Image

പന്ത്രണ്ടാമത് അഖില കാനഡ വടംവലി മത്സരം സെപ്റ്റംബര്‍ 5-ന് തിങ്കളാഴ്ച

ജയ്‌സണ്‍ മാത്യു Published on 31 August, 2011
പന്ത്രണ്ടാമത് അഖില കാനഡ വടംവലി മത്സരം സെപ്റ്റംബര്‍ 5-ന് തിങ്കളാഴ്ച
ടൊറന്റോ: കനേഡിയന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈവര്‍ഷത്തെ ഫാമിലി പിക്‌നിക്കിനോടനുബന്ധിച്ച് സെപ്റ്റംബര്‍ 5-ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് മിസ്സിസ്സാഗായിലെ വൈല്‍ഡ് വുഡ് പാര്‍ക്കില്‍ വെച്ച് പന്ത്രണ്ടാമത് അഖില കാനഡ വടംവലി മത്സരം നടത്തും.

ജോമി ജോസഫ് സ്‌പോണ്‍സര്‍ ചെയ്യുന്ന മരങ്ങോലില്‍ ഓനച്ചന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 500 ഡോളര്‍ കാഷ് അവാര്‍ഡുമാണ് ഒന്നാംസമ്മാനം. ഡോ. പി.സി. പുന്നന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പി.സി പുന്നന്‍ സീനിയര്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 250 ഡോളര്‍ കാഷ് അവാര്‍ഡുമാണ് രണ്ടാം സമ്മാനം.

ഏഴുപേര്‍ അടങ്ങുന്ന ടീമിന്റെ പമാവധി അനുവദനീയമായ തൂക്കം 500 കിലോഗ്രാമാണ്. മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ തുടരുന്നു. ന്യൂവെഞ്ചര്‍, ഡോളര്‍ പ്ലസ്, ഏഷ്യാനെറ്റ് കാനഡ, വെബ് മലയാളി എന്നീ ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. രജിസ്‌ട്രേഷന്‍ ഫീസ് ടീമിന് 50 ഡോളറാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വടംവലി മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസോ, തൂക്കമോ കര്‍ശനമായ നിയമങ്ങളോ ഉണ്ടായിരിക്കുന്നതല്ല. മത്സരങ്ങള്‍ സംബന്ധിച്ച സംശയനിവാരണങ്ങള്‍ക്ക് പതിനൊന്ന് വര്‍ഷമായി മത്സരം നിയന്ത്രിക്കുന്ന ജോമി ജോസഫുമായി (905 965 6602)എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

വിജയികള്‍ക്കുള്ള സമ്മാനദാനം ഒന്റാരിയോ ഗവണ്‍മെന്റ് സര്‍വീസസ് മന്ത്രി ഹരീന്ദര്‍ ഠാക്കര്‍ നിര്‍വ്വഹിക്കുന്നതാണ്.

അന്നേദിവസം രാവിലെ 10 മണിക്ക് കനേഡിയന്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് പതാക ഉയര്‍ത്തി പിക്‌നിക്ക് ഉദ്ഘാടനം ചെയ്യുന്നതാണ്. തുടര്‍ന്ന് ചെണ്ടമേളത്തോടെ കലാപരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും തുടക്കംകുറിക്കും. എല്ലാ നാടന്‍ വിഭവങ്ങളോടുംകൂടിയ തട്ടുകട പ്രവര്‍ത്തിക്കുന്നതാണ്.

കുട്ടികള്‍ക്ക് പ്രത്യേകം റൈഡുകളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കാനഡയില്‍ പുതുതായി എത്തിയ മലയാളികള്‍ക്ക് സ്വയം പരിചയപ്പെടുത്താനുള്ള വേദിയും എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.canadianmalayalee.org
സന്ദര്‍ശിക്കുക.
പന്ത്രണ്ടാമത് അഖില കാനഡ വടംവലി മത്സരം സെപ്റ്റംബര്‍ 5-ന് തിങ്കളാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക