Image

പ്രൗഢ ചടങ്ങില്‍ കെ.എച്ച്‌.എന്‍.എ സ്‌കോളര്‍ഷിപ്പ്‌ വിതരണംചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 23 August, 2011
പ്രൗഢ ചടങ്ങില്‍ കെ.എച്ച്‌.എന്‍.എ സ്‌കോളര്‍ഷിപ്പ്‌ വിതരണംചെയ്‌തു
വാഷിംഗ്‌ടണ്‍: ആത്മീയം, രാഷ്‌ട്രീയം, വിദ്യാഭ്യാസം,സാഹിത്യം, മാധ്യമം, സംഘടാനം, സേവനം, തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവര്‍ സാക്ഷിയായ ചടങ്ങില്‍ കെ.എച്ച്‌.എന്‍.എ (കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക) യുടെ ഈവര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്‌തു. കൊച്ചിയില്‍ ബി.റ്റി.എച്ച്‌ ഹോട്ടലിന്റെ റൂഫ്‌ടോപ്പ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ വേദി പ്രൗഢവും സദസ്സ്‌ ഗംഭീരവുമായിരുന്നു.

അമൃതാനന്ദമയി മഠത്തിന്റെ അന്താരാഷ്‌ട്ര ജനറല്‍ സെക്രട്ടറി സ്വാമി അമാരാനന്ദപുരി ഭദ്രദീപം തെളിയിച്ചതോടെയാണ്‌ ചടങ്ങ്‌ ആരംഭിച്ചത്‌.വിദ്യാഭ്യാസത്തോടൊപ്പം സംസ്‌കാരവും കൂടി നല്‌കുവാന്‍ ശ്രദ്ധിക്കണമെന്ന്‌ സ്വാമി പറഞ്ഞു. ഭാരതത്തെ ശരിക്ക്‌ അറിയാത്ത തലമുറ വളര്‍ന്നുവരുന്നു. പല പ്രശ്‌നങ്ങള്‍ക്കും കാരണമിതാണ്‌. ഭാരത്തിലെ പ്രശ്‌നം പരിഹരിച്ചാല്‍ ലോകത്തില്‍ തന്നെ മാറ്റം വരുത്താന്‍ കഴിയും. - അമൃതാനന്ദപുരി പറഞ്ഞു.

സംസ്ഥാന മന്ത്രി കെ.സാബുവാണ്‌ സ്‌കോളര്‍ഷിപ്പ്‌ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം കുറഞ്ഞു വരുന്നതായി മന്ത്രി കെ.ബാബു പറഞ്ഞു.. സാക്ഷരതയില്‍ കേരളം ഇപ്പോഴും മുന്നിലാണ്‌. എന്നാല്‍ സാക്ഷരതയില്‍ വളരെ പിന്നിലായ ബീഹാര്‍ പോലും ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളത്തെക്കാള്‍ മുന്നിലാണ്‌. കേരളത്തിന്‌ പ്രതീക്ഷ വയ്‌ക്കാവുന്ന പ്രഥമ മേഖല വിദ്യാഭ്യാസമാണ്‌. അതിന്റെ നിലവാരം എത്രമാത്രം ഉയര്‍ത്താന്‍ കഴിയുമോ അതനുസരിച്ച്‌ കേരളത്തിന്റെ ഭാവിയും ശോഭനമാകും. മന്ത്രി പറഞ്ഞു.

സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയിലൂടെ ഏതാനും കുട്ടികള്‍ക്കെങ്കിലും വിദ്യാഭ്യാസ സഹായം എത്തിക്കാന്‍ കഴിഞ്ഞതില്‍ കെ.എച്ച്‌.എന്‍.എയ്‌ക്ക്‌ അഭിമാനമുണ്ടെന്ന്‌ അധ്യക്ഷത വഹിച്ച ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ രാജു നാണു പറഞ്ഞു.

നമ്മുടെ പ്രിയപ്പെട്ട മണ്ണില്‍ നിന്നും ജീവിതം തേടി പലകാലങ്ങളിലായി അമേരിക്കയില്‍ ചേക്കേറിയ നമ്മുടെ സഹോദരങ്ങള്‍ അവിടുത്തെ ജീവിതത്തിരക്കുകള്‍ക്കിടയിലും അവര്‍ പെറ്റ നാടിനെ മറന്നില്ല. ബന്ധവും കടപ്പാടുകളും മറന്നില്ല. കൃതജ്ഞത മറന്നില്ല. ആ വലിയ നന്മയുടെ ബാക്കിയാണ്‌ ഈ സമ്മേളനം. കവിയും ഗാനരചയിതാവുമായ എസ്‌.രമേശന്‍ നായര്‍ക്ക്‌ ആശംസനേര്‍ന്നുകൊണ്ട്‌ പറഞ്ഞു.
മൂല്യം മുതലിന്‌ വഴിമാറുന്ന ആഗോളീകരണത്തിന്റെ കാലഘട്ടത്തില്‍ വിദ്യാഭ്യാസവും കമ്പോളച്ചരക്കായി മാറുകയാണെന്ന്‌ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി ചീഫ്‌ എഡിറ്ററുമായ ഹരി എസ്‌ കര്‍ത്ത അഭിപ്രായപ്പെട്ടു.

കേരളത്തില്‍ പ്രൊഫഷണല്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിക്കുന്ന 22 ഓളം സ്‌കോളര്‍ഷിപ്പില്‍ മഹത്തരമാണ്‌ കെ.എച്ച്‌.എന്‍.എ. സ്‌കോളര്‍ഷിപ്പ്‌ എന്ന്‌ മറ്റ്‌ സ്‌കോളര്‍ഷിപ്പുകള്‍ വിശദീകരിച്ചുകൊണ്ട്‌ പ്രമുഖ വിദ്യഭ്യാസ വിചക്ഷണന്‍ ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍ പറഞ്ഞു.

പണം ഉണ്ട്‌ എന്നതിലുപരി സഹായം ചെയ്യണമെന്ന മനസ്സുമാത്രമാണ്‌ ഇത്തരം ഒരു സ്‌കോളര്‍ഷിപ്പ്‌ പദ്ധതി ആവിഷ്‌ക്കരിക്കാന്‍ പ്രചോദനമെന്ന്‌ കെ.എച്ച്‌.എന്‍.എയുടെ മുന്‍ പ്രസിഡന്റ്‌ വെങ്കിട്‌ ശര്‍മ്മ ആശംസ നേര്‍ന്നുകൊണ്ട്‌ പറഞ്ഞു.

സ്വന്തം കുട്ടികള്‍ക്ക്‌ നല്‍കുന്ന പോലെ മാതൃവാത്സല്യത്തോടെയാണ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‌കുന്നതെന്നും സ്‌കോളര്‍ഷിപ്പ്‌ നേടിയ കുട്ടികള്‍ മികച്ച വിജയം വരിച്ചു എന്ന വാര്‍ത്ത കേള്‍ക്കുമ്പോഴുള്ള അനുഭൂതി പറഞ്ഞറിയിക്കാന്‍ പ്രയാസമാണെന്നും ഡോ. നിഷപിള്ള പറഞ്ഞു.

സ്വാഗത പ്രസംഗത്തില്‍ സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയെക്കുറിച്ച്‌ കെ.എച്ച്‌.എന്‍.എ. കേരള കോ-ഓര്‍ഡിനേറ്ററും മാധ്യമ പ്രവര്‍ത്തകനുമായ പി.ശ്രീകുമാര്‍ വിശദീകരിച്ചു. സംഘാടക സമിതി കണ്‍വീനറും അമൃത ടി.വി. മാനേജരുമായ ബി.പ്രകാശ ബാബു നന്ദി പറഞ്ഞു. 85 കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പു വിതരണം ചെയ്‌തു.
പ്രൗഢ ചടങ്ങില്‍ കെ.എച്ച്‌.എന്‍.എ സ്‌കോളര്‍ഷിപ്പ്‌ വിതരണംചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക