Image

എസ്‌.എം.സി.സി `ആയിരം പേര്‍ക്ക്‌ കണ്ണും കണ്ണടയും' പദ്ധതി ഉദ്‌ഘാടനം ഓഗസ്റ്റ്‌ 28-ന്‌

ജോയി കുറ്റിയാനി Published on 27 August, 2011
എസ്‌.എം.സി.സി `ആയിരം പേര്‍ക്ക്‌ കണ്ണും കണ്ണടയും' പദ്ധതി ഉദ്‌ഘാടനം ഓഗസ്റ്റ്‌ 28-ന്‌
കൊച്ചി: സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി) യു.എസ്‌.എയുടെ ആഭിമുഖ്യത്തില്‍ കുന്നത്തുനാട്‌ ഗ്രാമപഞ്ചായത്തിന്റേയും കുന്നത്തുനാട്‌ ഗ്രാമവികസന സമിതിയുടേയും രാജഗിരി ഔട്ട്‌ റീച്ച്‌ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ നേത്രചികിത്സാ പദ്ധതിയായ ആയിരം പേര്‍ക്ക്‌ കണ്ണും കണ്ണടയും പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഓഗസ്റ്റ്‌ 28-ന്‌ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ എറണാകുളത്തെ കുന്നത്തുനാട്‌ ഗ്രാമപഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളില്‍ വെച്ച്‌ നടത്തുന്നു.

ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിനായി കേരളത്തിലെ നിര്‍ദ്ധനരായ കാഴ്‌ചയില്ലാതെ കഷ്‌ടപ്പെടുന്ന ആയിരം പേര്‍ക്ക്‌ കാഴ്‌ച നല്‍കുന്നതിനാണ്‌ `കണ്ണും കണ്ണടയും' പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌. 2011 ഡിസംബറിനുള്ളില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി 24 ക്യാമ്പുകള്‍ നടത്തി അര്‍ഹരായവര്‍ക്ക്‌ കണ്ണടയോ, തിമിര ശസ്‌ത്രക്രിയയോ സൗജന്യമായി നല്‍കാനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.

ഓഗസ്റ്റ്‌ 28-ന്‌ രാവിലെ 9 മണിക്ക്‌ കുന്നത്തുനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈല നൗഷാദിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഷിക്കാഗോ രൂപതാ ബിഷപ്പ്‌ റവ.ഡോ. ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യാതിഥിയായിരിക്കും.

ഡോ. റോഷന്‍ ജോര്‍ജിന്റെ (തൃപ്പൂണിത്തുറ റോഷന്‍ ഐ കെയര്‍ ഹോസ്‌പിറ്റല്‍) നേതൃത്വത്തില്‍ നടക്കുന്ന നേത്രപരിശോധന ക്യാമ്പ്‌ കുന്നത്തുനാട്‌ എംഎല്‍എ വി.പി. സജീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. `കണ്ണും കണ്ണടയും' പദ്ധതിക്കുവേണ്ടി എസ്‌.എം.സി.സി രാജഗിരി ഔട്ട്‌റീച്ചിനെ ഏല്‍പിക്കുന്ന ഫണ്ട്‌ രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്‌ടറും രാജഗിരി ഔട്ട്‌റീച്ചന്റെ സെക്രട്ടറിയുമായ റവ.ഡോ. ആന്റണി കരിയില്‍ സി.എം.ഐ, ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തില്‍ നിന്നും ഏറ്റുവാങ്ങും. സീറോ മലബാര്‍ സഭ അത്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍, ബ്ലോക്ക്‌-ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍, രാജഗിരി ഔട്ട്‌റീച്ച്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ജോയി കുറ്റിയാനി (പ്രൊജക്‌ട്‌ കോര്‍ഡിനേറ്റര്‍ ആന്‍ഡ്‌ എസ്‌.എം.സി.സി നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌) അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക