Image

കൊച്ചു ഗ്രാമത്തിലിരുന്ന് ഉണ്ണി മായ വരയ്ക്കുകയാണ് ഭൂമിയുടെ നിലനില്പ്പിനു വേണ്ടി

ബഷീര്‍ അഹമ്മദ് Published on 05 May, 2015
കൊച്ചു ഗ്രാമത്തിലിരുന്ന് ഉണ്ണി മായ വരയ്ക്കുകയാണ് ഭൂമിയുടെ നിലനില്പ്പിനു വേണ്ടി
ഗ്രാമത്തിലെ തന്റെ കൊച്ചു വീട്ടിലിരുന്ന് ഉണ്ണി മായ വരയ്ക്കുകയാണ് ജലത്തിന്റെയും, ഊര്‍ജ്ജത്തിന്റെയും നിലനില്‍പ്പിനുവേണ്ടി.

നടുവണ്ണൂര്‍ ജി.എച്ച്.എസ്. എട്ടാംതരം വിദ്യാര്‍ത്ഥിനിയാണ് ഉണ്ണിമായ. പാഠ്യവിഷയങ്ങള്‍ക്കും തനിക്കു ചുറ്റുമുള്ള ഗ്രാമക്കാഴ്ചകള്‍ക്കുമപ്പുറം ഭൂമിയുടെ തന്നെ നിലനില്‍പ്പിന് ആധാരമായ ജലസ്‌ത്രോതസ്സുകള്‍ നിലനില്‍ക്കേണ്ടതിനു വേണ്ടിയും, മഴ പെയ്ത് ഭൂമിയുടെ മാറിടം കുളിര്‍ക്കാനും ഈ കൊച്ചു കുട്ടിയുടെ വിരല്‍തുമ്പില്‍ വിരിഞ്ഞ ചിത്രങ്ങള്‍ ഇന്ന് ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ്.

ജലസംരക്ഷണത്തെക്കുറിച്ച് കേന്ദ്ര ജലവിഭവ മന്ത്രാലയം ദേശീയ തലത്തില്‍ നടത്തിയ ചിത്രരചന മത്സരത്തില്‍ ഒന്നാമതാതായെത്തിയത് ഉണ്ണിമായയുടെ കരയുന്ന മരമാണ്. ചിത്രം സൂക്ഷിച്ച് നോക്കിയാല്‍ പ്രകൃതിയുടെ കണ്ണുനീര്‍ കാണാന്‍ കഴിയും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം.

ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ദേശീയ തലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചതിനെക്കാള്‍ സന്തോഷം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതിനാലാണ്. കൂടെ സുശീല്‍ കുമാര്‍ ഷിന്‍ഡേക്കൊപ്പം കേരളത്തില്‍ നിന്നുള്ള എം.പി. കെ.സി. വേണുഗോപാലും ഉണ്ടായിരുന്നു.

ചിത്രം പിന്നീട് ഊര്‍ജ്ജമന്ത്രാലയം ഗ്രീറ്റിങ്ങ് കാര്‍ഡ് രൂപത്തിലാക്കി ഇന്ത്യ മുഴുവന്‍ പ്രചരിപ്പിച്ചതിലും ഉണ്ണിമായക്ക് അതിയായ സന്തോഷമുണ്ട്. തന്റെ സ്വപ്‌നങ്ങളില്‍ വിരിഞ്ഞ ചിത്രങ്ങള്‍ ഇന്ത്യ കണ്ടതിലുള്ള സന്തോഷം.

ചിത്രകലാ പഠനത്തിനു കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് ഉണ്ണിമായക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചെറുപ്പം തൊട്ടേ ചിത്രകലയില്‍ താല്‍പര്യമുള്ള ഉണ്ണിമായ ഇതിനകം പ്രകൃതിയെ കുറിച്ചു തനിക്ക് ചുറ്റുമുള്ള പച്ച നിറഞ്ഞ കാഴ്ചയെക്കുറിച്ചും 200 ലധികം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
കഴിഞ്ഞ 6 വര്‍ഷമായി സന്തോഷ് കുമാര്‍ നടത്തുന്ന ബാലുശ്ശേരി ഫൈന്‍ ആര്‍ട്‌സില്‍ ചിത്രകലാ വിദ്യാര്‍്തഥിയാണ്.

ബാലുശ്ശേരി ഫൈന്‍ ആര്‍ട്‌സ് 100 കുട്ടികളുടെ ചിത്രപ്രദര്‍ശനം  അക്കാദമി ആര്‍ട്‌സ് ഗാലറിയില്‍ സംഘടിപ്പിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാനാണ് ഗ്രാമത്തില്‍ നിന്നും ഉണ്ണിമായ തന്റെ നാല് ചിത്രങ്ങളുമായി കോഴിക്കോട്ടെത്തിയത്.

പോസ്റ്രല്‍ അസിസ്സ്റ്റന്റ് ദാമോദരന്റെയും പുപ്ഷപയുടെ മകളാണ് ഉണ്ണിമായ. മകന്‍ ദീപക് കിരണ്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ദീപക്കും പഠനത്തോടൊപ്പം ചിത്രകലയിലും തല്‍പരനാണ്.

ഫോട്ടോ-റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്
കൊച്ചു ഗ്രാമത്തിലിരുന്ന് ഉണ്ണി മായ വരയ്ക്കുകയാണ് ഭൂമിയുടെ നിലനില്പ്പിനു വേണ്ടികൊച്ചു ഗ്രാമത്തിലിരുന്ന് ഉണ്ണി മായ വരയ്ക്കുകയാണ് ഭൂമിയുടെ നിലനില്പ്പിനു വേണ്ടികൊച്ചു ഗ്രാമത്തിലിരുന്ന് ഉണ്ണി മായ വരയ്ക്കുകയാണ് ഭൂമിയുടെ നിലനില്പ്പിനു വേണ്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക