രോഗികള്‍ക്ക്‌ ഉച്ചക്കഞ്ഞി വിതരണ പദ്ധതിയുമായി ഫോമാ ഹെല്‍പ്പ്‌ലൈന്‍

ജോയിച്ചന്‍ പുതുക്കുളം Published on 09 September, 2011
രോഗികള്‍ക്ക്‌ ഉച്ചക്കഞ്ഞി വിതരണ പദ്ധതിയുമായി ഫോമാ ഹെല്‍പ്പ്‌ലൈന്‍
കാലിഫോര്‍ണിയ: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ) കേരളത്തിലെ മൂന്ന്‌ ഗവണ്‍മെന്റ്‌ ആശുപത്രികളില്‍ രോഗികളായി എത്തുന്ന നിര്‍ധനര്‍ക്ക്‌ ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്ന പദ്ധതിക്ക്‌ ധനസമാഹരണം നടത്തുന്നു.

ന്യൂയോര്‍ക്ക്‌ ആസ്ഥാനമായ ക്രിസ്‌ത്യന്‍ വേയുമായി സഹകരിച്ച്‌, ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ഫോമ ഹെല്‍പ്പ്‌ ലൈന്‍ വഴിയാണ്‌ ഈ പദ്ധതിക്ക്‌ ധനസമാഹരണം നടത്തുന്നത്‌.കോന്നി ഗവണ്‍മെന്റ്‌ ആശുപത്രി, നാദാപുരം താലൂക്ക്‌ ആശുപത്രി, മാന്നാര്‍ ഗവണ്‍മെന്റ്‌ ആശുപത്രി എന്നീ മൂന്നിടങ്ങളില്‍ ചികിത്സയ്‌ക്ക്‌ എത്തുന്ന രോഗികള്‍ക്കാണ്‌ ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. ഒരു മാസം 25,000 രൂപയാണ്‌ മൂന്നിടങ്ങളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്യാന്‍ ആവശ്യമുള്ളത്‌.

2011 സെപ്‌റ്റംബര്‍ 1 മുതല്‍ 2011 ഡിസംബര്‍ 31 വരെ ഫോമാ ഹെല്‍പ്പ്‌ ലൈന്‍ വഴി അമേരിക്കന്‍ മലയാളികള്‍ക്കും, ലോകത്തിലെ എല്ലാ കോണിലുമുള്ള മലയാളികള്‍ക്കും ഇന്റര്‍നെറ്റ്‌ വഴി, ഈ പദ്ധതിയിലേക്ക്‌ സംഭാവന നല്‍കാവുന്നതാണെന്ന്‌ ഫോമയുടെ ചാരിറ്റീസ്‌ ആന്‍ഡ്‌ സോഷ്യല്‍ സര്‍വീസിന്റെ ചെയര്‍പേഴ്‌സണായ സജീവ്‌ വേലായുധന്‍ അറിയിച്ചു.

ഫോമയ്‌ക്ക്‌ 501 (സി) (3) സ്റ്റാറ്റസ്‌ ഉള്ളതുകൊണ്ട്‌ ഫോമ ഹെല്‍പ്പ്‌ലൈനില്‍ നല്‍കുന്ന സംഭാവനകള്‍ക്ക്‌ ടാക്‌സ്‌ എക്‌സംപ്‌ഷന്‍ ലഭിക്കും. ഇത്‌ സംഭാവന നല്‍കുന്നവര്‍ക്ക്‌ ഉപകാരപ്പെടുമെന്ന്‌ സജീവ്‌ വേലായുധന്‍ അറിയിച്ചു.

2012 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഒരുവര്‍ഷ കാലഘട്ടത്തിലേക്ക്‌ ഉച്ചക്കഞ്ഞി വിതരണം ചെയ്യാന്‍ വേണ്ടിവരുന്ന തുക സമാഹരിക്കുകയാണ്‌ ഫോമയുടെ ലക്ഷ്യമെന്ന്‌ പ്രസിഡന്റ്‌ ബേബി ഊരാളില്‍ അറിയിച്ചു.

ജോണ്‍ ടൈറ്റസും, ജോണ്‍ സി. വര്‍ഗീസും ഫോമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലയളവില്‍ വിന്‍സണ്‍ പാലത്തിങ്കലാണ്‌ ഫോമ ഹെല്‍പ്പ്‌ ലൈനിന്‌ ആദ്യ രൂപകല്‍പ്പന നടത്തിയത്‌. ഭവന നിര്‍മ്മാണം അടക്കം നിരവധി സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫോമ ഹെല്‍പ്പ്‌ ലൈന്‍ വഴി സഹായമെത്തിക്കാന്‍ ഫോമയ്‌ക്ക്‌ 2008 - 2010 കാലയളവില്‍ കഴിഞ്ഞു. 2011-ല്‍ ഇതുവരെ മൂന്നു പദ്ധതികള്‍ക്കാണ്‌ ഫോമാ ഹെല്‍പ്പ്‌ലൈന്‍ വഴി സഹായമെത്തിച്ചതെന്ന്‌ ഫോമാ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ പറഞ്ഞു. ന്യൂജേഴ്‌സിയില്‍ നിര്യാതയായ സാറാ വര്‍ഗീസിന്റെ കുടുംബത്തിനുള്ള സഹായം, കരിങ്കുന്നം സ്വദേശിയായ ജോജോ സിദ്ധാര്‍ത്ഥന്റെ ചികിത്സാ ഫണ്ട്‌, കൊച്ചി സ്വദേശിയായ സീന തോമസിന്റെ മകള്‍ ടെന്‍സിയുടെ വിദ്യാഭ്യാസ സഹായ ഫണ്ട്‌ എന്നീ മൂന്ന്‌ പദ്ധതികളാണ്‌ ഫോമ വിജയകരമായി പൂര്‍ത്തിയാക്കിയത്‌.

ഇന്റര്‍നെറ്റ്‌ വഴി, പേ പാളിന്റെ സഹായത്തോടെ, തികച്ചും സുതാര്യമായ പദ്ധതിയാണ്‌ ഫോമ ഹെല്‍പ്പ്‌ലൈന്‍ എന്ന്‌ ഫോമാ ട്രഷറര്‍ ഷാജി ഏഡ്വേര്‍ഡ്‌ അറിയിച്ചു. സംഭാവന നല്‍കിയാലുടന്‍ സംഭാവന ചെയ്‌ത തുകയും, നല്‍കിയ വ്യക്തിയുടെ പേരും രേഖപ്പെടുത്തുന്നു. കേസിന്റേയും ധനസമാഹരണത്തിന്റെ പുരോഗതിയും സംഭാവന നല്‍കുന്ന വ്യക്തിക്ക്‌ വീക്ഷിക്കാവുന്നതാണ്‌.

ഫോമയുടെ ഉച്ചക്കഞ്ഞി വിതരണ പദ്ധതിക്ക്‌ സംഭാവനകള്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.fomaahelpline.com സന്ദര്‍ശിക്കുക. www.fomaa.com വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്‌.
രോഗികള്‍ക്ക്‌ ഉച്ചക്കഞ്ഞി വിതരണ പദ്ധതിയുമായി ഫോമാ ഹെല്‍പ്പ്‌ലൈന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക