അവിസ്‌മരണീയ വിജയം നേടിയ ഇല്ലിനോയി മലയാളി അസോസിയേഷന്‍ തിരുവേണം 2011

ജോയിച്ചന്‍ പുതുക്കുളം Published on 11 September, 2011
അവിസ്‌മരണീയ വിജയം നേടിയ ഇല്ലിനോയി മലയാളി അസോസിയേഷന്‍ തിരുവേണം 2011
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഈവര്‍ഷത്തെ തിരുവോണാഘോഷങ്ങള്‍ ചരിത്രവിജയം നേടി. സെപ്‌റ്റംബര്‍ മൂന്നാംതീയതി ശനിയാഴ്‌ച ഷിക്കാഗോയിലെ താഫ്‌റ്റ്‌ ഹൈസ്‌കൂളില്‍ നടന്ന ആഘോഷങ്ങളില്‍ ആയിരത്തി അഞ്ഞൂറിലധികം മലയാളികള്‍ പങ്കെടുത്തു. പ്രതികൂല കാലാവസ്ഥയെ തൃണവല്‍ഗണിച്ചുകൊണ്ട്‌ താഫ്‌റ്റ്‌ ഹൈസ്‌കൂളില്‍ തടിച്ചുകൂടിയ മലയാളി കുടുംബങ്ങള്‍ക്ക്‌ അവിസ്‌മരണീയമായ അനുഭവമായി ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍.

മുഖ്യാതിഥി ചലച്ചിത്രതാരം കനിഹ ആഘോഷപരിപാടികളുടെ ഔദ്യോഗികമായ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഓണാഘോഷങ്ങളോടനുബന്ധിച്ച്‌ നടന്ന അസോസിയേഷന്റെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ സ്‌കോക്കി മേയര്‍ ജോര്‍ജ്‌ വാന്‍ഡ്യൂസണ്‍ ഉദ്‌ഘാടനം ചെയ്‌തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രമോദ്‌ ഷാ ആശംസാ പ്രസംഗം നടത്തി.

വൈകുന്നേരം അഞ്ചുമണിക്ക്‌ തിരുവോണ സദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു. കനിഹയോടൊപ്പം ഐ.എം.എ വനിതാവേദി പ്രവര്‍ത്തകര്‍ മലബാര്‍ കേറ്ററിംഗ്‌ ഒരുക്കിയ ഓണസദ്യ വിളമ്പുന്നതിന്‌ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടുകൂടി വിശിഷ്‌ടാതിഥികളെ വേദിയിലേക്ക്‌ ആനയിച്ചു. മാവേലി മന്നന്‍ പ്രജകള്‍ക്ക്‌ ഓണസന്ദേശം നല്‍കി. ഐ.എം.എ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ചലച്ചിത്രതാരം കനിഹ നിലവിളക്ക്‌ കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. ഓണം മലയാളികളുടെ ആഘോഷമാണെങ്കിലും അതിന്റെ പിന്നിലെ സമത്വ സങ്കല്‍പ്പം എല്ലാ ജനതകള്‍ക്കും മാതൃകയാണെന്ന്‌ കനിഹ അഭിപ്രായപ്പെട്ടു. ആഘോഷപരിപാടികളില്‍ പങ്കെടുക്കാനെത്തിയ എല്ലാ കുടുംബങ്ങള്‍ക്കും അവര്‍ ആശംസകള്‍ നേര്‍ന്നു.

ഓണാഘോഷങ്ങളോടനുബന്ധിച്ച്‌ നടന്ന അസോസിയേഷന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം സ്‌കോക്കി മേയര്‍ ജോര്‍ജ്‌ വാന്‍ഡ്യൂസണ്‍ പിറന്നാള്‍ കേക്ക്‌ മുറിച്ച്‌ നിര്‍വഹിച്ചു. കഴിഞ്ഞ രണ്ട്‌ ദശാബ്‌ദക്കാലമായി ഷിക്കാഗോയില്‍ നിറഞ്ഞുനില്‍ക്കുന്ന സംഘടന ഇരുപതാം വര്‍ഷത്തില്‍ വനിതാ വേദിയും യൂത്ത്‌ ഫ്രണ്ടും രൂപീകരിക്കുകയും ഷാംപെയ്‌ന്‍ നഗരത്തില്‍ പുതിയ ചാപ്‌റ്റര്‍ രൂപീകരിക്കുകയും ചെയ്‌തുകൊണ്ട്‌ വളര്‍ച്ചയുടെ വഴിയില്‍ വലിയ മുന്നേറ്റമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. എല്ലാ മലയാളികള്‍ക്കും മേയര്‍ ഓണാശംസകള്‍ നേര്‍ന്നു. ട്രസ്റ്റി പ്രമോദ്‌ ഷാ അനുമോദന പ്രസംഗം നടത്തി.

ആഘോഷപരിപാടികളുടെ ചുക്കാന്‍ പിടിക്കുകയും കലാപരിപാടികളുടെ ഒരുക്കങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്‌ത ചെയര്‍പേഴ്‌സണ്‍ ജിഷ ഏബ്രഹാം പൊതുസമ്മേളനത്തിന്റെ എം.സിയായിരുന്നു. സെക്രട്ടറി ഡോ. ലൈജോ ജോസഫ്‌ `ഓണാഘോഷങ്ങളുടെ പ്രസക്തി' എന്ന വിഷയത്തെ കുറിച്ച്‌ പ്രസംഗിച്ചു. നേഹാ ഹരിദാസിന്റെ ഓണപ്പാട്ടോടുകൂടി ആരംഭിച്ച സമ്മേളനത്തില്‍ ഐ.എം.എ ഷാംപെയിന്‍ ചാപ്‌റ്റര്‍ കണ്‍വീനര്‍ ജോണ്‍ വിജോ ജോര്‍ജ്‌ കൃതജ്ഞതാ പ്രസംഗം നടത്തി. മുന്‍ വര്‍ഷത്തെ കലാതിലകങ്ങളായ നേഹാ ഹരിദാസും, ജെനിതാ ജോമിയും ചേര്‍ന്ന്‌ നടത്തിയ നൃത്ത പരിപാടി, കലാപ്രതിഭ നെവിന്‍ തോബിയാസിന്റെ നൃത്തം എന്നിവ തുടര്‍ന്ന്‌ നടന്നു.

കനിഹയുടെ സംഗീത സദ്യയോടുകൂടി ആരംഭിച്ച കലാസന്ധ്യ ഐ.എം.എ ഓണാഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്ക്‌ നവ്യാനുഭവമായി. വ്യത്യസ്‌തത നിറഞ്ഞതും നയനാനന്ദകരവുമായ ഇരുപതോളം സമൂഹ നൃത്തങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട്‌ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തവതരിപ്പിച്ച `മാവേലി മാട്രിമോണി ഡോട്ട്‌കോം' എന്ന രണ്ടര മണിക്കൂര്‍ നൃത്ത-ഹാസ്യ പരിപാടിയില്‍ മുന്നൂറില്‍പ്പരം കുട്ടികളും കലാസ്‌നേഹികളും പങ്കെടുത്തു. മലയാളികളും മറുനാട്ടുകാരും ഉള്‍പ്പെട്ട പരിശീലകരുടെ മാസങ്ങള്‍ നീണ്ട അധ്വാനത്തിന്‌ സാര്‍ത്ഥകമായ പരിസമാപ്‌തിയായിരുന്നു നൂറുകണക്കിന്‌ കലാസ്‌നേഹികള്‍ ആസ്വദിച്ച കള്‍ച്ചറല്‍ പ്രോഗ്രാം. ഡോ. ശ്രീധരന്‍ കര്‍ത്തായുടെ സംവിധാനത്തില്‍ അരങ്ങേറിയ നൃത്ത-ഹാസ്യ പരിപാടിയില്‍ തോമസ്‌ ഒറ്റക്കുന്നേല്‍, പൂനം മഹേഷ്‌, സന്ധ്യാ രാധാകൃഷ്‌ണന്‍, സുഷ്‌മിത അരുണ്‍കുമാര്‍, കാര്‍മല്‍ ബെറിയോ, അമാന്‍ഡാ സാമന്‍സ്‌, ഡാനി കണിയാലി, ജിനു വര്‍ഗീസ്‌, ജാനകി നായര്‍, ലക്ഷ്‌മി സുരേഷ്‌ എന്നിവര്‍ പരിശീലിപ്പിച്ച കുരുന്നു പ്രതിഭകള്‍ ഉജ്വല പ്രകടനമാണ്‌ കാഴ്‌ചവെച്ചത്‌. ജിഷ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഷൈനി ഹരിദാസ്‌, നിഷ മാപ്പിളശേരില്‍, സിമി മണവാളന്‍, ചിന്നു തോട്ടം എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി കലാപരിപാടികളുടെ തയാറെടുപ്പുകള്‍ക്ക്‌ നേതൃത്വം നല്‍കി.

പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടത്തിന്റെ നേതൃത്വത്തില്‍ ഡോ. ലൈജോ ജോസഫ്‌, ജോര്‍ജ്‌ ചക്കാലത്തൊട്ടിയില്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, മോഹന്‍ സെബാസ്റ്റ്യന്‍, മാത്യു കളത്തില്‍, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ഫെബിന്‍ മുത്തേരില്‍, ഡൊമിനിക്‌ ചൊള്ളമ്പേല്‍, ഫില്‍സ്‌ മാത്യു, ജോബി ലൂക്കോസ്‌, ജിഷ ഏബ്രഹാം, മാത്യു വര്‍ഗീസ്‌, രവീന്ദ്രന്‍ കുട്ടപ്പന്‍, അശോകന്‍ കൃഷ്‌ണന്‍, പയസ്‌ തോട്ടുകണ്ടത്തില്‍, ജോര്‍ജ്‌ പണിക്കര്‍, അനില്‍കുമാര്‍ പിള്ള, ജോസ്‌ എളവന്തറ, സന്തോഷ്‌, ജോണ്‍ വിജോ ജോര്‍ജ്‌ എന്നിവര്‍ ഈവര്‍ഷത്തെ ഓണാഘോഷപരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ആഘോഷപരിപാടികളില്‍ പങ്കെടുക്കുകയും സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്‌ത എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഇല്ലിനോയി മലയാളി അസോസിയേഷന്‍ നന്ദി അറിയിച്ചു.
അവിസ്‌മരണീയ വിജയം നേടിയ ഇല്ലിനോയി മലയാളി അസോസിയേഷന്‍ തിരുവേണം 2011
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക