Image

സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ പരി. ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 19 August, 2011
സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ പരി. ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
സ്റ്റാറ്റന്‍ഐലന്റ്‌: സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും, ഇടവക വാര്‍ഷികവും ഓഗസ്റ്റ്‌ 11 മുതല്‍ 15 വരെ തീയതികളില്‍ ആഘോഷിച്ചു. ഓഗസ്റ്റ്‌ 11-ന്‌ സന്ധ്യാനമസ്‌കാരത്തോടുകൂടി ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി.

ഓഗസ്റ്റ്‌ 12-ന്‌ വെള്ളിയാഴ്‌ച സന്ധ്യാനമസ്‌കാരത്തിനുശേഷം സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗികന്‍ റവ.ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ `ഇനി ആരും എനിക്കു പ്രയാസം വരുത്തരുത്‌ ഞാന്‍ യേശുവിന്റെ ചൂടടയാളം എന്നില്‍ വഹിക്കുന്നു' (ഗലാത്യാര്‍ 6:17) എന്ന വേദവാക്യത്തെ അടിസ്ഥാനമാക്കി ആത്മീയ പ്രഭാഷണം നടത്തി. കുരിശ്‌ ഒരു പ്രതിമയല്ലെന്നും പ്രതീകമാണെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. അതുകൊണ്ട്‌ കുരിശിനെ വഹിക്കുന്നത്‌ ഉചിതമാണെന്ന്‌ അദ്ദേഹം പറഞ്ഞു. കുരിശ്‌ വരയ്‌ക്കുക, വഹിക്കുക, ധരിക്കുക എന്നത്‌ ഓരോ ക്രിസ്‌ത്യാനിയുടേയും കടമയാണെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഓര്‍ത്തഡോക്‌സ്‌ സഭയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മയോടനുബന്ധിച്ച്‌ നടത്തുന്ന ആഘോഷങ്ങള്‍ വേദപുസ്‌തകാടിസ്ഥാനത്തിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന്‌ ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ വേദപുസ്‌തക ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ വിശദീകരിച്ചു.

ആഘോഷങ്ങളുടെ പ്രധാന ദിനമായ ഓഗസ്റ്റ്‌ 13-ന്‌ നടത്തിയ കുര്‍ബാനയില്‍ ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ പ്രധാന കാര്‍മികത്വം വഹിച്ചു. റവ.ഫാ. ടി.എ. തോമസ്‌, റവ.ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍, റവ.ഫാ. അലക്‌സ്‌ ജോയി, ഡീക്കന്‍ വിജയ്‌ തോമസ്‌ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഭക്തിനിര്‍ഭരമായ റാസയെ തുടര്‍ന്ന്‌ നടത്തിയ പൊതുസമ്മേളനത്തില്‍ ഇടവക വികാരി റവ.ഫാ. ടി.എ. തോമസ്‌ സ്വാഗതം ആശംസിച്ചു. റവ.ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌, റവ.ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍, റവ.ഫാ. അലക്‌സ്‌ ജോയി, ഡീക്കന്‍ വിജയ്‌ തോമസ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക്‌ കൊഴുപ്പേകി. ഇടവക സെക്രട്ടറി ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ നന്ദി രേഖപ്പെടുത്തി. ആശാ തോമസായിരുന്നു മാസ്റ്റര്‍ ഓഫ്‌ സെറിമണി. ഇടവകാംഗം ജോര്‍ജ്‌ വര്‍ഗീസ്‌ (കൊച്ചുമോന്‍) സ്‌പോണ്‍സര്‍ ചെയ്‌ത സ്‌നേഹവിരുന്നോടുകൂടിയാണ്‌ ശനിയാഴ്‌ചത്തെ പരിപാടികള്‍ അവസാനിച്ചത്‌.

ഓഗസ്റ്റ്‌ 15-ന്‌ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുനാളാഘോഷങ്ങളില്‍ സമീപ ഇടവകകളില്‍ നിന്നും, സമൂഹത്തില്‍ നിന്നുമുള്ള ധാരാളം ജനങ്ങള്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിച്ചു. ഇടവകയ്‌ക്കുവേണ്ടി ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ പരി. ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക