സൗത്ത് ഫ്ളോറിഡ: മലങ്കര ആര്‍ച്ച് ഡയോസിസിലെ സൗത്ത് ഫ്ളോറിഡ സെന്റ് മേരീസ്
സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയാംഗം ജോഷ് തോമസിന് ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ
യല്‍ദോ മോര് തീത്തോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് വൈദീകശുശ്രൂഷയുടെ
പ്രഥമപടിയായ കോറൂയോ സ്ഥാനം നല്കി. ജൂലൈ 16-ന് ശനിയാഴ്ച നടന്ന പട്ടംകൊട
ശുശ്രൂഷയില്‍ ജോസഫ് സി. ജോസഫ് കോര്‍എപ്പിസ്കോപ്പ, റവ.ഫാ. പി.ജി വര്‍ഗീസ്,
റവ.ഫാ. മാത്യു തോമസ്, റവ.ഫാ. ദിലീഷ് ഏലിയാസ്, റവ.ഫാ. വര്‍ഗീസ് പോള്‍, ഇടവക
വികാരി റവ.ഫാ. പി.സി. കുര്യാക്കോസ്, ഡീക്കന്‍ മാര്ട്ടിന് ബാബു, ഡീക്കന്‍ ഷോണ്‍,
ഡീക്കന്‍ സുബിന് ഷാജി എന്നിവര്‍ പങ്കെടുത്തു. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍,
ഭക്തസംഘടനാ ഭാരവാഹികള്‍, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍, വിശ്വാസി സമൂഹം
എന്നിവര്‍ ആത്മീയ ശുശ്രൂഷയില്‍ പ്രാര്‍ത്ഥനാനിരതരായി പങ്കുചേര്‍ന്നു.
നവാഭിഷിക്തനായ ശെമ്മാശനെ അനുമോദിക്കുവാന്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍
ആര്‍ച്ച് ബിഷപ്പ് മോര് തീത്തോസ് അധ്യക്ഷതവഹിച്ചു. യുവജനങ്ങള്‍ ആത്മീയശുശ്രൂഷാ
മേഖലയിലേക്ക് കടുന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചൂണ്ടിക്കാട്ടിക്കൊണ്ട്
മലങ്കര ആര്‍ച്ച് ഡയോസിസില്‍ നിരവധി യുവാക്കള്‍ ശുശ്രൂഷാ രംഗത്തേക്ക്
കടന്നുവരുന്നതില്‍ മെത്രാപ്പോലീത്ത സംതൃപ്തി രേഖപ്പെടുത്തി.
വേദശാസ്ത്രപഠനത്തില്‍ ഊന്നല്‍ നല്‍കാനും, സഭയുടെ വരുംതലമുറയെ
വാര്‍ത്തെടുക്കുന്നതില്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കാനും കഴിയട്ടെ എന്ന്
ആര്‍ച്ച് ബിഷപ്പ് ആശംസിച്ചു. റെജി പോള്‍, ജോയല്‍ മധുകാര്‍ (ഇന്തോ- അമേരിക്കന്‍
ക്രിസ്ത്യന്‍ ചില്‍ഡ്രന്‍സ് ഓഫ് ഷിക്കാഗോ), റവ.ഫാ. മാത്യു തോമസ് (അരികുപുറം
കുടുംബപ്രതിനിധി), ഡോ. സണ്ണി തോമസ് (ഗോഡ് ഫാദര്‍), ജോസഫ് കോര്‍എപ്പിസ്കോപ്പ,
ഡോ. ജോണ്‍ മാത്യു, ധന്യ പീറ്റര്‍ എന്നിവര്‍ ആശംസാ സന്ദേശം നല്കി. ഇടവക വികാരി
റവ.ഫാ. പി.സി. കുര്യാക്കോസ് സ്വാഗതവും, വൈസ് പ്രസിഡന്റ് ജോളി പൈലി കൃതജ്ഞതയും
രേഖപ്പെടുത്തി. സാലി സജില്‍, ആഷ്ലി, ദിവ്യ എന്നിവരുടെ ഗാനലാപനം ചടങ്ങിനെ
സംഗീതസാന്ദ്രമാക്കി. ഡീക്കന്‍ ജോഷ് തോമസ് മറുപടി പ്രസംഗം നടത്തിക്കൊണ്ട് നന്ദി
പ്രകാശിപ്പിച്ചു.
എറണാകുളം ജില്ലയിലെ മണ്ണൂര്‍ കീഴില്ലം അരികുപുറത്ത്
കുടുംബാംഗം ജോണ്‍ (ബ്ലസ്സന്) തോമസിന്റേയും ഷേര്‍ളിയുടേയും പുത്രനാണ് ഡീക്കന്‍
ജോഷ്. ജ്യോതി തോമസ്, ജോനാഥന് തോമസ് എന്നിവര്‍ സഹോദരങ്ങളാണ്.
ബിജു
ചെറിയാന് (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച് ഡയോസിസ്)
അറിയിച്ചതാണിത്.