Image

ലോസാഞ്ചല്‍സ്‌ മാര്‍ത്തോമ്മാ ഇടവകയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു

ജോണ്‍ ജോര്‍ജ്‌ Published on 16 August, 2011
ലോസാഞ്ചല്‍സ്‌ മാര്‍ത്തോമ്മാ ഇടവകയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു
ലോസാഞ്ചല്‍സ്‌: ലൊസാഞ്ചല്‍സ്‌ മാര്‍ത്തോമ്മാ ഇടവകയുടെ 35 -ാമത്‌ വാര്‍ഷികം 14 ഞായറാഴ്‌ച ആരാധനയ്‌ക്കും വിശുദ്ധ കുര്‍ബാനയ്‌ക്കും ശേഷം പള്ളിയില്‍ ആഘോഷിച്ചു. 25 പേരുള്‍പ്പെട്ട 14 കുടുംബങ്ങള്‍ രൂപം കൊടുത്ത ഇടവകയില്‍ ഇന്ന്‌ 155 കുടുംബങ്ങള്‍ ഉണ്ട്‌. പന്ത്രണ്ടാമത്‌ വൈദികന്‍ റവ. തോമസ്‌ ജോണ്‍ ആണ്‌ ഇപ്പോള്‍ സേവനമനുഷ്‌ഠിക്കുന്നത്‌.

`ഇന്നെയോളം തുണച്ചോനെ ഇനിയും തുണയ്‌ക്ക.. എന്ന പാട്ടിനെ തുടര്‍ന്ന്‌ ഒ.ടി. ഡാനിയേലിന്റെ പ്രാര്‍ഥന, 103 -ാം സങ്കീര്‍ത്തനം വായന എന്നിവയോടെ ആഘോഷം ആരംഭിച്ചു. ജേക്കബ്‌ എ. മാത്യു സ്വാഗതം ആശംസിച്ചു. ഇടവക വികാരി റവ. തോമസ്‌ ജോണ്‍ അധ്യക്ഷനായിരുന്നു. `പ്രെയ്‌സ്‌ ദ്‌ ലോര്‍ഡ്‌ എന്ന്‌ എല്ലാവരും പറയാറുണ്ടെ ങ്കിലും അതു വെറുതെ പറയുന്നവരാകാതെ ജീവിത പ്രായോഗിക തലങ്ങളിലൂടെ നന്ദി പറയുന്നവരായിരിക്കണം എന്ന്‌ അദ്ദേഹം ഇടവക ജനങ്ങളെ ഓര്‍മിപ്പിച്ചു.

വാര്‍ഷികാഘോഷങ്ങളുടെ മുഖ്യാതിഥി കോട്ടയം മാര്‍ത്തോമ്മാ വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പലും വൈദിക അധ്യാപകനും പണ്ഡിതനുമായ റവ.ഡോ. പി.എസ്‌. ഡാനിയേല്‍ ആയിരുന്നു. നാം നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ പ്രവര്‍ത്തിയില്‍ ആരാധിക്കുന്നവരുമായിരിക്കണം എന്നും, സാക്ഷിക്കുന്ന ഒരു സമൂഹമാവണമെന്നും നമുക്കുള്ളത്‌ മറ്റുള്ളവരുമായി പങ്കുവയ്‌ക്കുന്നവരായി ജീവിച്ചെങ്കില്‍ മാത്രമേ നാം ദൈവത്തിനു പ്രസാദമുള്ളവരായി മാറുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

`നരസേവ നാരായണസേവ എന്ന്‌ ഹിന്ദുമതത്തില്‍ പറഞ്ഞിരിക്കുന്നത്‌ നരനെ അഥവാ മനുഷ്യനെ സേവിക്കുന്നത്‌ ദൈവസേവയാണ്‌ എന്നും അദ്ദേഹം പറഞ്ഞു. നാം ഓരോരുത്തരും കരുതുകയും പങ്കുവയ്‌ക്കുന്നവരും ആയിരിക്കണം. അതുകൊണ്ടാണ്‌ യേശുക്രിസ്‌തു പറഞ്ഞത്‌ `നിങ്ങള്‍ ഈ ചെറിയ ഒരുവന്‌ ചെയ്‌തത്‌ എനിക്ക്‌ ചെയ്‌തു എന്നസ്‌. നമ്മുടെ ശരീരത്തിന്റെ ഒരു അവയവത്തിനു വേദന വന്നാല്‍ ശരീരം മുഴുവനും വേദന അനുഭവപ്പെടും. സുഖവും അതുപോലെ തന്നെയാണെന്ന്‌ റവ.ഡോ. ഡാനിയേല്‍ പറഞ്ഞു. അതുപോലെ നമ്മുടെ സമൂഹത്തില്‍ ഒരാള്‍ക്കു വരുന്ന പ്രയാസങ്ങളും കഷ്‌ടങ്ങളും വേദനയും നമ്മുടെയും വേദനയായി മാറണം- അദ്ദേഹം ഓര്‍മിപ്പിച്ചു. മറ്റൊരുവനുണ്ടാകുന്ന സന്തോഷത്തില്‍ നാമും സന്തോഷിക്കണം. അല്ലാതെ അസൂയപ്പെടുന്നവരാകരുത്‌. 35 -ാമത്‌ വാര്‍ഷികം ആഘോഷിക്കുന്ന ലൊസാഞ്ചല്‍സ്‌ മാര്‍ത്തോമ്മാ ഇടവകയ്‌ക്ക്‌ എല്ലാ നന്മകളും അദ്ദേഹം നേര്‍ന്നു. കൂടാതെ ഇടവകയുടെ രൂപീകരണത്തില്‍ ഭാഗഭാക്കായ എല്ലാവര്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന്‌ ഇടവകയിലെ സപ്‌തതി ആഘോഷിച്ച എല്ലാവര്‍ക്കും പ്രത്യേക ഫലകങ്ങള്‍ നല്‍കി ആദരിച്ചു. ഇടവകയിലെ അല്‍മായ ശുശ്രൂഷകന്‍ ജോര്‍ജ്‌ ഇ. വര്‍ഗീസിന്റെ കൃതജ്‌ഞതയോടും മുതിര്‍ന്ന ഇടവകാംഗങ്ങളില്‍ ഒരാളായ കെ.ജെ. ജോണിന്റെ പ്രാര്‍ഥനയോടും റവ. ഡോ. ഡാനിയേലിന്റെ ആശീര്‍വാദത്തോടും കൂടി വാര്‍ഷികാഘോഷം സമാപിച്ചു. ഭക്ഷണവും ക്രമീകരിച്ചിരുന്നു. വിവിധ മല്‍സരങ്ങളും നടന്നു.
ലോസാഞ്ചല്‍സ്‌ മാര്‍ത്തോമ്മാ ഇടവകയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക