Image

ഗവര്‍ണറാക്കി നശബ്‌ദനാക്കുന്ന കോണ്‍ഗ്രസ്‌ തന്ത്രം

ജി.കെ. Published on 30 August, 2011
ഗവര്‍ണറാക്കി നശബ്‌ദനാക്കുന്ന കോണ്‍ഗ്രസ്‌ തന്ത്രം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം രണ്‌ടു സീറ്റിലൊതുങ്ങിയപ്പോഴാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ അതിന്റെ കാരണം കണ്‌ടെത്തണമെന്നൊരു ഉള്‍വിളി ഉണ്‌ടായത്‌. എന്നാല്‍ പിന്നെ ഒരു സമിതിയെ നിയോഗിക്കാമെന്ന്‌ കെപിസിസി നേതൃത്വം അങ്ങ്‌ തീരുമാനിക്കുകയും ചെയ്‌തു. അങ്ങിനെ പണിയില്ലാതിരിക്കുന്ന മൂന്നു പേരെ ഉള്‍പ്പെടുത്തി സമിതിയും പ്രഖ്യാപിച്ചു. വക്കം പുരുഷോത്തമനെന്ന ഗജകേസരിയെ സമിതിയുടെ അധ്യക്ഷനായി നിയോഗിക്കുകയും ചെയ്‌തു.

വി.എസ്‌.വിജയരാഘവന്‍, എ.സി.ജോസ്‌ എന്നിങ്ങനെ രണ്‌ടു തൊഴില്‍രഹിതര്‍ കൂടി സമിതിയില്‍ അംഗങ്ങളായിരുന്നുവെങ്കിലും ഇതുവരെ വാ തുറക്കാന്‍ അവസരം ലഭിച്ചിരുന്നില്ലെന്നാണ്‌ കേട്ടു കേള്‍വി. അന്തെന്തായാലും തുടക്കത്തില്‍ മൂന്ന്‌ മാസവും പിന്നീട്‌ ആവശ്യാനുസരണം അഞ്ചുവര്‍ഷവും(അടുത്ത തെരഞ്ഞെടുപ്പ്‌ വരെ)എത്രവേണമെങ്കിലും കാലാവധി നീട്ടി നല്‍കാമെന്ന ഉറപ്പിലാണ്‌ സമിതിയെ നിയോഗിച്ചതുതന്നെ.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ കാലുവാരല്‍ അധികം നടക്കാത്തതുകൊണ്‌ടോ തോല്‍വിയുടെ കാരണം കണ്‌ടുപിടിക്കാന്‍ വലിയ അന്വേഷണമെന്നും വേണ്‌ടെന്ന്‌ അറിയാവുന്നതുകൊണ്‌ടോ എന്താണെന്നറിയില്ല മൂന്നു മാസം പോയിട്ട്‌ സമിതി വെറും രണ്‌ടു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച്‌ കെപിസിസി നേതൃത്വത്തെ മാത്രമല്ല സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെപ്പോലും ഞെട്ടിച്ചു.

യുഡിഎഫ്‌ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസില്‍ വ്യാപകമായ കാലുവാരല്‍ നടന്നെന്നും പല മണ്ഡലങ്ങളിലും വേണ്‌ടത്ര മുന്നൊരുക്കം നടന്നില്ലെന്നുമൊക്കെയുള്ള അന്വേഷിക്കാതെ തന്നെ കണ്‌ടെത്താവുന്ന കാരണങ്ങള്‍ക്കൊപ്പം വക്കം കമ്മിറ്റി ചില അപ്രിയസത്യങ്ങള്‍ കൂടി റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തു. എന്നിട്ട്‌ അത്‌ മാധ്യമങ്ങള്‍ക്ക്‌ രഹസ്യമായി ചോര്‍ത്തി നല്‍കുകയും ചെയ്‌തു. കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ഉമ്മന്‍ ചാണ്‌ടിയും ഗ്രൂപ്പടിസ്ഥാനത്തില്‍ മത്സരിച്ച്‌ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്‌ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടാന്‍ കാരണമായി എന്നായിരുന്നു റിപ്പോര്‍ട്ടിലെ ഒരു കണ്‌ടെത്തല്‍.

ഇതിന്റെ കൂടെ കെപിസിസി അധ്യക്ഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌ ആശയക്കുഴപ്പമുണ്‌ടാക്കിയെന്ന ഒരു വരി പ്രത്യേകം അടിവരയിട്ട്‌ ചേര്‍ക്കുകയും ചെയ്‌തു. റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ അന്നു മുതല്‍ അച്ചടക്കത്തിന്റെ ഖഡ്‌കവുമായി കെപിസിസി നേതൃത്വം ഗ്രൂപ്പന്‍മാരുടെ തലയരിയുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും റിപ്പോര്‍ട്ട്‌ വാങ്ങി അട്ടത്ത്‌ കയറ്റിവച്ചതാല്ലാതെ കെപിസിസി അധ്യക്ഷന്‍ അതൊന്നു തുറന്നു നോക്കിയതുപോലുമില്ല. അല്ലെങ്കില്‍ തന്നെ തന്നെക്കുറിച്ച്‌ മഹത്തായ കാര്യങ്ങളൊന്നുമല്ലല്ലോ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്‌.

ഇനി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാമെന്ന്‌ വെച്ചാല്‍ അതു സ്വയം കുഴി തോണ്‌ടലാവുകയും ചെയ്യും. കാരണം തനിക്കെതിരെയും മുഖ്യമന്ത്രിയായിരിക്കുന്ന കുഞ്ഞൂഞ്ഞിനെതിരെയും നടപടിയെടുക്കേണ്‌ടിവരും. തല്‍ക്കാലം അത്‌ നടപ്പിലാവാത്ത നിര്‍ദേശമായതുകൊണ്‌ട്‌ റിപ്പോര്‍ട്ട്‌ തുറന്നു നോക്കാതിരിക്കുകയാണ്‌ തല്‍ക്കാലം ആരോഗ്യത്തിന്‌ നല്ലതെന്ന്‌ ചെന്നിത്തലയും കുഞ്ഞൂഞ്ഞും ചേര്‍ന്നങ്ങ്‌ ഗ്രൂപ്പില്ലാതെ തീരുമാനിച്ചു. എന്നാല്‍ അവിടം കൊണ്‌ടും പ്രശ്‌നം തീരുന്നില്ലെന്ന്‌ തിരിച്ചറിഞ്ഞപ്പോഴാണ്‌ ചില കടുത്ത തീരുമാനങ്ങള്‍ പിന്നെയും എടുത്തത്‌.

എക്‌സ്‌ക്ലൂസീവ്‌ തപ്പി നടക്കുന്ന ചാനല്‍ ചേട്ടന്‍മാരും ചേച്ചിമാരും എങ്ങാനും വക്കത്തെ കണ്‌ട്‌ `നേരെ ചൊവ്വെ' വല്ലതും പറയിച്ചാല്‍ പണി കിട്ടുന്നത്‌ തങ്ങള്‍ക്ക്‌ തന്നെയാവുമെന്ന്‌ തിരിച്ചറിഞ്ഞ ഇരുവരും പണ്‌ട്‌ ആന്‍ഡമാനിലേക്ക്‌ ടിക്കറ്റെടുത്ത്‌ കയറ്റിയ അയച്ചതുപോലെ വക്കം മൂപ്പന്‌ മിസോറാമിലേക്ക്‌ ഒരു ഗവര്‍ണര്‍ ടിക്കറ്റ്‌ അങ്ങ്‌ ശരിയാക്കിക്കൊടുത്തു. ഇനി ഒരു അഞ്ചുവര്‍ഷത്തേക്ക്‌ ശല്യമുണ്‌ടാവില്ല. ഇനി എക്‌സ്‌ക്ലൂസീവ്‌ വേണമെന്ന്‌ നിര്‍ബന്ധമുള്ള മാധ്യമവിചാരകരാണെങ്കില്‍ മിസോറം ഇന്ത്യയില്‍ എവിടെയാണെന്നൊക്കെ കണ്‌ടുപിടിച്ചുവരുമ്പോഴേക്കും വാര്‍ത്തയുടെ ചൂടങ്ങ്‌ ആറുകയും ചെയ്യും.

മത്സരരംഗത്തേക്കില്ലെന്ന്‌ പറഞ്ഞിട്ടില്ലെങ്കിലും ഏതുഗ്രൂപ്പാണെന്ന്‌ തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാല്‍ ഇനിയൊരു മന്ത്രിപ്പണി മോഹിക്കുന്നത്‌ അതിമോഹമാവുമെന്ന്‌ തിരിച്ചറിഞ്ഞ വക്കം ആകട്ടെ ഗവര്‍ണര്‍ പദവി റൊക്കമായി അങ്ങു സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്‌തു. അങ്ങനെ കുഞ്ഞൂഞ്ഞും ചെന്നിത്തലയും ചേര്‍ന്ന്‌ ചേര്‍ന്ന്‌ ഗവര്‍ണറാക്കി നിശബ്‌ദനാക്കുന്ന തന്ത്രം ഫലപ്രദമായി നടപ്പിലാക്കി. ഗവര്‍ണര്‍ മോഹികളായ ചില സീനിയര്‍ കോണ്‍ഗ്രസുകാര്‍ അടുത്തെങ്ങാനും വല്ല അന്വേഷണസമിതിയും പ്രഖ്യാപിക്കുമോ എന്നറിയാന്‍ കെപിസിസി ആസ്ഥാനത്ത്‌ കറങ്ങിനടക്കുകയാണെന്നാണ്‌ പുതിയ റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക