്ട്‌ ചുറ്റും നിന്നവരുടെ ചിന്തകളുടെമേല്‍ സൂക്ഷമതയോടും വിരുതോടെയും ചില കുരുക്കഴക്കാനാകാത്ത കെട്ടുകള്‍ കൊരുത്തിട്ടു.

ഇത്രയുമായ സ്ഥിതിക്ക്‌ ഈ വിഷയത്തില്‍ ഇടപെട്ടേ പറ്റൂ എന്ന നിലപാടില്‍ മുറുക്കാന്‍ കടക്കാരി സാവിത്രി മാറില്‍ കിടന്നതോര്‍ത്ത്‌ നേരെയാക്കി നിവര്‍ന്നിരുന്നു. മഞ്ഞളും ചുണ്ണാമ്പും ചേര്‍ന്ന ഇളം ചോരപ്പൂക്കള്‍ നിറഞ്ഞതായിരുന്നു സാവിത്രിയുടെ തോര്‍ത്ത്‌. അവളതില്‍ തെരുപിടിപ്പിച്ച്‌ പറഞ്ഞു.

ആര്‍ക്കും ഓര്‍മേം വെളിവൊന്നൂല്ലേ കൂട്ടരെ. കഴിഞ്ഞേന്റെ മുമ്പലത്തെ കൊല്ലാല്ലേ അങ്ങെങ്ങാണ്ട്‌ന്ന്‌ ഒര്‌ സ്‌തലത്തുന്ന്‌ ഒര്‌ ശവപ്പറമ്പീന്നോ മറ്റോ മണ്ണ്‌ ലോറിക്കണക്കിന്‌ ഇവ്‌ടെ കൊണ്ടടിച്ചെ. അതീ കെടന്നതാരിക്കും ഈ തലാന്നാ എന്റെ ബലായ സംശേം.

കേട്ടപാതി എല്ലാവരും സാവിത്രീടെ നിശ്വാസം ഏറ്റെടുക്കുന്ന മട്ടില്‍ അവളോട്‌ ചേര്‍ന്ന്‌ നിന്ന്‌ ഗൈരവക്കാരായി മാറി ചിന്ത തുടങ്ങി.

പെട്ടെന്നാണ്‌ വെളിപാടുണ്ടായതുപോലെ ശവപ്പെട്ടി കച്ചവടക്കാരന്‍ മാണിക്കുഞ്ഞ്‌ പറഞ്ഞത്‌-?ഏയ്‌ അങ്ങനൊന്ന്വല്ല സംബവം. നമ്മടെ മെടിക്കല്‍ കോളേജി ഡോക്കട്ടറാകാന്‍ പടിക്കണ പിള്ളാര്‌ടെ കൈയീന്ന്‌ ഉര്‌ണ്ട്‌ പോന്നതാപ്പാ ഈ സാദനം.?

ഹ ഹ ഹ . ഒരു തലയോടിന്‌ ജീവിതത്തില്‍ ഉണ്ടാകേണ്ട ഗൗരവമായ പ്രസക്തിയെ അപ്പാടെ അട്ടിമറിച്ചുകൊണ്ട്‌ എല്ലാവരും ഒരു കൂട്ടച്ചിരി ചിരിച്ചു. ചിരിച്ച്‌ ചിരിച്ച്‌ സാവിത്രീടെ തോര്‍ത്ത്‌ മാറിടത്തിനിടയിലെ വിടവ്‌ കാണിച്ച്‌ താഴോട്ട്‌ ഊര്‍ന്നിറങ്ങുകയും അവളുടെ കണ്ണുവെട്ടിച്ച്‌ ചുറ്റും നിന്നവര്‍ ആ നേരം അവളുടെ നെഞ്ചിലേക്കൊന്നു നോക്കുകയും അവളുടെ കണ്ണുകളില്‍ വെള്ളം നിറയുകയും ചെയ്‌തു. അവളുടെ വെള്ളം കെട്ടിയ കണ്ണുകള്‍ക്കു മുന്‍പിലൂടെ തല്‍ക്കാലത്തേക്ക്‌ യാത്രചൊല്ലി ജോണീം വേണൂം മാണിക്കുഞ്ഞും നടന്നുപോയി. പിന്നാലെ അവരെ ചുറ്റിപ്പറ്റിനിന്ന കൈസര്‍, ടൈഗര്‍, ടിപ്പു എന്നീ പേരികളില്‍ വിളിക്കുന്ന മൂന്നു നാടന്‍ പട്ടികളും. അവരുടെ മൂവരുടെയും കാമുകിയായ ലില്ലി എന്ന പെണ്‍പട്ടിയും ഓടിപ്പോയി.

രവിയും ബിജുവും രാധയെ തഴഞ്ഞ്‌ ആരോടെന്നില്ലാതെ വെറുതെ ദേഷ്യപ്പെടുകയും ബനിയനുള്ളില്‍ ഒളിപ്പിച്ചുവെച്ച മദ്യക്കുപ്പി പുറത്തെടുത്ത്‌ പൊതുടാപ്പില്‍ നിന്നുതന്നെ ക്ലോറിന്‍ കലര്‍ന്ന വെള്ളം പിടിച്ച്‌ ചേര്‍ത്ത്‌ വാശിയോടെ ഒറ്റവലിക്ക്‌ അകത്താക്കുകയും ചെയ്‌തു. ഇതൊക്കെ കണ്ടിട്ടം കവലയിലെ ആളുകള്‍ മൂക്കത്ത്‌ വിരല്‍ വയ്‌ക്കാതെ അങ്ങനെ നോക്കിനിന്നു.

പതിവു കാഴ്‌ചയല്ലേ പിന്നെന്താ.

രാധയും എല്ലാം കാണുന്നുണ്ടായിരുന്നു. എങ്കിലും രാവിലെ കണ്ട തലക്കാഴ്‌ച അവളുടെ അതേ വരെയുള്ള ആകുലതകളുമായി നിര്‍ലജ്ജമായി സന്ധിചെയ്യപ്പെട്ട ജീവിതത്തെ ആകെ തകിടം മിറച്ചു കളഞ്ഞിരുന്നുവല്ലോ . രവി ബിവറേജസ്‌ കടയ്‌ക്കു മുന്‍പില്‍ നിന്ന്‌ വിളിച്ച്‌ കൂട്ടിക്കൊണ്ടുവന്ന്‌ മണ്ണിഷ്‌ടികകൊണ്ട്‌ മറച്ച തന്റെ ഒറ്റമുറിയിലേക്ക്‌ പറഞ്ഞു വിടുന്ന ബിജു നോട്ടം കൊണ്ട്‌ തൊലി അടര്‍ത്താറുള്ള അവളുടെ കരുവാളിച്ച നഗ്നശരീരം ജീവന്‍ വെടിയുന്നതും അന്തമില്ലാത്ത ഖനനങ്ങളില്‍ പെട്ട്‌ സ്‌ഫടികം പോലെ മിനുസമാര്‍ന്ന ഒരു തലയോടായി മാറി അഞ്ചേറ്റുമുക്കിലെ തോട്ടുവെള്ളത്തിലെ അഴുക്കുനിറഞ്ഞ പതയ്‌ക്കുള്ളില്‍ മറയപ്പെട്ടു കിടക്കുന്നതും ഒന്നിനുപിറകേ മറ്റൊന്നായി അത്തരം കോടാനുകോടി നഗ്നശിരസ്സുകള്‍ ഒഴുകിവരുന്നതായും അവള്‍ക്കു തോന്നി. ഒട്ടേറെ വഴികള്‍ എവിടെ യൊക്കെയോ തലങ്ങും വിലങ്ങും കിടന്ന്‌ അവളെ വിഭ്രമിപ്പിക്കുകയും വിയര്‍പ്പില്‍ കുളിപ്പിക്കുകയും ചെയ്‌തു. അവള്‍ വീട്ടിലേയ്‌ക്കുള്ള വഴികളെല്ലാം മറന്നുപോയിരുന്നു.

ഒരാള്‍ക്കൂട്ടവും അതിന്റെ ഇരമ്പലും അതിനുള്ളില്‍ കിടന്ന്‌ അമര്‍ത്തിച്ചിരിക്കുന്ന എല്ലും മാത്രമായ മനുഷ്യശിരസ്സുകളും അവളെ മോഹാലസ്യങ്ങളിലേക്കും ഉണര്‍ച്ചകളിലേക്കും അമ്മാനമാട്ടി.

ഇറച്ചിക്കടക്കാരന്‍ മാര്‍ക്കോസും ജീവിതകാലമത്രയും സൈക്കിളില്‍ മാത്രം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന മീനാന്തടത്തിലെ ഒറ്റക്കണ്ണന്‍ പ്രഭാകരനും പല പല ആള്‍മാറാട്ടങ്ങളും നടത്തി ഒടുവില്‍ ഒരു മുഴുസമയ ആള്‍ ദൈവമായി മാറിയ തങ്കരാജനും നാലഞ്ചു മക്കളേയും ഉപേക്ഷിച്ച്‌ ഒളിച്ചോടിപ്പോന്ന്‌, കൂടെക്കൂടി ഇപ്പോള്‍ തങ്കരാജന്റെ ആശ്രമത്തില്‍ യോഗിനീ വേഷം കെട്ടിയിരിക്കുന്ന കുമാരന്റെ ഭാര്യ മീനയും കാളയെ കിട്ടാതെ വരുമ്പോള്‍ പട്ടിയെ പിടിച്ച്‌ വെട്ടി ഇറച്ചി വില്‍ക്കുന്ന ദാവീതും ഭൂമിയെ തഴഞ്ഞ്‌ ആകാശത്തേക്ക്‌ നോക്കി സകലതിനും സ്‌തോത്രം ചൊല്ലിക്കൊണ്ടേയിരുന്ന്‌ പെണ്‍വില്‌പന നടത്തുകയും മോളിയും വഴിയിലിറങ്ങി നോക്കി നില്‍ക്കെ രാധ വീണ്ടും വീണ്ടും രാധയല്ലാതായി. അവളുടെ ഓര്‍മകള്‍ക്കുമേല്‍, രാവിലെ തോട്ടുവെള്ളത്തില്‍ കണ്ട അതിപുരാതനമായ ആ അസ്ഥിതിടം വെച്ച്‌ ഉരുണ്ട്‌ മറിഞ്ഞ്‌ തൊട്ടുരുമ്മി. അതിന്റെ കണ്‍കുഴികളിലേ ഇരുണ്‌ ശൂന്യതയ്‌ക്കുമേല്‍ കാറ്റ്‌ അല്‍പം ദയാവായ്‌പ്‌ കുടഞ്ഞിട്ടു. ചുണ്ടുകള്‍ ഉണ്ടായിരുന്നിടത്തെ മഞ്ഞനിറത്തിനുമേല്‍ പല്ലുകളുടെ ദ്രവിച്ച ചിരി. ഇടയ്‌ക്കിടയ്‌ക്ക്‌ ഒരു ഊതലിനൊപ്പം രാധയുടെ കണ്ണുകളില്‍ വന്നുതൊടുന്നുണ്ടോ എന്നവള്‍ പരിഭ്രമിച്ചു. ജീവിതം പോലെ ഒട്ടും മയമില്ലാതെ പരുപരുത്ത ഒരു തുണിക്കഷണത്തില്‍ പൊലീസ്‌ പൊതിഞ്ഞ്‌ കൊണ്ടുപോയ ആ മനുഷ്യത്തലയുടെ പൗരാണികമായ ഗന്ധം ഒരിക്കലും തന്നെ വിട്ടുപോകരുതേയെന്നും എന്നെന്നേക്കുമായി തന്നെ ഉപേക്ഷിച്ചു പോകുന്നതത്രയും പോയാലും ജീവിതത്തില്‍ നിന്ന്‌ മറ്റേതോ ഭൂമികയിലേക്ക്‌ ആസക്തി നിറഞ്ഞതെന്തോ തേടിനടക്കുന്നതുപോലെ ആ തലയ്‌ക്കൊപ്പം സഞ്ചാരം നടത്തണമെന്നും അവളാഗ്രഹിച്ചു. രാധയ്‌ക്കു ചുറ്റും ചരിത്രം തുരുത്തുകളായി നിന്നു. ബിജുവും രവിയും പൊലീസും ചാനലുകാരും ക്യാമറകളും എന്തിന്‌ അഞ്ചേറ്റുമുക്കിലെ പാവം തോടും അതിലെ കറുത്ത ജലം പോലും രാധ എന്തിന്‌ ആ തലയസ്ഥി കണ്ടു എന്ന്‌ അവള്‍ക്കുനേരെ ആക്രോശിച്ചു കൊണ്ടേയിരിക്കുന്നതായി അവള്‍ക്കു തോന്നി. ഇരുട്ട്‌ അവളെ ഒരു കയത്തിലേക്കെന്നതുപോലെ വലിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. രാധയ്‌ക്ക്‌ വീട്‌ കണ്ടെത്താന്‍ കഴിഞ്ഞതേയില്ല. അവള്‍ വീട്ടിലേക്കുള്ള വഴികള്‍ മാത്രമല്ല, മറന്ന്‌ മറന്ന്‌ എല്ലാ വഴികളും മറന്നു. ഒരു തലയുടെയും ഉടമസ്ഥത അവകാശപ്പെടാത്ത ഒരു നഗ്ന ഉടല്‍ മാത്രമായി മറവികളുടെ ഭൂഖണ്‌ഡത്തിലേക്കാണ്‌ രാധ നടക്കാന്‍ തുടങ്ങിയത്‌. അങ്ങനെയാണ്‌ അഞ്ചേറ്റുമുക്കിലെ രാധ മാത്രമായിരുന്ന രാധ നഗ്ന ഉടലുകളുടെ ചരിത്രത്തിലേക്ക്‌ കുതറിവീണത്‌.

സജിനി .എസ്‌
പാഠഭേദം (കഥ: സജിനി എസ്‌.)
Join WhatsApp News
വായനക്കാരൻ 2015-05-01 18:04:24
നല്ല കഥ.  തുടക്കത്തിൽ ‘രാധ രാധ മാത്രമായിരുന്നു’ എന്നും, അവസാനം  ‘രാധ വീണ്ടും വീണ്ടും രാധയല്ലാതായി’ എന്നും പറയുന്നത് ശ്രദ്ധിക്കുക. മനുഷ്യൻ  അനുഭവിക്കുന്ന ‘എന്നെ  എനിക്കുതന്നെ  അറിയില്ല’ എന്ന അവസ്ഥയെക്കുറിച്ച്  എം. മുകുന്ദൻ എഴുതിയ ‘രാധ രാധ മാത്രം’  എന്ന കഥയുമായി ബുദ്ധിപൂർവ്വം ബന്ധിച്ചിരിക്കുന്നു.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക