Image

"കുരിശേന്തിയ മാര്‍ഡോക്ക്" !!!

ജോസ് കാടാപുറം Published on 10 August, 2011
"കുരിശേന്തിയ മാര്‍ഡോക്ക്" !!!
ലോകത്താകെയുള്ള മാധ്യമ മുതലാളിമാരുടെ സ്വപ്ന പുരുഷനാണ് കീത്ത് റൂപ്പെര്‍ട്ട് മാര്‍ഡോക്ക്. ദക്ഷിണ ഓസ്‌ട്രേലിയായിലെ അഡ്‌ലെയ്ഡില്‍ തന്റെ പിതാവ് നടത്തിയിരുന്ന 'ദ ന്യൂസ്' പത്രം അദ്ദേഹത്തിന്റെ മരണ ശേഷം ഏറ്റെടുത്ത് മാധ്യമലോകത്ത് എളിയ തുടക്കമിട്ട മാര്‍ഡോക്ക് ഈ ലോകത്തിലെ ഏറ്റവും ശക്തനായ മാധ്യമ പ്രമാണിയാണ്…അമേരിക്കയിലെ മൂന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ മാര്‍ ഡോക്കിന്റെ നിര്‍ണ്ണായകമായ ഇടപെടലുണ്ടായിരുന്നു. മാര്‍ഡോക്കിന്റെ 'ഫോക്‌സ് ന്യൂസ്' നെറ്റ് വര്‍ക്കാണ് ജോര്‍ജ് ബുഷിന്റെ സംരക്ഷകനായി തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തെ വിജയിപ്പിച്ചത്. ബ്രിട്ടനില്‍ സര്‍ക്കാറുകളെ സൃഷ്ടിക്കുന്നതും തകര്‍ക്കുന്നതു മാര്‍ഡോക്കാണെന്ന് പറയാറുണ്ട്. ഇദ്ദേഹത്തിന്റെ ന്യൂസ് കോര്‍പ്പറേഷനാണ് ബ്രിട്ടനിലെ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ റോളില്‍ വിലസുന്നത്.

ഇത്രയും സ്വാധീനമുള്ള ഇദ്ദേഹത്തിന്റെ, ഉടമസ്ഥതയിലുള്ള 'ന്യൂസ് ഓഫ് ദ വേള്‍ഡ്' എന്ന പത്രം, ഈ പത്രത്തിനെതിരെ ഉയര്‍ന്ന ഗുരുതരമായ പരാതികളെ തുടര്‍ന്നാണ് ഏതാണ്ട് 26 ലക്ഷം കോപ്പി പ്രചാരമുള്ള 'ന്യൂസ് ഓഫ് ദ വേള്‍ഡ്' മാര്‍ഡോക്ക് അടച്ചു പൂട്ടിയത്. മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന മഞ്ഞപ്പത്ര ശൈലിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് മാനേജ്‌മെന്റ് എഡിറ്റര്‍ ഇയാന്‍ എഡ്മണ്ട്‌സിനെ പുറത്താക്കി മാര്‍ഡോക്ക് പത്രം അടച്ചു പൂട്ടിയത്.. മാത്രമല്ല, ന്യൂസ് റൂമിലെ കുറ്റവാളികളായ ചിലരാണ് ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ സല്‍പേരില്‍ കളങ്കമുണ്ടാക്കിയതെന്ന് മാര്‍ഡോക്ക് പറഞ്ഞെങ്കിലും സത്യമെന്താണ്?!

മാര്‍ഡോക്ക് തന്റെ മാദ്ധ്യമങ്ങളിലൂടെ നടപ്പാക്കിയ ടാബ്ലോയ്ഡ് ജേര്‍ണലിസമെന്ന സ്‌തോഭജനക ഇക്കിളി പത്രപ്രവര്‍ത്തനത്തിന്റെ തിരിച്ചടിയാണ് ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രം മാര്‍ഡോക്കിന് പൂട്ടേണ്ടി വന്നത്…
“യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിക്കുയെന്നതല്ല; താങ്കള്‍ക്ക് എന്താണ് വായനക്കാരെ അറിയിക്കേണ്ടത് അത് അറിയ്ക്കുന്നതാണ്” ടാബ്ലോയ്ഡ് ജേര്‍ണലിസം….ഇതിനായി മൂന്നാംകിട അപവാദ പ്രചാരണങ്ങളെപ്പോലും ആശ്രയിക്കും…. പരിഷ്‌കൃത ലോകം ചെയ്യാന്‍ മടിക്കുന്നത് ഇവര്‍ ചെയ്യും, പക്ഷേ ഇതുമൂലം തകരുന്നത് മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമൂല്യങ്ങളെയാണ്…

ന്യൂസ് ഓഫ് ദി വേള്‍ഡ് പൂട്ടിയതിന്റെ കഥ

168 വര്‍ഷത്തെ പാരമ്പര്യവും 26 ലക്ഷത്തോളം വായനക്കാരും ബ്രിട്ടനിലെ രാഷ്ട്രീയത്തില്‍ അതുല്യമായ സ്വാധീനമുള്ള ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ പത്രാധിപയെ നിയമത്തിന്റെ പിടിയിലേക്ക് കൊടുക്കുകയും, മാര്‍ഡോക്കിന് ബ്രീട്ടീഷ് ജനതയോടൊപ്പം 'എന്റെ പിഴ' 'എന്റെ വലിയ പിഴ' എന്ന് ഏറ്റു പറയേണ്ടി വന്നത് മാത്രമല്ല…ബ്രിട്ടീഷ് സ്‌കെ ബ്രോഡ്കാസ്റ്റിംഗ് എന്ന ബ്രിട്ടനിലെ ടെലിവിഷന്‍ ശൃംഖല അപ്പാടെ വെട്ടിപിടിക്കുന്ന നീക്കത്തില്‍ നിന്നും പിന്‍മാറേണ്ടിയും വന്നു…

2002ല്‍ കാണാതായ ' മില്ലി ഡൗളര്‍ ' എന്ന പെണ്‍കുട്ടിയുടെ കേസ് സ്വന്തമായി അന്വേഷിക്കാന്‍ 'ന്യൂസ് ഓഫ് ദി വേള്‍ഡിലെ' പത്രപ്രവര്‍ത്തകര്‍ പ്രൈവറ്റ് ഡിക്റ്റക്ടീവിനെ ഏര്‍പ്പാടാക്കി.. മില്ലിയുടെ മാതാപിതാക്കള്‍ മക്കള്‍ക്ക് അയച്ച മൊബെല്‍ ഫോണ്‍ സന്ദേശങ്ങള്‍ പത്രപ്രവര്‍ത്തകര്‍ ചോര്‍ത്തി അത് വച്ച്, അനേകം കഥകള്‍ സൃഷ്ടിച്ചു…സൗകര്യത്തിന് വേണ്ടി ചില ശബ്ദസന്ദേശങ്ങള്‍ മായ്ച്ചു കളയാനും മറന്നില്ല….കേസ് അന്വേഷിച്ച് സ്‌കോട്ട്‌ലാന്റ് യാര്‍ഡ് പോലീസിന് തെറ്റായ നിഗമനത്തിലെത്താന്‍ ഇത് കാരണമായി…മാതാപിതാക്കളാണ് മില്ലിയുടെ മരണത്തിന് ഉത്തരവാദികളെന്ന് പത്രങ്ങളിലൂടെ വന്നു…മില്ലി സംഭവത്തില്‍ ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ ഇടപെടല്‍ പുറത്തുവന്നു…പത്രം പൂട്ടിയെന്നു മാത്രമല്ല. കേസിന്റെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുന്ന പോലീസുകാര്‍ അറസ്റ്റിലായി…സര്‍ക്കാര്‍ സംവിധാനങ്ങളും, മാധ്യമ മാഫിയ ബന്ധം പുറത്തു വന്നു…ഇതിനൊക്കെ പുറമെ വായനക്കാരെ ആകര്‍ഷിക്കാന്‍ അഴുക്കുചാലിലൂടെ നീങ്ങുന്ന മാധ്യമ ദുഷ്പ്രവണതയ്‌ക്കെതിരെ ഗൗരവമായ ചര്‍ച്ചകളാണ് ലോകത്തിലെ പൊതുസമൂഹം കൈകൊണ്ടത്….

ഈ അനാശാസ്യവഴികള്‍ നമ്മുടെ കൊച്ചു കേരളത്തിലെ മാധ്യമരംഗത്തും കണ്ടുതുടങ്ങിയതാണ് ഭീതികരമായ മറ്റൊരു കാഴ്ച. രാഷ്ട്രീയ അധികാരവും, മതവും, കൂടെ മാധ്യമ മുതലാളിമാരും ഒന്നിച്ച്, സദാചാരത്തിന്റെയും, മാന്യതയുടെയും, മാനവികതയുടെയും സര്‍വ്വ ചങ്ങലകളും പൊട്ടിച്ചും ഒന്നിക്കുന്ന കാഴ്ച പാവപ്പെട്ട മലയാളിയെ ഭയപ്പെടുത്തുന്നു!!…രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി എതിരാളികളുടെ സ്വഭാവഹത്യ പതിവാക്കി മാറ്റുന്നു കേരളത്തില്‍ !!..

ചാരക്കേസ്സ് നമ്മുടെ മനസ്സില്‍ നിന്നും പോയിട്ടില്ല! സാക്ഷികളെയും ഇരകളെയും കൃത്രിമമായി സൃഷ്ടിച്ച്, കേസ് കെട്ടിച്ചമച്ച്, മാധ്യമങ്ങള്‍ക്ക് ആഘോഷത്തിന് ഇട്ടുകൊടുക്കുന്നു….ഇങ്ങനെ നമുക്ക് എത്രകാലം മുമ്പോട്ട് പോകാന്‍ പറ്റും!!! അപകടകരമായ അവസ്ഥയാണിപ്പോള്‍ കേരളത്തി
ല്‍ ‍, ആരെയും നമ്മുക്ക് കുടുക്കാം…എല്ലാവരുടെയും മനസ്സ് തിന്‍മയുടെതല്ലല്ലോ? അങ്ങേയറ്റം സെന്‍സിറ്റീവ് ആയ സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന ഒരാളെ ഇത്തരം കേസുകളില്‍ കുടുക്കുകയെന്നത് അയാളുടെ പൊതുജീവിതത്തിന്റെയും, കുടുംബജീവിതത്തിന്റെയും അന്ത്യം തന്നെയായി മാറിയേക്കും…സ്വന്തം കൊച്ചുമകളുടെ പ്രായമുള്ള കുരുന്നുകളെ കാമപൂര്‍ത്തിക്ക് ഉപയോഗിക്കുന്ന മുതിര്‍ന്നവരും, മകളെ പലര്‍ക്കായി കാഴ്ചവയ്ക്കുന്ന പിതാക്കന്‍മാരും മദിച്ചു ജീവിക്കുന്ന സമൂഹത്തില്‍ എന്തിനെയും സംശയത്തോടെ കാണാന്‍ സാധാരണ ജനങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തില്‍ എളുപ്പത്തില്‍ ഈ നുണക്കഥകള്‍ നമ്മള്‍ വിശ്വസിക്കും!!!

പി.ജെ.ജോസഫിനെ കുടുക്കാന്‍ പി.സി ജോര്‍ജിന്റെയും ക്രൈം വാരികക്കാരെന്റെയും കെട്ടുകഥയാണ് അവസാനമായി അടുത്തിടെ കേരളത്തിലുണ്ടായ സ്‌തോഭജനകനമായ ഇക്കിളി പത്രപ്രവര്‍ത്തനം…ക്രൈം പോലുള്ള വാരികകള്‍ ഏറ്റുപാടുന്ന മഞ്ഞപത്ര രീതി മുഖ്യധാര മാധ്യമങ്ങളായ മനോരമയും, മാതൃഭൂമിയും, ദീപികയും ( പ്രത്യേകിച്ച് ഇടതുപക്ഷക്കാരെ കുറിച്ചാണെങ്കില്‍ ) ഏറ്റുപാടുമ്പോള്‍ കേരളത്തിലെ മാധ്യമരംഗം പോകുന്ന വഴി നമ്മുക്ക് ചിന്തിക്കാവുന്നതെ ഉള്ളൂ!! ഇവിടെ മാര്‍ഡോക്ക് കുറ്റം ഏറ്റു പറഞ്ഞു… എത്ര മഹത്തരം! എന്നാല്‍ കേരളത്തിലെ മാധ്യമ നടത്തിപ്പുകാര്‍ മാര്‍ഡോക്കിനെ പിന്തുടര്‍ന്ന് ക്ഷമ ചോദിക്കേണ്ട സമയം എപ്പോഴെ കഴിഞ്ഞൂ…അഭിമാനിക്കാവുന്ന ഒരു കാര്യം ഈ ലേഖകന്‍ ഉള്‍പ്പെടുന്ന അമേരിക്കന്‍ മലയാളി മാധ്യമ കൂട്ടായ്ക്കുണ്ട്…ന്യൂയോര്‍ക്കിലും പരിസരത്തും ചെളിചീറ്റി പറന്നു വന്ന പരദൂഷണ കൊടുക്കാറ്റിനെ 'വിഷം ചീറ്റുന്ന പാമ്പുകളെന്ന്' അന്വേഷണ വാര്‍ത്താലേഖനത്തിലൂടെ തടഞ്ഞുനിര്‍ത്തി…പരദൂഷണ വാര്‍ത്ത ഒരു പക്ഷേ ദേവാലയ കുശിനിയിലെ കൂട്ടായ്മയില്‍ നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും കൂട്ടായ്മ കള്ളുകുടി സങ്കേതങ്ങളില്‍ നിന്നോ എവിടെ നിന്നുമാകട്ടെ ജോര്‍ജ് ജോസഫിന്റെ തൂലികയില്‍ നിന്ന് വന്ന ഈ ലേഖനത്തിലൂടെയാണ് വിരാമം കണ്ടത്…നാലുപേര്‍ കൂടുമ്പോള്‍ അന്യന്റെ കുറ്റം പറയാതിരിക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എത്ര വലിയ മാര്‍ഡോക്കാണെങ്കിലും ഒരു നാള്‍ എന്റെ പിഴ എന്റെ വലിയ പിഴ എന്ന് ഏറ്റുപറയേണ്ടിവരും!!!.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക