പുതിയ ജയിംസ്‌ ബോണ്‌ട്‌ സിനിമയുടെ ചിത്രീകരണം ഇന്ത്യയില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 07 September, 2011
പുതിയ ജയിംസ്‌ ബോണ്‌ട്‌ സിനിമയുടെ ചിത്രീകരണം ഇന്ത്യയില്‍
ലണ്‌ടന്‍: അടുത്ത ജയിംസ്‌ ബോണ്‌ട്‌ സിനിമയുടെ ചില സുപ്രധാന ഭാഗങ്ങള്‍ ഇന്ത്യയില്‍ ചിത്രീകരിക്കുമെന്നു റിപ്പോര്‍ട്ട്‌. ഡല്‍ഹിയിലെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ കമ്പനിയാണ്‌ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്‌.

മുംബൈയിലും കൊങ്കണ്‍ റെയില്‍വേയിലുമാണ്‌ ചിത്രീകരണം നടത്താനുദ്ദേശിക്കുന്നത്‌. ഇതിനു സര്‍ക്കാര്‍ അനുമതി നല്‍കിയതായാണ്‌ റിപ്പോര്‍ട്ട്‌. മുന്‍പ്‌ ഒക്‌ടോപസി എന്ന ബോണ്‌ട്‌ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഇന്ത്യയില്‍ ഷൂട്ട്‌ ചെയ്‌തിരുന്നു. 1983 ലാണ്‌ ഇതു റിലീസ്‌ ചെയ്‌തത്‌.

ഇരുപത്തിമൂന്നാം ബോണ്‌ട്‌ സിനിമയാണ്‌ അടുത്തത്‌. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഒസ്‌കാര്‍ വിന്നറായ സാം മെന്‍ഡസ്‌ ആണ്‌ സംവിധാനം ചെയ്യുന്നത്‌. ഡാനിയല്‍ ക്രെയ്‌ഗ്‌ തന്നെയാണ്‌ ബോണ്‌ടിനെ അവതരിപ്പിക്കുന്നത്‌. ഇത്‌ മൂന്നാം പ്രാവശ്യമാണ്‌ ബോണ്‌ടായി ക്രെയിഗ്‌ അഭിനയിക്കുന്നത്‌. ബോണ്‌ട്‌ സീരിയല്‍ സിനിമയിലെ ആറാമത്തെ നായകനാണ്‌ നാല്‍പ്പത്തിയെട്ടുകാരനായ ക്രെയിഗ്‌. കാസിനോ റോയല്‍ (2006) എന്ന ചിത്രത്തിലൂടെയാണ്‌ ക്രെയ്‌ഗ്‌ ബോണ്‌ടായി രംഗപ്രവേശം ചെയ്‌തത്‌. സര്‍ സീന്‍ കോണറി, ജോര്‍ജ്‌ ലാസന്‍ബി, സര്‍ റോജന്‍ മോറെ, തിമോത്തി ഡാല്‍ട്ടണ്‍, പിയേഴ്‌സ്‌ ബ്രോസ്‌നാം എന്നിവരാണ്‌ സീക്രട്ട്‌ ഏജന്റ്‌ ജയിംസ്‌ ബോണ്‌ട്‌ 007 എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്‌.

അടുത്ത വര്‍ഷം നവംബര്‍ 9ന്‌ നാണ്‌ പുതിയ ബോണ്‌ട്‌ ചിത്രത്തിന്റെ റിലീസ്‌ പ്രതീക്ഷിക്കുന്നത്‌. എംജിഎം സ്റ്റുഡിയോയും ഇഒഎന്‍ പ്രൊഡക്‌ക്ഷന്‍ കമ്പനിയുമാണ്‌ നിര്‍മ്മാതാക്കള്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക