Image

എന്‍ജിനിയറിങ് പ്രവേശന നടപടികള്‍ തുടരാന്‍ ഹൈക്കോടതി അനുമതി

Published on 22 August, 2011
എന്‍ജിനിയറിങ് പ്രവേശന നടപടികള്‍ തുടരാന്‍ ഹൈക്കോടതി അനുമതി
കൊച്ചി: സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളജുകളിലേയ്ക്കുള്ള പ്രവേശന നടപടികള്‍ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി.

പ്രവേശന രീതിയില്‍ മാറ്റം വരുത്തിയത് ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീല്‍ പ്രകാരം പ്രവേശന നടപടികള്‍ കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു. പ്രവേശനരീതിയില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയതിനെ ചോദ്യംചെയ്തുകൊണ്ട് വൈറ്റില സ്വദേശിയായ സോഹന്‍ വര്‍ഗീസ് നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് പ്രവേശന നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.

അലോട്ട്‌മെന്റ് തടഞ്ഞ കോടതി നടപടി വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും ഉത്തരവ് പ്രവേശനം വൈകിപ്പിക്കുമെന്നും ബോധിപ്പിച്ച് ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് സ്റ്റേ ചെയ്തത്.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കഴിഞ്ഞ മൂന്ന് ദശകങ്ങളായി എന്‍ജിനിയറിങ് പ്രവേശനം സംസ്ഥാനത്ത് നടക്കുന്നത്. എന്നാല്‍, ഈ അധ്യയനവര്‍ഷം മുതല്‍ അതില്‍ സര്‍ക്കാര്‍ മാറ്റംവരുത്തി. പ്ലസ് ടു പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുള്ള മാര്‍ക്ക്കൂടി പ്രവേശന പരീക്ഷയിലെ മാര്‍ക്കിനോടൊപ്പം ചേര്‍ത്തുകൊണ്ടാണ് മാറ്റംവരുത്തിയത്. ഇതിനെതിരെയായിരുന്നു സോഹന്‍ വര്‍ഗീസിന്റെ ഹര്‍ജി. പ്രവേശന പരീക്ഷ പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് മാറ്റം വരുത്തിയതെന്ന് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക