ഐറീന്‍ ചുഴലിക്കാറ്റിനു ശേഷം ട്രോപ്പിക്കല്‍ ലീ

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 08 September, 2011
ഐറീന്‍ ചുഴലിക്കാറ്റിനു ശേഷം ട്രോപ്പിക്കല്‍ ലീ
ആല്‍ബനി (ന്യൂയോര്‍ക്ക്‌): ഐറീന്‍ ചുഴലിക്കാറ്റ്‌ നാശം വിതച്ച ആല്‍ബനിയിലും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും ലീ ചുഴലിക്കാറ്റ്‌ വീണ്ടും നാശം വിതച്ചു.

ഐറീന്‍ സംഹാരതാണ്ഡവമാടിയ ബ്ലെന്‍ഹെയിം, ബ്രൂം പട്ടണങ്ങളും മിഡില്‍ബര്‍ഗ്‌, സ്‌കോഹരി ഗ്രാമങ്ങളും ന്യൂയോര്‍ക്ക്‌ ഗവര്‍ണ്ണറുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്‌ സന്നദ്ധസംഘടനകളും വ്യക്തികളും പുനര്‍നിര്‍മ്മിക്കാന്‍ ഒരുമ്പെടുന്നതിനിടയിലായിരുന്നു ചൊവ്വഴ്‌ച അപ്രതീക്ഷിതമായെത്തിയ ലീ കൊടുങ്കാറ്റും പേമാരിയും വീണ്ടും നാശം വിതച്ചത്‌. ഗ്രീന്‍ കൗണ്ടിയിലെ പ്രാറ്റ്‌സ്‌വില്‍ ഗ്രാമത്തെ മുഴുവന്‍ ഒഴിപ്പിക്കാനുള്ള ശ്രമവും തുടര്‍ന്നു വരികയായിരുന്നു. സ്‌കൊഹരി കൗണ്ടിയിലൂടെ ഒഴുകുന്ന നദി കരകവിഞ്ഞൊഴുകിയതിന്റെ ഫലമായി വീടുകളും കച്ചവട സ്ഥാപനങ്ങളും കൃഷിയിടങ്ങളും മുഴുവന്‍ വെള്ളത്തിനടിയിലായിരുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ വീടുകളുപേക്ഷിച്ച്‌ വിവിധ സ്ഥലങ്ങളിലെ ഷെല്‍ട്ടറുകളിലും ബന്ധുവീടുകളിലും അഭയം പ്രാപിച്ചിരിക്കുകയാണ്‌.

ആല്‍ബനിയിലൂടെ ഒഴുകുന്ന ഹഡ്‌സണ്‍ നദിയും തൊട്ടടുത്ത കൗണ്ടിയായ സ്‌കെനക്ടഡിയിലൂടെ ഒഴുകുന്ന മൊഹാക്‌ നദിയും ഏതാണ്ട്‌ കരകവിഞ്ഞൊഴുകുകയാണെങ്കിലും, അപ്രതീക്ഷിതമായെത്തിയ പേമാരി ഒരുപക്ഷേ കൂടുതല്‍ നാശങ്ങള്‍ വരുത്തിയേക്കാം എന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രദേശവാസികളോട്‌ ജാഗരൂകരായിരിക്കാനും അവര്‍ നിര്‍ദ്ദേശിച്ചു. വ്യാഴാഴ്‌ചയോടുകൂടി ആല്‍ബനിയിലും പരിസരപ്രദേശങ്ങളിലും കൂടുതല്‍ മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും അവര്‍ അറിയിച്ചു. ചെറുനദികളും കൈത്തോടുകളും കരകവിഞ്ഞൊഴുകുന്നതുമൂലം പല സ്ഥലങ്ങളിലും റോഡുകളിലേക്ക്‌ വെള്ളം ഒഴുകുകയോ വെള്ളക്കെട്ട്‌ രൂപപ്പെടുകയോ ചെയ്‌തുകൊണ്ടിരിക്കുകയാണ്‌.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ ആല്‍ബനി കൗണ്ടിയിലുള്‍പ്പെട്ട പട്ടണമായ ന്യൂസ്‌കോട്ട്‌ലാന്റിലെ റൂട്ട്‌ 85, റൂട്ട്‌ 443 എന്നിവയും, ന്യൂസേലം പട്ടണത്തിലെ റൂട്ട്‌ 85, റൂട്ട്‌ 85എ എന്നിവയും, റൂട്ട്‌ 145, റുട്ട്‌ 352 എന്നിവയും അധികൃതര്‍ അടച്ചു. ആല്‍ബനി നഗരത്തിലെ ഓള്‍ഡ്‌ പേള്‍ സ്‌ട്രീറ്റിനേയും ബിംഗ്‌ഹാംടണേയും ബന്ധിപ്പിക്കുന്ന റൂട്ട്‌ 32ഉം അധികൃതര്‍ അടച്ചു. കൂടാതെ നിരവധി റോഡുകളും പാലങ്ങളും ഇപ്പോള്‍ അടച്ചിരിക്കുകയാണ്‌. മിക്കയിടങ്ങളിലും സെപ്‌തംബര്‍ 12വരെ സ്‌കൂളുകള്‍ക്ക്‌ അവധി പ്രഖ്യാപിക്കുകയും ചെയ്‌തു.ഇതിനിടയില്‍ ആല്‍ബനിയിലെ എംപയര്‍ സ്റ്റേറ്റ്‌ പ്ലാസയോടു ചേര്‍ന്നുള്ള സ്വാന്‍ സ്‌ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര ബുധനാഴ്‌ച രാവിലെ ഇടിഞ്ഞുവീണത്‌ ജനങ്ങളില്‍ പരിഭാന്തി പരത്തി. ആളപായമൊന്നും സംഭവിച്ചില്ല.
ഐറീന്‍ ചുഴലിക്കാറ്റിനു ശേഷം ട്രോപ്പിക്കല്‍ ലീ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക