കോടികളുടെ അഴിമതിയുമായി എയര്‍ ഇന്ത്യ വീണ്ടും

ജോയിച്ചന്‍ പുതുക്കുളം Published on 11 September, 2011
കോടികളുടെ അഴിമതിയുമായി എയര്‍ ഇന്ത്യ വീണ്ടും
അഴിമതിയുടെ കഥകളുടെ ഘോഷയാത്രയുമായി ഇന്ത്യന്‍ ഗവണ്‍മെന്റ്‌ മുന്നോട്ടുപോകുമ്പോള്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു അഴിമതികൂടി പുറത്തുവരുന്നു. എയര്‍ ഇന്ത്യയ്‌ക്കുവേണ്ടി വിമാനങ്ങള്‍ വാങ്ങിയതില്‍ മന്ത്രിയും ഉദ്യോഗസ്ഥരുംകൂടി അടിച്ചുമാറ്റിയത്‌ 700 കോടി. കുത്തഴിഞ്ഞ പുസ്‌തകം പോലെ, യാതൊരു ഉത്തരവാദിത്വമോ, പ്രതിബദ്ധതയോ ഇല്ലാതെ മുന്നോട്ടുപോകുന്ന എയര്‍ ഇന്ത്യ പുതിയ അഴിമതിക്കഥയിലൂടെ കുപ്രസിദ്ധി നേടുകയാണ്‌.

യാത്രക്കാരെ പെരുവഴിയിലാക്കി തോന്നുമ്പോള്‍ തോന്നുന്നവിധം ഫ്‌ളൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയും യാത്രക്കാരോട്‌ ധിക്കാരപരമായി പെരുമാറിയും ഓര്‍ക്കാപ്പുറത്ത്‌ യാത്രക്കൂലി പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിച്ചും മുന്നേറുന്ന എയര്‍ ഇന്ത്യ കടക്കെണിയില്‍ പൊറുതിമുട്ടുകയാണ്‌. `കൂനിന്മേല്‍ കുരു' എന്നുപറഞ്ഞതുപോലെ ഈ അഴിമതികള്‍ കൂടി പുറത്തുവന്നപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ മന്‍മോഹന്‍ സിംഗ്‌ ഗവണ്‍മെന്റും യു.പി.എയും ഞെട്ടിവിറച്ച്‌ പരിഹാസ്യരായി നോക്കിനില്‍ക്കുന്നു.

വ്യോമയാന മന്ത്രിയും പരിവാരങ്ങളും ഇതൊന്നുമറിയാത്ത ഭാവത്തില്‍ വിദേശ യാത്രകളിലും സുഖവഴിയിലുമായി പറന്നുനടക്കുന്നു. അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച്‌ ജനങ്ങള്‍ മൂക്കുപൊത്തി നടക്കുന്നു. `എന്നെ അടിച്ചാലും ഞാന്‍ നന്നാവില്ല അമ്മാവാ' എന്നാണ്‌ എയര്‍ ഇന്ത്യയുടെ മനോഭാവം.

അഴിമതിക്കാരുടെ തലവെട്ടാന്‍ നിയമം കൊണ്ടുവന്നാലും അഴിമതി ഇല്ലാതാകില്ല. എന്നിരുന്നാലും കുറെയൊക്കെ ശക്തമായ നിയമങ്ങളിലൂടെ അഴിമതിയെ നിയന്ത്രിക്കാന്‍ സാധിക്കും. ഇന്ത്യയുടെ സമ്പത്ത്‌ കൊള്ളയടിക്കുന്ന രാഷ്‌ട്രീയക്കാരേയും ഭരണാധികാരികളേയും ഉദ്യോഗസ്ഥ പ്രഭുക്കന്മാരേയും നിയന്ത്രിക്കുവാന്‍ `ശക്തമായ ജന ലോക്‌പാല്‍ ബില്ലിന്‌' അണ്ണാ ഹസ്സാരെ നടത്തിയ ഐതിഹാസികമായ സമരം ഇനിയും പൂര്‍ത്തിയാകേണ്ടിരിക്കുന്നു. ഉത്തരവാദിത്വപ്പെട്ടവര്‍ സൗകര്യപൂര്‍വ്വം വിട്ടുകളഞ്ഞ അഴിമതി പ്രശ്‌നത്തെ അവസരത്തിനൊത്ത്‌ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍, പിടിവാശിയിലൂടെ ഭേദപ്പെട്ട നിയമനിര്‍മ്മാണങ്ങളിലേക്ക്‌ സര്‍ക്കാരിനേയും രാഷ്‌ട്രീയ പാര്‍ട്ടികളേയും പാര്‍ലമെന്റിനേയും വഴിനടത്തുന്നതില്‍ അണ്ണാ ഹസ്സാരെ വിജയിച്ചു.

കോണ്‍സുലേറ്റുകളിലേയും എയര്‍ ഇന്ത്യയിലേയും പ്രവാസികാര്യ വകുപ്പിലേയും അഴിമതികള്‍ അവസാനിപ്പിക്കാനും, പ്രവാസി ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ആരംഭിക്കുന്ന മൂവ്‌മെന്റില്‍ എല്ലാ പ്രവാസി സംഘടനകളും പ്രവാസി മലയാളികളും മുന്നോട്ടുവരണമെന്ന്‌ മുന്‍ ഫോമാ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌ അഭ്യര്‍ത്ഥിച്ചു.
കോടികളുടെ അഴിമതിയുമായി എയര്‍ ഇന്ത്യ വീണ്ടും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക