Image

ഉള്‍പാര്‍ട്ടി പോരോ, വിവാദങ്ങളോ, എവിടെയാണ്‌ ഇടതുപക്ഷത്തിന്‌ പിഴക്കുന്നത്‌?

Published on 12 August, 2011
ഉള്‍പാര്‍ട്ടി പോരോ, വിവാദങ്ങളോ, എവിടെയാണ്‌ ഇടതുപക്ഷത്തിന്‌ പിഴക്കുന്നത്‌?
എത്രത്തോളം ആത്മര്‍ഥതയുണ്ടെന്ന്‌ സംശയിക്കേണ്ടതുണ്ടെങ്കിലും ഏറെ പക്വതാപരമായ ഒത്തൊരുമയാണ്‌ ഭരണപക്ഷത്തെ ഘടകകക്ഷികള്‍ തമ്മില്‍. എന്നാല്‍ ഭരണപക്ഷത്തേക്കാള്‍ ഒരുമ കാണിക്കേണ്ട ഇടതുപക്ഷത്തിന്‌ അവസരങ്ങളില്‍ പിഴക്കുന്ന കാഴ്‌ചയാണ്‌ കേരളരാഷ്‌ട്രീയം ഇപ്പോള്‍ കാണുന്നത്‌. ഭരണപക്ഷത്തിനെതിരെ വിമര്‍ശനങ്ങളും തിരുത്തലുകളും ഉന്നയിക്കുമ്പോള്‍ പോലും മുന്നണിക്കുള്ളിലും പാര്‍ട്ടിക്കുള്ളിലും ശരിയായ ആശയ വിനിമയം നടത്താന്‍ ഇടതുപക്ഷത്തിലെ പ്രധാന പാര്‍ട്ടിയായ സി.പി.എമ്മിന്‌ കഴിയുന്നില്ല. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പില്‍ നേടിയ ഇമേജ്‌ നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിന്‌ സമീപ ദിവസങ്ങളിലൊന്നുമായില്ല. പാര്‍ട്ടി സമ്മേളനം മുന്നില്‍ കണ്ടുകൊണ്ടുള്ള മൂന്നാംകിട ഗ്രൂപ്പിസത്തിലേക്ക്‌ സി.പി.എമ്മിലെ ഉള്‍പ്പാട്ടിപ്പോര്‍ കടന്നിരിക്കുന്നു. ഇനി രണ്ടു ദിവസത്തേക്ക്‌ നടക്കുന്ന സി.പി.എം സംസ്ഥാ സമതിയോഗത്തില്‍ ഗ്രൂപ്പിസം എല്ലാ മറയും നീക്കി പുറത്തുവരുമെന്ന്‌ ഉറപ്പായിരിക്കുന്നു. ഡിസംബറില്‍ പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കുമെന്നതിനാല്‍ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വത്തേക്കാള്‍ സി.പി.എം ശ്രദ്ധിക്കുന്നത്‌ ഗ്രൂപ്പുകളുടെ ശക്തിപ്രകടനങ്ങളാണ്‌. ഇടതുമുന്നണിക്ക്‌ പിഴക്കുന്നതും പ്രതിപക്ഷം തളരുന്നതും സി.പി.എമ്മിന്റെ ഈ ഗ്രൂപ്പു വഴക്കുകള്‍ കൊണ്ടു തന്നെ.

വിവാദമായ പാമോയില്‍ കേസിലെ കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കാന്‍, അതുവഴി ഭരണപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ വീണുകിട്ടിയ അവസരം കോടിയേരിയുടെ എടുത്തുചാട്ടം കൊണ്ട്‌ ഇടതുപക്ഷം നഷ്‌ടപ്പെടുത്തിയെന്നത്‌ വാസ്‌തവമാണ്‌. എന്നാല്‍ പാമോയില്‍ വിവാദം ഇപ്പോള്‍ സി.പി.എമ്മം മറന്ന മട്ടാണ്‌. കോടിയേരിയുടെ വീഴ്‌ച ഉയര്‍ത്തിക്കാട്ടന്‍ വി.എസ്‌ ഗ്രൂപ്പും, കോടിയേരിയെ രക്ഷിക്കാന്‍ ഔദ്യോഗിക പക്ഷവും ശ്രമിക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌.

ഭരണപക്ഷത്തിനെ തിരുത്തേണ്ട അവസരത്തില്‍ പോലും സി.പി.എം ഗ്രൂപ്പ്‌ വഴക്കിനാണോ പ്രാമുഖ്യം നല്‍കുന്നതെന്ന്‌ സി.പി.ഐ ഇടതുമുന്നണി യോഗത്തില്‍ ആക്ഷേപം ഉന്നയിച്ചത്‌ ഈ അവസരത്തില്‍ ഏറെ ശ്രദ്ധേയം തന്നെ.

പാര്‍ട്ടി സമ്മേളനം അടുത്തതോടെ തുറന്ന ഗ്രൂപ്പു പോരാട്ടത്തിലേക്ക്‌ സി.പി.എം വഴുതി വീണിരിക്കുന്നു എന്നത്‌ തന്നെയാണ്‌ ഇപ്പോഴത്തെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്‌. കോടിയേരിയുടെ വീഴ്‌ച കേന്ദ്രകമ്മറ്റിയുടെ ശ്രദ്ധയില്‍ പെടുത്താനുള്ള ശ്രമത്തിലാണ്‌ വി.എസ്‌ അച്യുതാനന്ദന്‍. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ കോടിയേരിക്ക്‌ പിഴവ്‌ പറ്റിയെന്ന്‌ തുറന്നടിക്കാന്‍ വി.എസിനെ പ്രേരിപ്പിച്ചതും ഇതു തന്നെ. കോടിയേരിയുടെ പിഴവ്‌ ഒരു ചര്‍ച്ച വിഷയമാക്കി മാറ്റാനാണ്‌ വി.എസ്‌ ഗ്രൂപ്പ്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

കോടതിപരാമര്‍ശം വന്നയുടനെ മുഖ്യമന്ത്രി വിജിലന്‍സ്‌ വകുപ്പ്‌ ഒഴിയണമെന്ന്‌ കോടിയേരി ആവശ്യപ്പെട്ടപ്പെട്ടതിനു പിന്നാലെ വി.എസ്‌ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി സ്ഥാനം തന്നെ രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇടതുപക്ഷത്തു നിന്നും ആദ്യമുണ്ടായ പ്രതികരണത്തില്‍ വിജിലന്‍സ്‌ ഒഴിയണമെന്ന്‌ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു എന്നത്‌ ഭരണപക്ഷത്തിന്‌ ധൈര്യം നല്‍കുകയായിരുന്നു. വിജിലന്‍സ്‌ വകുപ്പ്‌ മാത്രം ഒഴിഞ്ഞ്‌ ഭരണപക്ഷം മുഖം രക്ഷിച്ചു. ഔദ്യോഗിക പക്ഷത്തെ തളര്‍ത്താന്‍ കാത്തിരുന്ന വി.എസിന്‌ ഇത്‌ വീണു കിട്ടിയ അവസരമായി.

ഒപ്പം വളരെ തന്ത്രപരമായ ഒരു നീക്കം കൂടി വി.എസിന്റെ ഭാഗത്തു നിന്നുമുണ്ടായി. ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരെ താന്‍ സന്ദര്‍ശിച്ചത്‌ വിവാദമാക്കാനുള്ള ഔദ്യോഗികപക്ഷത്തിന്റെ എല്ലാ നീക്കങ്ങളും ഒരു പത്രസമ്മേളനം കൊണ്ട്‌ വി.എസ്‌ പ്രതിരോധിച്ചു. മുന്നണി യോഗത്തിനിടയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പിണറായിയെ ബെര്‍ലിന്‍ വിമര്‍ശിച്ചത്‌ തെറ്റായിപ്പോയെന്ന്‌ വി.എസ്‌ അഭിപ്രായപ്പെടുക മാത്രമല്ല പാര്‍ട്ടിക്കെതിരെയുള്ള ബെര്‍ലിന്റെ പരാമര്‍ശനങ്ങളെ വിമര്‍ശിക്കുകയും ചെയ്‌തു. വി.എസില്‍ നിന്നും ഇത്തരമൊരു നീക്കം ഒരിക്കലും പിണറായി പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ച വിഷയം ഉന്നയിച്ച്‌ വി.എസിനെ പ്രതിരോധിക്കാന്‍ ഇനി ഔദ്യോഗിക പക്ഷത്തിന്‌ കഴിയില്ല. ബെര്‍ലിന്‍ വിഷയം കേന്ദ്രകമ്മറ്റിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഔദ്യോഗിക പക്ഷം തയാറെടുക്കുമ്പോഴാണ്‌ വി.എസ്‌ ഔദ്യോഗിക പക്ഷത്തെ പോലും ഞെട്ടിച്ചു കൊണ്ട്‌ ബെര്‍ലിനെ വിമര്‍ശിച്ചത്‌. ഒപ്പം അസുഖമായി കിടക്കുന്ന ഒരാളെ സന്ദര്‍ശിക്കുന്നത്‌ പാര്‍ട്ടി എതിരല്ലെന്നും വി.എസ്‌ പറഞ്ഞു വെച്ചു.

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സിപിഎം സംസ്ഥാന സമതിയോഗത്തില്‍ ബെര്‍ലിന്‍ വിഷയം ചര്‍ച്ചക്ക്‌ വരുമെന്ന്‌ മുന്‍കൂട്ടി കണ്ടാണ്‌ വി.എസ്‌ സ്വയമൊരു രക്ഷാകവചം ഒരുക്കിയത്‌. ഒപ്പം സംസ്ഥാന സമതിയില്‍ കോടിയേരിക്കെതിരെ ആഞ്ഞടിക്കാനുള്ള എല്ലാ സാഹചര്യങ്ങളും വി.എസ്‌ ഇതിനകം ഒരുക്കുകയും ചെയ്‌തു.

പിണറായിക്കു ശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനം കല്‍പിക്കപ്പെടുന്ന കോടിയേരിയെ ഒതുക്കാനുള്ള തന്ത്രങ്ങളാണ്‌ വി.എസ്‌ ഇപ്പോള്‍ നടത്തുന്നത്‌. എന്നാല്‍ ഇത്‌ മൊത്തത്തില്‍ പ്രതിപക്ഷത്തിന്റെ കരുത്ത്‌ ഇല്ലാതാക്കുകയാണ്‌ ചെയ്യുന്നത്‌. നിയമസഭക്കുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ട്‌ പോലും സി.പി.എമ്മിന്‌ കോണ്‍ഗ്രസിനെതിരെ തന്ത്രപരമായി നീങ്ങാന്‍ കഴിയുന്നില്ല എന്നത്‌ കടുത്ത വിഭാഗീയതയുടെ സൂചനയാണ്‌. ഉമ്മന്‍ചാണ്ടിക്കെതിരെ പ്രസ്‌താവകളിറക്കുമ്പോള്‍ വി.എസും കോടിയേരിയും തമ്മില്‍ യാതൊരു ആശയവിനിമയങ്ങളുമുണ്ടായിട്ടില്ലെന്നത്‌ പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്‌മ തന്നെയാണ്‌ കാണിക്കുന്നത്‌. സിപിഎം സെക്രട്ടറി പിണറായി വിജയനാകട്ടെ കോടിയേരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും ഘടകകക്ഷിക്കള്‍ക്ക്‌ മുമ്പില്‍ കോടിയേരി ന്യായികരിക്കുന്നതില്‍ പൂര്‍ണ്ണമായി വിജയിച്ചിട്ടില്ല. സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ അതൃപ്‌തി ഒട്ടൊന്നുമല്ല പിണറായിയെ വലക്കുന്നത്‌.

ജില്ലാകമ്മറ്റികളില്‍ ഇപ്പോഴും ഔദ്യോഗിക പക്ഷത്തിനു തന്നെയാണ്‌ മേല്‍ക്കൈ. പക്ഷെ എല്ലായിടത്തും അപ്രതീക്ഷിതമായി വി.എസ്‌ പക്ഷം പിടിമുറുക്കുന്നത്‌ ഔദ്യോഗിക പക്ഷത്തെ അമ്പരപ്പിച്ചു കഴിഞ്ഞു. വളഞ്ഞ വഴിയിലൂടെയാണെന്ന്‌ കടുത്ത ആക്ഷേപം നിലനില്‍ക്കുമ്പോഴും എറണാകുളം ജില്ലാകമ്മറ്റിയില്‍ ഔദ്യോഗിക പക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ വി.എസ്‌ പക്ഷത്തിന്‌ കഴിഞ്ഞു. പിണറായിക്കൊപ്പമായിരുന്ന കോട്ടയം ജില്ലാകമ്മറ്റിയും ഇപ്പോള്‍ വി.എസിനോട്‌ ആഭിമുഖ്യം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. കാസര്‍ഗോഡ്‌ വി.എസ്‌ അനുകൂല പ്രകടനങ്ങള്‍ നടത്തിയവര്‍ക്കെതിരെയുള്ള ഔദ്യോഗിക പക്ഷത്തിന്റെ നടപടി ബ്രാഞ്ച്‌ കമ്മറ്റി യോഗങ്ങള്‍ വൈകിപ്പിച്ചു കൊണ്ട്‌ വി.എസ്‌ പക്ഷം ചെറുത്തുനില്‍ക്കുന്നുണ്ട്‌.

സിപിഎമ്മില്‍ ബ്രാഞ്ച്‌ തലത്തില്‍ നിന്നു തുടങ്ങി സംസ്ഥാന സെക്രട്ടറിയേറ്റ്‌ വരെ അടിമുടി ഗ്രൂപ്പിസത്തില്‍ മുങ്ങിനില്‍ക്കുന്നുവെന്ന്‌ തന്നെയാണ്‌ ഇതെല്ലാം സൂചിപ്പിക്കുന്നത്‌. പ്രതിപക്ഷനേതാവിന്റെ ഭവനസന്ദര്‍ശനവും പാര്‍ട്ടി സെക്രട്ടറിയുടെ മകളുടെ വിവാഹക്ഷണങ്ങളും വരെ വിവാദമാക്കാന്‍ വെമ്പുന്ന ഒരു രാഷ്‌ട്രീയ കക്ഷിയായി സിപി.എം മാറിയിരിക്കുന്നു. ഇത്‌ മൊത്തത്തില്‍ തളര്‍ത്തുന്നത്‌ ഇടതുപക്ഷത്തെയാണ്‌. ഏറ്റവും വലിയ കക്ഷിയായി എപ്പോഴും ഇടതുപക്ഷത്തെ നിയമസഭക്കുള്ളിലും പുറത്തും നയിക്കേണ്ട സിപിഎമ്മിലെ പടലപ്പിണക്കം ഘടകകക്ഷികളെക്കൂടി ആശയക്കുഴപ്പത്തിലാക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോഴുള്ളത്‌. പ്രതിപക്ഷത്തിന്റെ വീഴ്‌ചകള്‍ ഭരണപക്ഷത്തെ രക്ഷിക്കുന്ന സംഭവം ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പിലും ഇപ്പോള്‍ പാമോയില്‍ വിവാദത്തിലും തുടര്‍ക്കഥയായിരിക്കുന്നു. ഇവിടെയാണ്‌ തങ്ങള്‍ക്ക്‌ പിഴവു പറ്റുന്നുവെന്നത്‌ ഇടതുപക്ഷം തിരിച്ചറിയേണ്ടത്‌. അതുകൊണ്ടു തന്നെ നിയമസഭാകാര്യങ്ങളിലെങ്കിലും ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലയില്‍ ഗ്രൂപ്പിസം മറക്കാന്‍ തീര്‍ച്ചയായും സിപിഎം തയാറായെ മതിയാവു. അങ്ങനെയുണ്ടാവുന്നില്ലെങ്കില്‍ വല്യേട്ടനെ തിരുത്താനുള്ള തന്റേടം മുന്നണിയിലെ മറ്റു കക്ഷികള്‍ കാണിക്കേണ്ടതുണ്ട്‌.
ഉള്‍പാര്‍ട്ടി പോരോ, വിവാദങ്ങളോ, എവിടെയാണ്‌ ഇടതുപക്ഷത്തിന്‌ പിഴക്കുന്നത്‌?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക