Image

രൂപേഷും ഷൈനയും മാത്രമോ ഉത്തരവാദികള്‍?

അനില്‍ പെണ്ണുക്കര Published on 06 May, 2015
രൂപേഷും ഷൈനയും മാത്രമോ ഉത്തരവാദികള്‍?
ഏറെ നാളത്തെ പോലീസ് വേട്ടയ്‌ക്കൊടുവില്‍ മാവോയിസ്റ്റുകളുടെ തലപ്പത്തിരിക്കുന്നവര്‍ പിടിയിലായി .കേരളത്തിലെ സാധാരണക്കാര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. കേരളത്തില്‍ എവിടെയെങ്കിലും മാവോയിസം വേരുപിടിച്ചിട്ടുണ്ടെങ്കില്‍ അതിന്റ യഥാര്‍ഥ ഉത്തരവാദികള്‍ ആരാണ്?
ഭരണകര്‍ത്താക്കള്‍ ..അല്ലാതെ ആരാ ...

ഇപ്പോള്‍ പിടിക്കപ്പെട്ട രൂപേഷും ഷൈനയും പ്രതികള്‍ മാത്രമാണ്, ഉത്തരവാദികളല്ല. ഈ യാഥാര്‍ഥ്യം തിരിച്ചറിയാനും അതിനു പരിഹാരം കാണാനും ആത്മാര്‍ഥമായ ശ്രമങ്ങളില്ലാതെ നടക്കുന്ന മാവോയിസ്റ്റ് വേട്ടകള്‍ പൊതുഖജനാവിന് നഷ്ടമുണ്ടാക്കുന്നതിലപ്പുറം ഫലംചെയ്യില്ല എന്ന് പത്രം വായിക്കുന്ന ഏതൊരുത്തനും അറിയാം. സി.പി.ഐ (മാവോയിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗമെന്നു പറയപ്പെടുന്ന രൂപേഷ്, ഭാര്യ ഷൈന, അനൂപ് എന്നീ മലയാളികളും തമിഴ്‌നാട് സ്വദേശി കണ്ണന്‍, കര്‍ണാടക സ്വദേശി വീരമണി എന്ന ഈശ്വര്‍ എന്നിവരുമടങ്ങുന്ന അഞ്ചംഗ സംഘമാണ് മാവോയിസ്റ്റ് വേട്ടയ്ക്കായി പ്രത്യേകം നിയോഗിക്കപ്പെട്ട ആന്ധ്രപ്രദേശ് കേരള തമിഴ്‌നാട് സംയുക്ത പൊലിസ് സേനയുടെ പിടിയിലായിരിക്കുന്നത്.

എന്തുകൊണ്ടാണ് ഇത്തരം നേതാക്കളും സംഘടനകളും വളരുന്നത് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ ..
കെട്ടുകഥകളുടെ ആഘോഷത്തിനപ്പുറം മുഖ്യധാരാ മാധ്യമങ്ങളും ശരാശരി രാഷ്ട്രീയക്കാരും കാണാതെപോകുന്ന ചില കാര്യങ്ങള്‍ കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തിനു പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട്. നടപ്പു രാഷ്ട്രീയവിശകലനരീതി വച്ചുനോക്കിയാല്‍ മാവോയിസം പോലുള്ള ഇടതുപക്ഷസാഹസികതയ്ക്കു വളക്കൂറുള്ള മണ്ണല്ല കേരളം.

നഷ്ടപ്പെടാനേറെയുള്ള മധ്യ വര്‍ഗവല്‍കൃത കേരളീയ രാഷ്ട്രീയസമൂഹം അത്തരം രാഷ്ട്രീയ ധാരകളെ ഏറ്റെടുക്കാന്‍ ഒട്ടും സജ്ജമല്ല. വനമേഖലകള്‍ ശോഷിക്കുകയും നഗരങ്ങള്‍ വളരുകയും ആശയവിനിമയത്തിനുള്ള സാങ്കേതികസൗകര്യങ്ങള്‍ ഏറെ വികസിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഒളിപ്പോര്‍ പ്രവര്‍ത്തനങ്ങള്‍ അത്ര എളുപ്പവുമല്ല. എന്നിട്ടും ഏറെക്കാലം ഒളിവില്‍ പ്രവര്‍ത്തിക്കാനും ഭരണകൂടസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചു ചില ഓപ്പറേഷനുകള്‍ നടത്താനും ഇവര്‍ക്കു സാധിച്ചെങ്കില്‍ ചെറിയൊരുവിഭാഗം ആളുകളുടെയെങ്കിലും സഹായം ഇവര്‍ക്കു ലഭിച്ചിരിക്കുമെന്നുറപ്പാണ്. രൂപേഷും ഷൈനയും അറസ്റ്റിലായ ദിവസം തന്നെ കരുളായിയിലെ മുണ്ടക്കാട് കാട്ടുനായ്ക്കര്‍ കോളനിയില്‍ നിന്നു പുറത്തുവന്ന ഒരു വാര്‍ത്തയുണ്ട് . കോളനിയിലെ ഒരു ആദിവാസി കുടുംബത്തിലുള്ള ശ്രുതി എന്ന അഞ്ചു വയസുകാരി പോഷകാഹാരക്കുറവു മൂലം മരിച്ച വാര്‍ത്ത. 'പോഷകാഹാരക്കുറവ്' എന്നത് സര്‍ക്കാര്‍ ഭാഷ്യമാണ്.

പച്ചമലയാളത്തില്‍ പറഞ്ഞാല്‍ അതു പട്ടിണിമരണമാണ്. പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മരണം. ആദിവാസി മേഖലകളില്‍ ഇപ്പോഴും രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും നിലനില്‍ക്കുന്നുണ്ടെന്ന ഭയാനകമായ യാഥാര്‍ഥ്യത്തിലേക്കാണു ശ്രുതിയുടെ മരണം വിരല്‍ചൂണ്ടുന്നത്. ആദിവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചു പലപ്പോഴും പുറത്തുവരുന്ന ഔദ്യോഗിക കണക്കുകള്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് ഏറെ വിദൂരമാണെന്നത് ഇപ്പോള്‍ ഒരു രഹസ്യമല്ല. ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും മറ്റും നടത്തുന്ന അഴിമതികള്‍മൂലം അത് അര്‍ഹരിലെത്താതെ പോകുന്നതും ഒട്ടും രഹസ്യമല്ല.

ജീവിതം തള്ളിനീക്കാനാവാതെ വലയുന്ന ആദിവാസികള്‍ക്കിടയില്‍ അതിനെതിരേ സംസാരിച്ചുകൊണ്ട് എത്തിപ്പെടുന്നവരെ പുറംലോകത്തെക്കുറിച്ച് അധികമൊന്നും അറിവില്ലാത്ത ആ പാവങ്ങള്‍ രക്ഷകരായി കരുതുകയും ഒളിത്താവളമൊരുക്കുകയും ചെയ്താല്‍ അതില്‍ ഒട്ടുമില്ല അത്ഭുതം. ജീവിതം വഴിമുട്ടിയ ജനതയ്ക്കു മുന്നില്‍ കലാപമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന മാവോ സൂക്തത്തിലടങ്ങിയ സ്വാഭാവികത മാത്രമാണ് ഇവിടങ്ങളില്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിനു വളമാകുന്നത്. കമ്യൂണിസത്തെക്കുറിച്ചോ സായുധസമരത്തെക്കുറിച്ചോ ബാലപാഠം പോലും പഠിച്ചല്ല ആദിവാസികള്‍ മാവോയിസ്റ്റുകളെ സ്വീകരിക്കുന്നത്.

മാവോയിസ്റ്റുകള്‍ മുന്നോട്ടുവയ്ക്കുന്ന പാരിസ്ഥിതിക വിഷയങ്ങള്‍ കുറച്ചുപേരെയെങ്കിലും ആകര്‍ഷിക്കുന്ന സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടന്നും ഓര്‍ക്കണം. ലാഭക്കൊതിയില്‍ മനുഷ്യത്വം മറന്ന വന്‍കിട വ്യവസായസ്ഥാപനങ്ങളുടെ നിയമം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനവും പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള പുത്തന്‍ വികസനതന്ത്രങ്ങളും നാട്ടിന്‍പുറങ്ങളില്‍ സൃഷ്ടിക്കുന്ന വിനാശങ്ങള്‍ ചെറുതല്ല. ശുദ്ധമായ കുടിവെള്ളംപോലും അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമങ്ങള്‍ കേരളത്തില്‍ ഏറെയാണ്.

അത്തരം സ്ഥലങ്ങളില്‍ നടക്കുന്ന ജനകീയസമരങ്ങളെ മുഖ്യധാരാ രാഷ്ട്രീയം കയ്യൊഴിയുമ്പോള്‍ അവിടെ സാമൂഹ്യപ്രവര്‍ത്തകരുടെയും മറ്റും വേഷഭാവങ്ങളോടെ എത്തിച്ചേരുന്ന മാവോയിസ്റ്റുകള്‍ പറയുന്ന കാര്യങ്ങള്‍ക്ക് നാട്ടുകാര്‍ ചെവികൊടുത്തുപോകുന്നതിലുമില്ല അത്ഭുതം.

സമ്പന്നരുടെ പക്ഷം ചേര്‍ന്നു പാവങ്ങളെ അവഗണിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ തന്നയാണ് പ്രതികൂല സാഹചര്യത്തിലും മാവോയിസത്തിനു വളരാന്‍ മണ്ണൊരുക്കുന്നത്. ഈ യാഥാര്‍ഥ്യം കാണാതെ മാവോയിസ്റ്റ് വേട്ടയ്ക്കായി കോടികള്‍ ചെലവഴിച്ച് തണ്ടര്‍ബോള്‍ട്ട് സേനയെ ഇറക്കി ഗ്രാമങ്ങളിലും ആദിവാസി മഖലകളിലും ഭീതി വിതച്ചതുകൊണ്ടു മാവോയിസത്തെ തുടച്ചുനീക്കാമെന്നു കരുതുന്നതു മൗഢ്യമാണ്.

ആദിവാസികള്‍ക്ക് വിശപ്പില്‍ നിന്നുള്ള മോചനത്തോടൊപ്പം ഭയത്തില്‍നിന്നുള്ള മോചനവും ഭരണകൂടം ഉറപ്പ് നല്‍കേണ്ടതുണ്ട്.മാവോയിസ്റ്റ്കളുടെയും 'ഭീകര' വാദികളുടെയും പേരില്‍ ചെലവഴിക്കുന്ന സംഖ്യയുടെ നാലിലൊരു ഭാഗമെങ്കിലും എടുത്ത് അവര്‍ ഉന്നയിക്കുന്ന പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചാല്‍, അതായിരിക്കില്ലേ , നാടിനും നാട്ടുകാര്‍ക്കും ഭരണകൂടങ്ങള്‍ക്കും ചിതം?
Join WhatsApp News
Justice 2015-05-07 01:57:46
100% correct .who want to grow here ?   Only makesh ambani ?
Rajan Meppurathu 2015-05-07 18:16:32
സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന് അലസത ഉണ്ടായിട്ടുണ്ടെങ്കിലും ആദിവാസികളുടെ ഇന്നത്തെ പ്രധാന പ്രശ്നം ഇതൊന്നുമല്ല. ഇവരെ ശരിക്ക് അറിയാവുന്ന ഒരാളെന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും,ഇന്നത്തെ ഇവരുടെ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് അനിഭാവിക്കാന്‍ കഴിയാത്തത് ആദിവാസികളുടെ നിയന്ത്രണാതീതമായ മദ്യപാനവും മറ്റു ലഹരി ഉപയോഗവുമാണ്. അതില്‍ നിന്ന് കുറച്ചെങ്കിലും അവരെ മോചിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇവരുടെ ജീവിതം പച്ച പിടിക്കുകയുള്ളൂ. ദൈനംദിന ചിലവുകള്‍ക്ക് ഉപയോഗിക്കേണ്ട പണം ആണ്‍ പെണ്‍ ഭേദമില്ലാതെ കുടിച്ചു നശിപ്പിക്കുന്നു! ഇതിനൊരു പരിഹാരം കാണാന്‍ വേണ്ടപ്പെട്ടവര്‍ തയ്യാറാകുമോ? അല്ലെങ്കില്‍ തയ്യാരകണമെന്നു അഭ്യര്‍ത്ഥിക്കുന്നു...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക