Image

ടാക്‌സ്‌ : അങ്കിള്‍സാമിനുള്ളത്‌ അങ്കിള്‍സാമിന്‌ കൊടുത്തേ പറ്റൂ

Published on 14 August, 2011
ടാക്‌സ്‌ : അങ്കിള്‍സാമിനുള്ളത്‌ അങ്കിള്‍സാമിന്‌ കൊടുത്തേ പറ്റൂ
ന്യൂയോര്‍ക്ക്‌: വിദേശത്തെ വരുമാനം മാത്രമല്ല സ്വത്തുക്കളും ഒരുപക്ഷേ അമേരിക്കയിലെ ടാക്‌സ്‌ നിയമങ്ങള്‍ക്ക്‌ വിധേയമായിരിക്കാം. വലിയ വരുമാനവും ധാരാളം സ്വത്തുക്കളും വിദേശത്ത്‌ ഇല്ലാത്തവരെയും അങ്കിള്‍സാം ടാക്‌സില്‍ നിന്ന്‌ ഒഴിവാക്കണമെന്നില്ല.

വിദേശ വരുമാനം ഇന്റേണല്‍ റവന്യൂ സര്‍വീസിനെ (ഐ.ആര്‍.എസ്‌) സ്വമേധയാ അറിയിക്കാനുളള ഓഫ്‌ഷോര്‍ വോളന്ററി ഡിസ്‌ക്ലോഷര്‍ ഇനിഷ്യേറ്റീവ്‌ ഈ മാസം 31 ന്‌ അവസാനിക്കുന്ന പശ്‌ചാത്തലത്തിലാണ്‌ ടാക്‌സ്‌ കാര്യങ്ങള്‍ പെട്ടെന്ന്‌ ചര്‍ച്ചാ വിഷയമായത്‌.

വിദേശ വരുമാനം സ്വമേധയാ അറിയിക്കാനുളള കാലപരിധി അടുത്തവര്‍ഷം ഡിസംബര്‍ 31 വരെ നീട്ടണമെന്ന്‌ വിവിധ ഇന്ത്യന്‍ സംഘടനകള്‍ പ്രസിഡന്റ്‌ബറാക്‌ ഒബാമയോട്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌.

എല്ലാവരും നിയമം അനുസരിക്കുകയും ടാക്‌സ്‌ കൃത്യമായി അടക്കുകയും ചെയ്യണമെന്നു തന്നെയാണ്‌ തങ്ങളുടെ അഭിപ്രായം. തങ്ങള്‍ പ്രത്യേക ആനുകൂല്യങ്ങളൊന്നും ആവശ്യപ്പെടുന്നില്ല; ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) ചെയര്‍മാന്‍ ഇന്ദര്‍സിംഗ്‌ പറഞ്ഞു. അതേസമയം ഈ പ്രോഗ്രാമിലെ പല അപാകതകളും ഗോപിയോ എടുത്തുകാട്ടി. ഒന്നാമത്തേത്‌ ഇങ്ങനെയൊരു പ്രോഗ്രാം ഉണ്ടെന്ന കാര്യം ഇന്ത്യന്‍ സമൂഹത്തില്‍ ഐ.ആര്‍.എസ്‌ വേണ്ടവിധം പരസ്യപ്പെടുത്തിയിട്ടില്ല എന്നതാണ്‌. അതുപോലെ തന്നെ ഇന്ത്യയിലെ വരുമാനത്തില്‍ ഇന്ത്യയില്‍ തന്നെ ടാക്‌സ്‌ കൊടുക്കുന്നതിനാല്‍ ഇവിടെ അത്‌ ടാക്‌സ്‌ റിട്ടേണില്‍ അറിയിക്കണമെന്ന കാര്യവും മിക്കവര്‍ക്കും അറിയില്ലായിരുന്നു. അതിനു പുറമെ സ്വമേധയാ കണക്കു കൊടുത്താലും വന്‍തുകയാണ്‌ പിഴയായി ഈടാക്കുന്നത്‌. ഇത്‌ അധാര്‍മ്മികമാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

സ്വമേധയാ കണക്ക്‌ കൊടുക്കാതെ വരുമാനം ഐ.ആര്‍.എസ്‌ കണ്ടെത്തിയാല്‍ പിഴ കടുത്തതായിരിക്കുമെന്നു മാത്രമല്ല ജയിലില്‍ പോകേണ്ടിയും വന്നേക്കാമെന്നും മറക്കേണ്ട.

ഐ.ആര്‍.എസ്‌ ആദ്യമായി ലക്ഷ്യമിട്ടിരിക്കുന്നത്‌ എച്ച്‌.എസ്‌.ബി.സി ബാങ്കില്‍ നിക്ഷേപമുളളവരെയാണ്‌. എന്‍.ആര്‍.ഐകള്‍ക്കായി ബാങ്ക്‌ ഒരു പ്രത്യേക നിക്ഷേപ പരിപാടി നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. ആ നിക്ഷേപം ഇവിടെ അറിയിക്കേണ്ടതില്ലെന്ന ധാരണയായിരുന്നു പൊതുവെ നല്‍കിയിരുന്നത്‌.

എന്നാല്‍ ബാങ്കില്‍ 10000 ഡോളറില്‍ കൂടുതല്‍ നിക്ഷേപമുളളവരുടെ വിവരം നല്‍കാന്‍ ഐ.ആര്‍.എസ്‌ കോടതി മുഖേന എച്ച്‌.എസ്‌.ബി.സിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഈ നിര്‍ദ്ദേശം അംഗീകരിക്കുമെന്നാണ്‌ ബാങ്ക്‌ അധികൃതര്‍ വെളിപ്പെടുത്തിയത്‌. ഈ വര്‍ഷം എപ്പോഴെങ്കിലും അതുണ്ടാകാം.

അമേരിക്കന്‍ പൗരന്മാര്‍, ഗ്രീന്‍കാര്‍ഡുകാര്‍, റസിഡന്റ്‌ഏലിയന്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവരാണ്‌ വിദേശത്തെ വരുമാനം അറിയിക്കേണ്ടത്‌. ഈ ഗണത്തില്‍പ്പെട്ട 9000 ഇന്ത്യക്കാര്‍ക്ക്‌ എച്ച്‌.എസ്‌.ബി.സിയില്‍ അക്കൗണ്ടുണ്ടെന്നാണ്‌ ഐ.ആര്‍.എസിന്റെ കണക്ക്‌. അതില്‍ രണ്ടായിരത്തില്‍ താഴെ മാത്രമേ സ്വമേധയാ പിഴയടക്കാന്‍ മുന്നോട്ടു വന്നിട്ടുളളൂ. ഇവര്‍ക്കെല്ലാം കൂടി 400 മില്യന്‍ നിക്ഷേപം എച്ച്‌.എസ്‌.ബി.സിയില്‍ ഉണ്ടെന്നു കരുതുന്നു.

2000 പേര്‍ തന്നെ സ്വമേധയാ മുമ്പോട്ടു വന്നിട്ടുണ്ടോ എന്നു സംശയമാണെന്ന്‌ ന്യൂജേഴ്‌സിയിലെ സിട്രിസ്‌കൂപ്പര്‍മാന്‍ എന്ന സ്‌ഥാപനത്തില്‍ മാനേജരായ ആനന്ദ്‌ മധുസൂദനന്‍ സി.പി.എ പറയുന്നു. എല്ലാം വൈകിപ്പിക്കുകയും തങ്ങള്‍ക്ക്‌ കുഴപ്പമൊന്നും വരില്ലെന്ന്‌ തെറ്റായ ധാരണ പുലര്‍ത്തുകയും ചെയ്യുന്നവരാണ്‌ ഇന്ത്യക്കാരില്‍ നല്ലൊരു പങ്കെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനകം തന്നെ എച്ച്‌.എസ്‌.ബി.സിയില്‍ അക്കൗണ്ടുളള രണ്ട്‌ ഇന്ത്യക്കാര്‍ ടാക്‌സ്‌ കേസില്‍ കുറ്റക്കാരായി കണ്ടെത്തിയിട്ടുണ്ട്‌.

ഇത്തരമൊരു ആനംസ്‌റ്റി പ്രോഗ്രാം 2009 ലും ഉണ്ടായിരുന്നു. പക്ഷേ അധികമാരും അതറിഞ്ഞില്ല. അന്ന്‌ 1500 ല്‍പ്പരം പേര്‍ സ്വമേയാ വിദേശ വരുമാനം വെളിപ്പെടുത്തി. അന്ന്‌ സ്വിസ്‌ ബാങ്ക്‌ യു.ബി.എസിനെയാണ്‌ ലക്ഷ്യമിട്ടത്‌. അതില്‍ ഭൂരിപക്ഷവും യഹൂദരായിരുന്നു.

ആ പ്രോഗ്രാമിന്റെ വിജയത്തെ തുടര്‍ന്നാണ്‌ രണ്ടാമതും ആംനസ്‌റ്റി പ്രഖ്യാപിച്ചതും ഇന്ത്യക്കാരെ ലക്ഷ്യമിട്ടതും. ഇന്ത്യക്കാര്‍ സമ്പന്നരാണെന്നതു തന്നെ കാരണം.

ഇനി സ്വമേധയാ പിഴയടച്ചേക്കാമെന്നാണെങ്കില്‍ അതത്ര നിസാരമല്ലെന്ന്‌ ന്യൂയോര്‍ക്കിലെ റോക്‌ലന്‍ഡ്‌ കൗണ്ടിയില്‍ ടാക്‌സ്‌ പ്രാക്‌ടീഷണറും ഫൈനാന്‍ഷ്യല്‍ അഡ്‌വൈസറുമായ ജയിന്‍ ജേക്കബ്‌ ചൂണ്ടിക്കാട്ടുന്നു.

എട്ടുവര്‍ഷത്തേക്കുളള ടാക്‌സ്‌ റിട്ടേണ്‍ ആണ്‌ നല്‍കേണ്ടത്‌. ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക്‌ 10 ലക്ഷം ഡോളര്‍ എച്ച്‌.എസ്‌.ബി.സി ബാങ്കില്‍ ഉണ്ടെന്നു കരുതുക. അതിന്‌ വര്‍ഷം അഞ്ചു ശതമാനം പലിശ കിട്ടും. പ്രതിവര്‍ഷം 50000 ഡോളര്‍.

അമേരിക്കയില്‍ നിങ്ങളുടെ ടാക്‌സ്‌ ബ്രാക്കറ്റ്‌ 35 ശതമാനം എന്നു കരുതുക. അപ്പോള്‍ ഒരുവര്‍ഷം നിങ്ങള്‍ 17500 ഡോളര്‍ ടാക്‌സ്‌ കൊടുക്കണം. എട്ടുവര്‍ഷത്തേക്ക്‌ 140000 ഡോളര്‍.

ഇനി ആക്യുറസി റിലേറ്റഡ്‌ പെനാല്‍റ്റി 20 ശതമാനം. അത്‌ പ്രതിവര്‍ഷം 3500 ഡോളര്‍. എട്ടുവര്‍ഷത്തേക്ക്‌ 28000 ഡോളര്‍.

ഇനിയാണ്‌ ശരിക്കുളള പിഴ. പോയ എട്ടുവര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ബാങ്കില്‍ ഉണ്ടായിരുന്നതിന്റെ 25 ശതമാനം പിഴയായി നല്‍കണം. ഈ ഉദാഹരണത്തില്‍ 250000 ഡോളര്‍.

ചുരുക്കത്തില്‍ അയാള്‍ 418000 ഡോളര്‍ അഥവാ 41.8 ശതമാനം അങ്കിള്‍സാമിന്‌ നല്‍കണം.

സ്‌റ്റേറ്റ്‌ ഇന്‍കം ടാക്‌സ്‌ തുടങ്ങിയവ വേറെ കിടക്കുന്നു.

ഇത്രയുമൊക്കെ കൊടുത്താല്‍ ഐ.ആര്‍.എസിന്റെ നല്ല പിളളയാകാം.

കൊടുക്കാതെ ഐ.ആര്‍.എസ്‌ വന്ന്‌ പിടികൂടിയാലോ? 25 ശതമാനം പെനാല്‍റ്റി 50 ശതമാനമാകുന്നു, അടക്കാത്ത ടാക്‌സിന്‌ 75 ശതമാനം ഫ്രോഡ്‌ പെനാല്‍റ്റി. ഇത്‌ ചിലപ്പോള്‍ 300 ശതമാനം വരെ വരും. നാട്ടിലെ വരുമാനം മുഴുവന്‍ പോരാ ഇവിടുത്തെ സ്വത്തും കൂടി ചിലപ്പോള്‍ കൊടുക്കേണ്ടി വരും. കൂടാതെ അഞ്ചുവര്‍ഷം വരെ തടവുശിക്ഷയും കിട്ടാം.

ഇപ്പോള്‍ എച്ച്‌.എസ്‌.ബി.സിയെയാണ്‌ ഐ.ആര്‍.എസ്‌ നോട്ടമിട്ടിരിക്കുന്നത്‌. നാട്ടിലെ ചെറിയൊരു ബാങ്കിലാണ്‌ നിക്ഷേപമെങ്കില്‍ ഐ.ആര്‍.എസ്‌ അതറിയുമോ?

ഇല്ലെന്ന്‌ പറയാനാവില്ലെന്ന്‌ വിദഗ്‌ധമതം. ചെറുകിട ഇന്ത്യന്‍ ബാങ്കുകളില്‍ അമേരിക്കക്കാരുടെ നിക്ഷേപത്തിന്റെ വിവരം നല്‍കണമെന്ന്‌ അമേരിക്ക ആവശ്യപ്പെട്ടാല്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ചിലപ്പോള്‍ വഴങ്ങിയെന്നു വന്നേക്കാം.

ഇനി നാട്ടില്‍ ഭൂസ്വത്ത്‌, ഫ്‌ളാറ്റ്‌, വീട്‌, കൃഷിഭൂമി, സ്‌റ്റോക്ക്‌ എന്നിവ വിറ്റാല്‍ ലഭിക്കുന്ന കാപ്പിറ്റല്‍ ഗെയിന്‍സ്‌, എന്തിന്‌ നാട്ടിലെ പെന്‍ഷന്‍ വരുമാനം വരെ ടാക്‌സിന്‌ വിധേയമാണ്‌.

രണ്ടു രാജ്യത്തും ടാക്‌സ്‌ കൊടുക്കേണ്ടതില്ലെന്നും ജയിന്‍ ജേക്കബ്‌ വിശദീകരിക്കുന്നു. ഇന്ത്യയില്‍ ടാക്‌സ്‌ കൊടുത്താല്‍ അതിന്‌ ക്രെഡിറ്റ്‌ ഇവിടെയും കിട്ടും. പക്ഷേ വിദേശത്തെ വരുമാന കാര്യം ഇവിടെ വെളിപ്പെടുത്താതിരുന്നാല്‍ പ്രശ്‌നമായി.

ഇന്ത്യന്‍ പൗരനായ പിതാവ്‌ നിങ്ങള്‍ക്ക്‌ ഒരു ഫ്‌ളാറ്റ്‌ കൊച്ചിയില്‍ വാങ്ങിയിട്ടുണ്ടെന്ന്‌ വയ്‌ക്കുക. കുറെക്കാലം കഴിഞ്ഞ്‌ നിങ്ങള്‍ അതുവിറ്റ്‌ ആ പണം ബാങ്കിലേക്കിടുന്നു.

ഇവിടെ മൂന്നു പ്രശ്‌നം നേരിടാമെന്ന്‌ ജയിന്‍ ജേക്കബ്‌ പറയുന്നു. പലിശ വരുമാനത്തിന്‌ ടാക്‌സ്‌ കൊടുത്തില്ല, കാപ്പിറ്റല്‍ ഗെയിന്‍സ്‌ ടാക്‌സ്‌, ഫ്‌ളാ്‌ വാങ്ങുവാന്‍ ഉപയോഗിച്ച പണത്തിന്റെ ഉറവിടം എന്നിവ. ഫ്‌ളാറ്റ്‌ വാങ്ങാനുളള പണം ഗിഫ്‌റ്റ്‌ ആയി കിട്ടിയതാണെങ്കിലും അത്‌ കൈയോടെ അറിയിച്ചില്ലെങ്കില്‍ അതിന്‌ ടാക്‌സ്‌ കൊടുത്തില്ലെന്ന രീതിയിലാണ്‌ ഐ.ആര്‍.എസ്‌ നടപടി എടുക്കുക.

എന്തായാലും ബാങ്കില്‍ 10000 ഡോളറില്‍ താഴെ മാത്രം നിക്ഷേപമോ വരുമാനമോ ഉളളവര്‍ക്ക്‌ തല്‍ക്കാലം പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നാണ്‌ മനസിലാകുന്നത്‌. എങ്കിലും നാട്ടില്‍ സ്വത്തുക്കളോ കുടുംബസ്വത്ത്‌ ലഭിക്കാന്‍ സാധ്യതയുളളവരോ ഒക്കെ അക്കൗണ്ടന്റുമാരെയോ ടാക്‌സ്‌ അറ്റോര്‍ണിയേയോ കണ്‍സല്‍ട്ട്‌ ചെയ്യുന്നത്‌ ?തികച്ചും അഭികാമ്യമാണെന്ന്‌ ജയിന്‍ ജേക്കബ്‌ ചൂണ്ടിക്കാട്ടുന്നു. ടാക്‌സ്‌ നിയമങ്ങളെപ്പറ്റി അറിയുമ്പോള്‍ നാട്ടില്‍ കുടുംബ സ്വത്തൊന്നും കിട്ടിയിരുന്നില്ലെങ്കില്‍ എന്നു പോലും ചിലര്‍ ആഗ്രഹിച്ചെന്നിരിക്കും.

അതേസമയം പുതിയ ഇമ്മിഗ്രന്‍റ്‌സ്‌ എന്ന നിലയില്‍ ഇന്ത്യക്കാര്‍ക്ക്‌ പരിഗണന ലഭിക്കേണ്ടതുണ്ടെന്ന്‌ ഗോപിയോ ചൂണ്ടിക്കാട്ടി. പലര്‍ക്കും ഇവിടുത്തെ ടാക്‌സ്‌ നിയമത്തെപ്പറ്റി അറിയില്ല. ഇന്ത്യക്കാര്‍ പൊതുവെ നിയമം അനുസരിക്കുന്നവരാണ്‌ താനും.

സ്വമേധയാ വരുമാനം വെളിപ്പെടുത്തുന്നവരോടും 25 ശതമാനം പിഴ വാങ്ങുന്നതില്‍ ന്യായമില്ലെന്ന്‌ ഗോപിയോ ചൂണ്ടിക്കാട്ടി. ഏതു സാഹചര്യത്തിലാണ്‌ അടക്കാതിരുന്നതെന്നും മറ്റും കണക്കിലെടുക്കാതെ ഏകപക്ഷീയമായ നടപടിയാണിത്‌.

ഇത്തരം പിഴകള്‍ ആളുകളുടെ സമ്പാദ്യവും സുരക്ഷിതത്വവും ഇല്ലാതാക്കും. അതിനാല്‍ പലരും അതിനെ അനുസരിക്കാതിരിക്കാന്‍ നോക്കും.

എന്തായാലും വേണ്ടവിധം ജനങ്ങളെ അറിയിക്കാതെ നടപ്പാക്കിയ വോളന്ററി ഡിസ്‌ക്ലോഷര്‍ ഇനിഷ്യേറ്റീവ്‌ കൂടുതല്‍ വിഷമതകള്‍ സൃഷ്‌ടിക്കുന്നുവെന്ന്‌ ഗോപിയോ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക