Image

ന്യൂയോര്‍ക്കില്‍ അണ്ണാ ഹസാരെ തരംഗത്തില്‍ മുങ്ങിയ ഇന്ത്യാദിന പരേഡ്‌

Published on 22 August, 2011
ന്യൂയോര്‍ക്കില്‍ അണ്ണാ ഹസാരെ തരംഗത്തില്‍ മുങ്ങിയ ഇന്ത്യാദിന പരേഡ്‌
ന്യൂയോര്‍ക്ക്‌: നഗരഹൃദയമായ മന്‍ഹാട്ടനിലെ മാഡിസണ്‍ അവന്യൂവിനെ പ്രകമ്പനംകൊള്ളിച്ച ഇന്ത്യാദിന പരേഡില്‍ അണ്ണാ ഹസാരെ ആവേശമുണര്‍ത്തുന്ന തരംഗമായി.

നഗരവീഥിയെ മൂവര്‍ണ്ണക്കടലാക്കിയ ത്രിവര്‍ണ്ണ പതാകകള്‍ക്കൊപ്പം അണ്ണാ ഹസാരെയെ പിന്തുണയ്‌ക്കുന്ന പ്ലാക്കാര്‍ഡുകളും, അണ്ണാ തൊപ്പികളും, `ഞാന്‍ അണ്ണാ ആണ്‌' (I am Anna) എന്ന്‌ എഴുതി മാറില്‍ ഒട്ടിച്ച സ്റ്റിക്കറുകളും പരേഡിനെ അവിസ്‌മരണീയമാക്കി.

ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്‍സ്‌ -ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, കണക്‌ടിക്കട്ട്‌ സംഘടിപ്പിച്ച മുപ്പത്തിനാലാമത്‌ പരേഡ്‌ ഫ്‌ളോട്ടുകളുടെ എണ്ണംകൊണ്ട്‌ ചരിത്രംകുറിക്കുന്നതായിരുന്നു. എന്നാല്‍ വീഥിക്കിരുവശവും മുന്‍വര്‍ഷത്തെയത്ര തിരിക്ക്‌ അനുഭവപ്പെട്ടില്ല. ന്യൂജേഴ്‌സിയിലെ എഡിസണില്‍ കഴിഞ്ഞയാഴ്‌ച മാറ്റിവെച്ച പരേഡ്‌ ഇതേ സമയത്തായിരുന്നു. പക്ഷെ അവിടെ പറയത്തക്ക ജനപ്രാതിനിധ്യം ഇല്ലായിരുന്നു.

അണ്ണാ ഹസാരെയ്‌ക്കുവേണ്ടി യുവജനത കുത്തിയിരിപ്പും, പ്രകടനങ്ങളും മുദ്രാവാക്യങ്ങളും കൊണ്ട്‌ പരേഡിനെ പ്രകമ്പനംകൊള്ളിച്ചു. കോണ്‍ഗ്രസ്‌ അനുഭാവികള്‍വരെ അണ്ണായ്‌ക്ക്‌ അനുകൂലമായി സംസാരിക്കുന്നതും കണ്ടു. ബി.ജെ.പി അംഗങ്ങള്‍ യുവജനതയുടെ ഗ്രൂപ്പില്‍ പ്രകടനത്തിനു വന്നപ്പോള്‍ യുവജന ഗ്രൂപ്പ്‌ അവിടംവിട്ടു. അഴിമതിക്കെതിരായ സമരത്തില്‍ പിന്തുണക്കുന്നുവെങ്കിലും തങ്ങള്‍ക്ക്‌ രാഷ്‌ട്രീയമോ പ്രത്യേക താത്‌പര്യങ്ങളോ ഒന്നുമില്ലെന്ന്‌ സംഘാടകരിലൊരാളായ അതുല്‍ കുമാര്‍ പറഞ്ഞു. ഫോമാ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌ യുവജനതയെ അഭിസംബോധന ചെയ്‌ത്‌ നടത്തിയ പ്രസംഗം ആവേശം പകരുന്നതായിരുന്നു.

പരേഡിലെ ഗ്രാന്റ്‌ മാര്‍ഷല്‍ ഹിന്ദി നടി റാണി മുഖര്‍ജി തന്റെ അസാന്നിധ്യംകൊണ്ടാണ്‌ ജനശ്രദ്ധ നേടിയത്‌. എഫ്‌.ഐ.എ നേതാക്കളും, ഗയാന പ്രസിഡന്റ്‌ ജഗ്‌ ദേവ്‌, ഭാരതരത്‌നം പണ്‌ഡിറ്റ്‌ ജസ്‌രാജ്‌, കോണ്‍സല്‍ ജനറല്‍ പ്രഭു ദയാല്‍, നടന്‍ ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങിയവര്‍ കയറിയ ഫ്‌ളോട്ടില്‍ റാണി മുഖര്‍ജിയെ കാണാനേ പറ്റില്ലായിരുന്നു. ബോഡിഗാര്‍ഡിന്റെ അകമ്പടിയില്‍ മേക്കപ്‌ മാന്‍ അവര്‍ക്ക്‌ മേക്കപ്പിടുന്നത്‌ കാണാമായിരുന്നു.

പരേഡ്‌ സ്റ്റാന്‍ഡിലാകട്ടെ വന്ന്‌ നിന്ന്‌ അധികം കഴിയും മുമ്പ്‌ അവര്‍ സ്ഥലംവിട്ടു. സാധാരണ ഗ്രാന്റ്‌ മാര്‍ഷല്‍ പരേഡ്‌ തീരുംവരെ സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണ്‌ പതിവ്‌.

ഇരുപത്തിമൂന്നാം സ്‌ട്രീറ്റില്‍ നടന്ന കലാമേളയിലും വൈകി എത്തിയ അവര്‍ രണ്ടോ മൂന്നോ പേര്‍ക്ക്‌  plaque നല്‌കി സ്ഥലംവിട്ടു.

ഫൊക്കാനയുടെ ബാനറില്‍ ഏതാനും പേര്‍ പങ്കെടുത്തതല്ലാതെ മലയാളികള്‍ക്കായി പ്രത്യേക പ്ലോട്ടുകളൊന്നും കണ്ടില്ല. ഇന്ത്യന്‍ National ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മികച്ച സംഘടനാ ശക്തിയും ഫ്‌ളോട്ടും അവതരിപ്പിച്ചു. പ്രസിഡന്റ്‌ ഡോ. സുരീന്ദര്‍ മല്‍ഹോത്ര, സെക്രട്ടറി ജോര്‍ജ്‌ ഏബ്രഹാം, കേരള ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌, വൈസ്‌ ചെയര്‍മാന്‍ ജോസ്‌ ജോര്‍ജ്‌, വൈസ പ്രസിഡന്റ്‌ സജി ഏബ്രഹാം, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ തോമസ്‌ കൂവള്ളൂര്‍, ഗുരു ദിലീപ്‌ജി, സാഖ്‌ തോമസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അതേസമയം, ന്യൂജേഴ്‌സിയില്‍ നിന്ന്‌ രാം ഗഡുല, അത്മാ സിംഗ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ പേരില്‍ മറ്റൊരു ഫ്‌ളോട്ടും അണിനിരന്നു. ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ തോമസ്‌ ടി. ഉമ്മനും അതോടൊപ്പമുണ്ടായിരുന്നു.

ഐ.എന്‍.ഒ.സി ആണ്‌ യഥാര്‍ത്ഥ കോണ്‍ഗ്രസ്‌ എന്ന്‌ ഡോ. കരണ്‍സിംഗ്‌ എഴുതിയ കത്ത്‌ മാധ്യമങ്ങള്‍ക്ക്‌ പ്രസിദ്ധീകരണത്തിന്‌ നല്‍കിയത്‌ ശരിയല്ലെന്നും ആ കത്ത്‌ തങ്ങള്‍ക്ക്‌ ലഭിക്കുകയുണ്ടായിട്ടില്ലെന്നും രാം ഗഡുല പറഞ്ഞു. കോണ്‍ഗ്രസില്‍ ജനാധിപത്യത്തിനും സുതാര്യതയ്‌ക്കും വേണ്ടിയാണ്‌ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗഡുല പറഞ്ഞു.

ഇസ്ലാം ഒഴിച്ച്‌ മറ്റ്‌ മതങ്ങളുടേയും മതവിഭാഗങ്ങളുടേയും ഫ്‌ളോട്ടുകളും പരേഡിനെ ഇന്ത്യയുടെ നാനാത്വവും അതിലെ ഏകത്വവും വിളിച്ചറിയിച്ചു. വേളാങ്കണ്ണി മാതാവിന്റെ രൂപവും മുത്തുക്കുടകളുമായി ഒരു വിഭാഗം പരേഡില്‍ പങ്കെടുത്തു. ഗുജറാത്തി ക്രൈസ്‌തവരും മറ്റും ചേര്‍ന്ന്‌ അവതരിപ്പിച്ച ഫ്‌ളോട്ടിന്റെ മുന്നില്‍ വലിയൊരു കുരിശിന്റേയും ക്രിസ്‌തുവിന്റേയും ചിത്രവും കാണാമായിരുന്നു. ബ്രഹ്‌മകുമാരീസിന്റെ ഫ്‌ളോട്ട്‌ ഹൃദയാവര്‍ജ്ജകമായി.

അശ്വാരൂഢരായ ന്യൂയോര്‍ക്ക്‌ പോലീസ്‌, ബാന്റുമേളവുമായി അടിവെച്ചുനീങ്ങിയ പോലീസ്‌ സംഘം ദേശി പോലീസ്‌ ഓഫീസര്‍മാരുടെ സംഘം എന്നിവയെല്ലാം ശ്രദ്ധേയമായി. പതിവിലും അധികം പോലീസ്‌ രംഗത്തുണ്ടായിരുന്നു. പക്ഷെ, ചെറിയ അസ്വാരസ്യങ്ങള്‍ പോലും ഉണ്ടായില്ല.

പരേഡിനൊടുവില്‍ നടന്ന കലാമേളയില്‍ വെച്ച്‌ വനിതാ പോലീസ്‌ ഓഫീസര്‍ പ്രതിമാ ഗില്‍, ന്യൂയോര്‍ക്കിലെ ആദ്യ സിക്ക്‌ പോലീസ്‌ ഓഫീസര്‍ ഗുര്‍വിന്ദര്‍ സിംഗ്‌ എന്നിവര്‍ക്ക്‌ റാണി മുഖര്‍ജി പ്ലാക്കുകള്‍ നല്‍കി.
ന്യൂയോര്‍ക്കില്‍ അണ്ണാ ഹസാരെ തരംഗത്തില്‍ മുങ്ങിയ ഇന്ത്യാദിന പരേഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക