Image

അന്നാ ഹസാരെ ജയില്‍മോചിതനായി

Published on 19 August, 2011
അന്നാ ഹസാരെ ജയില്‍മോചിതനായി
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ജയില്‍വാസത്തിന് ശേഷം തിഹാര്‍ ജയിലിന് പുറത്തെത്തിയ അന്നാ ഹസാരെയ്ക്ക് ആയിരങ്ങളുടെ ആവേശോജ്ജ്വല വരവേല്‍പ്. രാവിലെ 11.40 ഓടെയായിരുന്നു അന്നാ ഹസാരെ ജയില്‍ മോചിതനായത്. അദ്ദേഹത്തിന്റെ ജയില്‍ മോചനം ഇന്നുണ്ടാകുമെന്ന് ഉറപ്പായിരുന്നതിനാല്‍ ആയിരക്കണക്കിന് അനുയായികളാണ് രാവിലെ മുതല്‍ തിഹാര്‍ ജയിലിന് മുന്നില്‍ തടിച്ചുകൂടിയിരുന്നത്.

11.40 ന് ശുഭ്രവസ്ത്രധാരിയായി തിഹാര്‍ ജയിലിന്റെ ഗേറ്റിന് പുറത്തേക്ക് വന്ന അന്നാ ഹസാരെയെ കണ്ടതോടെ ജനക്കൂട്ടം ഇളകി മറിഞ്ഞു. ദേശസ്‌നേഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയും അന്നാ ഹസാരയ്ക്ക് ജയ് വിളിച്ചുകൊണ്ടും അവര്‍ അഴിമതി വിരുദ്ധസമരത്തിന് പിന്തുണ അറിയിച്ചു. ജയിലില്‍ മൂന്ന് ദിവസമായി നിരാഹാരത്തിലായിരുന്നെങ്കിലും അന്നാ ഹസാരെ ഉന്‍മേഷവാനായിട്ടാണ് കാണപ്പെട്ടത്.

ജയിലിന് പുറത്ത് തടിച്ചുകൂടിയ അനുയായികളെ കണ്ടതോടെ അദ്ദേഹത്തിന്റെ ആവേശവും അണപൊട്ടി. ഇരു കൈകളും ഉയര്‍ത്തി അനുയായികളെ അഭിവാദ്യം ചെയ്ത അദ്ദേഹം തനിക്കായി സജ്ജീകരിച്ചിരുന്ന വാഹനത്തില്‍ കയറി നിന്ന് അവരെ അഭിസംബോധന ചെയ്യുകയും ചെയ്തു. അഴിമതിക്കെതിരായ സമരം തുടരുമെന്ന് അന്നാ ഹസാരെ പറഞ്ഞു. അഴിമതി പൂര്‍ണമായും ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കണമെന്നും അല്ലാതെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈ സമരം പൂര്‍ണമാകില്ലെന്നും അദ്ദേഹം പറഞ്ഞു.രാംലീല മൈതാനത്തിലെ തന്റെ പ്രതിഷേധത്തില്‍ പങ്കാളിയാകാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക