Image

ശാന്തിഭൂഷണിന്റെ വിവാദ ഫോണ്‍ സംഭാഷണ സിഡി യഥാര്‍ത്ഥമാണെന്ന് ഡല്‍ഹി പൊലീസ്

Published on 30 August, 2011
ശാന്തിഭൂഷണിന്റെ വിവാദ ഫോണ്‍ സംഭാഷണ സിഡി യഥാര്‍ത്ഥമാണെന്ന് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ ശാന്തിഭൂഷണ്‍ നേതാക്കളായ മുലായം സിങ് യാദവും അമര്‍സിങുമായി നടത്തിയ വിവാദ ടെലഫോണ്‍ സംഭാഷണത്തിന്റെ സിഡി യഥാര്‍ത്ഥമാണെന്ന് ഡല്‍ഹി പൊലീസ്. സിഡി വ്യാജമാണെന്ന് കാണിച്ച് ശാന്തിഭൂഷണ്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ജഡ്ജിമാരെ പാട്ടിലാക്കാമെന്നും തന്റെ മകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ വിചാരിച്ചാല്‍ ഒരു ജഡ്ജിയെ സ്വാധീനിക്കാമെന്നും പറയുന്നതാണ് സിഡിയിലെ ഉള്ളടക്കം.

ടേപ്പിലെ ശബ്ദം തന്റേത് തന്നെയാണെന്ന് അമര്‍സിങ് പൊലീസിനോട് സമ്മതിച്ചിരുന്നു. ലോക്പാല്‍ വിഷയത്തില്‍ അണ്ണാ ഹസാരെ ആദ്യം നടത്തിയ നിരാഹാരസമരം അവസാനിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലെ ചില മാധ്യമസ്ഥാപനങ്ങളില്‍ സിഡി എത്തിയിരുന്നത്. ഹസാരെയുടെ അടുത്ത അനുയായിയും ലോക്പാല്‍ കരട് തയ്യാറാക്കാന്‍ നിയമിച്ച സംയുക്ത സമിതിയിലെ അംഗവുമായിരുന്നു ശാന്തിഭൂഷണ്‍.

എന്നാല്‍ ചില പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് ഏജന്‍സി ഉദ്യോഗസ്ഥരും മറ്റു ചിലരും നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ഫലമാണിതെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക