Image

ഷിക്കാഗോ സാഹിത്യവേദിയില്‍ പുസ്‌തക പ്രകാശനവും ജോണ്‍ പട്ടാര്‍കുഴിക്ക്‌ സ്വീകരണവും

ജോയിച്ചന്‍ പുതുക്കുളം Published on 13 August, 2011
ഷിക്കാഗോ സാഹിത്യവേദിയില്‍ പുസ്‌തക പ്രകാശനവും ജോണ്‍ പട്ടാര്‍കുഴിക്ക്‌ സ്വീകരണവും
ഷിക്കാഗോ: ഓഗസ്റ്റ്‌ അഞ്ചാംതീയതി നടന്ന ഷിക്കാഗോ സാഹിത്യവേദിയുടെ 156-മത്‌ കൂട്ടായ്‌മ ശ്രദ്ധേയമായ രണ്ട്‌ ചടങ്ങുകള്‍ക്ക്‌ സാക്ഷ്യംവഹിച്ചു. കര്‍മ്മവഴികളില്‍ അക്ഷരപുണ്യം വിതറിയ ഒരു മുന്‍ അധ്യാപികയുടെ ഓര്‍മ്മക്കുറിപ്പുകളുടെ അമേരിക്കന്‍ മണ്ണിലെ പ്രകാശനവും, അവാര്‍ഡിന്റെ തിളക്കവുമായി അക്ഷരവഴികളിലൂടെ നര്‍മ്മം വിതറി മുന്നേറുന്ന സഹപ്രവര്‍ത്തകനുള്ള സ്വീകരണവുമായിരുന്നു ഇത്തവണത്തെ സാഹിത്യവേദിയുടെ പ്രത്യേകത.

ശതാബ്‌ദി ആഘോഷിക്കുന്ന കോട്ടയം അതിരൂപത, സമുദായാംഗങ്ങളിലെ മികച്ച സാഹിത്യകാരന്മാര്‍ക്ക്‌ ഏര്‍പ്പെടുത്തിയ അവാര്‍ഡുകളിലൊന്ന്‌ കരസ്ഥമാക്കിയത്‌ ഷിക്കാഗോ സാഹിത്യവേദി അംഗവും പ്രശസ്‌ത പ്രവാസി നര്‍മ്മ സാഹിത്യകാരനുമായ ജോണ്‍ പട്ടാര്‍കുഴിയായിരുന്നു. കോട്ടയം ജില്ലയിലെ കൂടല്ലൂര്‍ സ്വദേശിയായ പട്ടാര്‍കുഴി അമേരിക്കന്‍ ആനുകാലികങ്ങളില്‍ നര്‍മ്മരസപ്രദാനമായ അനവധി നര്‍മ്മലേഖനങ്ങളും, കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

അനുവാചക പ്രശംസ ആവോളം കരസ്ഥമാക്കിയ `അളിയന്‍ അമേരിക്കയില്‍', `കുഞ്ഞുവര്‍ക്കി പ്രസിഡന്റായി' എന്നീ കൃതികള്‍ക്കുശേഷം, സാഹിത്യ സ്‌നേഹികള്‍ക്കായി ഏറ്റവും ഒടുവില്‍ അദ്ദേഹം തയാറാക്കിയ ഗ്രന്ഥമാണ്‌ `സുന്ദരീ ഒന്നൊരുങ്ങിവാ.' ചെറിയൊരു ഇടവേളയ്‌ക്കുശേഷം അമേരിക്കയില്‍ മടങ്ങിയെത്തിയ പട്ടാര്‍കുഴിക്ക്‌ സാഹിത്യ വേദിയിലെ സഹപ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണം നല്‍കി. ലാനാ ജോയിന്റ്‌ സെക്രട്ടറിയും, ചെറുകഥാകൃത്തുമായ ഷാജന്‍ ആനിത്തോട്ടം അവാര്‍ഡ്‌ ജേതാവിനെ അനുമോദിച്ച്‌ പ്രസംഗിച്ചു.

ഇത്തവണത്തെ സാഹിത്യവേദിയില്‍ പ്രബന്ധം അവതരിപ്പിച്ച്‌ സംസാരിച്ചത്‌ മലയാള സാഹിത്യലോകത്തേക്ക്‌ സ്വന്തം അനുഭവങ്ങളുടെ തീച്ചൂളയില്‍ കടഞ്ഞെടുത്ത സര്‍വ്വീസ്‌ കഥകളുടെ സമാഹാരവുമായെത്തിയ ശ്രീമതി സി.കെ. രാജം എന്ന ഹെഡ്‌മിസ്‌ട്രസായിരുന്നു. മൂന്നു പതിറ്റാണ്ടിലേറെ അധ്യാപികയായും, അമ്മയായും ജീവിച്ച്‌ ഒടുവില്‍ കൊച്ചിയ്‌ക്കടുത്ത്‌ പള്ളുരുത്തി എസ്‌.ഡി.പി.വൈ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസായി വിരമിച്ച രാജം ടീച്ചര്‍, തന്റെ സര്‍വ്വീസ്‌ കാലത്തെ അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍ `ഏച്ചമ്മ' എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ കൈരളിക്ക്‌ ലഭിച്ചത്‌ അസുലഭമായൊരു അത്മകാവ്യമായിരുന്നു.

ചുട്ടുപഴുത്ത ജീവിതാനുഭവങ്ങള്‍ അക്ഷരരൂപത്തില്‍ കോറിയിട്ടപ്പോള്‍ പതിറ്റാണ്ടുകള്‍ ഈ മുന്‍ അധ്യാപിക അനുഭവിച്ച നൊമ്പരങ്ങള്‍ അക്ഷരസ്‌നേഹികളുടെ ഹൃദയങ്ങളിലും വേദനയുടെ നെരിപ്പോടുകള്‍ എരിയിച്ചു. അധ്യാപികയെന്ന നിലയില്‍ ഒതുങ്ങാതെ അമ്മയുടെ മഹത്വത്തിലേക്കുയര്‍ന്നുകൊണ്ട്‌ കുഞ്ഞുമനസുകളില്‍ അറിവിന്റേയും വത്സല്യത്തിന്റേയും നറുതേന്‍ പകര്‍ന്ന്‌ നന്മയുടെ പ്രകാശഗോപുരമായി തിളങ്ങിയ അവര്‍ `ഏച്ചമ്മ' എന്ന്‌ സ്‌നേഹപൂര്‍വ്വം വിളിക്കപ്പെട്ടത്‌ സ്വാഭാവികം. മകന്റെ കുട്ടികളുടെ `അച്ചമ്മ'യായി ഇപ്പോള്‍ ഷിക്കാഗോയില്‍ വിശ്രമജീവിതം നയിക്കുന്ന അവരുടെ പുസ്‌തക രൂപത്തിലാക്കിയ ജീവിതാനുഭവങ്ങളുടെ അമേരിക്കയിലെ പ്രകാശനകര്‍മ്മം സാഹിത്യ വേദിയില്‍ വെച്ച്‌ നടത്തി.

സാഹിത്യവേദി ജനറല്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ സി. ഇലക്കാട്‌, ജോണ്‍ പട്ടാര്‍കുഴിക്ക്‌ പുസ്‌തകത്തിന്റെ ഒരു പ്രതി നല്‍കിക്കൊണ്ട്‌ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. പ്രശസ്‌ത കവി ചാക്കോ ഇട്ടിച്ചെറിയ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. പ്രമുഖ എഴുത്തുകാരന്‍ ശ്രീധരന്‍ കര്‍ത്താ കൃതജ്ഞതാ പ്രസംഗം നടത്തി. കുര്യാക്കോസ്‌ - അന്നമ്മ ദമ്പതികള്‍ തയാറാക്കിയ സ്‌നേഹവിരുന്നോടെ സാഹിത്യ കൂട്ടായ്‌മ സമാപിച്ചു.

അടുത്ത സാഹിത്യവേദി സെപ്‌റ്റംബര്‍ രണ്ടാം തീയതി വെള്ളിയാഴ്‌ച മൗണ്ട്‌ പ്രൊസ്‌പക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌ വൈകിട്ട്‌ ആറുമണിക്ക്‌ നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ജോണ്‍ സി. ഇലക്കാട്ട്‌ (773 272 1842).
ഷിക്കാഗോ സാഹിത്യവേദിയില്‍ പുസ്‌തക പ്രകാശനവും ജോണ്‍ പട്ടാര്‍കുഴിക്ക്‌ സ്വീകരണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക