Image

പാക്ക്‌ യുവതിയുടെ കൊലപാതകം: മലയാളി യുവതി അറസ്റ്റില്‍

Published on 21 August, 2011
പാക്ക്‌ യുവതിയുടെ കൊലപാതകം: മലയാളി യുവതി അറസ്റ്റില്‍

ബൂണ്‍ടണ്‍, ന്യൂജേഴ്‌സി: പാക്കിസ്ഥാനി യുവതി നസീഷ്‌ നൂറാനിയുടെ (26) കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഭര്‍ത്താവ്‌ കാഷിഫ്‌ പെര്‍വയിസിനേയും (26) മലയാളി യുവതി അന്റോയിണറ്റ്‌  സ്റ്റീഫനേയും (27) പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കാഷിഫിന്‌ ഒരു മില്യന്‍ ഡോളറും, അസ്റ്റോയിണറ്റിന്‌ 5 മില്യന്‍ ഡോളറും കോടതി ജാമ്യത്തുക നിശ്ചയിച്ചു.

മാസച്ചുസെറ്റ്‌സിലെ ബില്ലറിക്കയിലുള്ള കുഞ്ഞൂഞ്ഞമ്മ സ്റ്റീഫന്റെ പുത്രിയാണ്‌ അന്റോയിണറ്റ്‌ . കുഞ്ഞൂഞ്ഞമ്മയുടെ പേരിലുള്ള സെല്‍ഫോണും കാറുമാണ്‌ അസ്റ്റോയിണറ്റ്‌ ഉപയോഗിച്ചത്‌. ഇതാണ്‌ കേസുമായി ബന്ധപ്പെടുത്താന്‍ ഇടനല്‍കിയത്‌.

അന്റോയിണറ്റിന്റെ പേരില്‍ ഫസ്റ്റ്‌ ഡിഗ്രി കൊലപാതകം, ഫസ്റ്റ്‌ ഡിഗ്രി ഗൂഢാലോചന, നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിന്‌ ആയുധം കൈവശം വെയ്‌ക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ്‌ ചാര്‍ജ്‌ ചെയ്‌തിരിക്കുന്നത്‌.

പള്ളിയില്‍ കയറി ഭാര്യ രേഷ്‌മയെ വെടിവെച്ച്‌ കൊന്ന കേസില്‍ സനീഷ്‌ ജോസഫ്‌ പള്ളിപ്പുറത്തിനെ പരോളില്ലാത്ത ജീവപര്യന്തത്തിന്‌ ശിക്ഷിച്ചിട്ട്‌ മാസങ്ങള്‍ക്കകമാണ്‌ ഈ സംഭവം. ഇരു സംഭവങ്ങളും അധികം ദൂരയല്ല നടന്നത്‌.

 

ബ്രൂക്ക്‌ലിനില്‍ നിന്നുമുള്ള കാഷിഫ്‌ അമേരിക്കയില്‍ ജനിച്ചുവളര്‍ന്നതാണ്‌. പാക്കിസ്ഥാനില്‍ നിന്ന്‌ നസീഷിനെ ആറു വര്‍ഷം മുമ്പാണ്‌ കാഷിഫ്‌ വിവാഹം ചെയ്‌തത്‌. രണ്ടു കുട്ടികള്‍ അവര്‍ക്കുണ്ട്‌.

പക്ഷെ വിവാഹ ജീവിതത്തില്‍ യാതൊരു പൊരുത്തവുമില്ല. കാഷിഫ്‌ നസീഷിനെ ദേഹോപദ്രവമേല്‍പിക്കുക പതിവായിരുന്നത്രെ. മറ്റു പല സ്‌ത്രീകളുമായും കാഷിഫിന്‌ ബന്ധമുണ്ടായിരുന്നുവെന്നും പോലീസ്‌ പറഞ്ഞു. അന്റോയിണറ്റുമായി എന്തുതരം ബന്ധമാണുണ്ടായിരുന്നതെന്ന്‌ പോലീസ്‌ വ്യക്തമാക്കിയിട്ടില്ല.

തന്നെ കൊല്ലാന്‍ ഭര്‍ത്താവ്‌ മടിക്കില്ലെന്നും അതുണ്ടായാല്‍ അതിശയിക്കേണ്ടെന്നും നസീഷ്‌ നേരത്തെ സഹോദരന്‌ ടെക്‌സ്റ്റ്‌ മെസേജ്‌ അയച്ചിരുന്നു.

ഓഗസ്റ്റ്‌ 16-ന്‌ വൈകുന്നേരം റംസാന്‍ നോമ്പ്‌ കഴിഞ്ഞുള്ള ഭക്ഷണം സഹോദരിയുടെ വീട്ടില്‍ നിന്ന്‌ കഴിച്ച്‌ കാഷിഫും നസീഷും ഇളയ മകനുമായി പുറത്തുവന്നപ്പോഴാണ്‌ വെടിവെയ്‌പുണ്ടായത്‌. നസീഷ്‌ വെടിയേറ്റ്‌ മരിച്ചു. കാഷിഫിന്‌ ചെറിയ പരിക്കുപറ്റി. എന്നാല്‍ അത്‌ ആസൂത്രിതമായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.

ഒരു ആഫ്രിക്കന്‍ അമേരിക്കക്കാരനും, ഒരു വെള്ളക്കാരനും മറ്റൊരാളും ചേര്‍ന്നാണ്‌ വെടിവെച്ചതെന്നും ഭീകരവാദി എന്നുംമറ്റും കൊലയാളികള്‍ പറഞ്ഞുവെന്നാണ്‌ കാഷിഫ്‌ ആദ്യം പറഞ്ഞത്‌. പിന്നീടത്‌ മൂന്ന്‌ ആഫ്രിക്കന്‍ അമേരിക്കന്‍ എന്ന്‌ മാറ്റിപ്പറഞ്ഞു. പരസ്‌പര വിരുദ്ധമായി പറഞ്ഞതിനെ തുടര്‍ന്ന്‌ പോലീസ്‌ സെല്‍ഫോണ്‍ റിക്കാര്‍ഡുകള്‍ പരിശോധിച്ചു. സംഭവ ദിവസവും അതിനു മുമ്പും അന്റോയിണറ്റും കാഷിഫും തമ്മില്‍ ടെക്‌സ്റ്റ്‌ മെസേജുകള്‍ പലതവണ കൈമാറി. സംഭവ സ്ഥലത്തെത്തിയതും, കാത്തു നില്‍ക്കുന്നതുമെല്ലാം ടെക്‌സ്റ്റ്‌ മെസേജുകള്‍ കൈമാറിക്കൊണ്ടിരുന്നു.

സംഭവത്തിനുശേഷം നീല കാമ്രിയില്‍ അന്റോയിണറ്റ്‌  മടങ്ങുകയായിരുന്നു.

കൊളംബിയയില്‍ നിന്ന്‌ ബിരുദധാരിയായ കാഷിഫ്‌ ഹാര്‍വാര്‍ഡില്‍ പി.എച്ച്‌.ഡിക്ക്‌ പഠിക്കുന്നുണ്ടായിരുന്നത്രേ. കാഷിഫും നസീഷും ബോസ്റ്റണിലായിരുന്നു താമസം. ബ്രൂക്ക്‌ലിനില്‍ സ്വന്തമായി ഒരു സ്ഥാപനവും അയാള്‍ക്കുണ്ട്‌. കാഷിഫിന്റെ കുടുംബത്തെപ്പറ്റി നസീഷ്‌ മോശമായി പറഞ്ഞതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കമെന്ന്‌ പോലീസ്‌ കരുതുന്നു.

പാക്ക്‌ യുവതിയുടെ കൊലപാതകം: മലയാളി യുവതി അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക