Image

കുഞ്ഞാലിക്കുട്ടി തന്നെ വന്നു കണ്ടുവെന്ന് ജസ്റ്റിസ് നിസാര്‍

Published on 20 August, 2011
കുഞ്ഞാലിക്കുട്ടി തന്നെ വന്നു കണ്ടുവെന്ന് ജസ്റ്റിസ് നിസാര്‍

കണ്ണൂര്‍: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ചില ആവശ്യങ്ങളുമായി തന്നെ വന്നുകണ്ടിരുന്നുവെന്ന് കാസര്‍കോട് വെടിവെയ്പ് അന്വേഷിച്ച ജസ്റ്റിസ് എം.എ നിസാര്‍ വെളിപ്പെടുത്തി. ജസ്റ്റിസ് എം.എ നിസാറിനോട് കുഞ്ഞാലിക്കുട്ടിക്ക് പൂര്‍വവൈരാഗ്യമുണ്ടെന്ന് കെ.എ റൗഫ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ച പശ്ചാത്തലത്തില്‍ അതിന്റെ പ്രതികരണമായാണ് നിസാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മൂന്നുകാര്യങ്ങളാണ് തന്നോട് ആവശ്യപ്പെട്ടത്.മുസ്‌ലിം ലീഗും സി.പി.എമ്മുമായി രാഷ്ട്രീയ ബന്ധമുണ്ടാക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. ഈ ദൗത്യവുമായി പാണക്കാട് തങ്ങളെ പോയി കാണണം എന്നും ആവശ്യപ്പെട്ടു. തങ്ങളുമായി സംസാരിക്കാന്‍ നിഷ്പക്ഷനായ ഒരാള്‍ വേണമെന്നതിനാലാണ് താങ്കളെ ഇക്കാര്യം ഏല്‍പിക്കുന്നതെന്ന് പറഞ്ഞു. മുസ്‌ലിങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സി.പി.എമ്മാണ് നല്ലതെന്നും പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. കവടിയാറിലുള്ള വീട്ടില്‍ വെച്ചാണ് കുഞ്ഞാലിക്കുട്ടി തന്നെ സന്ദര്‍ശിച്ചത്. 1999-2000 കാലത്തായിരുന്നു സന്ദര്‍ശനം. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു കൂടിക്കാഴ്ച.

കോഴിക്കോട് ജില്ലാ ജഡ്ജിയായ പത്മനാഭനോടും സുഗതകുമാരിയോടും ചില കാര്യങ്ങള്‍ സംസാരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തന്നെ വിശ്വാസത്തില്‍ എടുത്തുപറഞ്ഞ കാര്യമായതിനാല്‍ അത് എന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും ജസ്റ്റിസ് നിസാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക