Image

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ശനിയാഴ്ച ഫിലഡല്‍ഫിയയില്‍

Published on 19 August, 2011
ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ശനിയാഴ്ച ഫിലഡല്‍ഫിയയില്‍
ഫിലഡല്‍ഫിയ: ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ 20 ശനിയാഴ്ച നാലു മുതല്‍ ഒന്‍പത് വരെ സിറോ മലബാര്‍ പള്ളിയില്‍ ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷിക്കുന്നു. 'പല ആചാരങ്ങള്‍, ഒരേ വിശ്വാസം എന്ന ആപ്തവാക്യത്തിലൂന്നി നടത്തുന്ന ആഘോഷപരിപാടികളില്‍ സ്‌ക്രാന്റണ്‍ രൂപതാധ്യക്ഷന്‍ എമരിറ്റസ് ജോസഫ് മാര്‍ട്ടിനോ, പെന്‍സില്‍വേനിയ സ്‌റ്റേറ്റ് റെപ്രസെന്റേറ്റീവ് ബ്രന്‍ഡന്‍ ബോയില്‍, ഗ്രേറ്റര്‍ നോര്‍ത്തീസ്റ്റ് ഫിലഡല്‍ഫിയ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ആല്‍ ടോബന്‍ബര്‍ഗര്‍, ഫിലഡല്‍ഫിയ അതിരൂപതാ നോര്‍ത്ത് റീജന്‍ വികാര്‍ റവ. പോള്‍ കെന്നഡി എന്നിവര്‍ അതിഥികളായെത്തും.

മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പരമ്പരാഗത രീതിയിലുള്ള പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന, സ്‌കൂള്‍ കുട്ടികളുടെ ടാലന്റ് ഷോ, സമൂഹഗാനം, ഓരോ സമുദായത്തിന്റെയും തനതു പാരമ്പര്യം വെളിപ്പെടുത്തുന്ന സ്‌കിറ്റുകള്‍, വില്ലുപാട്ട്, കള്‍ച്ചറല്‍ പ്രോഗ്രാം, പബ്ലിക് മീറ്റിങ് എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. 4.30ന് ബിഷപ് ജോസഫ് മാര്‍ട്ടിനോ മുഖ്യകാര്‍മികനായി അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ സിറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍, ക്‌നാനായ കത്തോലിക്കാ സഭകളിലെ നിരവധി വൈദികരും സമീപത്തുള്ള അമേരിക്കന്‍ പള്ളികളിലെ പാസ്റ്റര്‍മാരും സഹകാര്‍മികരായിരിക്കും.

ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ രക്ഷാധികാരി ഫാ. ജോണ്‍ മേലേപ്പുറം, സെന്റ് ജൂഡ് സിറോ മലങ്കര ഇടവക വികാരി ഫാ. തോമസ് മലയില്‍, ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. രാജു സെല്‍വരാജ്, ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ.ഡോ. മാത്യു മണക്കാട്ട് എന്നിവരും ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികളായ ജോസഫ് മാണി, ജോസ് മാളേയ്ക്കല്‍, സണ്ണി പടയാറ്റില്‍, ഡെയ്‌സി തോമസ്, ആലീസ് സ്റ്റീഫന്‍, കെന്നഡി കോര, തോമസ് നെടുമാക്കല്‍, ലിസ് ഓസ്റ്റിന്‍, മോളി രാജന്‍, ജോണ്‍സണ്‍ ചാരത്ത്, വിന്‍സന്റ് ഇമ്മാനുവല്‍, ഓസ്റ്റിന്‍ ജോണ്‍, ചാര്‍ലി ചിറയത്ത്, സിസിലി തോമസ്, റോസി പടയാറ്റി, ലീല പാറയ്ക്കല്‍, ബാബു കണ്ടാരപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

കേരള ക്രിസ്ത്യാനികളുടെ പരമ്പരാഗത വേഷമായ ചട്ടയും പിന്നില്‍ അടുക്കിട്ട് ഞൊറിഞ്ഞുടുത്ത മുണ്ടും കുണുക്കുമണിഞ്ഞെത്തുന്ന സ്തീജനങ്ങള്‍, ഡബിള്‍ മുണ്ടും ജൂബയുമണിഞ്ഞ പുരുഷന്മാര്‍, ആദ്യ കുര്‍ബാന ഡ്രസിലുള്ള കുട്ടികള്‍, സ്വര്‍ഗത്തിലെ വിശുദ്ധന്മാരുടെ വേഷങ്ങള്‍, ക്‌നാനായ തനിമ, താലപ്പൊലിയേന്തിയ കുട്ടികളും യുവതികളും, ചെണ്ടവാദ്യം, മുത്തുക്കുടകള്‍, വൈവിധ്യമാര്‍ന്ന ബാനറുകള്‍ എന്നിവ ഹെറിറ്റേജ് പ്രൊസഷനു ചാരുതയേകും.

വിശാല ഫിലഡല്‍ഫിയ റീജനിലെ സിറോ മലബാര്‍ , സിറോ മലങ്കര, ലാറ്റിന്‍, ക്‌നാനായ സമുദായങ്ങളിലെ എല്ലാ കുടുംബങ്ങളും അംഗങ്ങളായ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓരോ സമുദായത്തിന്റെയും വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങള്‍ മാനിച്ചുകൊണ്ട് ഓരോരുത്തരുടെയും തനിമ മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാക്കുന്നതിനും തനതായ പൈതൃകവും വിശ്വാസ പാരമ്പര്യങ്ങളും യുവതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനും പരിശ്രമിക്കുന്നു.

വാര്‍ത്ത അയച്ചത്: ജോസ് മാളേയ്ക്കല്‍
ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ശനിയാഴ്ച ഫിലഡല്‍ഫിയയില്‍  ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ശനിയാഴ്ച ഫിലഡല്‍ഫിയയില്‍  ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ശനിയാഴ്ച ഫിലഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക