മാവേലി പ്രത്യക്ഷപ്പെട്ടപ്പോള്‍ (എന്റെ ഓര്‍മ്മയിലെ ഓണം)

ഏലിയാമ്മ ഈപ്പന്‍, ന്യൂഹൈഡ്‌ പാര്‍ക്ക്‌, ന്യൂയോര്‍ക്ക്‌ Published on 08 September, 2011
മാവേലി പ്രത്യക്ഷപ്പെട്ടപ്പോള്‍ (എന്റെ ഓര്‍മ്മയിലെ ഓണം)
കുട്ടിക്കാലത്തെ ഓണം ഓര്‍മ്മകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന ഒന്നുണ്ട്‌. ഒരു ക്രിസ്‌തീയ കുടുംബത്തില്‍ ജനിച്ചെങ്കിലും എന്റെ വീടിനു ചുറ്റും ഹിന്ദു കുടുംബങ്ങളും അവിടത്തെ സമപ്രായക്കാരായ ബാലികമാര്‍ എന്റെ കൂട്ടുകാരികളുമായിയുണ്ടായിരുന്നു. മുടിയില്‍ പൂവ്‌ ചൂടി, നെറ്റിയില്‍ പൊട്ടുതൊട്ടു വരുന്ന അവരെ കാണുമ്പോള്‍ എനിക്കും അങ്ങനെ അണിഞ്ഞൊരുങ്ങാന്‍ കൊതി തോന്നാറുണ്ടു. അതൊന്നും അമ്മ സമ്മതിക്കുകയില്ലെങ്കിലും ഓണത്തിനു പൂവ്വിറുക്കാനും, അവരുടെ കൂടെ പൂക്കളുമുണ്ടാക്കാനും ഞാന്‍ പോകുന്നതില്‍ അമ്മക്ക്‌ വിരോധമില്ലായിരുന്നു.

എന്റെ അയല്‍പക്കത്തെ ശാന്തയും ഞാനും കൂടി പൂക്കളം മോടി പിടിപ്പിക്കുമ്പോള്‍ അവള്‍ പറയും തിരുവോണ ദിവസം രാവിലെ മഹാബലി എഴുന്നെള്ളും, വലിയ കുടവയറും, ചന്ദനക്കുറിയും തലയില്‍ കിരീടവും ഓലക്കുടയുമൊക്കെയായി. കുഞ്ഞുമോള്‍ക്കും കഴുത്തിലെ കുരിശ്‌ മാല ഊരിവച്ച്‌ നോക്കിയാല്‍ അദ്ദേഹത്തെ കാണാം.

നേരാണോ ശാന്തേ? എനിക്ക്‌ കാണാന്‍ സാധിക്കുമോ?

പറ്റും, പറ്റും, എന്റെ മുത്തശ്ശിയാ പറഞ്ഞത്‌. ശാന്തക്ക്‌ ഒരു സംശയവുമില്ലായിരുന്നു.

അത്‌ കേട്ടത്‌ മുതല്‍ ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി കാത്തിരുന്നു. തിരുവോണദിവസം രാവിലെ അവളുടെ പൂക്കളത്തിനടുത്ത്‌ പോയി നില്‍ക്കണം. മഹാബലിയെ കാണാമല്ലോ? ഞാന്‍ ആരോടും അതെപ്പറ്റി മിണ്ടാതെ ഓരോ ദിവസവും തള്ളി നീക്കി..

അങ്ങനെ തിരുവോണദിവസം വന്നു. ഞാന്‍ രാവിലെ ഏണീറ്റ്‌ കുരിശ്‌ മാല അമ്മയുടെ ആഭരണപ്പെട്ടിക്കകത്ത്‌ വച്ച്‌ ശാന്തയുടെ വീട്ടിലേക്ക്‌ മെല്ലെ മെല്ലെ നടന്നു. അപ്പോള്‍ ചന്നം പിന്നം മഴയുണ്ടായിരുന്നത്‌ കൊണ്ട്‌ ആരും പുറത്തില്ല. ഞാന്‍ പൂക്കളത്തിനടുത്ത്‌ എത്തിയപ്പോള്‍ ദാണ്ടെ, ശാന്ത പറഞ്ഞ പോലെ ഒരു കുടവയറന്‍, ചന്ദനകുറി, കുട, കസവ്‌മുണ്ട്‌, കയ്യില്‍ ഒരു പിച്ചള പാത്രവുമൊക്കയായി വീട്ടിലേക്ക്‌ കയറി വരുന്നു. ഇത്‌ മഹാബലി തന്നെ. എന്റെ കുഞ്ഞ്‌ മനസ്സ്‌ മന്ത്രിച്ചു. ഞാന്‍ അല്‍ഭുതത്തോടെ അദ്ദേഹത്തെ നോക്കി നിന്നു. എന്റെ അമ്പരപ്പും ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയും കണ്ട്‌ മഹാബലി ചോദിച്ചു

`എന്താ കൊച്ചേ, എന്തു വേണം'

എനിക്ക്‌ സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചോദിച്ചു- `പാതാളത്തില്‍ നിന്നും ഏത്‌ വഴിക്കാണ്‌ ഇവിടെ എത്തിയത്‌`

പാതാളത്തില്‍ നിന്നോ?

അതേ... മഹാബലിയല്ലേ...?

അദ്ദേഹം കുടവയര്‍ കുലുങ്ങെ ചിരിച്ചു. ചിരി കേട്ട്‌ വീടിനകത്തുള്ളവര്‍ പുറത്ത്‌ വന്നു. ശാന്തയെ കണ്ടപ്പോള്‍ എനിക്ക്‌ സന്തോഷമായി.

ഞാന്‍ അവളോട്‌ പറഞ്ഞു: നീ പറഞ്ഞത്‌ നേരാ...കണ്ടോ മഹാബലി. അത്‌ കേട്ട്‌ അവളും ചിരി തുടങ്ങി..

ചിരി നിര്‍ത്താന്‍ പാട്‌ പെട്ടുകൊണ്ട്‌ അവള്‍ പറഞ്ഞു. `എടീ മണ്ടി അത്‌ എന്റെ ഡല്‍ഹിയിലുള്ള അമ്മാവനാ. ഇന്ന്‌ പുലര്‍ച്ചെക്കെത്തി. അമ്പലദര്‍ശനം കഴിഞ്ഞ്‌ വരികയാണ്‌.

ഓരോ ഓണം കഴിഞ്ഞ്‌ പോകുമ്പോഴും ഞാന്‍ ഈ കാര്യം ആലോചിച്ച്‌ ചിരിക്കുകയും, ചിന്തിക്കുകയും ചെയ്യാറുണ്ട്‌.
മാവേലി പ്രത്യക്ഷപ്പെട്ടപ്പോള്‍ (എന്റെ ഓര്‍മ്മയിലെ ഓണം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക