പാസ്റ്റര്‍ പോള്‍ വര്‍ഗീസ്, കാന്‍സാസ്

Published on 31 July, 2020
പാസ്റ്റര്‍ പോള്‍ വര്‍ഗീസ്, കാന്‍സാസ്
കാന്‍സാസ്: ഔറംഗബാദിലെ നവജീവന്‍ ധാര മിനിസ്ട്രീസ് സ്ഥാപകന്‍ പാസ്റ്റര്‍ പോള്‍ വര്‍ഗീസ് കാന്‍സസില്‍ നിര്യാതനായി. തിയോളജി വിദ്യാര്‍ഥിയായ പുത്രി ജൂലിയെ കാണാന്‍ വന്നതായിരുന്നു. എന്നാല്‍ ലോക്ക്ക്ക് ഡൗണ്‍ കാരണം മടങ്ങാനായില്ല.

പെരുമ്പാവൂര്‍ ചുണ്ടകുഴി കൊരട്ടുകുടി കുടുംബാംഗമാണ്.
ഭാര്യ ലിസ്സി. ജെമീമ, സാമുവല്‍ എന്നിവരാണു മറ്റു മക്കള്‍.

മ്രുതദേഹംനാട്ടിലേക്കു കൊണ്ടു പോകാന്‍ ശ്രമിക്കുന്നു.

പാസ്റ്റര്‍ പോള്‍ വര്‍ഗ്ഗീസ്: സമര്‍പ്പിതനായ മിഷണറി

നിത്യതയില്‍ ചേര്‍ക്കപ്പെട്ട പാസ്റ്റര്‍ പോള്‍ വര്‍ഗ്ഗീസിനെ (നവജീവന്‍ധാര) പാസ്റ്റര്‍ ദാനിയേല്‍ വില്യംസ് അബുദാബി അനുസ്മരിക്കുന്നു

ഓര്‍ത്തഡോക്‌സ് പാരമ്പര്യത്തില്‍ നിന്ന് ഓപ്പറേഷന്‍ മൊബലൈസേഷനിലൂട (ഒ.എം.) സുവിശേഷ പോരാളിയായി തീര്‍ന്ന പാസ്റ്റര്‍ പോള്‍ വര്‍ഗ്ഗീസിന്റെ ആകസ്മീക നിര്യാണം വടക്കേ ഇന്ത്യന്‍ സുവിശേഷീകരണത്തിനു നഷ്ടം തന്നെയാണ്.

അദ്ദേഹത്തെ ഞാന്‍ പരിചയപ്പെടുന്നത് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആ സമയത്താണ് നവജീവന്‍ധാര എന്ന സുവിശേഷ പ്രസ്ഥാനത്തിന്റെ ആരംഭം. ഉത്തര ഭാരതത്തിലെ സുവിശേഷ പ്രഘോഷണത്തില്‍ പങ്കാളിത്തം വഹിക്കുകയെന്ന ഉദേശ്യത്തോടെ പെരുമ്പാവൂരിലുള്ള വിവിധ സഭകളിലെ സുവിശേഷ തല്പരരായ സഹോരന്മാര്‍ ഒരുമിച്ചുചേര്‍ന്നു ആരംഭിച്ചതാണ് നവജീവന്‍ ധാര. ഒ.എം ലെ പ്രവര്‍ത്തന അനുഭവ സമ്പത്തുമായി മുന്നിട്ടിറങ്ങിയ വി.സി വര്‍ഗ്ഗീസും, പോള്‍ വര്‍ഗീസുമായിരുന്നു അമരക്കാര്‍.

സംഗീതം, ഫിലിം മിനിസ്ട്രി തുടങ്ങിയ മാധ്യമങ്ങളിലൂടെ ഉത്തര ഭാരതത്തിലെ ആയിരകണക്കിന് ഗ്രാമങ്ങളില്‍ ടീം പ്രവര്‍ത്തങ്ങള്‍ നടത്തുവാന്‍ അവര്‍ക്കു കഴിഞ്ഞുവെന്നത് അഭിമാനത്തോടെ ഓര്‍ക്കുന്നു. പ്രത്യേക നിയോഗപ്രകാരം മഹാരാഷ്ട്രയിലെ ഔറഗബാദിലെത്തിയ പോള്‍ വര്‍ഗ്ഗീസിനും ടീമിനും ഒരുപാട് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു ശുശ്രൂഷയുടെ ആദ്യ സമയങ്ങള്‍.

അദ്ധാനിക്കുന്നതിനൊത്ത് ഫലം ഉണ്ടാകുന്നില്ലല്ലോ എന്ന നിരാശ ആ സ്ഥലം വിട്ടുപോകാന്‍ വരെയുള്ള ചിന്തയില്‍ എത്തിച്ചു. എങ്കിലും ഓരോ സായാഹ്ന പ്രാര്‍ത്ഥന കഴിയുമ്പോഴും കാതില്‍ മന്ത്രിക്കുന്ന ദൈവശബ്ദം ആ ദേശത്തുതന്നെ പിടിച്ചു നിര്‍ത്തി. അങ്ങനെ ഉറച്ചുനിന്നതിന്റെ ഫലമായി തദ്ദേശീയരായ ധാരാളം ആളുകള്‍ തന്റെ വിശ്വാസികളായി മാറിയെന്നത് ദൈവനീതി.

ഏകദേശം 300 ലധികം സഭാംഗങ്ങള്‍ ആയ സമയത്തു ഒരു നല്ല ആരാധനാലയം പണികഴിപ്പിക്കുവാന്‍ സാധിച്ചു. അത്ഭുതപൂര്‍വ്വമായ വളര്‍ച്ച നല്‍കിയ ദൈവം 700 ലധികം ആളുകളുമായി ഇപ്പോള്‍ ദൈവത്തെ ആരാധിച്ചു വരുന്നു. ചുറ്റുമുള്ള ഗ്രാമങ്ങളിലും 14 ലോളം സഭ പ്രവര്‍ത്തങ്ങളില്‍ 100 കണക്കിന് ആളുകള്‍ കൂടിവന്നു ആരാധിക്കുന്ന സഭ പ്രവര്‍ത്തങ്ങളായി അത് മാറി.

30 വര്‍ഷം വടക്കേ ഇന്ത്യയില്‍ അഹോരാത്രം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം വിഭാഗിക്കുന്ന നാളില്‍ അതേറ്റുവാങ്ങുവാന്‍ പാസ്റ്റര്‍ പോള്‍ വര്‍ഗ്ഗീസും ഉണ്ടാകും.

അമേരിക്കയില്‍ ദൈവവചനം പഠിക്കുന്ന മൂത്തമകള്‍ ജൂലിയെ സന്ദര്‍ശിക്കാന്‍ പോയ പാസ്റ്റര്‍ പോള്‍ വര്‍ഗ്ഗീസ് കൊറോണ പ്രതിസന്ധിമൂലം കുടുങ്ങിപോകുകയായിരുന്നു. ഈ കോവിഡ് കാലത്തും അദ്ദേഹത്തിന്റെ സഭയില്‍ സൂ മീറ്റിംഗില്‍ സംസാരിക്കുവാനും അദ്ദേഹവുമായി പഴയകാല സൗഹൃദങ്ങള്‍ പങ്കുവെക്കാനും എനിക്ക് അവസരം ലഭിച്ചു. കോവിഡ് പ്രതിസന്ധി കഴിഞ്ഞു - ഔറംഗബാദില്‍ നടത്താറുള്ള- വലിയ വാര്‍ഷിക മീറ്റിംഗില്‍ പ്രസംഗകനായി എത്തണമെന്നുള്ള ക്ഷണത്തോടെയാണ് സംസാരം അവസാനിപ്പിച്ചത്.

പക്ഷെ അപ്രതിക്ഷിതമായിട്ടായിരുന്നു വളരെ പെട്ടന്ന് രോഗിയായി കോവിഡ് സ്ഥിരീകരിക്കപ്പെട്ടതും ഗുരുതരാവസ്ഥയിലായതും പിന്നീട് ഹൃദയാഘാതം ഉണ്ടായതും ലോകത്തോട് വിടവാങ്ങിയതും. മറുകരയില്‍ കാണാമെന്നുള്ള പ്രത്യാശയോടെ ആ ധീര പടയാളിയ്ക്ക് വിട ചൊല്ലുന്നു.

സുവിശേഷ വേലയില്‍ സജീവ പങ്കാളിയായ ഭാര്യ ലിസ്സിയെയും മക്കള്‍ ജൂലിയെയും ജെമീമയേയും സാമുവേലിനെയും സര്‍വ്വശക്തന്‍ ആശ്വസിപ്പിക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക