Image

കേരളത്തിലേക്ക് അറിവിന്റെ പാലവുമായി ഫോമ

Published on 25 May, 2011
കേരളത്തിലേക്ക് അറിവിന്റെ പാലവുമായി ഫോമ

വാഷിംഗ്ടണ്‍ ഡി.സി : ഫോമ ആവിഷ്‌കരിച്ച നൂതന പദ്ധതിയായ 'ബ്രിഡ്ജിംഗ് ഓഫ് ദി മൈന്‍ഡ്‌സ്' (മനസുകള്‍ തമ്മിലൊരു പാലം തന്നെ) പ്രകാരം ജൂണ്‍ 11 ന് പ്രൊഫഷണലുകളുടെ ഉന്നതതല സമ്മേളനം ചിക്കാഗോയില്‍ നടത്തുന്നു.

മലയാളികളുടെ പ്രൊഫഷണല്‍ സംഘടനകള്‍, പ്രൊഫഷണല്‍ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനം അമേരിക്കയില്‍ പ്രൊഫഷണല്‍ രംഗത്ത് വളര്‍ച്ച നേടുന്നതിനെപ്പറ്റിയും ഔദ്യോഗികരംഗത്തെ വെല്ലുവിളികളെപ്പറ്റിയും ആഴത്തിലുള ചര്‍ച്ചകളും വിശകലനങ്ങളും നടത്തും.

ഇതിനു പുറമേ അമേരിക്കയില്‍ ലഭ്യമായ അറിവുകളും വൈദഗ്ദ്ധ്യവും കേരളത്തിലെ പ്രൊഫഷണല്‍സിന് പകര്‍ന്ന് നല്‍കുന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കും.

ബ്രിഡ്ജിംഗ് ഓഫ് ദി മൈന്‍ഡ്‌സ് എന്നതുകൊണ്ട് കേരളവുമായുള്ള ഒരു നോളഡ്ജ് എക്‌സ്‌ചേഞ്ച് (അറിവുകള്‍ കൈമാറുക) ആണ് ഉദ്ദേശിക്കുന്നതെന്ന്  പ്രസിഡന്റ് ബേബി ജോണ്‍ ഊരാളിലും സെക്രട്ടറി ബിനോയ് തോമസും വിശദീകരിക്കുന്നു.

1970 കളില്‍ കുടിയേറ്റം ശക്തമായ ശേഷം പല രംഗത്തുനിന്നുമുള്ള പ്രൊഫഷണലുകള്‍ അമേരിക്കയിലെത്തി. അവര്‍ പല മേഖലകളിലും തങ്ങളുടെ മികവ് പ്രകടിപ്പിക്കുന്നു. ആദ്യകാലത്ത് ആരോഗ്യരംഗവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പേര്‍ പ്രവര്‍ത്തനം ആരംഭിച്ചതെങ്കില്‍ 90 കളില്‍ അത് ഐ.ടി പ്രൊഫഷണലുകളായി.

ഇവര്‍ നേടിയ വൈദഗ്ദ്ധ്യം കേരളത്തിലെ പ്രൊഫഷണലുകള്‍ക്ക് പകര്‍ന്ന് നല്‍കാനായാല്‍ അത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. പല രീതിയില്‍ ഇത് പ്രാവര്‍ത്തികമാക്കാം. അമേരിക്കയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ കേരളത്തിലെത്തുമ്പോള്‍ അവിടെയുള്ള പ്രൊഫഷണലുകള്‍ക്കായി സെമിനാറുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുകയാണ് ഒന്ന്.

ഓണ്‍ലൈനിലൂടെ ഇവിടെയും അവിടെയുമുള്ള വിദഗ്ദ്ധര്‍ തമ്മില്‍ ബന്ധപ്പെടുകയാണ് മറ്റൊന്ന്. ഉദാഹരണത്തിന് ഇവിടെ ഓരോ സ്‌പെഷ്യാല്‍റ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അതേ മേഖലയില്‍ കേരളത്തിലുള്ളവരുമായി ഓണ്‍ലൈന്‍ വഴി സംവദിക്കുക എളുപ്പമാണ്. വിഡിയോ കോണ്‍ഫറന്‍സിംഗ് മുതല്‍ ഡിസ്‌കഷന്‍ ഫോറം വരെ ഇതിനുപകരിക്കും.

അമേരിക്കയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും യോജിച്ച സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടുകയുമാണ് മറ്റൊന്ന്. ഇവിടെ വന്ന് പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സംബന്ധിച്ച വിവരങ്ങളും നല്‍കുന്നതും പ്രധാനമാണ്.

വിദഗ്ദ്ധരുടെ ഒരു 'റിസോഴ്‌സ് ബാങ്ക്' രൂപപ്പെടുത്തുക. എല്ലാ തലത്തിലുള്ള വിദഗ്ദ്ധരും അടങ്ങിയ ഈ സംഘത്തില്‍ നിന്നുള്ളവരുമായി കേരളത്തിലെ ഗവണ്മന്റിനും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വിദഗ്‌ദ്ധോപദേശം നേടാന്‍ ഇത് സൗകര്യമൊരുക്കും.

അമേരിക്കയില്‍ ജനിച്ച കുട്ടികളെ കേരളത്തില്‍ പോകാന്‍ പ്രേരിപ്പിക്കുകയും കേരളത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ താന്ര്യം ഉണര്‍ത്തുകയും ചെയ്യുക എന്നതും പദ്ധതിയില്‍ പെടുന്നു.

ബ്രിഡ്ജിംഗ് ഓഫ് ദി മൈന്‍ഡ്‌സ് പദ്ധതി, കേരള ഇന്റര്‍നാഷണല്‍ സെന്റര്‍ എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് പ്രാവര്‍ത്തികമാക്കുക. അംബാസഡര്‍ ടി.പി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സെന്ററില്‍ മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, മുന്‍ വിദേശകാര്യ സെക്രട്ടറി കെ.പി.എസ് മേനോന്‍, ജസ്റ്റിസ് ഹരിഹരന്‍ നായര്‍ തുടങ്ങിയവര്‍ ട്രസ്റ്റികളാണ്.

വിവരങ്ങള്‍ക്ക്

ബേബി ഊരാളില്‍ : 631 805 4406
ബിനോയ് തോമസ് : 240 593 6810
ഫൈസല്‍ എഡ്വേര്‍ഡ് - 917 439 0563



കേരളത്തിലേക്ക് അറിവിന്റെ പാലവുമായി ഫോമകേരളത്തിലേക്ക് അറിവിന്റെ പാലവുമായി ഫോമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക