Image

മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മതങ്ങള്‍: മണ്ണിക്കരോട്ട്‌

Published on 25 May, 2011
മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മതങ്ങള്‍: മണ്ണിക്കരോട്ട്‌

അമേരിക്കയിലെ മലയാള ആനുകാലികങ്ങളില്‍ പ്രവാസി വിഭാഗത്തിന്റെ ഏറിയപങ്കും മതങ്ങളുടെ വാര്‍ത്തകളും, അനുബന്ധമായ ചിത്രങ്ങളുമാണ്‌. ഇത്‌ അമേരിക്കയില്‍ മാത്രം കാണുന്ന ഒരു സ്ഥിതിവിശേഷമല്ല. കേരളത്തിലെ പ്രധാനപ്പെട്ട പത്രങ്ങളുടെ `യു.എസ്‌.' വിഭാഗത്തിന്റെ സ്ഥിതിയും മറിച്ചല്ല. അതതു മതത്തിന്റെ പ്രസിദ്ധീകരണങ്ങളില്‍പോലും ഉള്‍പ്പെടുത്താന്‍ യോഗ്യമല്ലാത്ത നിസ്സാര കാര്യങ്ങളാണ്‌ ആനുകാലികങ്ങളില്‍ വലിയ വാര്‍ത്തയാക്കി പ്രസിദ്ധീകരിക്കുന്നത്‌. ഇതൊക്കെ കാണുമ്പോള്‍ തോന്നും, അമേരിക്കയില്‍ മലയാളികളുടെ മതങ്ങള്‍ക്ക്‌ വാര്‍ത്തയാണ്‌ മുഖ്യമെന്ന്‌. അതോ മതപ്രവര്‍ത്തനങ്ങള്‍ വാര്‍ത്തയില്‍ ഒതുങ്ങുകയാണോ? അതോ മതങ്ങളും ചില കടലാസുസംഘടനകള്‍പോലെ തരംതാണുപോയോ?

മേല്‍പ്പറഞ്ഞ ചിന്തകള്‍ ഒരാളുടെ മാത്രം അനുഭവമല്ല. ആനുകാലികങ്ങള്‍ വായിക്കുന്നവരില്‍ ഏറിയപങ്കും ഇത്തരം ഊതിവീര്‍പ്പിച്ച, അനുചിതമായ വാര്‍ത്തകളും ചിത്രങ്ങളും കണ്ടുകണ്ട്‌ അക്ഷമരായിട്ടുള്ളവരാണ്‌. പത്തുപേര്‍ കൂടുന്നിടത്ത്‌ ഇതേക്കുറിച്ച്‌ സംസാരിക്കുന്നതും ചിലരെങ്കിലും ആരോടെന്നില്ലാതെ രോഷാകുലരാകുന്നതും കണ്ടിട്ടുണ്ട്‌. പലരും ചോദിക്കും; മതങ്ങള്‍ക്ക്‌ ഇത്തരം `ചീപ്പ്‌ പോപ്പുലാരിറ്റി' ആവശ്യമുണ്ടോ? എന്തിനാണിങ്ങനെ വായനക്കാരുടെ ക്ഷമ പരിശോധിക്കുന്നത്‌ എന്നൊക്കെ. ഇതൊക്കെ അപഹാസ്യവും സാമൂഹ്യപീഡനമായിട്ടുമാണ്‌ എല്ലാവരും കാണുന്നത്‌.

ഒരു ഉദാഹരണം നോക്കാം. മേലധികാരികളുടെ സ്വീകരണത്തെക്കുറിച്ചാകട്ടെ. അത്‌ വിമാനത്താവളങ്ങളില്‍ തുടങ്ങും. പിന്നീടങ്ങോട്ട്‌ വാര്‍ത്തകളും ചിത്രങ്ങളുമായി ഒരു പരമ്പരയായി തുടരും. ചിത്രങ്ങളില്‍ കോട്ടുസൂട്ടണിഞ്ഞ്‌ കൃതൃമ ചിരിയും പരത്തി വിലസുന്ന നേതാക്കളായിരിക്കും കൂടുതലും. ഇനിയും തദ്ദേശിയ പ്രധാനികളുടെ സ്വീകരണമാണെങ്കിലോ? അത്‌ നിഴല്‍പോലെ പിന്തുടരുകയാണ്‌. എന്നും എങ്ങും എവിടെയും സ്വീകരണം. ഇതെന്തേ! അമേരിക്കയിലെ ദേവാലയങ്ങള്‍ സ്വീകരണാലയങ്ങളായി മാറിയിരിക്കുന്നവോ? അമേരിക്കയില്‍ മലയാളികളുടെ ദേവാലയങ്ങള്‍ പിരിവാലയങ്ങളും പിഴിവാലയങ്ങളുമാണെന്ന്‌ കേഴ്‌വിയുണ്ട്‌. ഇപ്പോഴത്‌ ഒരു പടികൂടി കടന്ന്‌ സ്വീകരണാലയവുമായി മാറയിരിക്കുകയാണെന്നു തോന്നുന്നു.

മനുഷ്യനും സമൂഹത്തിനും മദ്ധ്യേയുള്ള കണ്ണാടിയാണ്‌ മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ക്ക്‌ മതങ്ങളും, മതങ്ങള്‍ക്ക്‌ മാധ്യമങ്ങളും ആവശ്യംതന്നെ. എന്നുമാത്രമല്ല മാധ്യമങ്ങളുടെ നിലനില്‍പ്പിന്‌ മതങ്ങളുടെ സഹകരണം അനിവാര്യവുമാണ്‌. എന്നാല്‍ മാധ്യമങ്ങളില്ലെങ്കിലും മതങ്ങള്‍ക്ക്‌ ഒരു കുറവും സംഭവിക്കാന്‍ പോകുന്നില്ല. കാരണം മതങ്ങള്‍ മാധ്യമങ്ങള്‍ക്കുവേണ്ടിയല്ല മനുഷ്യര്‍ക്കുവേണ്ടിയാണ്‌ നിലകൊള്ളേണ്ടതെന്ന അടിസ്ഥാനതത്വം തന്നെ. ഈ അടിസ്ഥാനതത്വമാണ്‌ ഇവിടെ ദുരുപയോഗപ്പെടുത്തി പത്രത്താളുകളില്‍ ഒതുക്കുന്നത്‌.

വാര്‍ത്തകള്‍ വാര്‍ത്താപ്രാധാന്യമുള്ളവയായിരിക്കണം. ചെറുപ്പകാലത്ത്‌ മാതാപിതാക്കളും മറ്റ്‌ മുതിര്‍ന്നവരും ഉപദേശിക്കുമായിരുന്നു തീര്‍ച്ചയായും പത്രം വായിക്കണമെന്ന്‌. പത്രപാരായണത്തെക്കുറിച്ച്‌ അദ്ധ്യാപകര്‍ ക്കും ഇതേ ഉപദേശംതന്നെയായിരുന്നു. കാരണം ലോകമെമ്പാടുമുള്ള വാര്‍ത്തകളറിയാനും പൊതുവിജ്ഞാനം (General knowledge) വര്‍ദ്ധിപ്പിക്കാനും പ്രധാന മാര്‍ഗ്ഗം പത്രപാരായണം എന്നുള്ളതുതന്നെ. മാര്‍ക്ക്‌ ഫെഡ്‌മാന്‍ പറയുന്നത്‌  The medium is the message എന്നാണ്‌. ശരിയല്ലേ? അതായത്‌ ലോകത്തിന്റെ സന്ദേശവാഹികളാണ്‌ മാധ്യമങ്ങള്‍. അങ്ങനെയുള്ള മാധ്യമങ്ങളാണ്‌ ഇവിടെ ദുര്‍വിനിയോഗപ്പെടുന്നത്‌.

ഇതൊരു വലിയ കടന്നുകയറ്റമാണ്‌. അമേരിക്കയില്‍ മാത്രം കാണുന്ന ഒരു കടന്നു കയറ്റം. അതുകൊണ്ട്‌ കേരളത്തിലെ മാധ്യമങ്ങളില്‍ മതവാര്‍ത്തകള്‍ ഇല്ലേ എന്ന ചോദ്യമുയര്‍ന്നേക്കാം. തീര്‍ച്ചയായും ഉണ്ട്‌. ഉണ്ടാകുകയും വേണം. കാരണം മതങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണ്‌. മതങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ സമൂഹത്തെ ബാധിക്കുന്ന വിവരങ്ങള്‍ വാര്‍ത്തകളാണ്‌. അത്‌ സമൂഹം മനസ്സിലാക്കുകയും വേണം. അല്ലാതെ അമേരിക്കയിലെ ആനുകാലികങ്ങളില്‍ കാണുന്നതുപോലെ ഗാര്‍ഹിക കാര്യങ്ങള്‍പോലുള്ള ദൈനംദിന കാര്യങ്ങളല്ല വാര്‍ത്തയെന്ന പേരില്‍ മാധ്യമങ്ങളില്‍ ഇടം തേടേണ്ടത്‌?

ഈ വാര്‍ത്താമലിനീകരണം (news pollution) സമൂഹത്തിന്റെ ഒരു വിഭാഗത്തുനിന്നു മാത്രം ഉണ്ടായിക്കൊ ണ്ടിരിക്കുന്ന ഒരു പ്രവണതയല്ല. മലിനീകരണത്തിന്റെ അണുക്കളും പേറി പറന്നലയുന്ന ധാരാളം ക്ഷുദ്രജീവികളെ സമൂഹത്തിന്റെ സമസ്‌ത മേഖലകളിലും കാണാന്‍ കഴിയും. അവര്‍ക്ക്‌ കാണുന്നതെല്ലാം വാര്‍ത്തയാണ്‌. പിന്നീടത്‌ `ഓണ്‍ലൈന്‍' എന്ന്‌ ഓമനപ്പേരിലറിയുന്ന സാങ്കേതിക മാര്‍ഗ്ഗം ചൂഷണംചെയ്‌ത്‌ പത്രങ്ങളുടെ പ്രവാസി വിഭാഗം നിറയ്‌ക്കും. നിസ്സാരമായ കാര്യങ്ങള്‍പോലും ഏതോ മഹാസംഭവംപോലെ പര്‍വ്വതീകരിച്ച്‌, വെട്ടി നുറുക്കി കഷണം കഷണമാക്കി, വിവിധ തലക്കെട്ടില്‍ അവതരിപ്പിക്കും.

പീഡനങ്ങളാകുന്ന ഇത്തരം പ്രഹസനങ്ങള്‍ വാര്‍ത്തയ്‌ക്കുവേണ്ടിയല്ല മറിച്ച്‌ ആര്‍ക്കൊക്കെയൊ പെട്ടെന്ന്‌ പ്രശസ്‌തരാകാമെന്ന വ്യാമോഹത്തിന്റെ അവശിഷ്ടം മാത്രമാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. എന്നിട്ട്‌ തങ്ങള്‍ പത്രപ്രവര്‍ത്തകരും പത്രലേഖകരുമൊക്കെയാണെന്നുള്ള ഭാവത്തില്‍, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ മാനത്തുനോക്കി അഭിമാനം കണ്ടെത്തുന്നു. ഇത്തരം നേതാക്കള്‍ എന്തുവിലകൊടുത്തും പത്രക്കാരെ സ്വാധീനിക്കാനും മടിക്കുന്നവരുമല്ല.

മതങ്ങള്‍ക്ക്‌ അതിന്റേതായ പ്രാധാന്യവും പാരമ്പര്യവുമുണ്ട്‌. മതങ്ങള്‍ക്ക്‌ തനതായ പവിത്രതയും വിശ്വാസവുമുണ്ട്‌. സഹസ്രാബ്‌ദങ്ങളായി, നൂറ്റാണ്ടുകളായി മതങ്ങള്‍ അതതിന്റേതായ പാരമ്പര്യവും മൗലികതയും തുടരുകയും ചെയ്യുന്നുണ്ട്‌. എന്നാല്‍ ഇന്നുകാണുന്ന പരസ്യപ്രസ്‌താവനകള്‍, വാസ്‌തവത്തില്‍ മതത്തിന്റെ മൗലികതയക്ക്‌ മങ്ങലേല്‍പ്പിക്കുകയാണ്‌ ചെയ്യുന്നത്‌. പ്രസിദ്ധരായ പല മതപ്രവര്‍ത്തകരും സത്യാന്വേഷികളും ചിന്തകരും മതത്തിന്റെ ദുരുപയോഗത്തെക്കുറിച്ച്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പേ മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്‌ ഇവിടെ ഇപ്പോള്‍ പ്രായോഗികമാകുന്നതായിട്ടാണ്‌ കാണാന്‍ കഴിയുന്നത്‌.

17-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്‌ത ചിന്തകനും എഴുത്തുകാരനും സുവിശേഷ പ്രവര്‍ത്തകുനുമായ ജോണ്‍ ബുനിയന്‍ (John Bunyan) ഇങ്ങനെ പറഞ്ഞിരിക്കുന്നു. `മനുഷ്യന്‌ ഉണ്ടാകാവുന്നതില്‍ ഏറ്റവും നല്ല കവചമാണ്‌ മതം, എന്നാല്‍ അതുതന്നെയാണ്‌ ഏറ്റവും ദുഷിച്ച ആവരണവും' (Religion is the best armor that a man can have, but it is the worst cloak) 17-ം നൂറ്റാണ്ടിലെ മറ്റൊരു എഴുത്തുകാരനായ സ്വിഫ്‌റ്റ്‌ (Swift) പറയുന്നു `നമുക്ക്‌ കലഹിക്കാനും വെറുക്കുവാനും ധാരാളം മതങ്ങളുണ്ട്‌, എന്നാല്‍ പരസ്‌പരം സ്‌നേഹിക്കാന്‍ അധികമൊന്നും ഇല്ലതാനും' (We have just enough Religion to make us hate, but not enough to make us love one another). ഇതേ ആശയംതന്നെയാണ്‌ മറ്റ്‌ പല ചിന്തകര്‍ക്കുമുള്ളത്‌. `അത്മാര്‍ത്ഥതയില്ലാതെ പ്രസംഗിക്കാനും പ്രവചിക്കാനും മാത്രമായിരിക്കുകയാണ്‌ മതങ്ങളെ'ന്ന്‌ ശാസ്‌ത്രഞ്‌ജനും തത്വജ്ഞാനിയും വേദപണ്ഡിതനുമായ ടയാര്‍ഡ്‌ ഷാര്‍ഡന്‍  (Teilhard De Chardin) പറയുന്നു.

മതത്തെക്കുറിച്ച്‌ ശ്രീബുദ്ധന്റെ അഭിപ്രായം മറ്റൊന്നാണ്‌. This is my simple religion: there is no need for temple, no need for complicated philosophy. Our own brain, our own heart is is our religion; the phylosophy is kindness. ചുരുക്കത്തില്‍ സ്വബുദ്ധിയും ആത്മാര്‍ത്ഥതയും ദയയുമാണ്‌ മതവും ദേവാലയവുമെല്ലാം. അതായ
ത്‌,‌ മനുഷ്യര്‍ക്ക്‌ എപ്പോഴെല്ലാം സല്‍ബുദ്ധി ഉണ്ടാകുന്നുവോ മതത്തില്‍ ആത്മാര്‍ത്ഥതയും ദയയും ഉണ്ടാകുന്നുവോ അപ്പോഴെല്ലാം സമൂഹം സാമൂഹ്യദ്രോഹവിമുക്തമായിരിക്കും. എന്നാല്‍ ഇവിടെ മതത്തിന്റെ ദിശാബോധമാണ്‌ നഷ്‌ടപ്പെട്ടിരിക്കുന്നത്‌.

ഒരു സമയത്ത്‌ (എഴുപതുകളിലും എണ്‍പതുകളിലും) അമേരിക്കയില്‍ ജാതിമതഭേദമന്യേ വളരുകയും ഉയരുകയും ചെയ്‌ത മലയാളികളുടെ സാമൂഹ്യ-സാംസ്‌ക്കാരിക വേദികള്‍ മതങ്ങള്‍ അധീനപ്പെടുത്തി. വാസ്‌തവത്തില്‍ ഈ അധീനശക്തിയില്‍ ഞെരിപിരികൊള്ളുകയാണ്‌ യഥാര്‍ത്ഥ മതവും ആത്മീയവും. ഈ പാരതന്ത്ര്യത്തില്‍നിന്ന്‌ സ്വാതന്ത്ര്യം നേടാന്‍ കഴിയാതെ പിടയുകയാണ്‌ ബോധമനസ്‌. ഇവിടെ ആത്മീയം അന്വാധീനപ്പെടുന്നു. ഈശ്വരന്‍ വില്‌ക്കപ്പെടുന്നു. മതം ഉപഭോഗവസ്‌തുപോലെ മാദ്ധ്യമങ്ങളില്‍ ഒതുങ്ങുകയും ചെയ്യുന്നു.

ഇനിയും ബൈബിള്‍ മതത്തെക്കുറിച്ചും ഭക്തിയെക്കുറിച്ചും എന്താണ്‌ പറയുന്നതെന്നു നോക്കാം. If any one thinks he is religious and does not bridle his tongue but deceives his heart, his religion is in vain. Religion that is pure and undefiled before God and the Father is this: to care for orphans and widows in their affliction and to keep oneself unstained by the world. (James 1: 26-27). ചുരുക്കത്തില്‍ ഒരുവന്‍ മതവിശ്വാസിയാണെന്നു പറയുകയും സ്വന്തം നാവിനെ നിയന്ത്രിക്കാതെ ഹൃദയത്തെ വഞ്ചിക്കുകയും ചെയ്യുന്നവന്റെ മതം വ്യര്‍ത്ഥമാണ്‌. പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌ക്കളങ്കവുമായ മതം (ഭക്തി) ഇതാണ്‌: അനാഥരുടേയും വിധവമാരുടേയും ദുഃഖത്തില്‍ പങ്കുചേരുകയും അവരെ സഹായിക്കുകയും ചെയ്യുക; ലോകത്തിന്റ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തു സൂക്ഷിക്കുക.

ഇതാണ്‌ ഭക്തി. ഇതാണ്‌ മതം. ഇതാണ്‌ മതത്തിന്റെ ലക്ഷ്യം. അല്ലാതെ മാധ്യമങ്ങളില്‍ ഇടിച്ചും ഇഴഞ്ഞും ഇരന്നും കയറുന്നതല്ല മതവും ഭക്തിയും. ഈ കടന്നുകയറ്റത്തെ മാധ്യമങ്ങളും നിരുത്സാഹപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതാണ്‌. അതായത്‌ ഉണ്ണുന്നവനറിഞ്ഞില്ലെങ്കില്‍ വിളമ്പുന്നവനറിയുക എന്ന പഴമ ഇവിടെ ബാധകമാകണം. ഇനിയുമെങ്കിലും മതപ്രചരണങ്ങള്‍ക്ക്‌ മാധ്യമങ്ങളെ ആയുധമാക്കാതെ അനാഥരുടെയും വിധവമാരുടെയും ദുഖത്തില്‍ പങ്കുചേരുകയും ലോകത്തിന്റെ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുകയും ചെയ്യുക. അതോടോപ്പെം `തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുകയും ചെയ്യുക.' അതാകട്ടെ മതങ്ങളുടെ മാധ്യമങ്ങള്‍.

മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മതങ്ങള്‍: മണ്ണിക്കരോട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക