Image

നീന്തല്‍ പരിശീലനം നിര്‍ബന്ധമായും പാഠ്യവിഷയമാക്കണം

ജോയിച്ചന്‍ പുതുക്കുളം Published on 27 August, 2011
നീന്തല്‍ പരിശീലനം നിര്‍ബന്ധമായും പാഠ്യവിഷയമാക്കണം

അടുത്തകാലത്തായി നീന്തല്‍കുളത്തിലും പുഴകളിലും തടാകങ്ങളിലും ഉണ്ടാകുന്ന അത്യാഹിതങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തില്‍, അമേരിക്കന്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക്‌ നീന്തല്‍ പരിശീലനം നല്‍കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ മുന്‍ ഫോമാ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌ അറിയിച്ചു. അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളും പ്രവാസി മലയാളികളുടെ കുട്ടികള്‍ക്കായി സമ്മര്‍ അവധിക്കാലങ്ങളില്‍ നീന്തല്‍ പരിശീനത്തിനുള്ള പദ്ധതികള്‍ തയാറാക്കണമെന്ന്‌ അനിയന്‍ ജോര്‍ജ്‌ അഹ്വാനം ചെയ്‌തു.

കഴിഞ്ഞ രണ്ടുമൂന്ന്‌ ദശാബ്‌ദങ്ങളായി നൂറുകണക്കിന്‌ പ്രവാസി മലയാളികളുടെ ജീവനുകളാണ്‌ വെള്ളത്തിനടിയില്‍പെട്ട്‌ നഷ്‌ടപ്പെട്ടത്‌. ഇതില്‍ ബഹുഭൂരിപക്ഷം ആള്‍ക്കാരും നീന്തല്‍ അറിയാത്തവരാണ്‌ എന്നുള്ള വസ്‌തുതയാണ്‌ നീന്തല്‍ പരിശീലനത്തെപ്പറ്റി ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നത്‌.

അടുത്തകാലത്തായി (ആറു മാസത്തിനുള്ളില്‍) മൂന്നു യുവാക്കളുടെ മരണം ഷിക്കാഗോ മലയാളി സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്‌. വിദ്യാഭ്യാസരംഗത്തും, സാമൂഹ്യരംഗത്തും നിറഞ്ഞുനിന്ന മേല്‍പ്പറഞ്ഞ മൂന്നു പ്രതിഭകള്‍ വ്യത്യസ്‌ത സാഹചര്യങ്ങളിലാണ്‌ വെള്ളത്തിനടിയില്‍പ്പെട്ട്‌ മരണമടഞ്ഞത്‌. ഇങ്ങനെയുള്ള അത്യാഹിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രവാസി മലയാളികളും, സംഘടനകളും മതസ്ഥാപനങ്ങളും യോജിച്ച്‌ പ്രവര്‍ത്തിച്ച്‌ നീന്തല്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കണം.

അമേരിക്കയിലെ സ്‌കൂളുകളിലെ സമ്മര്‍ അവധിയും, കേരളത്തിലെ വര്‍ഷകാലവും ഒരേസമയത്താണ്‌. ഒട്ടുമിക്ക പ്രവാസി മലയാളികള്‍ കുടുംബങ്ങളുമായി കേരളം സന്ദര്‍ശിക്കുന്നത്‌ ഈ കാലയളവിലാണ്‌. കേരളത്തിലെ അരുവികളും പുഴകളും തടാകങ്ങളും നിറഞ്ഞുകവിഞ്ഞൊഴുകുന്ന ജൂണ്‍-ജൂലൈ മാസങ്ങളില്‍ നീന്തലറിയാത്ത പ്രവാസി കുട്ടികള്‍ അപകടങ്ങളില്‍പ്പെടുന്നത്‌ സാധാരണ സംഭവമായി മാറുകയാണ്‌.

ഏതാണ്ട്‌ 9 വയസ്സുള്ളപ്പോള്‍ എന്റെ ജീവിതകാലത്തുണ്ടായ ഒരു സംഭവം ഞാന്‍ ഓര്‍മ്മിക്കുയാണ്‌. ജ്യേഷ്‌ഠ സഹോദരനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വിദേശത്തേക്ക്‌ യാത്രയാക്കി. അമ്മയോടും മറ്റ്‌ രണ്ട്‌ സഹോദരങ്ങളോടും കൂടി കോവളം കടല്‍ത്തീരം കാണുവാനും തിരമാലയില്‍ നീന്തി ഉല്ലസിക്കുവാനും കൂടി യാത്രതിരിച്ചു. നൂറുകണക്കിന്‌ സന്ദര്‍ശകരോടൊപ്പം ഞാനും സഹോദരങ്ങളോടൊപ്പം കടലിലേക്കിറങ്ങി. ആദ്യം തിരമാലയില്‍ മുട്ടോളം വെള്ളത്തില്‍ നീന്തിക്കളിച്ച ഞാന്‍ പതുക്കെ അമ്മയുടേയും സഹോദരങ്ങളുടേയും കണ്ണുവെട്ടിച്ച്‌ തീരത്തുനിന്നും ഉള്ളിലേക്ക്‌ കടന്നു. ഓരോ തിരമാലയും എന്നെ വാരിപ്പുണര്‍ന്നപ്പോള്‍ നിന്തലറിയാത്ത ഞാന്‍, പതുക്കെ പതുക്കെ വെള്ളംകുടിച്ച്‌ ഉള്‍ക്കടലിലേക്ക്‌ തിരമാലകള്‍ കൊണ്ടുപോയി. വെള്ളത്തില്‍ ജീവനോട്‌ പടപൊരുതി മുങ്ങി പൊന്തിയ എന്നെ മീന്‍പിടുത്തക്കാര്‍ തോണിയില്‍ കയറ്റി രക്ഷിക്കുകയായിരുന്നു. തലനാരിഴയ്‌ക്കിടെ ജീവന്‍ തിരിച്ചുകിട്ടിയ ഞാന്‍, പിന്നീട്‌ മണിമലയാറ്റില്‍ നീന്തല്‍ പരിശീലനം തുടങ്ങി ജീവിതത്തില്‍ ഒരു മുന്‍കരുതലെടുത്തു.

തീര്‍ച്ചയായും പ്രവാസി മലയാളികളും, സംഘടനകളും വെള്ളത്തില്‍പ്പെട്ട്‌ ഉണ്ടാകുന്ന അത്യാഹിതങ്ങള്‍ പ്രതിരോധിക്കുവാനുള്ള നീന്തല്‍ പരിശീലന ക്ലാസ്സുകളുമായി മുന്നോട്ടു വരണമെന്ന്‌ അനിയന്‍ ജോര്‍ജ്‌ ഏവരേയും ഉത്‌ബോധിപ്പിക്കുന്നു.


നീന്തല്‍ പരിശീലനം നിര്‍ബന്ധമായും പാഠ്യവിഷയമാക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക