കുടുംബ വഴക്കില്‍ പൊലിഞ്ഞത്‌ രണ്ടു കുരുന്നു ജീവനുകള്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 09 September, 2011
കുടുംബ വഴക്കില്‍ പൊലിഞ്ഞത്‌ രണ്ടു കുരുന്നു ജീവനുകള്‍
ആല്‍ബനി (ന്യൂയോര്‍ക്ക്‌): ഭാര്യാഭര്‍ത്തൃബന്ധത്തിലെ അസ്വാരസ്യങ്ങളുടെ ഫലമായി രണ്ടു കുരുന്നുകള്‍ അതിദാരുണമായി കൊല്ലപ്പെട്ടു. ആല്‍ബനിയില്‍നിന്ന്‌ ഏകദേശം 50 മൈല്‍ വടക്കുകിഴക്കു ഭാഗത്തുള്ള വിനോദസഞ്ചാരകേന്ദ്രമായ ലേക്‌ ജോര്‍ജ്ജിലാണ്‌ ഹീനമായ കൊലപാതകം നടന്നത്‌. സ്വന്തം പിതാവുതന്നെ തന്റെ രണ്ടു മക്കളെ വെടിവെച്ചു കൊന്നശേഷം സ്വയം വെടിവെച്ച്‌ ആത്മഹത്യ ചെയ്യുകയും ചെയ്‌തു.

ആദം പാര്‍സല്‍സ്‌ എന്ന ഇരുപത്തൊമ്പതുകാരനാണ്‌ തന്റെ 10 വയസ്സുള്ള മകള്‍ നോള്‍ പാര്‍സല്‍സിനേയും മൂന്നു വയസ്സുള്ള മകള്‍ മിയാ പാര്‍സല്‍സിനേയും .45 കാലിബര്‍ റൈഫിള്‍കൊണ്ട്‌ വെടിവെച്ചു കൊന്നശേഷം സ്വയം വെടിയുതിര്‍ത്ത്‌ ആത്മഹത്യ ചെയ്‌തത്‌.സെപ്‌തംബര്‍ ആറിനാണ്‌ മൃഗീയമായ രണ്ടു കൊലപാതകങ്ങളും നടന്നത്‌.

കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും, കുടുംബവഴക്കായിരിക്കാം ആദം പാര്‍സല്‍സിനെ ഈ ക്രൂരതയ്‌ക്ക്‌ പ്രേരിപ്പിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. ആദം പാര്‍സല്‍സിന്റെ ആദ്യ ഭാര്യയിലുള്ള മകളാണ്‌ 10 വയസ്സുകാരി നോള്‍. രണ്ടാം ഭാര്യയിലുള്ളതാണ്‌ 3 വയസ്സുകാരി മിയ. ആദമും രണ്ടാം ഭാര്യ മാര്‍സിയും 3 വയസ്സുകാരി മിയയും ഒരുമിച്ചായിരുന്നു താമസം. ആദ്യ ഭാര്യയും 10 വയസ്സുകാരി മകളും വേറെയാണ്‌ താമസമെങ്കിലും, മകളെ സന്ദര്‍ശിക്കാന്‍ ആദമിന്‌ അനുമതിയുണ്ടായിരുന്നു. രാത്രി 8 മണിവരെ മാത്രമേ സന്ദര്‍ശനത്തിന്‌ അനുമതിയുണ്ടായിരുന്നുള്ളൂ.

സംഭവദിവസം രണ്ടു കുട്ടികളേയും ഐസ്‌ക്രീ വാങ്ങിത്തരാമെന്ന്‌ പറഞ്ഞ്‌ ആദം കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന്‌ അയാളുടെ രണ്ടാം ഭാര്യ പറഞ്ഞു. പക്ഷേ, ലേക്‌ ജോര്‍ജ്ജില്‍ കുടുംബസമേതം അവധിക്കാലങ്ങള്‍ ചിലവഴിക്കാന്‍ എത്തുന്നവര്‍ക്കുവേണ്ടി വേര്‍തിരിച്ചിട്ടുള്ള ഒരു സ്വകാര്യ ക്യാമ്പിംഗ്‌ മേഖലയിലേക്കാണ്‌ അയാള്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്‌.

അവിടെ താത്‌ക്കാലികമായി കെട്ടിയ ടെന്റില്‍ വച്ച്‌ കുട്ടികളുടെ നേരെ നിറയൊഴിച്ചതിനുശേഷം സ്വയം വെടിവെച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നു. 10 വയസ്സുകാരിയുടെ നേരെ നാലുപ്രാവശ്യവും 3 വയസ്സുകാരിയുടെ നേരെ രണ്ടുപ്രാവശ്യവും നിറയൊഴിച്ചിട്ടുണ്ടെന്ന്‌ പോലീസ്‌ വ്യക്തമാക്കി. സെപ്‌തംബര്‍ ആറിനാണ്‌ സംഭവം നടന്നതെങ്കിലും സെപ്‌തംബര്‍ ഏഴ്‌ രാവിലെ 10:30നാണ്‌ മൃദദേഹങ്ങള്‍ ടെന്റിനുള്ളില്‍ കണ്ടത്‌.

രണ്ടാം ഭാര്യയുമായുള്ള വിവാഹമോചനത്തിന്റെ നടപടികള്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. ഒരുപക്ഷേ അതായിരിക്കാം ഈ കൊലപാതകങ്ങള്‍ക്ക്‌ അയാളെ പ്രേരിപ്പിച്ചതെന്നും അധികൃതര്‍ സംശയിക്കുന്നു.?അന്വേഷണം പുരോഗമിക്കുകയാണ്‌.
കുടുംബ വഴക്കില്‍ പൊലിഞ്ഞത്‌ രണ്ടു കുരുന്നു ജീവനുകള്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക